Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202121Thursday

ചൈനയിൽ നിന്നു കടം വാങ്ങി മുടിഞ്ഞു; തിരിച്ചടവു പ്രതിസന്ധിയിൽ ആയപ്പോൾ 99 വർഷത്തേക്ക് കൈമാറിയത് ഹംബൻതൊട്ട തുറമുഖവും ചേർന്നുള്ള 1500 ഏക്കറും; എന്നിട്ടും പ്രതിസന്ധി തീരുന്നില്ല; കാബൂളിനെ കിട്ടിയപ്പോൾ കൊളംബോയെ മറന്ന് ചൈനയും; ശ്രീലങ്കയിൽ റേഷനരി കൊടുക്കുന്നത് പട്ടാളം

ചൈനയിൽ നിന്നു കടം വാങ്ങി മുടിഞ്ഞു; തിരിച്ചടവു പ്രതിസന്ധിയിൽ ആയപ്പോൾ  99 വർഷത്തേക്ക് കൈമാറിയത് ഹംബൻതൊട്ട  തുറമുഖവും ചേർന്നുള്ള 1500 ഏക്കറും; എന്നിട്ടും പ്രതിസന്ധി തീരുന്നില്ല; കാബൂളിനെ കിട്ടിയപ്പോൾ കൊളംബോയെ മറന്ന് ചൈനയും; ശ്രീലങ്കയിൽ റേഷനരി കൊടുക്കുന്നത് പട്ടാളം

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: ശ്രീലങ്കയെ ചൈന ചതിച്ചു. അഫ്ഗാനിൽ താലിബാൻ പിടിമുറുക്കിയതോടെ ശ്രീലങ്കയെ വിട്ട് ചൈന കാബൂളിലേക്ക് മാറുകയാണ്. ഇതു കാരണം കടുത്ത ദുരിതത്തിലാണ് ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്ക. കോവിഡും ശ്രീലങ്കയെ പിടിച്ചുലച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ അനിവാര്യമായ സമയാണ് ഇത്.ചൈനയിൽ നിന്നുള്ള കടമെടുപ്പാണ് ലങ്കയുടെ നടുവൊടിച്ചത്.

ശ്രീലങ്കയിൽ റേഷനരി പോലും കിട്ടാനില്ല. നീണ്ട നിരയാണ് കടകൾക്ക് മുന്നിൽ. എൽടിടിഇയും ലങ്കൻ സൈനവുമായി വംശീയ യുദ്ധം നിൽക്കുമ്പോൾ പോലും ഈ സാഹചര്യം ഉണ്ടായിട്ടില്ല. കോവിഡ് ലോക്ക്ഡൗണാകട്ടെ നീണ്ടുപോവുകയും ചെയ്യുന്നു. തകർന്നടിഞ്ഞ വിനോദസഞ്ചാര മേഖലയും കുതിച്ചുയരുന്ന പണപ്പെരുവും മൂല്യം കുറയുന്ന ശ്രീലങ്കൻ രൂപയുമെല്ലാം പ്രതിസന്ധി രൂക്ഷമാക്കുന്നു. സാമ്പത്തിക അടിയന്തരാവസ്ഥയിലാണ് ശ്രീലങ്ക. അവശ്യവസ്തു വിതരണത്തിന്റെ മേൽനോട്ടം പട്ടാളത്തെ ഏൽപിച്ചിരിക്കുകയാണ് പ്രസിഡന്റ് ഗോതബയ രാജപക്‌സ. ഇത് സംഘർഷങ്ങൾക്കും കാരണമാകും.

കള്ളപ്പണം തടയാനൊന്നുമല്ല, ഭക്ഷ്യവിതരണം നിയന്ത്രിക്കാനാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അത്ര രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തിൽ ശരിയായ നിലപാടല്ല സർക്കാരിന്റേത് എന്നു സൂചിപ്പിച്ചുകൊണ്ട് രാജി ്രപഖ്യാപിക്കുകയായിരുന്നു കേന്ദ്ര ബാങ്ക് ഗവർണർ. ഭക്ഷ്യ വിഭവങ്ങളിൽ നല്ല പങ്കും ഇറക്കുമതി ചെയ്യുകയാണ് ശ്രീലങ്ക. പക്ഷേ ഇപ്പോൾ, ഇറക്കുമതിക്കാവശ്യമായ വിദേശനാണ്യശേഖരം തീരെക്കുറവാണ്. 2019ൽ 750 കോടി ഡോളർ ആയിരുന്ന ശേഖരത്തിലിപ്പോൾ 280 കോടി ഡോളർ മാത്രം. കോടാനുകോടി ഡോളറിന്റെ വിദേശ കടങ്ങളുടെ തിരിച്ചടവാണ് ഇതിന് കാരണം.

ചൈനയോടുള്ള അമിത ആശ്രിതത്വവും ശ്രീലങ്ക എന്ന ദ്വീപു രാജ്യത്തെ ചതിച്ചു. വിദേശനാണ്യം സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഒട്ടേറെ അവശ്യസാധനങ്ങളുടെയും വാഹനങ്ങൾ അടക്കമുള്ള ഉൽപന്നങ്ങളുടെയും ഇറക്കുമതി, ഗോട്ടബയ രാജപക്‌സയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സർക്കാർ നിരോധിച്ചു. കോവിഡ് രണ്ടാം തരംഗവും മൂന്നാം തരംഗവും നേരിടാൻ പാടുപെടുന്ന രാജ്യത്തിന്റെ മുഖ്യവരുമാന മാർഗങ്ങളിലൊന്നായ ടൂറിസം കരകയറാത്തതാണ് വിദേശനാണ്യവരവ് കുത്തനെ കുറയാൻ മുഖ്യ കാരണം. 2019 ഈസ്റ്റർ വേളയിലെ ഭീകരാക്രമണങ്ങളും പ്രതിസന്ധി കൂട്ടി.

വികസനപദ്ധതികൾക്കായി ചൈനയിൽനിന്നു കടം വാങ്ങിയതിന്റെ തിരിച്ചടവു പ്രതിസന്ധിയിലായപ്പോൾ, പ്രശസ്തമായ ഹംബൻതൊട്ട രാജ്യാന്തര തുറമുഖവും ചേർന്നുള്ള 1500 ഏക്കറും 99 വർഷത്തേക്ക് ചൈനയ്ക്ക് കൈമാറേണ്ടിവന്നിട്ടും, കരകയറാനാവശ്യമായ സാമ്പത്തിക തന്ത്രങ്ങൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അനിയന്ത്രിതമായ കടമെടുപ്പാണ് ശ്രീലങ്കൻ സാമ്പത്തിക രംഗത്തെ പെട്ടെന്ന് തകർച്ചയിലേക്ക് നയിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ശ്രീലങ്കയുടെ കട സുസ്ഥിരത പാടേ തകർന്നു. 2020ന്റെ അവസാനം ശ്രീലങ്കയുടെ കടം-ജിഡിപി അനുപാതം 101 ശതമാനമായിരുന്നു. 2022ഓടു കൂടി ഇത് 108 ശതമാനമായി ഉയരുമെന്നാണ് കണക്കുകൂട്ടൽ. 2021-2025നും ഇടയിൽ വിദേശകടം വീട്ടാനായി മാത്രം ശ്രീലങ്കക്ക് നാനൂറ് മുതൽ അഞ്ഞൂറ് കോടി വരെ യുഎസ് ഡോളർ ആവശ്യമായി വരും. അതോടൊപ്പം ശ്രീലങ്കയുടെ ബജറ്റ് കമ്മിയും പേമന്റ് കമ്മിയും കുത്തനെ ഉയർന്നു.

2021ൽ 100 കോടി ഡോളറിന്റെ കടം വീട്ടിയതോടെ വിദേശനാണ്യ കരുതൽ 280 കോടി ഡോളറായി ചുരുങ്ങി. സാധാരണ വായ്പയെടുത്ത് പരിഹരിക്കാവുന്ന പ്രശ്നമാണെങ്കിലും കുറഞ്ഞ ക്രെഡിറ്റ് റേറ്റിങ് കാരണം വായ്പാ ലഭ്യത വെല്ലുവിളിയാണ്. നിക്ഷേപകരും ശ്രീലങ്കയെ കൈവിടുകയാണ്. പ്രശ്നങ്ങൾ ആഴത്തിലുള്ളതാണെങ്കിലും അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്) മുന്നോട്ടുവെച്ച രക്ഷാപദ്ധതി അംഗീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. 300 മുതൽ 500 കോടി ഡോളർ വരെയാണ് ശ്രീലങ്കക്ക് ടൂറിസത്തിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം. കോവിഡ് കാലത്ത് ഈ വരുമാനത്തിന് ഇടിവ് സംഭവിച്ചു. കോവിഡ് 19 മാരമായി വ്യാപിച്ച സമയത്ത് സർക്കാർ വിനോദസഞ്ചാരികൾക്കായി രാജ്യം തുറന്നുകൊടുത്തു. ഇത് വലിയ തിരിച്ചടിയായി. യുകെ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വിനോദ സഞ്ചാര പട്ടികയിൽ ശ്രീലങ്ക ഇപ്പോഴും അപകടകരമായ കോവിഡ് സ്ഥിതി വിശേഷമുള്ളവയുടെ ഗണത്തിലാണ്.

2021 ജൂലൈയിലെ കണക്ക് പ്രകാരം 19,300 വിനോദ സഞ്ചാരികൾ മാത്രമാണ് ശ്രീലങ്കയിൽ എത്തിയത്. 23 ലക്ഷം പേർ വരേണ്ട സ്ഥാനത്തത്താണ് 19000 പേർ എത്തിയത്. വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച മറ്റ് രാജ്യങ്ങൾക്കും കോവിഡ് സമയം തിരിച്ചടി നേരിട്ടെങ്കിലും അവരൊക്കെ പതിയെ സ്വാഭാവികതയിലേക്ക് തിരിച്ചെത്തിയപ്പോഴും ശ്രീലങ്ക കയത്തിൽ നിന്ന് കരകയറിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP