Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനിതാ ജീവനക്കാരെ വേണ്ടാത്ത വനിതാകാര്യ മന്ത്രാലയം; ജോലിക്ക് പുരുഷന്മാർ മാത്രം മതി; സ്ത്രീ ജീവനക്കാർ വേണ്ടെന്ന് താലിബാൻ; പ്രതിഷേധ പ്രകടനം നടത്താൻ വനിതാ ഉദ്യോഗസ്ഥർ; മനുഷ്യാവകാശങ്ങൾ നിറവേറ്റാൻ ലോകം താലിബാന് സമയം നൽകണമെന്ന് ഇമ്രാൻ ഖാൻ

വനിതാ ജീവനക്കാരെ വേണ്ടാത്ത വനിതാകാര്യ മന്ത്രാലയം; ജോലിക്ക് പുരുഷന്മാർ മാത്രം മതി; സ്ത്രീ ജീവനക്കാർ വേണ്ടെന്ന് താലിബാൻ; പ്രതിഷേധ പ്രകടനം നടത്താൻ വനിതാ ഉദ്യോഗസ്ഥർ; മനുഷ്യാവകാശങ്ങൾ നിറവേറ്റാൻ ലോകം താലിബാന് സമയം നൽകണമെന്ന് ഇമ്രാൻ ഖാൻ

ന്യൂസ് ഡെസ്‌ക്‌

കാബൂൾ: അഫ്ഗാനിസ്ഥാനിലെ വനിതാകാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിൽ വനിതാ ജീവനക്കാർക്കു വിലക്കേർപ്പെടുത്തി താലിബാൻ. മന്ത്രാലയത്തിൽ പുരുഷ ജീവനക്കാർ മാത്രം മതിയെന്നും വനിതാ ജീവനക്കാർ വേണ്ടെന്നുമാണ് താലിബാന്റെ നിലപാട്. പുരുഷന്മാരെ മാത്രമാണ് ഇവിടേക്കു പ്രവേശിപ്പിക്കുന്നതെന്നു വകുപ്പിലെ ഒരു ഉദ്യോഗസ്ഥ മാധ്യമങ്ങളോടു പ്രതികരിച്ചു.

നാലു വനിതകളെയും കെട്ടിടത്തിനുള്ളിലേക്കു പ്രവേശിക്കാൻ അനുവദിച്ചില്ലെന്നാണ് ജീവനക്കാരി മാധ്യമങ്ങളോടു പറഞ്ഞത്. സംഭവത്തിൽ പ്രതിഷേധിച്ചു മന്ത്രാലയത്തിനു സമീപം പ്രതിഷേധ പ്രകടനം നടത്താനാണു വനിത ഉദ്യോഗസ്ഥരുടെ തീരുമാനം.

20 വർഷത്തിനു ശേഷം താലബാൻ വീണ്ടും അധികാരത്തിലെത്തുമ്പോൾ ഏറ്റവും കൂടുതൽ ആശങ്കപ്പെടേണ്ടതു വനിതകളാണെന്നു തെളിയിക്കുന്ന ഏറ്റവും ഒടുവിലത്തെ സംഭവ വികാസമാണ് മന്ത്രാലയത്തിലേത്. താലിബാനു കീഴിൽ ദുർഘടമായ ഭാവിയാകും സ്ത്രീകൾക്ക് ഉണ്ടാവുകയെന്നാണു വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

അഫ്ഗാനിൽ താലിബാൻ ഭരണമേറ്റെടുത്ത 1996 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ സ്ത്രീകളുടെ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസവും തൊഴിലും അവർക്കു ലഭിച്ചിരുന്നില്ല. എന്നാൽ നിലവിൽ സ്ത്രീകളെ സർവകലാശാലകളിൽ പ്രവേശിപ്പിക്കുന്നുണ്ട്.

ആൺകുട്ടികളെയും പെൺകുട്ടികളെയും കർട്ടനിട്ടു മറച്ചാണ് ഇരുത്തിയിരിക്കുന്നത്. മാത്രമല്ല പെൺകുട്ടികൾ ശരീരം മുഴുവൻ മൂടുന്ന രീതിയിൽ വസ്ത്രം ധരിക്കണമെന്നും നിബന്ധനയുണ്ട്. ഇതിനു പുറമേ സ്ത്രീകൾക്ക് വീടാണ് സുരക്ഷിത ഇടമെന്ന് പ്രഖ്യാപിച്ച താലിബാൻ അവരെ മിക്ക ജോലിസ്ഥലങ്ങളിൽനിന്നും തിരികെ അയയ്ക്കുകയും ചെയ്തു.

അതേ സമയം മനുഷ്യാവകാശങ്ങൾ നിറവേറ്റാൻ ലോകം താലിബാന് സമയം നൽകണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഭിപ്രായപ്പെട്ടു. പ്രതിസന്ധി തരണം ചെയ്യാൻ താലിബാൻ രാജ്യാന്തര സഹായം തേടുകയാണ്. അവരെ നിയമത്തിന്റെ ശരിയായ ദിശയിലേക്ക് നയിക്കാൻ ഇത് സഹായിക്കും. അഫ്ഗാനിസ്ഥാനെ ബാഹ്യശക്തികൾക്ക് നിയന്ത്രിക്കാനാകില്ലെന്നും ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾക്കെതിരെയും ഇമ്രാൻ ഖാൻ പ്രതികരിച്ചു. അവരുടെ അവകാശങ്ങൾ പുറത്തുനിന്നുള്ളവർ നേടിക്കൊടുക്കുമെന്നു കരുതുന്നത് തെറ്റാണ്. അഫ്ഗാൻ സ്ത്രീകൾ ശക്തരാണ്. അവർക്ക് സമയം നൽകുക. അവർ അവരുടെ അവകാശങ്ങൾ നേടിയെടുക്കും. ഒരു സമൂഹത്തിലെ സ്ത്രീകൾക്ക് അവരുടെ ജീവിതസാധ്യതകൾ നിറവേറ്റാനുള്ള കഴിവ് ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ സമാധാനവും സ്ഥിരതയും ഉറപ്പിക്കാൻ ഏറ്റവും നല്ല മാർഗം, താലിബാനുമായി ഇടപഴകുകയും അവരെ പ്രോത്സാഹിപ്പിക്കുകയുമാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അഫ്ഗാനിസ്ഥാൻ താലിബാന്റെ നിയന്ത്രണത്തിലായതിന് ശേഷം ആദ്യമായാണ് പാക്ക് പ്രധാനമന്ത്രി ഈ വിഷയത്തിൽ അഭിപ്രായം പറയുന്നത്.

''അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ നിയന്ത്രണത്തിലാണ്. എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളിച്ച് പുതിയ സർക്കാരിന് പ്രവർത്തിക്കാൻ കഴിയുമെങ്കിൽ 40 വർഷത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽ സമാധാനമുണ്ടായേക്കാം. മറിച്ചാണെങ്കിൽ, നമ്മൾ ഭയക്കുന്നത് പോലെ അരാജകത്വത്തിലേക്ക് തള്ളപ്പെടാം. അതിഭീകരമായ മാനുഷിക പ്രതിസന്ധിയും അഭയാർഥി പ്രശ്‌നങ്ങളും നേരിടേണ്ടി വരും.''- ഇമ്രാൻ ഖാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP