Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എവിടെ ആയാലും അക്‌ബറിന് ചുറ്റും ആളുകൂടും..ആണായാലും പെണ്ണായാലും; പുഞ്ചിരിയും നയതന്ത്രവും സമാസമം ചാലിച്ച് ആളുകളെ കൈയിലെടുക്കുന്ന നാക്കിന്റെ മികവ്; കശ്മീർ വിഷയത്തിൽ തന്നെ ചോദ്യങ്ങൾ കൊണ്ട് മലർത്തിയടിക്കാൻ വന്ന പാക് മാധ്യമപ്രവർത്തകരെ കിടിലൻ മറുപടിയിലൂടെ നിലംപരിശാക്കി കൈകൊടുത്ത നയചാതുര്യം; യുഎന്നിലെ ഇന്ത്യയുടെ മുഖമായിരുന്ന സെയിദ് അക്‌ബറുദ്ദീൻ നാട്ടിലേക്ക് മടങ്ങുമ്പോൾ ഓർക്കാം രോമാഞ്ചം കൊള്ളിക്കുന്ന ആ ഓഗസ്റ്റ് 16

എവിടെ ആയാലും അക്‌ബറിന് ചുറ്റും ആളുകൂടും..ആണായാലും പെണ്ണായാലും; പുഞ്ചിരിയും നയതന്ത്രവും സമാസമം ചാലിച്ച് ആളുകളെ കൈയിലെടുക്കുന്ന നാക്കിന്റെ മികവ്; കശ്മീർ വിഷയത്തിൽ തന്നെ ചോദ്യങ്ങൾ കൊണ്ട് മലർത്തിയടിക്കാൻ വന്ന പാക് മാധ്യമപ്രവർത്തകരെ കിടിലൻ മറുപടിയിലൂടെ നിലംപരിശാക്കി കൈകൊടുത്ത നയചാതുര്യം; യുഎന്നിലെ ഇന്ത്യയുടെ മുഖമായിരുന്ന സെയിദ് അക്‌ബറുദ്ദീൻ നാട്ടിലേക്ക് മടങ്ങുമ്പോൾ ഓർക്കാം രോമാഞ്ചം കൊള്ളിക്കുന്ന ആ ഓഗസ്റ്റ് 16

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ക്ഷമയുടെ ആൾരൂപമാണ് അയാൾ. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. പഴയ സുഹൃത്തുക്കളോട് ഉള്ളുുതുറന്ന് സംസാരിക്കുന്ന പ്രകൃതം. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ മുഖമായിരുന്ന സയ്യിദ് അക്‌ബറുദ്ദീനെ കുറിച്ചാണ് ഉറ്റസുഹൃത്തായ ദി ഹിന്ദുവിന്റെ മുൻ അസോസിയേറ്റ് എഡിറ്റർ എം.സോമശേഖർ ഓർത്തെടുക്കുന്നത്. ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി കാലാവധി പൂർത്തിയാക്കി മടങ്ങുകയാണ് നാട്ടിലേക്ക്. 2019 ഓഗസ്റ്റിൽ കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനി മാധ്യമപ്രവർത്തരെ നിരായുധരാക്കിയ ആഒറ്റപ്രകടനം മതിയല്ലോ അക്‌ബറിനെ മറക്കാതിരിക്കാൻ, സോമശേഖർ പറയുന്നു.

മാധ്യമപ്രവർത്തകനായ പി.ബി.അനൂപ് കുറിക്കുന്നത് ഇങ്ങനെ:

'പാക്കിസ്ഥാന്റെയും ചൈനയുടെയും എല്ലാ നീക്കങ്ങളെയും പുഞ്ചിരിയോടെ മലർത്തിയടിച്ച വിദഗ്ധൻ. എല്ലാ വെല്ലുവിളികളിലും നമ്മൾ ലോകത്തെ ആത്മവിശ്വാസത്തോടെ നേരിട്ടതിൽ സയിദ് അക്‌ബറുദീന്റെ നാക്കിന്റെ, വാക്കിന്റെ മികവുണ്ട്.(ഐക്യരാഷ്ട്ര സഭയിലെ വാർത്താ സമ്മേളനങ്ങൾ സാക്ഷി) വിദേശകാര്യ മന്ത്രാലയ വക്താവായിരുന്ന സമയത്താണ് സംഘർഷഭൂമിയിൽ നിന്നുള്ള ഇന്ത്യയുടെ മുൻ രക്ഷാദൗത്യങ്ങൾ നടക്കുന്നത്. നഴ്‌സുമാരുൾപ്പെടെ ജന്മനാടിന്റെ സുരക്ഷിതത്വത്തിലേയ്ക്ക് എത്തി. രക്ഷപ്പെടുന്ന, മടങ്ങിയെത്തുന്ന മലയാളികളെക്കുറിച്ചുള്ള ഞങ്ങൾ മാധ്യമപ്രവർത്തകരുടെ അന്വേഷണങ്ങൾക്ക് സയിദ് അക്‌ബറുദീന്റെ എന്നത്തെയും ആദ്യ മറുപടി ഇതായിരിക്കും...'നമ്മളെല്ലാം ആദ്യം ഇന്ത്യക്കാരാണ്, രക്ഷപ്പെട്ടുവരുന്നവരെല്ലാം ഇന്ത്യക്കാരും'

രോമാഞ്ചം കൊള്ളിക്കുന്ന ആ ഓഗസ്റ്റ് 16

2019 ഓഗസ്റ്റ് 16ന കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ നീക്കങ്ങൾക്കു മറുപടിയുമായി ഇന്ത്യ നിറഞ്ഞത് അക്‌ബറുദീനിലൂടെയായിരുന്നു. യുഎൻ രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിനു ശേഷമായിരുന്നു ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സെയിദ് അക്‌ബറുദീൻ നിലപാട് അറിയിച്ചത്. ഭരണഘടനയിലെ ആർട്ടിക്കിൾ 370യുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതിൽ പുറത്തുനിന്നുള്ള ഇടപെടൽ ആവശ്യമില്ല അദ്ദേഹം പറഞ്ഞു. ഇത് പരക്കെ അംഗീകരിക്കപ്പെട്ടു.

മനുഷ്യാവകാശം നിങ്ങൾ ഞങ്ങൾക്ക് പറഞ്ഞുതരേണ്ടതില്ല. ഞങ്ങൾ എങ്ങിനെ ജീവിക്കണമെന്ന് പറഞ്ഞുതന്ന് ഒരു രാജ്യാന്തര ഏജൻസിയും കഷ്ടപ്പെടേണ്ടതില്ല. ഞങ്ങളുടേത് ഒരു തുറന്ന ജനാധിപത്യ രാജ്യമാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കാര്യത്തിൽ പോലും വ്യത്യസ്ത അഭിപ്രായങ്ങൾ പരസ്യമായി ഇന്ത്യയിൽ പലരും പറയുന്നു. കശ്മീരിൽ നിയന്ത്രണങ്ങളുണ്ട്. അത് സാഹചര്യത്തിന്റെ അനിവാര്യതയാണ്. നിങ്ങൾ ചരിത്രം പറയാൻ തുടങ്ങിയാൽ എനിക്കും ഒരുപാട് ചരിത്രം പറയാനുണ്ട്-ഇങ്ങനെ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടികളാണ് ഇന്ത്യൻ പ്രതിനിധി ഇന്നലെ നൽകിയത്. യു.എന്നിലെ ഇന്ത്യയുടെ പ്രതിനിധി സയ്ദ് അക്‌ബറുദീന്റെ വാർത്താ സമ്മേളനം അങ്ങനെ ആഗോള മാധ്യമങ്ങൾ പോലും ആഘോഷിച്ചു.

പാക്കിസ്ഥാൻ മാധ്യമപ്രവർത്തകർക്ക് ചോദ്യം ചോദിക്കാൻ വീണ്ടും വീണ്ടും അവസരം നൽകി അക്‌ബറുദീൻ താരമായി. ചർച്ചകളോടുള്ള ഇന്ത്യൻ സമീപനത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കിടിലൻ ഇടപെടൽ. മൂന്ന് പാക്കിസ്ഥാൻ മാധ്യമ പ്രവർത്തകരുണ്ടെന്നും അവർക്ക് മതിയായ അവസരം നൽകിയെന്നും പറഞ്ഞിട്ടും കുഴയ്ക്കാനുള്ള ചോദ്യവുമായി അവർ എത്തി. എപ്പോഴാണ് നിങ്ങൾ പാക്കിസ്ഥാനുമായി ചർച്ച തുടങ്ങുന്നതെന്നായിരുന്നു ചോദ്യം. ചർച്ചയ്ക്ക് ഇന്ത്യയാണ് വിഘാതമെന്ന സന്ദേശം നൽകാനായിരുന്നു ഈ ചോദ്യം. എന്നാൽ മറുപടി പറയുന്നിടത്തു നിന്ന് പാക്കിസ്ഥാൻ മാധ്യമ പ്രവർത്തകർക്ക് അടുത്തെത്തി കൈകൊടുത്തു. മൂന്ന് പേർക്കും നൽകി. അതിന് ശേഷം ചർച്ചയ്ക്കുള്ള സന്നദ്ധത ഞങ്ങൾ അറിയിച്ചു കഴിഞ്ഞുവെന്നും ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടതെന്നുമായിരുന്നു കിടിലൻ മറുപടി. സൗഹൃദത്തിന്റെ കൈ നീട്ടി കഴിഞ്ഞു. സിംല കരാറിൽ ഞങ്ങൾ ഉറച്ചു നിൽക്കുന്നു. ഇനി തീരുമാനം എടുക്കേണ്ടത് പാക്കിസ്ഥാനാണ് ഇതായിരുന്നു ഇന്ത്യൻ പ്രതിനിധിയുടെ ഉറച്ച മറുപടി.

പാക് മാധ്യമപ്രവർത്തകർക്ക് പോലും കൈയടിക്കേണ്ട അവസ്ഥ. നേരത്തെ തന്നെ തീവ്രവാദത്തെ തള്ളി പറയുകയും തീവ്രവാദം അവസാനിപ്പിക്കുകയും ചെയ്താൽ ചർച്ചയാകാമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇത് ചർച്ചയാകുന്ന തരത്തിലാണ് പരോക്ഷമായി സെയിദ് അക്‌ബറുദീൻ ഇടപെടൽ നടത്തിയത്. കശ്മീരിലെ സാഹചര്യത്തിൽ അനാവശ്യമായി പരിഭ്രമമുണ്ടാക്കുന്ന ചിലരുണ്ട്. ഇതു യാഥാർഥ്യത്തിൽനിന്ന് ഏറെ വിദൂരമാണ്. ഭീകരത അവസാനിപ്പിക്കൂ, സംസാരിക്കാം. കശ്മീരിലെ നിയന്ത്രണങ്ങളെല്ലാം പടിപടിയായി നീക്കാൻ ഇന്ത്യ തയാറാണ്. കശ്മീരിന്റെ സമാധാനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയത്തിൽ ഒപ്പുവച്ചിട്ടുള്ള എല്ലാ കരാറുകളും അംഗീകരിക്കാൻ ഞങ്ങൾ തയാറാണ്. എന്നാൽ ഒരു രാജ്യം ഇന്ത്യയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നു അദ്ദേഹം വ്യക്തമാക്കി.

അക്‌ബർ എവിടെയുണ്ടോ അവിടെ ആൾക്കൂട്ടമുണ്ടാകും

ദി ഹിന്ദുവിന്റെ മുൻ അസോസിയേറ്റ് എഡിറ്റർ എം.സോമശേഖർ മെയ് ഒന്നിന് 'ദി സിയാസത്ത് ഡെയ്‌ലിക്ക് 'നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെ: കോളേജിൽ പഠിക്കുമ്പോൾ അക്‌ബർ എവിടെയുണ്ടാലും അവന് ചുറ്റും ആളുകൂടും. അത് ആണായാലും, പെണ്ണായാലും,. നൈസാം കോളേജിൽ ബിഎയ്ക്ക് പഠിക്കുമ്പോൾ ക്വിസ് മത്സരങ്ങളിലും, രാഷ്ട്രീയത്തിലും സജീവമായിരുന്നു അക്‌ബർ. ഒരുഅപൂർവ ഓൾ റൗണ്ടർ എന്നൊക്കെ പറയാം.

1978-79 കാലത്ത് കടുത്ത മത്സരത്തെ അതിജീവിച്ച് ജോയിന്റ് സെക്രട്ടറിയായി അക്‌ബർ. പിന്നീട് ഹൈദരാബാദ് സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് പഠനം. ഉസ്മാനിയ സർവകലാശാല ജേണലിസം വകുപ്പ് മേധാവിയും ഖത്തറിലെ അംബാസഡറുമായിരുന്ന പ്രൊഫ.സ്.ബഷീറുദ്ദീനാ്ണ് അക്‌ബറിന്റെ പിതാവ്. അമ്മ സെബ ഒരു മികച്ച അദ്ധ്യാപികയും. പുട്ടപർത്തിയിലെ സത്യസായിബാബയുടെ ഭക്തരായിരുന്നു കുടുംബം. ഐഎഎസ് പരീക്ഷയ്ക്ക് പഠിക്കുന്ന് സമയത്ത് സമകാലിക വിഷയങ്ങൾ മനപാഠമായിരുന്നു അക്‌ബറിന്. 1982-83 ൽ അകബർ ഓസ്‌ട്രേലിയയിലേക്ക് പോയി. ഇടയ്ക്ക് നാട്ടിലെത്തുമ്പോൾ തനിക്ക് സമ്മാനങ്ങൾ കൊണ്ടുവരുമായിരുന്നുവെന്ന് ഓർക്കുന്നു സോമശേഖർ. ഫോർഡ് ഫൗണ്ടേഷന്റെ സ്‌കോളർഷിപ്പിൽ കാൻബറയിൽ മാസ്റ്റേഴ്‌സ് എടുക്കാനാണ് അക്‌ബർ ഓസ്‌ട്രേലിയയ്ക്ക് പോയത്. 1985 ൽ സിവിൽ സർവീസ് നേടി. സർവകലാശാലയിലെ കൂട്ടുകാരിയായിരുന്ന പത്മയെ ജീവിത സഖിയാക്കി. ലളിതമായ വിവാഹവും.

നയതന്ത്ര ജീവിതം

ഒരുനയതന്ത്രപ്രതിനിധി എന്ന നിലയിൽ ലോകം മുഴുവൻ സഞ്ചരിച്ചു സയിദ് അക്‌ബറുദ്ദീൻ. പശ്ചിമേഷ്യയായിരുന്നു സ്‌പെഷ്യലൈസേഷൻ. അറബി നന്നായി വഴങ്ങുന്നതുകൊണ്ട് തന്നെ ഈജിപ്റ്റ്, സൗദി എന്നീ രാജ്യങ്ങളിലെ ജോലി എളുപ്പമായി. ഗൾഫ് യുദ്ധത്തിന്റെ കാലത്ത് ജിദ്ദയിലായിരുന്നു അക്‌ബർ. സദ്ദാമിന്റെ ചില മിസൈലുകൾ ജിദ്ദയിൽ പതിച്ച സമയം.

വളരെ വേഗം പ്രശസ്തനായി അക്‌ബർ നയതന്ത്രവൃത്തങ്ങളിൽ. പൊഖ്രാൻ ആണവ സ്‌ഫോടനത്തിന് ശേഷം ഇന്തോ-യുഎസ് ആണവ കരാർ വരെയുള്ള അന്താരാഷ്ട്ര ആണവോർജ്്ജ ഏജൻസിയിലെ കാലവും സംഭവബഹുലമായിരുന്നു. പിന്നീട് വീണ്ടും സൗദിയിൽ മുതിർന്ന ഉദ്യോഗസ്ഥന്റെ റോളിൽ. 2012-15 കാലത്ത് വിദേശ മന്ത്രാലയ വക്താവായി തിളങ്ങി. കടുപ്പമുള്ള ചോദ്യങ്ങൾ വരുമ്പോൾ വളരെ നയപരമായി മറുപടി പറയാനുള്ള മിടുക്ക്, അതാണ് അക്‌ബറിനെ വേറിട്ടുനിർത്തുന്നതെന്ന് പറയുന്നു എസ്.സോമശേഖർ.

2014 ൽ വിദേശകര്യ മന്ത്രാലയത്തിലെ ഗംഭീരമായ റോളും, സോഷ്യൽ മീഡിയയിലെ സജീവ പങ്കാളിത്തവും, പ്രസന്നമായ സ്വഭാവവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധ ആകർഷിച്ചു. ഞാൻ നിങ്ങളുടെ ട്വീറ്റുകൾ ഫോളോ ചെയ്യുന്നുവെന്ന് മോദി അക്‌ബറിനോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഡൽഹിയിൽ നടന്ന മെഗാ ആഫ്രിക്ക ഉച്ചകോടിയും അന്നത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് നൽകിയ പിന്തുണയും ഒക്ക സയിദ് അക്‌ബറുദ്ദീനെ ഭരണത്തിന്റെ അമരക്കാർക്ക് പ്രിയങ്കരനാക്കി.

2015 അവസാനത്തോടെ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും അംബാസഡറും എന്ന പദവി തേടിയെത്തി. കൊടും കുറ്റവാളി മസൂദ് അസറിനെ കരിമ്പട്ടികയിൽ പെടുത്തിയതും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സർക്കാരിന്റെ തീരുമാനത്തെ ശക്തമായി പ്രതിരോധിച്ചതും അക്‌ബറിന്റെ കരിയറിലെ തിളങ്ങുന്ന അദ്ധ്യായങ്ങളായി. ചൈന എതിർപ്പ് പിൻവലിച്ചതിനെ തുടർന്നാണ് മസൂദിന്റെ പേര് ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയത്. മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താനായത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്. പുൽവാമ ഉൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ മസൂദ് അസ്ഹർ സ്ഥാപിച്ച ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ട്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതിൽ ഇന്ത്യ വിജയിച്ചതാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ കാരണമായത്. ഇന്ത്യയുടെ വാദങ്ങൾ ഐക്യരാഷ്ട്ര സഭയിൽ ഉയർത്തിക്കാട്ടാൻ സെയ്ദിന് കഴിഞ്ഞതാണ് ഇതിനെല്ലാം കാരണം.

370-ാം അനുച്ഛേദം റദ്ദാക്കിയത് ആഭ്യന്തര വിഷയമാണെന്നായിരുന്നു രക്ഷാ സമിതിയിൽ ഇന്ത്യ വ്യക്തമാക്കിയത്. പാക്കിസ്ഥാൻ ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു.കശ്മീർ വിഷയം ചർച്ച ചെയ്യണമെന്ന രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയുടെ ആവശ്യം പരിഗണിച്ചായിരുന്നു ചർച്ച. കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആഭ്യന്തര വിഷയമാണെന്ന് യോഗത്തിൽ ഇന്ത്യ വ്യക്തമാക്കി. പുറത്തു നിന്നുള്ള ശക്തികൾ വിഷയത്തിൽ ഇടപെടേണ്ടതില്ല. പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിച്ചാൽ ചർച്ചക്ക് തയ്യാറാണെന്നും സയ്യിദ്ദ് അക്‌ബറുദ്ദീൻ വ്യക്തമാക്കി.

ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിൽ തെരഞ്ഞെടുപ്പിലെ ഇന്ത്യയുടെ വിജയം യുഎന്നിലെ ഇന്ത്യൻ സ്ഥാനപതി സയ്യിദ് അക്‌ബറുദീന്റെ ഇടപെടലിന്റെ കരുത്തിലായിരുന്നു. യുഎൻ മനുഷ്യാവകാശ സമിതിയിലേക്ക് ഏഷ്യാ-പസഫിക് വിഭാഗത്തിൽ 188 വോട്ടുകളോടെ ഇന്ത്യയെ തിരഞ്ഞെടുത്തിരുന്നു,., ഏഷ്യ-പസഫിക്ക് കാറ്റഗറിയിൽ 182 വോട്ടുകൾ നേടിയാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് മുമ്പിൽ നിന്ന വിദേശകാര്യ ഉദ്യോഗസ്ഥനും സയ്യിദ് അക്‌ബറുദീൻ ആയിരുന്നു. അന്ന് നാനൂറിന് അടുത്ത് മലയാളികൾക്കാണ് ഓപ്പറേഷന്റെ പ്രയോജനം കിട്ടിയത്. വിദേശകാര്യ മന്ത്രാലയത്തിൽ സെക്രട്ടറിയായ ടി.എസ്.തിരുമൂർത്തിയാണ് അക്‌ബറുദ്ദീന്റെ യുഎന്നിലെ പിൻഗാമി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP