Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനുഷ്യാവകാശം നിങ്ങൾ പറഞ്ഞുതരേണ്ടതില്ല; കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കാര്യത്തിൽ പോലും വ്യത്യസ്ത അഭിപ്രായങ്ങൾ പരസ്യമായി ഇന്ത്യയിൽ പലരും പറയുന്നു; കശ്മീരിലെ നിയന്ത്രണങ്ങൾ സാഹചര്യത്തിന്റെ അനിവാര്യത; ചരിത്രം പറയാൻ തുടങ്ങിയാൽ എനിക്കും ഒരുപാട് ചരിത്രം പറയാനുണ്ട്: പാക് മാധ്യമങ്ങളെ മൂലയ്ക്കാക്കി ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി; ഒടുവിൽ ഹസ്തദാനവും; യുഎന്നിൽ പാക്കിസ്ഥാൻ തിരിച്ചടിക്ക് ചുക്കാൻ പിടിച്ചത് സെയിദ് അക്‌ബറുദീൻ; ജനീവയിൽ ഇന്ത്യ തല ഉയർത്തിപിടിക്കുമ്പോൾ

മനുഷ്യാവകാശം നിങ്ങൾ പറഞ്ഞുതരേണ്ടതില്ല; കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കാര്യത്തിൽ പോലും വ്യത്യസ്ത അഭിപ്രായങ്ങൾ പരസ്യമായി ഇന്ത്യയിൽ പലരും പറയുന്നു; കശ്മീരിലെ നിയന്ത്രണങ്ങൾ സാഹചര്യത്തിന്റെ അനിവാര്യത;  ചരിത്രം പറയാൻ തുടങ്ങിയാൽ എനിക്കും ഒരുപാട് ചരിത്രം പറയാനുണ്ട്: പാക് മാധ്യമങ്ങളെ മൂലയ്ക്കാക്കി ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി; ഒടുവിൽ ഹസ്തദാനവും; യുഎന്നിൽ പാക്കിസ്ഥാൻ തിരിച്ചടിക്ക് ചുക്കാൻ പിടിച്ചത് സെയിദ് അക്‌ബറുദീൻ; ജനീവയിൽ ഇന്ത്യ തല ഉയർത്തിപിടിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ജനീവ: ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഇന്നലെ ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സെയിദ് അക്‌ബറുദീൻ ആയിരുന്നു താരം. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ നീക്കങ്ങൾക്കു മറുപടിയുമായി ഇന്ത്യ നിറഞ്ഞത് അക്‌ബറുദീനിലൂടെയായിരുന്നു. യുഎൻ രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിനു ശേഷമായിരുന്നു ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സെയിദ് അക്‌ബറുദീൻ നിലപാട് അറിയിച്ചത്. ഭരണഘടനയിലെ ആർട്ടിക്കിൾ 370യുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതിൽ പുറത്തുനിന്നുള്ള ഇടപെടൽ ആവശ്യമില്ല അദ്ദേഹം പറഞ്ഞു. ഇത് പരക്കെ അംഗീകരിക്കപ്പെട്ടു.

' മനുഷ്യാവകാശം നിങ്ങൾ ഞങ്ങൾക്ക് പറഞ്ഞുതരേണ്ടതില്ല. ഞങ്ങൾ എങ്ങിനെ ജീവിക്കണമെന്ന് പറഞ്ഞുതന്ന് ഒരു രാജ്യാന്തര ഏജൻസിയും കഷ്ടപ്പെടേണ്ടതില്ല. ഞങ്ങളുടേത് ഒരു തുറന്ന ജനാധിപത്യ രാജ്യമാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കാര്യത്തിൽ പോലും വ്യത്യസ്ത അഭിപ്രായങ്ങൾ പരസ്യമായി ഇന്ത്യയിൽ പലരും പറയുന്നു. കശ്മീരിൽ നിയന്ത്രങ്ങളുണ്ട്. അത് സാഹചര്യത്തിന്റെ അനിവാര്യതയാണ്. നിങ്ങൾ ചരിത്രം പറയാൻ തുടങ്ങിയാൽ എനിക്കും ഒരുപാട് ചരിത്രം പറയാനുണ്ട്-ഇങ്ങനെ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടികളാണ് ഇന്ത്യൻ പ്രതിനിധി ഇന്നലെ നൽകിയത്. യു.എന്നിലെ ഇന്ത്യയുടെ പ്രതിനിധി സയ്ദ് അക്‌ബറുദീന്റെ വാർത്താ സമ്മേളനം അങ്ങനെ ആഗോള മാധ്യമങ്ങൾ പോലും ആഘോഷിച്ചു.

പാക്കിസ്ഥാൻ മാധ്യമപ്രവർത്തകർക്ക് ചോദ്യം ചോദിക്കാൻ വീണ്ടും വീണ്ടും അവസരം നൽകി അക്‌ബറുദീൻ താരമായി. ചർച്ചകളോടുള്ള ഇന്ത്യൻ സമീപനത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കിടിലൻ ഇടപെടൽ. മൂന്ന് പാക്കിസ്ഥാൻ മാധ്യമ പ്രവർത്തകരുണ്ടെന്നും അവർക്ക് മതിയായ അവസരം നൽകിയെന്നും പറഞ്ഞിട്ടും കുഴക്കാനുള്ള ചോദ്യവുമായി അവർ എത്തി. എപ്പോഴാണ് നിങ്ങൾ പാക്കിസ്ഥാനുമായി ചർച്ച തുടങ്ങുന്നതെന്നായിരുന്നു ചോദ്യം. ചർച്ചയ്ക്ക് ഇന്ത്യയാണ് വിഘാതമെന്ന സന്ദേശം നൽകാനായിരുന്നു ഈ ചോദ്യം. എന്നാൽ മറുപടി പറയുന്നിടത്തു നിന്ന് പാക്കിസ്ഥാൻ മാധ്യമ പ്രവർത്തകർക്ക് അടുത്തെത്തി കൈകൊടുത്തു. മൂന്ന് പേർക്കും നൽകി. അതിന് ശേഷം ചർച്ചയ്ക്കുള്ള സന്നദ്ധത ഞങ്ങൾ അറിയിച്ചു കഴിഞ്ഞുവെന്നും ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടതെന്നുമായിരുന്നു കിടിലൻ മറുപടി. സൗഹൃദത്തിന്റെ കൈ നീട്ടി കഴിഞ്ഞു. സിംല കരാറിൽ ഞങ്ങൾ ഉറച്ചു നിൽക്കുന്നു. ഇനി തീരുമാനം എടുക്കേണ്ടത് പാക്കിസ്ഥാനാണ് ഇതായിരുന്നു ഇന്ത്യൻ പ്രതിനിധിയുടെ ഉറച്ച മറുപടി.

പാക് മാധ്യമപ്രവർത്തകർക്ക് പോലും കൈയടിക്കേണ്ട അവസ്ഥ. നേരത്തെ തന്നെ തീവ്രവാദത്തെ തള്ളി പറയുകയും തീവ്രവാദം അവസാനിപ്പിക്കുകയും ചെയ്താൽ ചർച്ചയാകാമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇത് ചർച്ചയാകുന്ന തരത്തിലാണ് പരോക്ഷമായി സെയിദ് അക്‌ബറുദീൻ ഇടപെടൽ നടത്തിയത്. കശ്മീരിലെ സാഹചര്യത്തിൽ അനാവശ്യമായി പരിഭ്രമമുണ്ടാക്കുന്ന ചിലരുണ്ട്. ഇതു യാഥാർഥ്യത്തിൽനിന്ന് ഏറെ വിദൂരമാണ്. ഭീകരത അവസാനിപ്പിക്കൂ, സംസാരിക്കാം. കശ്മീരിലെ നിയന്ത്രണങ്ങളെല്ലാം പടിപടിയായി നീക്കാൻ ഇന്ത്യ തയാറാണ്. കശ്മീരിന്റെ സമാധാനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയത്തിൽ ഒപ്പുവച്ചിട്ടുള്ള എല്ലാ കരാറുകളും അംഗീകരിക്കാൻ ഞങ്ങൾ തയാറാണ്. എന്നാൽ ഒരു രാജ്യം ഇന്ത്യയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നു അദ്ദേഹം വ്യക്തമാക്കി.

നമ്മളെല്ലാവരും നേരിടുന്ന പ്രശ്‌നത്തിനു പരിഹാരം ഹിംസയല്ലെന്നും ഇന്ത്യൻ പ്രതിനിധി അഭിപ്രായപ്പെട്ടു. അതേസമയം വെള്ളിയാഴ്ചത്തെ യുഎൻ രക്ഷാസമിതിയുടെ യോഗത്തിൽ കശ്മീരിലെ ജനങ്ങളുടെ ശബ്ദം ഉയർന്നുകേട്ടതായി പാക്കിസ്ഥാന്റെ യുഎൻ പ്രതിനിധി മലീഹ ലോധി അവകാശപ്പെട്ടു. കശ്മീർ വിഷയത്തിൽ പിന്തുണ ആവശ്യപ്പെട്ട് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തിയിരുന്നു. രക്ഷാസമിതിയിൽ ചൈന മാത്രമാണു നിലവിൽ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നത്. ഇത് പാക്കിസ്ഥാന് വലിയ തിരിച്ചടിയുമാണ്. അതുകൊണ്ട് തന്നെ കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് ഐക്യരാഷ്ട്ര സഭയുടെ പിന്തുണ കിട്ടില്ലെന്ന് ഉറപ്പാണ്.

ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിൽ തെരഞ്ഞെടുപ്പിലെ ഇന്ത്യയുടെ വിജയം യുഎന്നിലെ ഇന്ത്യൻ സ്ഥാനപതി സയ്യിദ് അക്‌ബറുദീന്റെ ഇടപെടലിന്റെ കരുത്തിലായിരുന്നു. യുഎൻ മനുഷ്യാവകാശ സമിതിയിലേക്ക് ഏഷ്യാ-പസഫിക് വിഭാഗത്തിൽ 188 വോട്ടുകളോടെ ഇന്ത്യയെ തിരഞ്ഞെടുത്തിരുന്നു,., ഏഷ്യ-പസഫിക്ക് കാറ്റഗറിയിൽ 182 വോട്ടുകൾ നേടിയാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. ഇതിന് വേണ്ട ഇടപെടൽ നടത്തിയതും അക്‌ബറുദ്ദീനായിരുന്നു. നേരത്തെ കേന്ദ്ര വിദേശകാര്യ വക്തവായിരുന്നു അദ്ദേഹം. ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് മുമ്പിൽ നിന്ന വിദേശകാര്യ ഉദ്യോഗസ്ഥനും സയ്യിദ് അക്‌ബറുദീൻ ആയിരുന്നു. അന്ന് നാനൂറിന് അടുത്ത് മലയാളികൾക്കാണ് ഓപ്പറേഷന്റെ പ്രയോജനം കിട്ടിയത്.

ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ യുഎൻ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചതും സയിദ് അക്‌ബറുദീൻ നടത്തിയ ഇടപെടലുകളുടെ ഫലമായിരുന്നു. ചൈന എതിർപ്പ് പിൻവലിച്ചതിനെ തുടർന്നാണ് മസൂദിന്റെ പേര് ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയത്. മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താനായത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്. പുൽവാമ ഉൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ മസൂദ് അസ്ഹർ സ്ഥാപിച്ച ജെയ്ഷെ മുഹമ്മദിന് പങ്കുണ്ട്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതിൽ ഇന്ത്യ വിജയിച്ചതാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ കാരണമായത്. ഇന്ത്യയുടെ വാദങ്ങൾ ഐക്യരാഷ്ട്ര സഭയിൽ ഉയർത്തിക്കാട്ടാൻ സെയ്ദിന് കഴിയുന്നതാണ് ഇതിനെല്ലാം കാരണം.

പലതവണ ഇന്ത്യയും അമേരിക്കയും ബ്രിട്ടണും ഉൾപ്പെടെ രക്ഷാസമിതിയിൽ മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടുവന്നെങ്കിലും ചൈന അത് വീറ്റോ അധികാരം ഉപയോഗിച്ച് തടയുകയായിരുന്നു. 0 വർഷത്തിനിടെ നാലുതവണ മസൂദ് അസറിനെ ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ കൊണ്ടുവന്ന പ്രമേയങ്ങൾ ചൈന വീറ്റോ ഉപയോഗിച്ച് തടഞ്ഞിരുന്നു. ചൈന മാത്രമാണ് ഇന്ത്യയുടെ നീക്കങ്ങളെ എതിർത്തിരുന്നത്. എന്നാൽ സെയ്ദ് അക്‌ബറുദീന്റെ നീക്കത്തിലൂടെ ചൈനയ്ക്ക് പോലും ഇന്ത്യയെ അംഗീകരിക്കേണ്ടി വന്നു.

ഇന്നലെ കാശ്മീർ വിഷയം ചർച്ച ചെയ്ത യുഎൻ രക്ഷാസമിതിയിൽ പാക്കിസ്ഥാൻ ഒറ്റപ്പെട്ടു. ചൈന മാത്രമാണ് പാക്കിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. റഷ്യയുടെയും ഫ്രാൻസിന്റെയും ബ്രിട്ടന്റേയും പിന്തുണ ഇന്ത്യക്കാണ് ലഭിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി വെള്ളിയാഴ്ച പ്രത്യേക യോഗം ചേർന്നത്. അഞ്ച് സ്ഥിര അംഗങ്ങളും പത്ത് സ്ഥിരമല്ലാത്ത അംഗങ്ങളുമാണ് യോഗത്തിൽ പങ്കെടുത്തത്. ഇന്ത്യയും പാക്കിസ്ഥാനും യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

370-ാം അനുഛേദം റദ്ദാക്കിയത് ആഭ്യന്തര വിഷയമാണെന്നായിരുന്നു രക്ഷാ സമിതിയിൽ ഇന്ത്യ വ്യക്തമാക്കിയത്. പാക്കിസ്ഥാൻ ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു. അതേ സമയം കശ്മീരിൽ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ചൈന അഭിപ്രായപ്പെട്ടു. മേഖലയിൽ സമാധാനം നിലനിർത്താൻ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്ന് ചൈന വ്യക്തമാക്കി. അതേസമയം കശ്മീർ വിഷയത്തിൽ ബാഹ്യ ഇടപെടൽ വേണ്ടെന്ന് യുഎൻ രക്ഷാസമിതി പ്രതിനിധി വ്യക്തമാക്കി.

കശ്മീർ വിഷയം ചർച്ച ചെയ്യണമെന്ന രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയുടെ ആവശ്യം പരിഗണിച്ചായിരുന്നു ചർച്ച. കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആഭ്യന്തര വിഷയമാണെന്ന് യോഗത്തിൽ ഇന്ത്യ വ്യക്തമാക്കി. പുറത്തു നിന്നുള്ള ശക്തികൾ വിഷയത്തിൽ ഇടപെടേണ്ടതില്ല. പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിച്ചാൽ ചർച്ചക്ക് തയ്യാറാണെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി സയ്യിദ്ദ് അക്‌ബറുദ്ദീൻ വ്യക്തമാക്കി.

കശ്മീർ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു യുഎൻ രക്ഷാസമിതിയിലെ സ്ഥിരാഗംങ്ങളായ റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങളുടെ നിലപാട്. എന്നാൽ പാക്കിസ്ഥാനെ പിന്തുണക്കുന്നതായിരുന്നു ചൈനയുടെ നിലപാട്. കശ്മീരിലെ സാഹചര്യം അപകടകരമാണ്. വിഷയം പാക്കിസ്ഥാനുമായി ഇന്ത്യ ചർച്ച ചെയ്യേണ്ടിയിരുന്നെന്നും ചൈന അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര രക്ഷാസമിതി തർക്ക പ്രദേശമായി പ്രഖ്യാപിച്ച കശ്മീരിൽ ഇന്ത്യക്ക് ഏകപക്ഷീയ നിലപാട് എടുക്കാനാവില്ലെന്നായിരുന്നു ചൈനയുടെ അഭിപ്രായം.

അതേസമയം യോഗത്തിന് മുൻപ് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഫോണിൽ വിളിച്ചു പിന്തുണ ആവശ്യപ്പെട്ടു. പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ഇക്കാര്യം സ്ഥിരീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഉൾപ്പെടെ രക്ഷാസമിതിയിലെ നാലു രാഷ്ട്രങ്ങളുടെ തലവന്മാരെ ബന്ധപ്പെടാൻ ശ്രമിച്ചതായും ഖുറേഷി പറഞ്ഞു. ഈ മാസം അഞ്ചിനാണ് കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം ഇന്ത്യ റദ്ദാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP