Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെറുകിട പുസ്തക വിൽപ്പനക്കാരന്റെ മകൻ സ്വന്തമായി പടുത്തുയർത്തിയത് മാധ്യമ -സാമ്പത്തിക ലോകത്തെ വൻ സാമ്രാജ്യം; 54.5 ബില്യൻ ഡോളറിന്റെ ആസ്തിയുള്ള ബ്ലൂംബെർഗ് ഉടമയ്ക്ക് ലോക സമ്പന്നരിൽ 14ാം സ്ഥാനം; ബിസിനസിൽ അട്ടയുടെ കണ്ണുകണ്ട 'പ്രാഞ്ചിയേട്ടൻ' രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോഴും സംഭവിച്ചത് അത്ഭുതങ്ങൾ; റിപ്പബ്ലിക്കൻ പാർട്ടിയിൽ രാഷ്ട്രീയം തുടങ്ങി ഡെമോക്രാറ്റിക് പാർട്ടിയിലെത്തി മൂന്ന് തവണ ന്യൂയോർക്ക് മേയറായി; യുഎസ് പ്രസിഡന്റ് പദവിയിൽ ട്രംപിന് ഭീഷണിയായ മൈക്കൾ ബ്ലൂംബെർഗിന്റെ കഥ

ചെറുകിട പുസ്തക വിൽപ്പനക്കാരന്റെ മകൻ സ്വന്തമായി പടുത്തുയർത്തിയത് മാധ്യമ -സാമ്പത്തിക ലോകത്തെ വൻ സാമ്രാജ്യം; 54.5 ബില്യൻ ഡോളറിന്റെ ആസ്തിയുള്ള ബ്ലൂംബെർഗ് ഉടമയ്ക്ക് ലോക സമ്പന്നരിൽ 14ാം സ്ഥാനം; ബിസിനസിൽ അട്ടയുടെ കണ്ണുകണ്ട 'പ്രാഞ്ചിയേട്ടൻ' രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോഴും സംഭവിച്ചത് അത്ഭുതങ്ങൾ; റിപ്പബ്ലിക്കൻ പാർട്ടിയിൽ രാഷ്ട്രീയം തുടങ്ങി ഡെമോക്രാറ്റിക് പാർട്ടിയിലെത്തി മൂന്ന് തവണ ന്യൂയോർക്ക് മേയറായി; യുഎസ് പ്രസിഡന്റ് പദവിയിൽ ട്രംപിന് ഭീഷണിയായ മൈക്കൾ ബ്ലൂംബെർഗിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: 2020ൽ വീണ്ടുമൊരു അമേരിക്കൻ തിരഞ്ഞെടുപ്പിന് വേദി ഒരുങ്ങുകയാണ്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് ഡൊണാൾഡ് ട്രംപിന് വീണ്ടും രണ്ടാമൂഴം ലഭിക്കുമോ എന്ന ചോദ്യമാണ് എല്ലായിടത്തു നിന്നും ഉയരുന്നത്. റിപ്പബ്ലിക്കൻ പാർട്ടി അംഗമായി എത്തി യുഎസ് പ്രസിഡന്റ് പദവിയിലേക്ക് ട്രംപ് എത്തിയത് അപ്രതീക്ഷിതമായിരുന്നു. എന്നാൽ, പ്രസിഡന്റ് പദവിയിൽ ഇരുന്ന് സ്വന്തം അനുയായികളെ പോലും വെറുപ്പിക്കുന്ന വിധത്തിലേക്കാണ് സ്വന്തം നയങ്ങൾ മാറ്റിമറിച്ചത്. ഇതോടെ റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ അദ്ദേഹത്തിന് പിന്തുണ കുറഞ്ഞു. വീണ്ടും പ്രസിഡന്റ് പദവി ലക്ഷ്യമിട്ട് നീങ്ങുന്ന ട്രംപിന് അപ്രതീക്ഷിതമായി ഒരു വെല്ലുവിളി ഉണ്ടാകുമെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. പണം വാരിയെറിഞ്ഞ് യുഎസ് പ്രസിഡന്റ് പദവിയിൽ എത്തിയ ട്രംപിന് അതേനാണയത്തിൽ തിരിച്ചടി നൽകുന്ന സ്ഥാനാർത്ഥിയായി ന്യൂയോർക്ക് നഗരത്തിന്റെ മുൻ മേയറും ശതകോടീശ്വര സംരംഭകനുമായ മൈക്കിൾ ബ്ലൂംബർഗ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാകും എന്നാണ് അറിയുന്നത്.

പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനുള്ള മൽസരത്തിലേക്ക് മൈക്കിൾ ബ്ലൂംബെർഗ് കാലെടുത്തു വെക്കുമെന്ന വാർത്ത അമേരിക്കൻ രാഷ്ട്രീയ ചിത്രം തന്നെ മാറ്റിമറിച്ചേക്കുമെന്നാണ് അറിയുന്നത്. ബ്ലൂംബർഗിന്റെ ഔദ്യേഗിക പ്രഖ്യാപനമൊന്നും എത്തിയിട്ടില്ലെങ്കിലും അദ്ദേഹം രംഗത്തിറങ്ങുന്നത് ട്രംപിന് വൻ തിരിച്ചടി ആകുമെന്നാണ് അറിയുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിലൂടെ രാഷ്ട്രീയം തുടങ്ങിയ മൈക്കിൾ ബ്ലൂംബെർഗ് സ്വന്തമായി വൻ മാധ്യമസാമ്രാജ്യം കെട്ടിപ്പെടുത്ത വ്യക്തിയാണ്. മൂന്ന് തവണയാണ് അദ്ദേഹം ന്യൂയോർക്ക് എന്ന മഹാനഗരത്തിന്റെ പിതാവായി മാറിയത്. സ്വപ്രയത്ന്നത്തിലൂടെയാണ് ബ്ലൂംബെർഗ് അദ്ദേഹത്തിന്റെ ബിസിനസ് തട്ടകം പടുത്തുയർത്തിയത്. ഇക്കുറി അദ്ദേഹം പ്രസിഡന്റ് പദവിക്കായുള്ള മത്സരത്തിന് ഇറങ്ങിയാൽ അത് ട്രംപിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായി മാറുമെന്നത് ഉറപ്പാണ്.

ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻനിര നേതാവായി ഇപ്പോൾ നിലകൊള്ളുന്നത് മുൻ വൈസ് പ്രസിഡന്റ് ജോ ബിഡനാണ്. അദ്ദേഹത്തിന്റെ സാധ്യതകൾക്കാണ് ബ്ലൂംബെർഗിന്റെ രംഗപ്രവേശം സാരമായി ബാധിക്കുക. ലിബറലുകൾ എന്ന് നടിക്കുന്ന എലിസബത്ത് വാറനും ബെർനീ സാൻഡേഴ്സിനും ഇടയ്ക്ക് തന്റേതായ പാത കണ്ടെത്തുന്നതിൽ ഒരു പരിധി വരെയെങ്കിലും വിജയിച്ച ജോ ബിഡനെ പിന്തുണയ്ക്കുന്നവരിൽ നല്ലൊരു ശതമാനം ബ്ലൂംബർഗിന് പിന്തുണ മാറ്റാൻ സാധ്യതയുണ്ട്. അമേരിക്കൻ മൂല്യങ്ങളെ തച്ചുടയ്ക്കുന്ന, സംരക്ഷണവാദിയായ ട്രംപിനെ ഏത് തരത്തിലും പരാജയപ്പെടുത്തണമെന്നാഗ്രഹമാണ് ബ്ലൂംബർഗിനുള്ളത്. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി വാദിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഒരു മനുഷ്യ സ്‌നേഹി കൂടിയായ അദ്ദേഹം ട്രംപിന്റെ വിമർശകൻ കൂടിയാണ്.

ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ ഇപ്പോഴത്തെ നിരയ്ക്ക് ഡൊണാൾഡ് ട്രംപിനെ നേരിടാൻ സാധിച്ചേക്കില്ലെന്ന വിലയിരുത്തലിലാണ് മൈക്കിൽ ബ്ലൂംബെർഗിന്റെ പേര് പറഞ്ഞു കേൾക്കുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ നഗരം മികച്ച രീതിയിൽ ഭരിച്ചതിന്റെ അനുഭവ സമ്പത്ത്, ഒന്നുമില്ലായ്മയിൽ നിന്നും ശതകോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത മികവ്, ലോകം ആദരിക്കുന്ന തരത്തിലുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ... ഇങ്ങനെ ബ്ലൂംബർഗിനുള്ള പ്ലസ് പോയിന്റുകൾ നിരവധിയാണ്. മാത്രമല്ല, ലോകം ബഹുമാനിക്കുന്ന സമ്പന്നൻ എന്ന നിലകൂടിയുണ്ട് മൈക്കിൽ ബ്ലൂംബെർഗിന് കാര്യങ്ങൾ അനുകൂലമായി മാറാനുള്ളത്.

പണം എറിയുന്ന ട്രംപിനെ വിഴുങ്ങാൻ കെൽപ്പ് ആസ്തിയുള്ള ശതകോടീശ്വരൻ

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വന്തം പണം മുടക്കി പ്രചാരണം നടത്തിയ ഡോണൾഡ് ട്രംപിനെ നേരിടാനാണു അതേ നാണയത്തിൽ തിരിച്ചടിക്കാൻ പണപ്പെട്ടിയുമായി ഡെമോക്രാറ്റിക് പാർട്ടിക്കാരനായ മൈക്കൽ എത്തുന്നത്. ഫോബ്സിന്റെ കണക്കനുസരിച്ച് 54.4 ബില്യൺ ഡോളർ വരുമാനവുമായി അമേരിക്കയിലെ ഏറ്റവും വലിയ എട്ടാമത്തെ ധനികനാണ് അദ്ദേഹം. ട്രംപിനെക്കാൾ 17 ഇരട്ടി ആസ്തിയാണിത്. പ്രശസ്തമായ ബ്ലൂംബെർഗ് മാധ്യമ ശൃംഖലയുടെയും ഫിനാൻഷ്യൽ സർവീസ് സാമ്രാജ്യത്തിന്റെയും സ്ഥാപകനെന്ന നിലയിൽ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്നു അദ്ദേഹത്തിന്റെ ബന്ധങ്ങൾ. മികച്ച ധനപിന്തുണയോടെയുള്ളതാകും ബ്ലൂംബർഗിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളെന്നാണ് കരുതപ്പെടുന്നത്. അമേരിക്കയിലെ ഏറ്റവും സമ്പന്നനായ എട്ടാമത്തെ വ്യക്തിയാണ് ബ്ലൂംബർഗ്.

'ട്രംപിനെ പരാജയപ്പെടുത്താനും അമേരിക്കയെ പുനർനിർമ്മിക്കാനും വേണ്ടിയാണ് മത്സരിക്കുന്നതെന്നാണ്' ഡെമോക്രാറ്റിക് പാർട്ടിയിൽ മത്സരിക്കാൻ ഒരുങ്ങുന്ന അദ്ദേഹം പറയുന്നു. ബ്ലൂംബെർഗ്ഗിന്റെ വരവോടെ 2020-ൽ ട്രംപിനെ നേരിടാനുള്ള നാമനിർദ്ദേശത്തിനായി മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളുടെ എണ്ണം 18 ആയി. മുൻ ഉപരാഷ്ട്രപതി ജോ ബിഡൻ, സെനറ്റർമാരായ എലിസബത്ത് വാറൻ, ബെർണി സാണ്ടേഴ്സ് എന്നിവരാണ് മത്സരരംഗത്തുള്ള മറ്റു പ്രമുഖർ.

യുഎസിലെ സാമ്പത്തിക അസമത്വം സംബന്ധിച്ച മാസങ്ങൾ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സാണ്ടേഴ്സും വാറനും ശതകോടീശ്വരന്മാരുടെ നികുതി കുത്തനെ ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. 'ശതകോടീശ്വരന്മാർ നിലനിൽക്കരുത്' എന്ന് പറഞ്ഞുകൊണ്ടാണ് സാണ്ടേഴ്സ് നികുതിയുമായി ബന്ധപ്പെട്ട തന്റെ നിർദ്ദേശങ്ങൾ അനാച്ഛാദനം ചെയ്തത്. ബ്ലൂംബെർഗിനെ പരിഹസിച്ചുകൊണ്ട് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. അലബാമയിൽനിന്നാകും ബ്ലൂംബെർഗ് മത്സരിക്കുക എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ട ശേഷം അമേരിക്കയുടെ തനത് രാഷ്ട്രീയ, നയതന്ത്ര ശൈലികൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചതെന്ന ആരോപണങ്ങൾ ശക്തമാണ്. പലപ്പോഴും അമേരിക്കയുടെ രാഷ്ട്രീയ സംസ്‌കാരത്തിന് കളങ്കമേൽപ്പിക്കുന്നതായിരുന്നു ട്രംപിന്റെ ചെയ്തികളെന്ന വ്യാപകവിമർശനങ്ങളും ഉയർന്നു. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ട്രംപ് തന്റേതായ രീതിയിലായിരുന്നു ഭരണം നടത്തിക്കൊണ്ടിരുന്നത്. അമേരിക്കയുടെ ശത്രുക്കളും മിത്രങ്ങളും ഇതിൽ ഒരുപോലെ പ്രകോപിതരായെന്നതാണ് യാഥാർത്ഥ്യം. ട്രംപിന്റെ കുടിയേറ്റ നയവും കാലാവസ്ഥ വ്യതിയാനം കണക്കിലെടുക്കാതെയുള്ള നിലപാടുകളും യുക്തിയില്ലാത്ത വിദേശനയങ്ങളുമെല്ലാം വ്യാപകമായി വിമർശനങ്ങൾക്ക് വിധേയമായി. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന തരത്തിൽ വരെ ആവശ്യങ്ങളുമെത്തി. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ബ്ലൂംബർഗിന്റെ വരവ് പ്രസക്തമാകുന്നത്.

അതേസമയം അടുത്തിടെ നടന്നൊരു അഭിപ്രായ സർവെയിൽ ട്രംപിനെ കടത്തിവെട്ടിയിട്ടുണ്ട് ഈ മാധ്യമസംരംഭകൻ. ഇപ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിൽ 43 ശതമാനം വോട്ടർമാർ ബ്ലൂംബർഗിനെ അംഗീകരിക്കുമെന്ന് സർവേ പറയുന്നു. ട്രംപിനെ തെരഞ്ഞെടുക്കുമെന്നത് പറഞ്ഞത് 37 ശതമാനം മാത്രമാണ്. എന്നാൽ കേവലം നാല് ശതമാനം ഡെമോക്രാറ്റിക് പ്രൈമറി വോട്ടർമാരുടെ പിന്തുണയേ ഇപ്പോൾ ബ്ലൂംബർഗിനുള്ളൂ. അമേരിക്കൻ സമ്പന്നപ്പട്ടികയിൽ 8ാം സ്ഥാനത്തുള്ള ബ്ലൂംബെർഗ്ഗ് യഹൂദവംശജനും കൂടിയാണ്. സാമ്പത്തിക വാർത്താവിതരണ ഏജൻസിയായ 'ബ്ലൂംബെർഗ്' ഉൾപ്പെടെയുള്ള മാധ്യമ ശൃംഖലയുടെ ഉടമയാണ് ഇദ്ദേഹം. ടെലിവിഷനിൽ രംഗത്ത് മാത്രം ഒരാഴ്ചയ്ക്കിടെ പ്രചാരണത്തിന് ഇറക്കിയത് 3.7 കോടി ഡോളറാണ്. ട്രംപിനെതിരെ ഡിജിറ്റൽ പരസ്യങ്ങളിലൂടെയുള്ള പ്രചാരണത്തിനായി ചെലവഴിക്കാൻ പോകുന്നത് 12 കോടി ഡോളറെന്നും സൂചനയുണ്ട്.

ചെറുകിട പുസ്തക വിൽപ്പനക്കാരന്റെ മകൻ ശതകോടീശ്വരനായ അത്ഭുതകഥ

ലോക സമ്പന്നരിൽ 14ാം സ്ഥാനത്തുള്ള മൈക്കിൾ ബ്ലൂംബെർഗ് ബിസിനസിൽ അട്ടയുടെ കണ്ണുകണ്ടു കൊണ്ടാണ്. 1942ൽ ഫെബ്രുവരി 14ന് ബോസ്റ്റണിലെ മസാച്ച്യുസാറ്റിലാണ് മൈക്കിൽ ബ്ലൂംബെർഗ്ഗ് ജനിച്ചത്. ചെറുകിട പുസ്തക വിൽപ്പനക്കാരനായിരുന്നു ബ്ലൂംബെർഗ്ഗിന്റെ പിതാവ്. ഹാർവാഡ് സർവകലാശാലയിലെ പഠനത്തിന് ശേഷം സാൽമൺ സഹോദരങ്ങളുമായി ബിസിനസ് തുടങ്ങി ബ്ലൂംബെർഗ്ഗ്. മാധ്യമ രംഗത്തു കൈവെച്ച അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 1966ൽ നേടിയ ബിസിനസ് ഡിഗ്രിയാണ് ബ്ലൂംബെർഗ്ഗിന് പിൽക്കാലത്ത് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ തുണയായി മാറിയത്.

1981ലാണ് ബ്ലൂംബെർഗ്ഗ് ബിസിനസ് സ്ഥാപനം തുടങ്ങിയത്. സാമ്പത്തിക രംഗത്തെ സഹായം നൽകുന്ന കമ്പനി എന്ന നിലയിലായിരുന്നു തുടക്കം. കൂടാതെ ഡാറ്റാ സ്റ്റോർചെയ്യാനുള്ള കമ്പ്യൂട്ടർ സംവിധാനവും അദ്ദേഹം തുടങ്ങിവെച്ചു. ഈ സംരംഭം വലിയ വിജയം ആയതോടെ പിന്നീട് മാധ്യമസ്ഥാപനങ്ങളിലേക്ക് കടന്നു. ലോക വ്യാപകായി 100ലേറെ ഓഫിസുകളുമായി ബ്ലൂംബെർഗ്ഗ് പടർന്നു പന്തലിച്ചു. ഇപ്പോൾ ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന വ്യക്തികൂടിയാണ് മൈക്കിൽ ബ്ലൂംബെർഗ്ഗ്. റിപ്പബ്ലിക്കൻ പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. 2001ലായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ 108ാം മേയറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. താൻ ലിബറൽ റിപ്പബ്ലിക്കനാണെന്ന് സ്വയം വിശേഷിപ്പിച്ച ബ്ലൂംബെർഗ്ഗ് ന്യൂയോർക്ക് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പല പരിഷ്‌ക്കാരങ്ങളും നടപ്പിലാക്കി.

പിന്നീട് അദ്ദേഹം 2005ലും 2008ലും ന്യൂയോർക്ക് മേയർ സ്ഥാനത്തു തുടർന്നു. ഇതിനിടെ അദ്ദേഹം ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് മാറിയിരുന്നു. അടുത്തകാലത്തായി പരിസ്ഥിതി വിഷയത്തിൽ അടക്കം സജീവമായി ഇടപെടൽ നടത്തിയ വ്യക്തിയാണ് അദ്ദേഹം. പാരിസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് ട്രംപിന്റെ വിമർശകൻ കൂടിയായിരുന്നു അദ്ദേഹം. നിരവധി പുസ്തകങ്ങളും രചിച്ച വ്യക്തിയാണ് അദ്ദേഹം. സൂസൻ ബ്രൗണിനെയാണ് മൈക്കിൽ ബ്ലൂംബെർഗ്ഗ് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധം 1975 മുതൽ 1993 വരെയുള്ള കാലയളവ് വരെ നീണ്ടു നിന്നു. ഡിവോഴ്‌സിൽ കലാശിച്ചെങ്കിലും ഇരുവരും ഇപ്പോഴും സൗഹൃദം തുടരുകയാണ്. ജോർജ്ജിന, എമ്മ എന്നിങ്ങനെ രണ്ട് പെൺമക്കളാണ് ഈ ശതകോടീശ്വരനുള്ളത്. മുൻ ന്യൂയോർക്ക് ബാങ്കിങ് സൂപ്രണ്ടായ ഡയാന ടെയ്‌ലറാണ് മൈക്കിൾ ബ്ലൂംബെർഗ്ഗിന്റെ ജീവതപങ്കാളി.

ഫെബ്രുവരി 3ന് ആരംഭിക്കുന്ന അന്തിമ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള വോട്ടെടുപ്പുകളുടെ ഒന്നാം ഘട്ടം ജയിച്ചു കയറുമോയെന്ന കാര്യം സംശയമാണെങ്കിലും ബ്ലൂംബെർഗ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പു രംഗം ഉഷാറായിയിട്ടുണ്ട്. മൈക്കൽ ബ്ലൂംബെർഗ് ജയിച്ചുകഴിഞ്ഞാൽ ഇന്ത്യയോടുള്ള സമീപനത്തിൽ മികച്ചതാണെന്ന് റിപ്പോർട്ടുകൾ പറയുന്നത്. പതിവായി ഇന്ത്യ സന്ദർശിക്കുന്ന ആളെന്ന ഉപരി പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുമാണ് മൈക്കൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP