Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആണവ വിതരണ കൂട്ടായ്മയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിനു പിന്തുണയുമായി സ്വിറ്റ്‌സർലൻഡ്; കള്ളപ്പണ-നികുതി വെട്ടിപ്പു തടയാൻ ഇരുരാജ്യങ്ങളും മുൻഗണന നൽകുമെന്നു മോദി

ആണവ വിതരണ കൂട്ടായ്മയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിനു പിന്തുണയുമായി സ്വിറ്റ്‌സർലൻഡ്; കള്ളപ്പണ-നികുതി വെട്ടിപ്പു തടയാൻ ഇരുരാജ്യങ്ങളും മുൻഗണന നൽകുമെന്നു മോദി

ജനീവ: ആണവ വിതരണ കൂട്ടായ്മയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിനു സ്വിറ്റ്‌സർലൻഡിന്റെ പിന്തുണ. അഞ്ചു രാഷ്ട്രങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി സ്വിറ്റ്‌സർലൻഡിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വിസ് പ്രസിഡന്റ് ജൊഹാൻ ഷ്‌നീഡെർ അമ്മാനാണ് ഇക്കാര്യത്തിൽ ഉറപ്പുനൽകിയത്.

ഇന്ത്യാക്കാരുടെ കള്ളപ്പണ നിക്ഷേപവും നികുതി വെട്ടിപ്പും ഇന്ത്യയും സ്വിറ്റ്‌സർലണ്ടും ഒരു പോലെ മുൻഗണന നൽകുന്ന കാര്യങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്മാനുമായുള്ള ചർച്ചയ്ക്കുശേഷം വ്യക്തമാക്കി. നികുതി വെട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ എത്രയും വേഗത്തിൽ കൈമാറുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തിയെന്നും മോദി പറഞ്ഞു.

പരസ്പരം ആവശ്യപ്പെടാതെ തന്നെ നികുതി വെട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിനാണ് ഇരു രാജ്യങ്ങളും മുൻഗണന നൽകുന്നത്. ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളും ഇതിനോടകം തന്നെ കൂടുതൽ ദൂരം മുന്നോട്ട് പോയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള സ്ഥാപനങ്ങളുടെ നവീകരണത്തിനും ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. സമാധാനത്തിന്റേയും മാനുഷിക മൂല്യങ്ങളുടേയും പാതയിൽ മുന്നോട്ട് പോവാനാണ് ആഗ്രഹം. കഴിഞ്ഞ ഏഴ് ദശാബ്ദത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സുഹൃദ്ബന്ധം വളർന്നു കൊണ്ടിരിക്കുകയാണ്- മോദി പറഞ്ഞു.

സാമ്പത്തിക സഹകരണം കൂടുതൽ വിപുലമാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും മോദിപറഞ്ഞു. യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷനുമായി സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾക്ക് ഇന്ത്യ ഒരുക്കമാണെന്നും മോദി ആവർത്തിച്ചു. ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ചും വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ചും തർക്കമുണ്ടായതിനെ തടുർന്ന് യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷനുമായുള്ള ഇന്ത്യയുടെ ചർച്ചകൾ നിലച്ചിരുന്നു. സ്വിറ്റ്‌സർലണ്ടിനെ കൂടാത ഐസ്ലാൻഡ്, നോർവേ, ലിച്ചെൻസ്റ്റെയിൻ എന്നീ രാജ്യങ്ങളാണ് യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷനിലുള്ളത്. 2008ലായിരുന്നു ചർച്ചകൾ ആരംഭിച്ചത്.

സ്വിറ്റ്‌സർലണ്ട് സാമ്പത്തിക വ്യവസ്ഥയുടെ ശക്തി എന്താണെന്ന് അറിയാമെന്ന് പറഞ്ഞ മോദി, ഇന്ത്യൻ സമ്പദ്വ്യവസ്ഥ ആഴത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. ആഗോള തലത്തിൽ തന്നെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ ഇന്ത്യൻ സമ്പദ്വ്യസ്ഥ സുസ്ഥിര വികസനത്തിന്റെ കേന്ദ്രമാവണം. കാർഷിക, നിർമ്മാണ, സേവന മേഖലകളിൽ ഇന്ത്യ ഇനിയും മുന്നേറുമെന്നും മോദി പറഞ്ഞു.

സന്ദർശനത്തിനായി മോദി ഇന്ന് യുഎസിലേക്ക് തിരിക്കും. അധികാരത്തിൽ വന്നശേഷം മോദിയുടെ നാലാമത്തെ യുഎസ് സന്ദർശനമാണിത്. സുരക്ഷ, പ്രതിരോധ രംഗത്തെ സഹകരണം, സാമ്പത്തിക വളർച്ചയിലെ മുൻഗണനകൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാമാണ് ചർച്ച ചെയ്യുക. എട്ടിനു യുഎസ് കോൺഗ്രസിന്റെ സംയുക്തയോഗത്തിൽ മോദി പ്രസംഗിക്കും. യുഎസ് കോൺഗ്രസിന്റെ സംയുക്തയോഗത്തിൽ പ്രസംഗിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കും മോദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP