Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുടിഞ്ഞു കുത്തുപാളയെടുത്ത ശ്രീലങ്ക നിൽക്കള്ളിയില്ലാതെ നിലവിളിക്കുന്നു; ചരിത്രത്തിൽ ആദ്യമായി വിദേശകടം തിരിച്ചടവു മുടങ്ങി; പാക്കിസ്ഥാന് ശേഷം വിദേശകടത്തിന്റെ അടവ് മുടക്കുന്ന മറ്റൊരു ഏഷ്യൻ രാജ്യം; ജെപി മോർഗൻ ശ്രീലങ്കൻ കടപ്പത്രങ്ങൾ വാങ്ങുമെന്ന സൂചനയിൽ രാജ്യത്തിന് പ്രതീക്ഷ

മുടിഞ്ഞു കുത്തുപാളയെടുത്ത ശ്രീലങ്ക നിൽക്കള്ളിയില്ലാതെ നിലവിളിക്കുന്നു; ചരിത്രത്തിൽ ആദ്യമായി വിദേശകടം തിരിച്ചടവു മുടങ്ങി; പാക്കിസ്ഥാന് ശേഷം വിദേശകടത്തിന്റെ അടവ് മുടക്കുന്ന മറ്റൊരു ഏഷ്യൻ രാജ്യം; ജെപി മോർഗൻ ശ്രീലങ്കൻ കടപ്പത്രങ്ങൾ വാങ്ങുമെന്ന സൂചനയിൽ രാജ്യത്തിന് പ്രതീക്ഷ

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ശ്രീലങ്ക മുടിഞ്ഞു കുത്തുപാളയെടുത്തിരിക്കയാണ്. വിദേശകടം പെരുകി തിരിച്ചടക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു. ഇതോടെ ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി വിദേശകടത്തിന്റെ തിരിച്ചടവു മുടങ്ങിയ അവസ്ഥയിലാണ്. രണ്ട് വിദേശകടങ്ങളുടെ പലിശയിനത്തിൽ 7.8 കോടി ഡോളർ തിരിച്ചടയ്ക്കാനുള്ള അവസാനദിവസം ബുധനാഴ്ചയായിരുന്നു. ഈ അടവാണ് ശ്രീലങ്ക മുടക്കിയത്. ഇതോടെ വിദേശ കടം വീണ്ടും എടുത്തു പിടിച്ചു നിൽക്കാനുള്ള ശ്രീലങ്കയുടെ ശ്രമവും പാളുകയാണ്.

1999ൽ പാക്കിസ്ഥാൻ മുടക്കിയതിനു ശേഷം ഒരു ഏഷ്യൻ രാജ്യം വിദേശകടത്തിന്റെ അടവ് മുടക്കുന്നത് ഇതാദ്യമാണ്. ഇന്ത്യയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത് ഇന്ത്യൻ നിലപാടുകളിലും മാറ്റം വരുത്താൻ ഇടയാക്കിയേക്കും. ശ്രീലങ്കയ്ക്ക് കൂടുതൽ ഇന്ത്യൻ സഹായം വേണമെന്ന ആവശ്യം ഉയരുന്നുണ്ട് താനും.

അതേസമയം കടങ്ങൾ പുനഃക്രമീകരിക്കാതെ തിരിച്ചടയ്ക്കാനാവില്ലെന്ന യാഥാർഥ്യം മുന്നിൽനിൽക്കെ തിരിച്ചടവ് മുടങ്ങിയതു സാങ്കേതികം മാത്രമാണെന്നു ശ്രീലങ്കൻ സെൻട്രൽ ബാങ്ക് പ്രതികരിച്ചിരിക്കുന്നത്. അടുത്ത 6 മാസത്തേക്ക് ഒരു കടവും തിരിച്ചടയ്ക്കാനാവില്ലെന്നു വ്യക്തമാക്കിയ സെൻട്രൽ ബാങ്ക് പണപ്പെരുപ്പനിരക്ക് 40% വരെ ഉയർന്നേക്കാമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഇത് കൂടാതെ ജനങ്ങൾക്കു കയ്യിൽ വയ്ക്കാവുന്ന വിദേശനാണ്യത്തിന്റെ അളവ് 15,000 ഡോളറിൽ നിന്ന് 10,000 ഡോളർ ആയി കുറയ്ക്കുകയും ചെയ്തു. ഇതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് രാജ്യം കടക്കുമെന്നത് ഉറപ്പാണ്. അതേസമയം, ശ്രീലങ്കയിലെ രാഷ്ട്രീയസ്ഥിതി മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിൽ സാമ്പത്തികനിലയും ഭേദമാകുമെന്നു വിലയിരുത്തിയ യുഎസ് ബാങ്ക് ജെപി മോർഗൻ ശ്രീലങ്കൻ കടപ്പത്രങ്ങൾ വാങ്ങുമെന്ന സൂചന നൽകിയത് നിക്ഷേപകർക്ക് ഉണർവേകിയിട്ടുണ്ട്.

ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ അവശ്യമേഖലകളിൽ പ്രവർത്തിക്കുന്നവർ ഒഴികെയുള്ള സർക്കാർ ജീവനക്കാർക്ക് അവധി നൽകിയിരിക്കയാണ്. അതിനിടെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ദേശീയ വിമാനക്കമ്പനി സ്വകാര്യവൽക്കരിക്കാനൊരുങ്ങുകയാണ് ശ്രീലങ്ക. പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി ശ്രീലങ്കൻ എയർലൈൻസിനെ സ്വകാര്യവത്കരിക്കുമെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. ഒപ്പം സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാനായി കറൻസി അച്ചടിക്കാനും ശ്രീലങ്ക പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.

ശമ്പളം നൽകാൻ നോട്ട് അച്ചടിക്കാൻ നിർബന്ധിതനായെന്നും ഇത് രാജ്യത്തെ കറൻസിയെ സമ്മർദത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ദിവസവും 15 മണിക്കൂർ വൈദ്യുതി നിയന്ത്രണമുണ്ടാകും. രാജ്യത്ത് വെറും ഒരു ദിവസത്തെ പെട്രോൾ മാത്രമേ ഇനി ബാക്കിയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസം മുമ്പ് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ സാമ്പത്തിക സ്ഥിതി ഏറ്റവും അപകടകരമായ നിലയിലാണ്. വരാനിരിക്കുന്ന മാസങ്ങൾ നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രയാസമേറിയ മാസങ്ങളായിരിക്കും. എല്ലാവരും ത്യാഗങ്ങളും വീട്ടുവീഴ്ചകളും ചെയ്യാൻ തയ്യാറാകണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

അതിനിടെ എക്‌സിക്യൂട്ടീവ് അധികാരങ്ങൾ കൈവശം വയ്ക്കുന്ന പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയെ നിയന്ത്രിക്കാൻ 21ാം ഭരണഘടനാ ഭേദഗതികൊണ്ടുവരാൻ റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള സർക്കാർ നീക്കം തുടങ്ങി. ഭേദഗതി അടുത്തയാഴ്ച മന്ത്രിസഭാ യോഗത്തിൽ വയ്ക്കും.

2010 ൽ മഹിന്ദ രാജപക്‌സെ പ്രസിഡന്റായിരിക്കേ പാർലമെന്റിന്റെ പല അധികാരങ്ങളും വെട്ടിക്കുറച്ച് പ്രസിഡന്റിന് സർവാധികാരം നൽകാൻ കൊണ്ടുവന്നതാണ് 18ാം ഭേദഗതി. 2015 ൽ സിരിസേന പ്രസിഡന്റായപ്പോൾ പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ച് പാർലമെന്റിന് വീണ്ടും പരമാധികാരം നൽകിയതാണ് 19ാം ഭേദഗതി. 2020 ൽ രാജപക്‌സെ കുടുംബം വീണ്ടും അമരത്തെത്തിയപ്പോൾ പ്രസിഡന്റിന് സർവാധികാരം നൽകാൻ 20ാം ഭേദഗതി കൊണ്ടുവന്നു. ഇപ്പോൾ 21ാം ഭേദഗതിയിലൂടെ വീണ്ടും അധികാരം പാർലമെന്റിലേക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP