Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഡോവലിന്റെ കണ്ണുകൾ എല്ലായിടത്തുമുണ്ട്; തിരിച്ചടിച്ച ശേഷം മാളത്തിലൊളിക്കുന്ന തന്ത്രം ഇനി നടക്കില്ല; വടക്ക്-കിഴക്കൻ മേഖലയിലെ തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി സുരക്ഷാ ഉപദേഷ്ടാവിന്റെ കാർഗിൽ മോഡൽ മ്യാന്മാർ ഓപ്പറേഷൻ

ഡോവലിന്റെ കണ്ണുകൾ എല്ലായിടത്തുമുണ്ട്; തിരിച്ചടിച്ച ശേഷം മാളത്തിലൊളിക്കുന്ന തന്ത്രം ഇനി നടക്കില്ല; വടക്ക്-കിഴക്കൻ മേഖലയിലെ തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി സുരക്ഷാ ഉപദേഷ്ടാവിന്റെ കാർഗിൽ മോഡൽ മ്യാന്മാർ ഓപ്പറേഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐസിസ് തടവിൽ നിന്നും 40 മലയാളി നേഴ്‌സുമാരെ രക്ഷിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന നിലയിലാണ് അജിത് ഡോവൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം വാർത്തകളിൽ നിറയുന്നത്. ഐസിസ് തടങ്കലിൽ നിന്ന് ബന്ദികളെ മോചിപ്പിക്കുകയെന്ന ദൗത്യം ഒറ്റയ്ക്ക് എറ്റെടുത്ത് വിജയിപ്പിച്ച വ്യക്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിൽ കണ്ണും കാതും തുറന്ന് ഡോവലിരിക്കുമ്പോൾ കോർപ്പറേറ്റുകളും പിടിക്കപ്പെട്ടു. ബജറ്റ് രേഖാ ചോർച്ച കണ്ടെത്തിയതും പ്രതികളെ പിടികൂടിയതിന് പിന്നിലും ഡോവലിന്റെ കണ്ണുകൾ തന്നെയെന്നാണ് സൂചന. ആരും തൊടാൻ മടിക്കുന്ന റിലയൻസ് സാമ്രാജ്യത്തിനും ഡോവലിന്റെ പ്രഹരമേറ്റിരിക്കുന്നു. ഇപ്പോഴിതാ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ തീവ്രവാദികളെ നേരിടാൻ രൂപരേഖ തയ്യാറാക്കി നടപ്പാക്കി ഏവരേയും ഞെട്ടിക്കുകയാണ് ഡോവൽ.

ഇന്ത്യയ്ക്ക് എതിരെ തീവ്രവാദികൾക്ക് പ്രവർത്തനാനുമതി നൽകുന്ന അയൽരാജ്യങ്ങൾക്കുള്ള മറുപടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഡോവൽ നൽകുന്നത്. ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന അയൽ രാജ്യങ്ങൾക്കുള്ള സന്ദേശമാണ് മ്യാന്മാറിലെ ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയെന്നു കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് തന്നെ വ്യക്തമാക്കുമ്പോൾ ഡോവലിന്റെ മ്യാന്മാർ ഓപ്പറേഷൻ വിജയമാണെന്ന് കേന്ദ്ര സർക്കാർ തുറന്ന് സമ്മതിക്കുക കൂടിയാണ്. ഇന്ത്യൻ കരസേനയിലെ ഏറ്റവും ഉന്നത നേതൃത്വം പങ്കെടുത്ത് ആസൂത്രിതമായി നടത്തിയ നീക്കമായിരുന്നു മ്യാന്മറിലേതെന്നാണ് ലഭിക്കുന്ന സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിദ് ഡോവൽ തന്നെയാണ് എല്ലാത്തിനും ചുക്കാൻ പിടിച്ചത്. തീവ്രവാദത്തെ ശക്തമായി നേരിടണമെന്ന ഡോവലിന്റെ നിലപാടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിൻവലിച്ചു. അങ്ങനെ കരസേനയ്ക്ക് തരിച്ചടിക്കാനുള്ള നിർദ്ദേശം എത്തുകയാണ്.

Stories you may Like

അതിർത്തി കടന്നുള്ള സൈനിക നീക്കത്തിന് ഇന്ത്യയ്ക്ക് സമ്മതം നൽകിയുള്ള കരാറിൽ 1990ൽ മ്യാന്മർ ഒപ്പുവച്ചെരുന്നു. ഈ കരാറിന്റെ ബലത്തിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഭീകരത അടിച്ചമർത്താനുള്ള വഴിയെന്ന രീതിയിലാണ് സൈനിക നീക്കത്തിനുള്ള കരാറിൽ ഒപ്പിട്ടത്. ഇതോടൊപ്പം തന്നെ അതിർത്തിയിൽ താമസിക്കുന്നവർക്ക് അതിർത്തികടന്ന് 15 കിലോമീറ്റർ യാത്രചെയ്യാനും കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. ഇന്ത്യ സൈനികാക്രമണം നടത്തിയ താവളങ്ങൾ അതിർത്തിയിൽനിന്ന് നാലു മുതൽ 20 കിലോമീറ്റർ വരെയുള്ള ഭാഗത്താണെ്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് എതിരെ പ്രതിഷേധമുയർത്താൻ മ്യാന്മാറിന് കഴിയില്ലെന്ന് ഡോവലിന് നന്നായി അറിയാമായിരുന്നു.

രഹസ്യാന്വേഷണ ഏജൻസിയുടെ തലവനായിരുന്ന ഡോവലിന് ഈ മേഖലയെ ഭീകര പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കിയിട്ടുള്ള വ്യക്തിയാണ്. ഇന്ത്യയെ ആക്രമിച്ച ശേഷം അതിവേഗം മ്യാന്മാറിലേക്ക് കടന്ന് തീവ്രവാദികൾ രക്ഷപ്പെടും. ഈ ക്യാമ്പുകളെ തകർത്താൽ ഭീകരതയ്‌ക്കെതിരെ ശക്തമായ സന്ദേശം നൽകാമെന്ന് ഡോവൽ തിരിച്ചറിഞ്ഞു. ക്യാമ്പുകളുടെ ക്യത്യമായ സ്ഥാനം റോയിലൂടെ വളരെ നേരത്തെ തന്നെ വിവരങ്ങൾ ശേഖരിച്ചു. തീവ്രവാദ ആക്രമണം മുൻകൂട്ടിയറിഞ്ഞ് കാത്തിരുന്നു. മാളത്തിൽ നിന്ന് പുറത്തിറങ്ങിയ തീവ്രവാദികളെ പുറകെ പോയി ആക്രമിച്ചു. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ തീവ്രവാദത്തെ നേരിടാൻ ഏറ്റവും നല്ല മാർഗ്ഗമിതാണെന്ന സന്ദേശമാണ് ഡോവൽ പ്രധാനമന്ത്രിക്ക് നൽകിയത്. അതിന്റെ ആദ്യ പരീക്ഷണമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കുറഞ്ഞത് അഞ്ചു ദിവസത്തെ തയ്യാറെടുപ്പിന് ശേഷമായിരുന്നു ഇന്ത്യൻ സേനയുടെ ആക്രമണം.

കരസേനാ മേധാവി ദൽബീർ സിങ് സുഹാഗ് ഇംഗ്ലണ്ട് സന്ദർശിക്കാൻ നിശ്ചയിച്ചിരുന്ന പരിപാടി കഴിഞ്ഞ ദിവസം റദ്ദാക്കി ഇന്ത്യയിൽ തന്നെ തങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബംഗ്ലാദേശ് സന്ദർശിക്കേണ്ടിയിരുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യാത്ര റദ്ദാക്കി മണിപ്പൂരിൽ ക്യാംപ് ചെയ്യുകയുണ്ടായി. സേനയുടെ ആക്രമണപദ്ധതി ഡോവൽ തന്നെ നേരിട്ട് നിരീക്ഷിച്ചതായാണ് വിവരം. ഈ ഏകോപനമാണ് മ്യാന്മാറിലെ ആക്രമണത്തിന്റെ ഹൈലൈറ്റ്. പുലർച്ചെ മൂന്നുമണിയോടെ 30 മുതൽ 45 മിനുട്ടുവരെയായിരുന്നു ആക്രമണം. ക്യാംപിലുള്ളവരെല്ലാം എല്ലാവരും ഭീകരരായിരുന്നുവെന്നും ഇന്ത്യയിൽ നുഴഞ്ഞു കഴയറി ആക്രമിക്കാൻ തയ്യാറെടുത്തവരാണെന്നും സൈന്യം പറയുന്നു.

റഷ്യൻ നിർമ്മിത മിഗ്35 യുദ്ധ വിമാനത്തിൽ ഇന്ത്യയുടെ 21 പാര(സ്‌പെഷ്യൽ ഫോഴ്‌സ്) റിജിമെന്റിലെ 40 സൈനികർ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് മ്യാന്മറിൽ ആക്രമണം നടത്തിയത്. വ്യോമസേനയുടെ മിഗ്17 ഹെലികോപ്റ്ററാണ് ഓപ്പറേഷന് ഉപയോഗിച്ചത്. മ്യാന്മാറിലെ മൂന്ന് ഭീകര ക്യാമ്പുകൾ കര-വ്യാമ സേന ഒരേ സമയം ആക്രമിച്ചു. കാർഗിലിൽ പരീക്ഷിച്ച അതേ തന്ത്രം മ്യാന്മാറിലെ പുനരവതരിപ്പിച്ചു. സൈനികാക്രമണത്തിന് മുന്നോടിയായി മ്യാന്മറിനെ ഇക്കാര്യം അറിയിച്ചിരുന്നുവന്ന് ഇന്ത്യ വ്യക്തമാക്കുന്നു. ഇതിനോട് മ്യാമന്മർ പ്രതികരിച്ചിട്ടില്ല. പുലർച്ചെ മൂന്നു മണിക്കാണ് കേന്ദ്ര സർക്കാർ ഓപ്പറേഷനു തീരുമാനമെടുത്തത്. എന്നാൽ മ്യാന്മർ സർക്കാരുമായി ഈ വിവരം പങ്കിടാൻ സാധിച്ചിരുന്നില്ലെന്നതാണ് വസ്തുത. എല്ലാം കഴിഞ്ഞ ശേഷം രാവിലെയാണ് ഇക്കാര്യം മ്യാന്മറിനെ അറിയിച്ചത്.

മണിപ്പൂരിൽ 18 പട്ടാളക്കാരെ വധിച്ച ഭീകരരെയാണ് മ്യാന്മറിൽ കടന്ന് ഇന്ത്യൻ സേന കൊലപ്പെടുത്തിയത്. നാഗാലാൻഡ് അതിർത്തിയിലും സൈന്യം 15 ഭീകരരെ വധിച്ചിരുന്നു. മണിപ്പൂർ സംഭവത്തിന്റെ സൂത്രധാരന്മാരായ നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (എൻഎസ് സിഎൻ), മണിപ്പൂരിലെ കങ്‌ലേയി യപൂൾ കന്നലപ് (കെവൈകെഎൽ) എന്നീ ഭീകരസംഘടനകളിലെ അംഗങ്ങളെയാണ് ഇന്ത്യൻസേന വധിച്ചത്. 30 വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ സൈന്യത്തിൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടാക്കിയ തീവ്രാവാദികൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുകയാണ് സൈന്യം ചെയ്തത്.

ജൂൺ നാലിന് 25 പേരടങ്ങുന്ന എൻ.എസ്.സി.എൻ ഖപ്ലാങ് സംഘം കെ.വൈ.കെ.എൽ എന്ന തീവ്രവാദ സംഘടനക്കൊപ്പമാണ് മണിപ്പൂരിൽ ആക്രമണം നടത്തിയത്. റോക്കറ്റിൽ തൊടുത്തുവിടാവുന്ന ഗ്രനേഡുകളും (ആർ.പി.ജി) യന്ത്രത്തോക്കുകളുമുപയോഗിച്ചാണ് 6ദോഗ്ര റെജിമെന്റിന്റെ വാഹനവ്യൂഹത്തെ തീവ്രവാദികൾ ആക്രമിച്ചത്. ഇതിൽ 20 സൈനികർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1999ലെ കാർഗിൽ യുദ്ധത്തിനുശേഷം ഇത്രയധികം പട്ടാളക്കാർ ഒരുമിച്ച് അതിർത്തിയിൽ കൊല്ലപ്പെടുന്നത് ആദ്യമായാണ്. അതുകൊണ്ട് തന്നെയാണ് കാർഗിൽ മോഡൽ തിരിച്ചടി നൽകിയത്.

ലോകത്തെ മുൻനിര രഹസ്യാന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളും മുൻരഹസ്യാന്വേഷണ വിഭാഗം തലവനുമായ അജിത് ഡോവലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതീക്ഷിച്ചതും ഇത്തരം തന്ത്രമൊരുക്കൽ കൂടിയാണ്. പ്രതിരോധ മന്ത്രി മനോഹർ പരീക്കറും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനേയും ഡോവൽ എല്ലാം വ്യക്തമായി ധരിപ്പിച്ച് അനുമതി തേടിയ ശേഷമായിരുന്നു മ്യാന്മാർ ഓപ്പറേഷൻ. ഇന്ത്യൻ സൈന്യത്തിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ കീർത്തി ചക്ര ലഭിച്ച രാജ്യത്തെ ആദ്യ പൊലീസ് ഉദ്യോഗസ്ഥൻ അനുഭവ സമ്പത്തിന്റെ കരുത്തിൽ തീവ്രവാദികൾക്കെതിരെ കരുക്കൾ നീക്കി. അതിന്റെ വിജയമാണ് ഇന്ത്യൻ സൈന്യം നേടിയത്.

സർവ്വീസിലെ 37 വർഷങ്ങളിൽ 33 വർഷവും രഹസ്യാന്വേഷണ വിഭാഗത്തിലാണ് ഡോവൽ പ്രവർത്തിച്ചത്. 1999ലെ ഖാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി ആശയവിനിമയം നടത്തി ബന്ദികളെ മോചിപ്പിക്കുന്നതിനു വേണ്ട പരിശ്രമങ്ങൾ നടന്നത് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ്. ജമ്മുകാശ്മീർ,പഞ്ചാബ്, വടക്കുകിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലെല്ലാം നിർണ്ണായക സാഹചര്യങ്ങളുണ്ടായപ്പോൾ നിയോഗിക്കപ്പെട്ടത് അജിത് ഡോവലാണ്. ആറു വർഷം ഇന്ത്യൻ ഹൈക്കമ്മീഷണറായി പാക്കിസ്ഥാനിലും ഡോവൽ പ്രവർത്തിച്ചിട്ടുണ്ട്. സുവർണ്ണ ക്ഷേത്രത്തിലൊളിച്ച ഖാലിസ്ഥാൻ ഭീകരർക്കെതിരായി നടന്ന 1988ലെ ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിലെ നിർണ്ണായക രഹസ്യവിവരങ്ങൾ അജിത് ഡോവലാണ് നൽകിയത്.

ഐസിസ് പിടിയിൽ നിന്ന് മലയാളി നേഴ്‌സുമാരെ രക്ഷിച്ച ഇറാഖ് ഓപ്പറേഷന്റെ ഹെഡ്‌മാസ്‌റർ ഡോവൽ തന്നെയെന്നത് ആരും സമ്മതിക്കുന്നില്ല. പക്ഷേ ആരും നിഷേധിക്കുന്നില്ല. കാരണം ന്നും പിന്നണിയിലെ ചരടുവലികളായിരുന്നു ഡോവലിന് താൽപ്പര്യം. ഇതു തന്നെയാണ് രേഖ ചോർത്തിയ ചാരന്മാരെ കണ്ടെത്തുന്നതിലും ഉണ്ടായത്. പിറകിൽ കരുക്കൾ നീക്കാൻ ഡോവലുള്ളതിനാൽ കുറ്റവാളികളെ ആരും രക്ഷിച്ചതുമില്ല. ഐപിഎസ് ജോലിക്കിടെ മിസോറാമിലെ തീവ്രവാദി സംഘടനയായ മിസോ നാഷണൽ ഫ്രണ്ടിനെ കൈകാര്യം ചെയ്യാൻ മ്യാന്മാറിലേക്ക് പോയ ഡോവൽ ഫ്രണ്ട് നേതാവ് ലാൽഡംഗയുടെ ഏഴ് കമാൻഡർമാരിൽ ആറുപേരെയും കൊണ്ടാണ് നാട്ടിൽ തിരിച്ചെത്തിയത്. പിന്നീട് സമാധാന മാർഗം സ്വീകരിച്ച ലാൽഡംഗ തന്നെ പിൽക്കാലത്ത് ഇക്കാര്യം സ്ഥിരീകരിച്ചു.

ഓപ്പറേഷൻ ബഌസ്‌റാറിനു പിന്നാലെ 88ൽ നടന്ന ബഌ തണ്ടറിനിടെ ഒരു പാക് ചാരൻ സുവർണ ക്ഷേത്രത്തിലെത്തി ഖാലിസ്ഥാൻ തീവ്രവാദി നേതാക്കളെ കണ്ടിരുന്നു. ആ പാക് ചാരൻ പിന്നീട് പൊങ്ങിയത് ഡോവലിന്റെ രൂപത്തിലായിരുന്നു. സമാധാനകാലത്തെ സ്ത്യുത്യർഹമായ പ്രവർത്തനത്തിനു നൽകുന്ന രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ കീർത്തി ചക്രയും അന്ന് ഡോവൽ സ്വന്തമാക്കി. 1999ൽ കണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കാൻ എൻഡിഎ സർക്കാർ നിയോഗിച്ചത് ഡോവലിനെയായിരുന്നു.വാജ്‌പേയി സർക്കാരിന്റെ കാലത്ത് രഹസ്യവിവരങ്ങൾ പങ്കുവയ്ക്കാനുള്ള പൊതുവേദിയായി ഡോവൽ മൾട്ടി ഏജൻസി സെന്റർ, ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് ഓൺ ഇന്റലിജൻസ് എന്നിവ രൂപീകരിച്ചു.

മോദി ഡോവലിനെ ഏല്പിച്ചിരിക്കുന്നത് വിദേശത്തെ കാര്യങ്ങളല്ല, ആഭ്യന്തര സുരക്ഷിതത്വം മെച്ചപ്പെടുത്തുക എന്ന ദൗത്യമാണ്. എന്നാൽ ആഭ്യന്തര സുരക്ഷിത്വം ഉറപ്പാക്കാൻ വിദേശത്തേക്കുള്ള ആക്രമണം കൂടിയേ തീരുവെന്നാണ് ഡോവൽ മ്യാന്മാർ ഓപ്പറേഷനിലൂടെ സാക്ഷ്യപ്പെടുത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP