Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുദ്ധം കനത്തതോടെ രാസായുധം പ്രയോഗിച്ച് സൈന്യം; ക്‌ളോറിൻ ബോംബുകൾ വർഷിച്ചപ്പോൾ ശ്വാസംമുട്ടി പിടയുന്ന കുഞ്ഞുങ്ങളുടെ ദൃശ്യങ്ങളും പുറത്ത്; മരുന്നിന് പകരം സ്ത്രീകളോടും പെൺകുട്ടികളോടും സെക്‌സ് പ്രതിഫലമായി ചോദിച്ച് സന്നദ്ധ പ്രവർത്തകർ; സിറിയയിലെ മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്നതിന് എതിരെ 'സിറിയ ബ്‌ളീഡിങ്' പ്രചണവുമായി സെലിബ്രിറ്റികളും

യുദ്ധം കനത്തതോടെ രാസായുധം പ്രയോഗിച്ച് സൈന്യം; ക്‌ളോറിൻ ബോംബുകൾ വർഷിച്ചപ്പോൾ ശ്വാസംമുട്ടി പിടയുന്ന കുഞ്ഞുങ്ങളുടെ ദൃശ്യങ്ങളും പുറത്ത്; മരുന്നിന് പകരം സ്ത്രീകളോടും പെൺകുട്ടികളോടും സെക്‌സ് പ്രതിഫലമായി ചോദിച്ച് സന്നദ്ധ പ്രവർത്തകർ; സിറിയയിലെ മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്നതിന് എതിരെ 'സിറിയ ബ്‌ളീഡിങ്' പ്രചണവുമായി സെലിബ്രിറ്റികളും

മറുനാടൻ ഡസ്‌ക്

ദമസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ സിറിയയിൽ സൈന്യത്തിന്റെ രാസായുധ പ്രയോഗവും. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞുങ്ങളും സ്ത്രീകളുമുൾപ്പെടെയുള്ളവർ ശ്വാസംകിട്ടാതെ പിടയുന്ന വീഡിയോ പുറത്തുവന്നതോടെയാണ് മാരകമായ രാസായുധ പ്രയോഗം സൈന്യം നടത്തിയെന്ന റിപ്പോർട്ടുകൾ വരുന്നത്. അതിനിടെ ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പേരിൽ ആഹാരവും മറ്റും വിതരണം ചെയ്യുന്ന സന്നദ്ധ പ്രവർത്തകർ അവ നൽകുന്നതിന് സ്ത്രീകൾ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെടുന്നതായ വെളിപ്പെടുത്തലും പുറത്തുവന്നതും ചർച്ചയാകുന്നു.

സിറിയയിൽ സൈന്യവും വിമതസേനയും തമ്മിലുള്ള യുദ്ധം കനത്തപ്പോൾ ആണ് രാസായുധ പ്രയോഗം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 25നു നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവരികയും ലൈംഗിക പീഡനങ്ങളെ പറ്റി ബിബിസി റിപ്പോർട്ടു ചെയ്യുകയും ചെയ്തതോടെ സിറിയ വീണ്ടും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാവുകയാണ്.

ആക്രമണത്തിൽ പരിക്കേറ്റും ഭക്ഷണമില്ലാതെയും വാവിട്ടുകരയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളുൾപ്പെടെ സമൂഹമാധ്യമങ്ങളിൽ നൽകി ലോകമാകമാനം സെലിബ്രിറ്റികളും യുദ്ധക്കെടുതികൾക്ക് എതിരെ ശക്തമായി പ്രതികരിക്കുന്നു. 'സിറിയ ബ്‌ളീഡിങ്' എന്ന ഹാഷ് ടാഗിലാണ് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയരുന്നത്.

25ന് നടന്ന ആക്രമണത്തിൽ ക്ലോറിൻ ബോംബുകൾ ഉപയോഗിച്ചെന്നാണു റിപ്പോർട്ടുകൾ. ഹേഗ് ആസ്ഥാനമായുള്ള രാജ്യാന്തര നിരീക്ഷണ സംഘടന ഓർഗനൈസേഷൻ ഓഫ് കെമിക്കൽ വെപ്പൺസ് (ഒപിസിഡബ്ല്യു) സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ പരിക്കേറ്റ് എത്തിയ കുട്ടികളും മുതിർന്നവരും ശ്വാസത്തിനായി പിടയുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ഇവർക്ക് ഓക്‌സിജൻ നൽകുന്നതും ദൃശ്യങ്ങളിൽ കാണാം. നൂറോളം കുഞ്ഞുങ്ങൾ ഒരുമാസത്തിനിടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. കഴിഞ്ഞദിവസം രാസായുധ പ്രയോഗത്തിൽ ഒരു കുട്ടി മരിച്ചുവീഴുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ട കുട്ടിയുടെ ചലനമറ്റ ശരീരവുമായി ഡോക്ടർമാർ നിൽക്കുന്നതിന്റെ ദൃശ്യങ്ങളും വാർത്താ ഏജൻസികൾ പുറത്തുവിട്ടു.

സാധാരണക്കാർക്കു മേൽ രാസായുധ പ്രയോഗം നടത്തുന്നുണ്ടെന്നു തെളിഞ്ഞാൽ യുഎസിനൊപ്പം ചേർന്ന് സിറിയൻ സൈന്യത്തെ ആക്രമിക്കുമെന്ന് ബ്രിട്ടനും വ്യക്തമാക്കിക്കഴിഞ്ഞതോടെ വിഷയം അതീവ ഗുരതരമാകുകയാണ്. വിമതർക്കെതിരെ ഏഴു വർഷമായി തുടരുന്ന യുദ്ധം പൊടുന്നനെ കനത്തതോടെ വലിയ നാശമാണ് ഉണ്ടാവുന്നത്. ഇന്നേവരെയില്ലാത്ത വിധത്തിലുള്ള ആക്രമണം റഷ്യയുടെ ശക്തമായ പിന്തുണയിലാണ് നടക്കുന്നതെന്നതും ചർച്ചയാകുന്നു.

ആറുവർഷമായി വിമതർ കൈപ്പിടിയിൽ നിർത്തുന്ന ഗൂട്ട മേഖല

2012 മുതൽ വിമതസേനയുടെ നിയന്ത്രണത്തിലാണ് കിഴക്കൻ ഗൂട്ടമേഖല. ദമാസ്‌കസിനു സമീപമുള്ള വിമതരുടെ അവസാന ശക്തികേന്ദ്രമാണിത്. ഇവിടം തിരിച്ചുപിടിക്കാനുള്ള അന്തിമ ശ്രമത്തിലാണ് പ്രസിഡന്റ് ബഷാർ അൽ അസദിന്റെ സിറിയൻ സൈന്യം. അതേസമയം ഇവിടെ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ ഒഴിഞ്ഞുപോകാൻ വിമതർ അനുവദിക്കുന്നില്ല. അവർ സിറിയൻ സൈന്യത്തിന് എതിരെ മനുഷ്യകവചമായി ജനങ്ങളെ ഉപയോഗിച്ചതോടെ നാലു ലക്ഷത്തോളം ജനങ്ങളാണ് കിഴക്കൻ ഗൂട്ടായിൽ കുടുങ്ങിക്കിടക്കുന്നത്.

ഇവരെ മനുഷ്യകവചമാക്കി വയ്ക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന് ഐക്യരാഷ്ട്ര സംഘടനയും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് തുടർന്ന് 30 ദിവസത്തെ വെടിനിർത്തലും പ്രഖ്യാപിച്ചു. എന്നാൽ രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്കു രണ്ടു വരെയുള്ള വെടിനിർത്തൽ പരാജയപ്പെട്ടെന്നാണു മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവിടെ വ്യോമാക്രമണവും റോക്കറ്റ് ആക്രമണവും തുടരുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

വൻ നശീകരണ സ്വഭാവമുള്ള ബാരൽ ബോംബുകൾ കിഴക്കൻ ഗൂട്ടായിൽ വർഷിക്കുകയാണെന്നു യുദ്ധനിരീക്ഷകരായ സിറിയൻ ഒബ്സർവേറ്ററി കുറ്റപ്പെടുത്തി. റോക്കറ്റ് ആക്രമണവും തുടരുകയാണ്. ഇവിടെനിന്നു ജനങ്ങൾക്കു രക്ഷപ്പെടാൻ മാർഗം ഒരുക്കിയിട്ടുണ്ടെങ്കിലും അവിടെ വിമത സേന ശക്തമായ ആക്രമണം അഴിച്ചുവിടുന്നു. പക്ഷേ രക്ഷാപാതയിലൂടെ തന്നെ കിഴക്കൻ ഗൂട്ടയിലേക്ക് വൈദ്യസഹായവും ഭക്ഷണവും ഉൾപ്പെടെ എത്തിക്കുമെന്ന് റഷ്യ അറിയിച്ചു. രക്ഷാപ്രവർത്തനവും തുടരുമെന്ന് വ്യക്തമാക്കിയതോടെ ഫ്രാൻസും ഇതിനു പിന്തുണ അറിയിച്ചിട്ടുണ്ട്.

നേരത്തേയും സിറിയ രാസായുധം പ്രയോഗിച്ചിരുന്നു

ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടു എന്ന റിപ്പോർട്ടുകൾ ഇനിയും പൂർണതോതിൽ പുറത്തുവന്നിട്ടില്ല. കനത്ത നാശമാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഉണ്ടായിട്ടുള്ളത്. ശക്തമായ ബോംബ് ആക്രമണങ്ങളിൽ തകർന്നടിഞ്ഞ കെട്ടിടങ്ങളിൽനിന്നു മൃതദേഹങ്ങൾ പുറത്തെടുത്തു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് രാസായുധ പ്രയോഗത്തിന്റെ വാർത്തയും എത്തിയതോടെ ലോകമാസകലം ഇതിനെതിരെ പ്രതിഷേധവും അലയടിക്കുന്നു. യുദ്ധത്തിനിടെ ക്ലോറിൻ വാതകം ശ്വസിച്ചാണ് ഒരു കുട്ടി മരിച്ചതെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടാണു സംശയത്തിനിടയാക്കിയത്. തുടർന്നാണ് ഒപിസിഡബ്ല്യു അന്വേഷണത്തിനു തീരുമാനിച്ചത്.

രണ്ടാഴ്ചയായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ 185 കുട്ടികളും 109 സ്ത്രീകളും ഉൾപ്പെടെ 561 പേർ മരണപ്പെട്ടതായി സ്വതന്ത്ര ഏജൻസിയായ സിറിയൻ ഒബ്സർവേറ്ററി ഓഫ് ഹ്യൂമൻ റൈറ്റ്സ് പുറത്തുവിട്ട കണക്കുകൾ പറയുന്നു. കിഴക്കൻ ഘൗട്ടയിൽ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ മരണപ്പെട്ടത് 340 പേരാണ്. 2017-ലെ സമാധാന കരാർ ലംഘിച്ച് റഷ്യൻ യുദ്ധ വിമാനങ്ങളുടെ സഹായത്തോടെ സിറിയൻ പട്ടാളം തുടങ്ങിയ യുദ്ധം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ സ്ഥിരം അംഗമായ ഫ്രാൻസ് പ്രതികരിച്ചു

രാസായുധങ്ങളിൽ ക്ലോറിൻ ഉപയോഗിക്കുന്നത് നിരോധിച്ച് 1997 മുതൽ രാജ്യാന്തര കരാറുണ്ട്. ശ്വാസകോശത്തിലെത്തിയാൽ ക്ലോറിൻ വാതകം ഹൈഡ്രോക്ലോറിക് ആസിഡായി മാറും. വൻതോതിൽ അവിടെ ഇതു നിറയുന്നതോടെ കാത്തിരിക്കുന്നതു നിശബ്ദ മരണമാണ്. കുട്ടികളാണ് ഇതിന്റെ ഏറ്റവും വലിയ ഇരകൾ. ഇതുവരെ അഞ്ഞൂറിലേറെപ്പേർ ഇപ്പോൾ യുദ്ധം നടക്കുന്ന മേഖലയിൽ മാത്രം കൊല്ലപ്പെട്ടെന്നും അതിൽ നാലിലൊന്നും കുട്ടികളാണെന്നും റിപ്പോർ്ട്ടുകൾ പറയുന്നു.

പ്രദേശത്ത് മുമ്പും രാസായുധ പ്രയോഗം നടന്നിരുന്നു. കിഴക്കൻ ഗൂട്ടയിൽത്തന്നെ 2013ൽ സിറിയ നടത്തിയ രാസായുധ പ്രയോഗത്തിൽ നേരത്തേ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു. രാജ്യാന്തര സമ്മർദ്ദത്തെത്തുർന്ന് അന്ന് രാസായുധ നിർവ്യാപന കരാറിൽ സിറിയയും ഒപ്പിട്ടിരുന്നു. ഇത് ഇപ്പോൾ ലംഘിക്കപ്പെട്ടുവെന്ന നിലയിലാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ സിറിയൻ ഗവൺമെന്റിന് എതിരെ അന്താരാഷ്ട്ര തലത്തിൽ യുഎസ്-ബ്രിട്ടീഷ്-ഫ്രാൻസ് സഖ്യം രംഗത്തിറങ്ങുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. ഇതിന്റെ ലംഘനം നടന്നിട്ടുണ്ടോയെന്നാണു പരിശോധിക്കുന്നത്.

2013ലും 2014ലും ഒപിസിഡബ്ല്യു നിരീക്ഷണ സംഘങ്ങളെ അയച്ചെങ്കിലും അവർക്ക് നേരെപ്പോലും കനത്ത ആക്രമണമുണ്ടായി. ഈ സാഹചര്യത്തിൽ ഇത്തവണ കിഴക്കൻ ഗൂട്ടയിലേക്ക് പ്രതിനിധികളെ അയയ്ക്കേണ്ടെന്നാണു തീരുമാനം. പകരം സാക്ഷിമൊഴികൾ ശേഖരിക്കാനും വിഡിയോ തെളിവുകളും ആരോഗ്യ വിദഗ്ധരിൽ നിന്നുള്ള വിവരങ്ങളും ശേഖരിക്കാനും അങ്ങനെ സിറിയക്ക് എതിരെ നടപടിയിലേക്ക് നീങ്ങാനുമാണ് തീരുമാനം.

ഭക്ഷണം നൽകണമെങ്കിൽ കൂടെ കിടക്കണമെന്ന് സന്നദ്ധ പ്രവർത്തകർ

യുദ്ധം കനക്കുന്നതിനിടെയാണ് സ്ത്രീകളെ ഐക്യരാഷ്ട്രസഭയുടെ സന്നദ്ധ പ്രവർത്തകർ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായ വെളിപ്പെടുത്തലും ബിബിസിയുടെ അന്വേഷണത്തിൽ പുറത്തുവരുന്നത്. ലൈംഗികമായി വഴങ്ങാത്ത സ്ത്രീകൾക്ക് സഹായം നൽകാതെ അവരെ അതിന് പ്രേരിപ്പിക്കുകയാണ് സന്നദ്ധ പ്രവർത്തകരായി എത്തുന്ന പുരുഷന്മാർ. മൂന്നു വർഷം മുമ്പ് തന്നെ സിറിയയിലെ സന്നദ്ധ പ്രവർത്തകർക്കെതിരെ ലൈംഗികാരോപണം ഉയർന്നിരുന്നു എന്നും ഐക്യരാഷ്ട്ര സഭ ഇതിൽ കാര്യമായി ഇടപെട്ടില്ലെന്നും ആക്ഷേപം ഉയരുന്നുമുണ്ട്.

രാജ്യത്തിന്റെ തെക്കൻ മേഖലയിൽ ഇപ്പോഴും അത് തുടരുന്നുണ്ടെന്നാണ് ബി.ബി.സി പറയുന്നത്. അത്തരം ചൂഷണങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് യു.എൻ ഏജൻസികളും സന്നദ്ധത സംഘടനകളും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സിറിയയിൽ അവരുടെ ഏജന്റുമാരാണ് സ്ത്രീകളെ പീഡിപ്പിക്കുന്നത്. ലൈംഗിക പീഡനം ഭയന്ന് പല സിറിയൻ സ്ത്രീകളും സഹായ വിതരണ കേന്ദ്രങ്ങളിലേക്ക് പോകാറില്ല. ശരീരം കാഴ്ചവച്ചാണ് തങ്ങൾ വീടുകളിലേക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും മറ്റു കൊണ്ടുവരുന്നതെന്ന് മറ്റുള്ളവർ സംശയിക്കുമെന്ന നിലയിൽ ചിന്തിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്.

സിറിയയിലെ ഏജന്റുമാർ നടത്തുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും പല അന്താരാഷ്ട്ര ഏജൻസികളും കണ്ണടക്കുകയാണ് പതിവ്. കാരണം അന്താരാഷ്ട്ര പ്രവർത്തകർക്ക് പ്രവേശനം ലഭിക്കുന്നതില്ലെന്നതുകൊണ്ട് സിറിയയിലെ ചില അപകടകരമായ മേഖലകളിലേക്ക് സഹായമെതിക്കാൻ ഏജന്റുമാരെയാണ് ആശ്രയിക്കുന്നത്. സിറിയയിലെ നിരവധി പ്രവിശ്യകളിൽ സഹായത്തിന്റെ മറവിൽ ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന് യു.എൻ പോപ്പുലേഷൻ ഫണ്ടും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിനുവേണ്ടി ഉദ്യോഗസ്ഥരുമായി സ്ത്രീകൾ താൽക്കാലിക വിവാഹത്തിനുപോലും നിർബന്ധിക്കുന്നു.

അന്താരാഷ്ട്ര ഏജൻസികൾ എത്തിക്കുന്ന അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നവർ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഫോൺ നമ്പറുകളാണ് ചോദിക്കുന്നത്. വീടുകളിൽ നേരിട്ട് എത്തിക്കുന്നതിന് ശരീരം കാഴ്ചവെക്കാനും ഒരു രാത്രി തങ്ങളോടൊപ്പം കഴിയാനും സ്ത്രീകളെ നിർബന്ധിക്കുന്ന ഏജന്റുമാരും നിരവധിയുണ്ടെന്ന് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ടിൽ പറയുന്നു. പുരുഷന്മാരുടെ സംരക്ഷണമില്ലാത്ത വിധവകളും വിവാഹമോചിതരുമാണ് ഏറെയും ചൂഷണം ചെയ്യപ്പെടുന്നത്. മാർച്ച് 2015ൽ ജോർദാനിലെ സിറിയൻ അഭയാർത്ഥി ക്യാമ്പിൽനിന്നാണ് ഇത്തരം ആരോപണങ്ങൾ കേട്ടുതുടങ്ങിയതെന്ന് ഒരു അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ ഉപദേശകയായ ഡാനിയേല സ്പെൻസർ വെളിപ്പെടുത്തി. സന്നദ്ധ പ്രവർത്തകരിൽനിന്നുണ്ടായ കയ്പേറിയ അനുഭവം ചില സ്ത്രീകൾ തന്നോട്ട് നേരിട്ട് പറഞ്ഞതായും അവർ പറയുന്നു.

യുദ്ധത്തിന് എതിരെ സിറിയ ബ്‌ളീഡിങ് കാമ്പെയ്ൻ

സിറിയയിൽ തുടരുന്ന അഭ്യന്തര യുദ്ധത്തിനെതിരെ പ്രതികരിച്ച് സെലിബ്രിറ്റികളും രംഗത്തെത്തി 'സിറിയ ബ്്‌ളീഡിങ് എന്ന ഹാഷ് ടാഗിലാണ് ട്വിറ്ററിൽ കൂടുതൽ പേരും പ്രതികരണം നടത്തുന്നത്. വ്യോമാക്രമത്തിൽ തകർന്ന സിറിയൻ തെരുവിൽ നിന്ന് കുട്ടികളെയും സ്ത്രീകളെയും വാഹനങ്ങളിലേക്ക് മാറ്റുന്ന വീഡിയോക്കൊപ്പമാണ് ട്വീറ്റുകൾ. 

'അവർക്കൊപ്പം മരിക്കുന്നത് മനുഷ്യത്വം കൂടിയാണ്. ഇത് സഹിക്കാനാവില്ല. എന്തുകൊണ്ട് ഈ നിരപരാധികളായ കുട്ടികൾ?' എന്നാണ് ചലച്ചിത്ര താരം രമ്യ നമ്പീശൻ പ്രതികരിച്ചത്. 'ഞാൻ ഏത് മതത്തിലാണെന്നോ രാജ്യത്താണെന്നോ എനിക്കിപ്പോൾ വിഷയമല്ല. മാനവികത മരിക്കുകയാണ്. കുഞ്ഞുങ്ങൾ മരിച്ച് കൊണ്ടിരിക്കുകയാണ്. ഇത് നിർത്തണം. സിറിയ രക്തം വാർന്നു കൊണ്ടിരിക്കുന്നു.' - ഇതായിരുന്നു ബോളിവുഡ് നായിക ഇഷ ഗുപ്തയുടെ ട്വീറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP