Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചാരക്കണ്ണുകളിൽ പെടുന്നത് കേരളത്തിന്റെ മിക്ക പ്രദേശങ്ങളും; കൂടംകുളവും കൽപാക്കവും ശ്രീഹരിക്കോട്ടയും നിരീക്ഷണ പരിധിയിൽ; തന്ത്രപ്രധാനകേന്ദ്രങ്ങളിലെ വിവരങ്ങൾ ചോർത്താൻ വരുന്ന ചൈനീസ് ചാര കപ്പൽ ഹംബൻതോട്ടയിൽ അടുപ്പിച്ചാൽ പണി പാളുമെന്ന് വിരട്ടി ഇന്ത്യ; അനിശ്ചിതമായി നീട്ടി വച്ച് ശ്രീലങ്ക

ചാരക്കണ്ണുകളിൽ പെടുന്നത് കേരളത്തിന്റെ മിക്ക പ്രദേശങ്ങളും; കൂടംകുളവും കൽപാക്കവും ശ്രീഹരിക്കോട്ടയും നിരീക്ഷണ പരിധിയിൽ; തന്ത്രപ്രധാനകേന്ദ്രങ്ങളിലെ വിവരങ്ങൾ ചോർത്താൻ വരുന്ന ചൈനീസ് ചാര കപ്പൽ ഹംബൻതോട്ടയിൽ അടുപ്പിച്ചാൽ പണി പാളുമെന്ന് വിരട്ടി ഇന്ത്യ; അനിശ്ചിതമായി നീട്ടി വച്ച് ശ്രീലങ്ക

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: ചൈനീസ് ചാരകപ്പൽ ഹംബൻതോട്ട തുറമുഖത്തിൽ എത്തുന്നത് അനിശ്ചിതമായി നീട്ടി വയ്ക്കാൻ ശ്രീലങ്ക ആവശ്യപ്പെട്ടു. ഇന്ത്യയുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് ശ്രീലങ്കൻ സർക്കാർ ഇടപെട്ടത്.

ചൈനീസ് തുറമുഖമായ ജിയാങ് യിന്നിൽ നിന്നാണ്, യുവാൻ വാങ് 5 എന്ന ചാര കപ്പൽ ഹംബൻതോട്ട ലക്ഷ്യമാക്കി പുറപ്പെട്ടത്. ഗവേഷണ-പര്യവേക്ഷണ കപ്പൽ എന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ, സംഗതി ചാര കപ്പലെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. ഹംബൻതോട്ടയിൽ നങ്കൂരമിട്ട് ഇന്ത്യയിൽ ചാരപ്രവർത്തനം നടത്താനുള്ള നീക്കത്തിന് എതിരെ ഇന്ത്യ ശ്രീലങ്കയെ അതൃപ്തി അറിയിച്ചിരുന്നു.

ഇന്ത്യയുടെ സുരക്ഷാ-സാമ്പത്തിക താൽപര്യങ്ങൾക്ക് വിഘാതമാകുന്ന നടപടികൾ അനുവദിക്കില്ലെന്നും, ചൈനീസ് കപ്പലിന്റെ വരവ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിദേശ കാര്യമന്ത്രാലയം കഴിഞ്ഞാഴ്ച പ്രസ്താവിച്ചിരുന്നു. ചൈനീസ്് കപ്പലിന്റെ സന്ദർശനവുമായി മുന്നോട്ടുപോകരുതെന്ന് ശ്രീലങ്കൻ വിദേശ കാര്യമന്ത്രാലയത്തോട് രേഖാമൂലം തന്നെ ആവശ്യപ്പെടുകയും ചെയ്തു. ചൈനീസ് കപ്പലിന്റെ വിവാദ സന്ദർശനം നേരത്തെ നിശ്ചയിച്ചത് പോലെ നടക്കില്ലെന്ന് പ്രസിഡന്റ് റനിൽ വിക്രമസിംഗെ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് വെള്ളിയാഴ്ച ഉറപ്പുനൽകുകയും ചെയ്തു.

ചൈനയുടെ ചാരക്കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കയിലെത്തുമെന്നു റിപ്പോർട്ട് വന്നതോടെ തമിഴ്‌നാട്ടിൽ അതീവജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിരുന്നു. ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് ഓഗസ്റ്റ് 11 ന് കപ്പൽ എത്തുമെന്നും ഓഗസ്റ്റ് 17 വരെ അവിടുണ്ടാകുമെന്നും ആയിരുന്നു അറിയിപ്പ്.

ഇന്ത്യയുടെ സുരക്ഷാ-സാമ്പത്തിക താൽപര്യങ്ങളെ ബാധിക്കുന്നതുകൊണ്ട് തന്നെ വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. 2014 ൽ ചൈനയുടെ ആണവ അന്തർവാഹിനി കപ്പൽ ശ്രീലങ്കൻ തുറമുഖത്ത് അടുപ്പിച്ചതിനെ തുടർന്ന് ഇന്ത്യയും ചൈനയുമായി സംഘർഷം ഉടലെടുത്തിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ശ്രീലങ്ക ഈ വർഷം മാത്രം, 4.5 ബില്യൻ ഡോളറിന്റെ സാമ്പത്തിക സഹായം ഇന്ത്യയിൽ നിന്ന് കൈപ്പറ്റി കഴിഞ്ഞു. എന്നിരുന്നാലും, ചൈനീസ് ചാര കപ്പലിന്റെ വരവ് മുൻകൂട്ടി അറിയിക്കാൻ ശ്രീലങ്ക തയ്യാറാകാതിരുന്നത് ഗൗരവത്തോടെയാണ് വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചത്.

ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് ഹംബൻതോട്ട തുറമുഖ യാർഡിൽ ചൈനീസ് ചാര കപ്പലെത്തുന്നത് എന്നായിരുന്നു അറിയിപ്പ്. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ പിടിച്ചെടുത്തു വിശകലനം ചെയ്യാൻ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണു യുവാൻ വാങ് 5. കേരളത്തിന്റെ മിക്ക പ്രദേശങ്ങളും കപ്പലിന്റെ കണ്ണിൽപെടും. 750 കിലോമീറ്റർ ആകാശപരിധിയിലെ സിഗ്നലുകൾ പിടിച്ചെടുക്കാൻ കഴിയുമെന്നതിനാൽ കൂടംകുളം, കൽപാക്കം, ശ്രീഹരിക്കോട്ട തുടങ്ങിയ തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ ചോരുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

ചൈനയുടെ നീക്കങ്ങൾ നിഷ്‌ക്കളങ്കമായി വിലയിരുത്താൻ ഇന്ത്യക്കാവില്ല. 750 കിലോമീറ്ററോളം നിരീക്ഷണ പരിധിയുള്ള ചാരകപ്പലിന്റെ സാന്നിധ്യം നിസ്സാരമായി കാണാനാവില്ല.

എന്തുസംഭവിക്കും?

ഇന്ത്യൻ മഹാസമുദ്രമേഖലയിലെ ഇന്ത്യയുടെ സ്വാധീനത്തെ ചോദ്യം ചെയ്യും വിധമാണ് യുവാൻ വാങ് 5 ചാരകപ്പലിന്റെ വരവ്. ചൈനീസ് സഹായത്തോടെ ശ്രീലങ്ക പണിത ഹംബൻതോട്ട തുറമുഖം അടക്കമുള്ളവ ഭാവിയിൽ ചൈന സൈനിക താവളങ്ങളായി മാറ്റിയേക്കുമെന്നാണ് ഇന്ത്യയുടെ ആശങ്ക. ചൈനയുടെ സാമ്പത്തിക സഹായത്തോടെ പണിത ഹംബൻതോട്ട ആ രാജ്യത്തെ വലിയ കടക്കെണിയിലേക്ക് നയിച്ചുവെന്നത് മറ്റൊരു കാര്യം. ചൈന മർച്ചന്റ് പോർട്ട് ഹോൾഡിങ്സിനാണ് തുറമുഖം പാട്ടത്തിന് കൊടുത്തത്. ഇതിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാനാവാതെ ശ്രീലങ്ക വിഷമിക്കുകയാണ്.

ഇത് വളരെ സാധാരണവും നിയമപരവുമായ സമുദ്രനീക്കമെന്നാണ് ചൈന ചാര കപ്പൽ വിന്യാസത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ, ശ്രീലങ്ക ചൈനീസ് ചാര കപ്പലിന് അനുമതി നൽകിയത് തങ്ങളുമായുള്ള കരാറുകളുടെ ലംഘനമായാണ് ഇന്ത്യ വിലയിരുത്തിയത്. ചൈനയെ ശ്രീലങ്കയിലേക്ക് സ്വാഗതം ചെയ്തതിന്റെ പേരിൽ പഴി കേട്ടത് രാജപക്സെ സഹോഹരന്മാരാണെങ്കിലും, നിലവിലെ പ്രസിഡന്റ് റനിൽ വിക്രമസിംഗെയാണ് ഹംബൻതോട്ട തുറമുഖം 99 വർഷത്തേക്ക് ചൈനയ്ക്ക് പാട്ടത്തിന് കൊടുത്തത്.

എന്തായാലും, ചാര കപ്പൽ ഹംബൻതോട്ടയിൽ എത്തുന്നതിനെ നിസ്സാരവത്കരിക്കാനാണ് ചൈനയുടെ മുഖ്യമാധ്യമമായ ഗ്ലോബൽ ടൈംസ് ശ്രമിച്ചത്. യുവാൻ വാങ് 5 സൈനിക കപ്പലല്ല, ഗവേഷണ കപ്പലാണെന്നും മറ്റുമാണ് ഗ്ലോബൽ ടൈംസിന്റെ ന്യായീകരണ കാപ്സ്യൂൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP