Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

ഭീകരാക്രമണം ഉണ്ടായ ഉടൻ പാക്കിസ്ഥാൻ സന്ദർശനം റദ്ദ് ചെയ്ത് ഇന്ത്യയിൽ മാത്രം എത്താൻ ഇന്ത്യ വച്ച നിർദ്ദേശം സൗദി നിരസിച്ചതോടെ ബൾഗേറിയക്കു പോയ സുഷമയെ ഇറാനിൽ ഇറക്കി തിരിച്ചടിച്ച് മോദി; സുഷമയുടെ ഇറാൻ സന്ദർശനത്തിൽ പ്രകോപിതനായി പാക്കിസ്ഥാൻ ഏറ്റവും അടുത്ത രാജ്യമെന്ന് പ്രഖ്യാപിച്ച് എംബിഎസ്; പാക്കിസ്ഥാനെ കെട്ടിപ്പുണരുന്ന സൗദി രാജകുമാരൻ ഡൽഹിയിൽ എത്തുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാൻ കൗതുകത്തോടെ ലോകം

ഭീകരാക്രമണം ഉണ്ടായ ഉടൻ പാക്കിസ്ഥാൻ സന്ദർശനം റദ്ദ് ചെയ്ത് ഇന്ത്യയിൽ മാത്രം എത്താൻ ഇന്ത്യ വച്ച നിർദ്ദേശം സൗദി നിരസിച്ചതോടെ ബൾഗേറിയക്കു പോയ സുഷമയെ ഇറാനിൽ ഇറക്കി തിരിച്ചടിച്ച് മോദി; സുഷമയുടെ ഇറാൻ സന്ദർശനത്തിൽ പ്രകോപിതനായി പാക്കിസ്ഥാൻ ഏറ്റവും അടുത്ത രാജ്യമെന്ന് പ്രഖ്യാപിച്ച് എംബിഎസ്; പാക്കിസ്ഥാനെ കെട്ടിപ്പുണരുന്ന സൗദി രാജകുമാരൻ ഡൽഹിയിൽ എത്തുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാൻ കൗതുകത്തോടെ ലോകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ അപ്രതീക്ഷിത ഇറാൻ സന്ദർശനം സൗദിക്കുള്ള മുന്നറിയിപ്പോ? അങ്ങനെയൊരു വിലയിരുത്തലാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിൽ എത്തുന്നതിന് തൊട്ടുമുമ്പ് അന്താരാഷ്ട്ര തലത്തിൽ തന്നെ നയതന്ത്രജ്ഞർക്കിടെ ചർച്ചയാകുന്നത്.

പുൽവാമ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തിൽ അരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ച് സൗദി കിരീടാവകാശി എംബിഎസ് പാക്കിസ്ഥാൻ സന്ദർശിച്ചതിനുള്ള രോഷം പ്രകടിപ്പിക്കുകയായിരുന്നു ഇന്ത്യയെന്നാണ് വിലയിരുത്തൽ. മുൻകൂട്ടി തീരുമാനിച്ചല്ല സുഷമ സ്വരാജ് ഇറാനിൽ എത്തുന്നത് എന്നതിനാൽ തന്നെ ഇത്തരമൊരു വിലയിരുത്തലിന് വലിയ പ്രാമുഖ്യവും കൈവരികയാണ്.

വളരെ നിർണായകമായ ഒരു വേളയിലാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യ-പാക്-ചൈന സന്ദർശനം. നേരത്തെ തന്നെ തീരുമാനിച്ചതെങ്കിലും അതിനിടെ കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യയെ മാത്രമല്ല, ലോകത്തെ തന്നെ നടുക്കിക്കൊണ്ട് സമീപകാലത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ചാവേർ ആക്രമണം കശ്മീരിലെ പുൽവാമയിൽ നടന്നു.

ഇതോടെ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ യുദ്ധസമാന സാഹചര്യം സംജാതമായി. ഇന്ത്യയെ അനുകൂലിച്ചും ഭീകരരെ പാലൂട്ടി വളർത്തുന്ന പാക് നിലപാടിനെ എതിർത്തും ലോകരാഷ്ട്രങ്ങളെല്ലാം ഒരേ സ്വരത്തിലാണ് പ്രതികരിച്ചത്. പാക്കിസ്ഥാന്റെ കൂടെ നിൽക്കുമെന്ന് കരുതിയ ചൈനപോലും ആക്രമണത്തെ അപലപിച്ചു. എന്നാൽ മസൂദ് അസർ എന്ന ജെയ്‌ഷെ തലവനായ കൊടുംഭീകരനെ തള്ളിപ്പറയാൻ ചൈന തയ്യാറായില്ല.

ഈ സാഹചര്യത്തിൽ ഇന്ത്യ ഉറ്റുനോക്കിയ ഒരു കാര്യമാണ് ഇന്ത്യയുമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പാക്കിസ്ഥാനിലേക്ക് പോകുമോ എന്നത്. പാക് സഹായത്തോടെ പ്രവർത്തിക്കുന്ന ജയ്‌ഷെ മുഹമ്മദിന്റെ നേതൃത്വത്തിലാണ് 40 ഇന്ത്യൻ സൈനികരുടെ ജീവനെടുത്ത ആക്രമണം കാശ്മീരിൽ നടന്നത്. ഇതോടെ ഇത്തരമൊരു സാഹചര്യത്തിൽ സൗദി കിരീടാവകാശി പാക്കിസ്ഥാൻ സന്ദർശിക്കുന്നതും അവിടെ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ആതിഥ്യം സ്വീകരിക്കുന്നതുമെല്ലാം ഇന്ത്യക്ക് എതിർപ്പുള്ള കാര്യം തന്നെയായി മാറി. ഇന്ത്യയിൽ നടന്ന ആക്രമണത്തെ സൗദിയും അപലപിച്ചിരുന്നു. ഇതിന് പിന്നാലെ പാക് സന്ദർശനത്തിന് എംബിഎസ് പോകരുതെന്ന നിർദ്ദേശം ഇന്ത്യയുടെ ഭാഗത്തുനിന്നും ഉയർന്നു.

ഇതോടെ സൗദിയിൽ ആശയക്കുഴപ്പമായി. ഈയൊരു സാഹചര്യത്തിൽ എംബിഎസ് പാക്കിസ്ഥാൻ സന്ദർശിക്കുന്നത് ഉചിതമല്ലെന്ന അഭിപ്രായവും ഉയർന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് പാക്കിസ്ഥാനുനേരെ ശക്തമായ സൈനിക നടപടി ഉണ്ടായേക്കുമെന്ന സൂചനകളും രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായി.

പ്രത്യേകിച്ചും ഉറിയിൽ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത്. പാക്കിസ്ഥാൻ അതിർത്തികടന്ന് ചെന്ന ഇന്ത്യൻ കമാൻഡോകൾ പാക് ഭീകരതാവളങ്ങൾ ഛിന്നഭിന്നമാക്കി. ഇത്തരത്തിൽ ഒരു ആക്രമണം ഉടൻ ഉണ്ടായേക്കുമെന്ന സാധ്യത ശക്തമായിരുന്നു. ഇതിനൊപ്പമായിരുന്നു പാക് സന്ദർശനം എംബിഎസ് ഇത്തരമൊരു സാഹചര്യത്തിൽ നടത്തരുതെന്ന ഇന്ത്യയുടെ അഭ്യർത്ഥനയും എത്തിയത്.

ഇന്ത്യയുടെ അഭ്യർത്ഥന നിരസിക്കാൻ ആവാത്തതിനാൽ തന്നെ എംബിഎസ് പാക് സന്ദർശനം ഒരു ദിവസം വെട്ടിച്ചുരുക്കിയെങ്കിലും ഇന്നലെ പാക്കിസ്ഥാനിൽ എത്തുകയായിരുന്നു. ഇത്തരത്തിൽ ഇന്ത്യയുടെ അഭ്യർത്ഥന മറികടന്നും എംബിഎസ് യാത്ര തിരിക്കും എന്ന് ഉറപ്പായതോടെ ഇന്ത്യയും അതേ നാണയത്തിൽ പ്രതികരിച്ചു. ഇന്ത്യയും പാക്കിസ്ഥാനും എങ്ങനെയാണോ ശത്രുതയിൽ കഴിയുന്നത് അതിലും ശത്രുതയിലാണ് സൗദിയും ഇറാനും. ഇരു രാഷ്ട്രങ്ങളുമായും ഇന്ത്യ സൗഹൃദം സൂക്ഷിക്കുന്നുമുണ്ട്. അതിനാൽ തന്നെ പാക്കിസ്ഥാൻ സന്ദർശിക്കാൻ എംബിഎസ് സ്വീകരിച്ചതിന് മറുപടിയെന്നോണം ഇന്ത്യൻ പ്രതിനിധിയായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇറാനിലേക്ക് പറന്നെത്തി.

ഇറാൻ സന്ദർശനം എംബിഎസിന് ശക്തമായ മറുപടി

ഇതൊരു വലിയ നയതന്ത്ര നീക്കമായിരുന്നു എന്നും സൗദി രാജകുമാരന് തക്ക മറുപടിയാണെന്നും വിലയിരുത്തൽ വരികയാണ് നയതന്ത്ര വൃത്തങ്ങളിൽ. ഒരേസമയം പാക്കിസ്ഥാനും സൗദിക്കും നല്ല മറുപടി നൽകുന്ന നീക്കമായി ഇത്. 'നിങ്ങൾ ഞങ്ങളുടെ ശത്രുവിനെ കാണാൻ പോയാൽ ഞങ്ങൾ നിങ്ങളുടെ ശത്രുവുമായും കൂടുതൽ അടുക്കും' എന്ന തരത്തിൽ എംബിഎസിന് ഉള്ള ഒരു ചുട്ടമറുപടിയായി ഇത്. ഒരേസമയം പാക്കിസ്ഥാനെതിരെ നീങ്ങാൻ ഇറാന്റെ പിന്തുണ ഉറപ്പാക്കാനും അതോടൊപ്പം തന്നെ നാളെ ഇന്ത്യയിൽ എത്തുന്ന എംബിഎസിന് ശക്തമായ സന്ദേശം നൽകാനും ഈ നയതന്ത്ര നീക്കത്തിലൂടെ ഇന്ത്യയ്ക്കായി.

മുൻകൂട്ടി ആസൂത്രണം ചെയ്യാതെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇന്നലെ ഇറാൻ സന്ദർശിക്കുന്നത്. പെട്ടെന്നുള്ള തീരുമാനമായിരുന്നു ഇതെന്ന് വ്യക്തം. നേരത്തെ പ്‌ളാൻ ചെയ്തതു പ്രകാരം സുഷമാ സ്വരാജിന് ബൾഗേറിയൻ സന്ദർശനമാണ് തീരുമാനിച്ചിരുന്നത്. എന്നാൽ യാത്രാമധ്യേ ഇറാനിൽ ഇറങ്ങുകയും അവിടത്തെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അർഗാച്ചിയുമായി ചർച്ച നടത്തുകയുമായിരുന്നു സുഷമ. മോദിയുടെ നിർദ്ദേശപ്രകാരമാണ് നേരത്തെ തീരുമാനിച്ച യാത്രയിൽ ഇത്തരമൊരു മാറ്റംവരുത്തി സുഷമ ഇറാനിൽ ഇറങ്ങിയത്. ടെഹ്‌റാനിൽ ഇറങ്ങിയതിന് മറ്റുഗുണങ്ങളും ഉണ്ടായി.

പാക്കിസ്ഥാനെതിരെ ശക്തമായി ഇറാൻ അപലപിക്കുകയും ഇനി ഇത്തരത്തിൽ ഭീകരന്മാരെ പ്രോത്സാഹിപ്പിച്ച് കളി തുടർന്നാൽ ആക്രമിക്കാൻ മടിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു അവർ. ഇന്ത്യയ്ക്ക് കശ്മീരിൽ എന്നപോലെ ബലൂച് മേഖലയിൽ ഭീകരവാദം വളർത്തി ഇറാനും നിരന്തരം തലവേദന സൃഷ്ടിക്കുന്നുണ്ട് പാക്കിസ്ഥാൻ. ഇവിടെ ജയ്‌ഷെ മുഹമ്മദാണ് പാക്കിസ്ഥാൻ വളർത്തുന്ന പാമ്പെങ്കിൽ അവിടെ ജയ്‌ഷെ ആദിൽ എന്ന ഭീകര സംഘടനയാണെന്നും മാത്രം.

ഇന്ത്യയിൽ വ്യാഴാഴ്ചയാണ് ഭീകരാക്രമണം നടന്ന് 40 ജവാന്മാർ വീരമൃത്യുവരിച്ചതെങ്കിൽ ഇറാൻ അതിർത്തിയിൽ ജയ്‌ഷെ ആദിൽ നടത്തിയ ആക്രമണത്തിൽ ബുധനാഴ്ച കൊല്ലപ്പെട്ടത് ഇറാൻ സേനാ വിഭാഗമായ ഐആർജിസിയുടെ 27 ഭടന്മാരാണ്. ഇത്തരത്തിൽ പാക്കിസ്ഥാൻ വളർത്തുന്ന ഭീകരതയുടെ എല്ലാ കെടുതികളും നേരിടുന്നതിൽ ഇന്ത്യയുടെ സ്ഥിതി തന്നെയാണ് ഇറാനും. അങ്ങനെയാണ് കഴിഞ്ഞദിവസം പാക്കിസ്ഥാനെ വിരട്ടി ഇറാന്റെ നീക്കവും ഉണ്ടായത്. റവല്യൂഷണറി ഗാർഡിന് ഉണ്ടായ നഷ്ടം വലുതാണെന്നും ഈ തീക്കളി പാക്കിസ്ഥാൻ അവസാനിപ്പിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും തുറന്നടിക്കുകയായിരുന്നു ഇറാൻ.

ഒരേസമയം പാക്കിസ്ഥാനും സൗദിക്കും ഇന്ത്യയുടെ താക്കീത്

സുഷമയുടെ സന്ദർശനം ഇങ്ങനെ ഒരു സന്ദർഭത്തിൽ ഇറാന് വലിയ ആശ്വാസവുമായി. സുഷമയെ സ്വാഗതം ചെയ്ത ഇറാൻ വിദേശകാര്യ സഹമന്ത്രി സയ്യീദ് അബ്ബാസ് അർഗാച്ചി ഇന്ത്യയും ഇറാനും തീവ്രവാദത്തിന്റെ ഇരകളാണെന്ന് ട്വിറ്ററിൽ കുറിച്ചു. പാക്കിസ്ഥാൻ വളർത്തുന്ന തീവ്രവാദികളെ തുടച്ചുനീക്കാൻ ഇരു രാജ്യങ്ങളും ചേർന്നു പ്രവർത്തിക്കുമെന്നും അർഗാച്ചി പ്രഖ്യാപിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊല്ല ഖൊമേനിയുടെ നിയന്ത്രണത്തിലുള്ള വിശിഷ്ട സേനാ വിഭാഗമായ റവല്യൂഷണറി ഗാർഡ് സഞ്ചരിച്ച വാഹന വ്യൂഹമാണ് പാക് തീവ്രവാദികളാൽ ആക്രമിക്കപ്പെട്ടത്. ഇത്തരത്തിൽ ഇറാനിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ സുഷമ സ്വരാജും ഇന്ത്യയും ഒരേസമയം ശക്തമായ താക്കീതാണ് പാക്കിസ്ഥാൻ-സൗദി സൗഹൃദത്തിന് നൽകിയത്.

സൗദിയുടെ ശത്രുരാജ്യമാണ് എക്കാലത്തും ഇറാൻ. ഇറാനിലെ ഷിയാ സമൂഹവും സൗദിയിലെ സുന്നി സമൂഹവും തമ്മിലുള്ള പോര് കാലങ്ങളായി നിലനിൽക്കുന്നു. അതിനാൽ തന്നെ സൗദി സ്‌പോൺസർ ചെയ്യുന്ന ഭീകരാക്രമണങ്ങൾ ഇറാനിൽ നിരന്തരം നടക്കാറുമുണ്ട്. ഇതേമട്ടിലാണ് സൗദിയും ഇറാനെ കുറ്റപ്പെടുത്തുന്നത്. ഇത്തരത്തിൽ സൗദിയുടെ നിതാന്ത ശത്രുവാണെങ്കിലും പാക്കിസ്ഥാനെതിരെ ശത്രുവിന്റെ ശത്രു മിത്രമെന്ന നിലയിൽ ഞങ്ങൾ നല്ല സൗഹൃദത്തിലാണ് എന്ന വ്യക്തമായ സന്ദേശം നൽകുകയാണ് ഇന്ത്യ ചെയ്തത്.

ഇന്ത്യയുടെ അഭ്യർത്ഥനയുടെ പേരിൽ ഒരു ദിവസത്തെ സന്ദർശനം വെട്ടിക്കുറച്ചെങ്കിലും എംബിഎസ് പാക്കിസ്ഥാനിൽ പോയതിന് വലിയ പ്രതിഷേധമാണ് ഇന്ത്യയിൽ ഉയരുന്നത്. അതിനാൽ തന്നെ പരിഷ്‌കരണവാദിയായി ലോകം വാഴ്‌ത്തുന്ന സൽമാൻ രാജകുമാരന് പ്രതീക്ഷിക്കുന്ന വരവേൽപ്പ് ഇന്ത്യയിൽ കിട്ടാനിടയില്ലെന്ന തരത്തിലാണ് റിപ്പോർട്ടുകൾ. കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ സൗദി വിദേശ കാര്യ മന്ത്രാലയം അപലപിച്ചിരുന്നു. എന്നാൽ ഇന്നലെ പാക്കിസ്ഥാനിൽ സന്ദർശനത്തിന് എത്തിയ സൽമാന്റെ പ്രഖ്യാപനങ്ങൾ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായിരുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നയതന്ത്ര നീക്കങ്ങൾ നടക്കുന്നതിനിടെ 2000 കോടി ഡോളറിന്റെ വ്യാപാര സഹായമാണ് സൽമാൻ പ്രഖ്യാപിച്ചത്. ഇത് ഇന്ത്യയെ അലോസരപ്പെടുത്തുണ്ട്. ഇതിനെ അസമയത്തുള്ള ചതിയായാണ് ഇന്ത്യ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് സൽമാന് വലിയൊരു സ്വീകരണം നൽകില്ലെന്ന പൊതു സൂചന പുറത്തു വരുന്നത്.

നേരത്തെ പ്രഖ്യാപിച്ചതിൽ നിന്നു മാറി മുന്നു ദിവസത്തെ സന്ദർശനം വെട്ടിച്ചുരുക്കി ഞായറാഴ്ചയാണ് മുഹമ്മദ് ബിൻ സൽമാൻ പാക്കിസ്ഥാനിലെത്തിയത്. പുൽവാമാ ആക്രമത്തെ തുടർന്നായിരുന്നു സന്ദർശനം ഒരു ദിവസമാക്കിയത്. ഏഷ്യാ സന്ദർശനത്തിന്റെ ഭാഗമായാണ് സന്ദർശനം. കിരീടാവകാശിയെ പ്രധാനമന്ത്രി ഇമ്രാൻഖാൻ വിമാനത്താവളത്തിൽ സ്വീകരിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊടൊപ്പം ഉണ്ടായിരുന്നു. വിദേശകാര്യ മന്ത്രിമാരും വ്യവസായ രംഗത്തെ 40 പ്രമുഖരും ഉൾപ്പെടുന്ന സംഘമാണ് കിരീടാവകാശിക്കൊപ്പം പാക്കിസ്ഥാൻ സന്ദർശിച്ചത്. 2000 കോടി ഡോളൻ നിക്ഷേപം ലക്ഷ്യമിടുന്ന എട്ട് കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ തുറമുഖമായ ഗ്വാദറിൽ സൗദിയുടെ അറാംകോ 1000കോടി ചെലവിട്ട് എണ്ണ ശുദ്ധീകരണ ശാല സജ്ജമാക്കുന്നതാണ് ഇതിൽ പ്രധാനമെന്ന് ചൈനീസ് വാർത്താ ഏജൻസി സിൻഹുവ റിപ്പോർട്ട് പറയുന്നു.

ഈ ഗാദ്വാർ തുറമുഖത്തിന് വെറും 73 കിലോമീറ്റർ അകലെയാണ് ഇന്ത്യ ഇറാനിൽ വികസിപ്പിച്ചെടുത്ത ചാബഹാർ തുറമുഖം. ഗാദ്വാറിന്റെ മൂന്നിരട്ടി വലുപ്പമുള്ള തുറമുഖം ശരിക്കും ഭീഷണിയാണ് പാക്കിസ്ഥാനും ചൈനയ്ക്കും. ഇതിനോട് അനുബന്ധമായി സൗദി ആയിരംകോടി ചെലവിട്ട് എണ്ണ ശുദ്ധീകരണശാല ഒരുക്കുന്നതും ഇന്ത്യയിൽ ചർച്ചയായിട്ടുണ്ട്.

സൗദി അറേബ്യയുടെ പരിവർത്തന പദ്ധതിയായ വിഷൻ 2030 ലൂടെ രാജ്യം വലിയ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ സൗദിയും ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാകുന്നത് ഇന്ത്യൻ നിക്ഷേപകർക്കും തൊഴിലാളികൾക്കും പുതിയ സാധ്യതകൾ ഉയരാൻ കാരണമാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതെല്ലാം അസ്ഥാനത്താക്കുന്നതാണ് പാക്കിസ്ഥാനുള്ള സൗദിയുടെ സഹായ പ്രഖ്യാപനം. പാക്കിസ്ഥാനെ സുഹൃത്തായി കാണുന്ന രാജ്യങ്ങളെ അകലത്തിൽ നിർത്താനാണ് ഇന്ത്യൻ തീരുമാനം. അതുകൊണ്ടാണ് സൽമാൻ രാജാവിന്റെ പാക് സഹായ പ്രഖ്യാപനം ഏറെ ചർച്ചകൾക്ക് വഴിവയ്ക്കുന്നത്.

അടിസ്ഥാന സൗകര്യമേഖലകളിലേക്കുള്ള സൗദിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപനവും ഇന്ത്യാ പ്രതീക്ഷിക്കുന്നുണ്ട്. നിക്ഷേപ പദ്ധതികൾക്കായി വ്യവസായികളുടെ 40 അംഗ സംഘം കൂടെയുണ്ട്. വിവിധ ധാരണാപത്രങ്ങൾ ഇരുരാജ്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. സൗദിയിലേക്കുള്ള ഇന്ത്യൻ നിക്ഷേപ സാധ്യതകൾ കൂടിക്കാഴ്ചയിലുണ്ടാകും. ഇന്ത്യക്ക് ശേഷം ചൈനയും സൽമാൻ രാജകുമാരൻ സന്ദർശിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP