Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് ബദൽ മാർഗങ്ങൾ തേടേണ്ടി വരും; ഇറാൻ ആണവ ശേഷി കൈവരിക്കുന്ന ദിവസം കൂടി കണക്കിലെടുത്തായിരിക്കണം ഗൾഫ് രാജ്യങ്ങളുടെ സന്നാഹങ്ങൾ; ആണവ കാരാറിൽ അയൽ രാജ്യങ്ങൾക്കും ഇടംവേണം; കരുതൽ വേണമെന്ന് നിർദേശിച്ച് മുൻ സൗദി ഇന്റലിജൻസ് മേധാവി തുർക്കി അൽഫൈസൽ

ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് ബദൽ മാർഗങ്ങൾ തേടേണ്ടി വരും; ഇറാൻ ആണവ ശേഷി കൈവരിക്കുന്ന ദിവസം കൂടി കണക്കിലെടുത്തായിരിക്കണം ഗൾഫ് രാജ്യങ്ങളുടെ സന്നാഹങ്ങൾ; ആണവ കാരാറിൽ അയൽ രാജ്യങ്ങൾക്കും ഇടംവേണം; കരുതൽ വേണമെന്ന് നിർദേശിച്ച് മുൻ സൗദി ഇന്റലിജൻസ് മേധാവി തുർക്കി അൽഫൈസൽ

അക്‌ബർ പൊന്നാനി

ജിദ്ദ: ഇറാനുമായുള്ള ആണവ കരാർ നിലവിലെ നിലയിൽ മാറ്റമില്ലാതെ തുടരുന്നത് തർക്കങ്ങൾക്ക് ആക്കം കൂട്ടുമെന്നും പോംവഴികളെന്നോണം മേഖലയിലെ രാജ്യങ്ങളെ അത് മറ്റു ബദൽ മാർഗങ്ങൾ തേടാൻ പ്രേരിപ്പിക്കുമെന്നും മുൻ സൗദി ഇന്റലിജൻസ് മേധാവി തുർക്കി അൽഫൈസൽ രാജകുമാരൻ. ഇറാൻ ആണവ ശേഷി കൈവരിക്കുന്ന ദിവസം മുന്നിൽ കണ്ടു കൊണ്ടുള്ള നീക്കങ്ങൾ അത്തരം ബദൽ മാർഗങ്ങളിൽ പെടും. അതിലാകട്ടെ എല്ലാ സാധ്യതകളും ഉൾപെടും താനും. തുർക്കി അൽഫൈസൽ പ്രവചിച്ചു. ഇറാനിൽ നിലവിലുള്ള ഭരണകൂടം യഥാർത്ഥ ഭീഷണി തന്നെയാണെന്നും കഴിഞ്ഞ നാല്പതുകൊല്ലക്കാലത്തെ ശ്രമങ്ങളെല്ലാം അവരുടെ നിലപാടുകൾ യുക്തിസഹമാക്കിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നുവെന്നും രാജകുമാരൻ ചൂണ്ടിക്കാട്ടി.

'ഗൾഫിന്റെ സുരക്ഷ ആഗോള വിഷയമാണ്, അല്ലാതെ, കേവലം മേഖലാ വിഷയം മാത്രമല്ല. തന്ത്രപ്രധാനവും സാമ്പത്തികവുമായ നിരവധി വശങ്ങൾ പ്രദേശത്തിനുണ്ട്. നിരവധി യുദ്ധങ്ങളുടെ പ്രത്യാഘാതങ്ങളിൽ നിന്ന് സുരക്ഷിതമായി നിൽക്കുകയാണ് അത് ഇപ്പോൾ. എന്നാൽ ഭാവിയിലും അതങ്ങിനെ തന്നെ ആയിരിക്കണം എന്നില്ല. മറിച്ച് എല്ലാ സാധ്യതകളെയും നേരിടാൻ തക്ക ഒരുക്കങ്ങളും പോരായ്മകൾ നികത്തലും അത്യാവശ്യമാണ്. അതിൽ സുപ്രധാനമാണ് ഇറാൻ ഉയർത്തുന്ന ഭീഷണി, മേഖലയിലെ ഇടപെടലുകളിലൂടെ അവർ വംശീയ ചിന്ത വ്യാപിപ്പിക്കുന്നു എന്ന അവസ്ഥ, ഒരു നാൾ ആണവ ശക്തിയായി മാറുന്നതിന് ഇറാൻ നടത്തുന്ന ശ്രമങ്ങൾ എന്നിവ': തുർക്കി അൽഫൈസൽ രാജകുമാരൻ വിശദീകരിച്ചു.

വിയന്നയിൽ നടന്നു കൊണ്ടിരിക്കുന്ന ഇറാനും ലോകരാജ്യങ്ങളും തമ്മിലുള്ള ആണവ ചർച്ച അന്താരാഷ്ട്ര തലത്തിലുള്ള ഭീതി അകറ്റാൻ പര്യാപ്തമല്ലെന്ന് മുൻ സൗദി ഇന്റലിജൻസ് മേധാവി തുർക്കി അൽഫൈസൽ രാജകുമാരൻ അഭിപ്രായപ്പെട്ടു. ഇറാൻ ആണവ ചർച്ച അവരുടെ ആണവ പദ്ധ്വതിയെ കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കുകയോ, ഇറാൻ ഒരു ആണവ ശക്തിയായി മാറാനുള്ള സാധ്യത ഇല്ലാതാക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം തുടർന്നു. അതിനാൽ, ആണവ കരാർ സംബന്ധിച്ച ചർച്ചയിൽ ഗൾഫ് രാജ്യങ്ങൾക്ക് ഇടം ലഭിക്കുകയും എല്ലാ സാധ്യതകളും മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കങ്ങൾ ഉണ്ടായിരിക്കുകയും വേണമെന്നും സൗദി രാജകുടുംബത്തിലെ മുതിർന്ന അംഗം കൂടിയായ തുർക്കി അൽഫൈസൽ ചൂണ്ടിക്കാട്ടി.

മുൻ അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമ ആണവ കരാറിൽ ഇറാന്റെ അയൽരാജ്യങ്ങളെ പരിഗണയിൽ എടുത്തിരുന്നില്ല. അത് അദ്ദേഹത്തിന്റെ നിഷ്‌കളങ്ക ബുദ്ധി മൂലമായിരുന്നു. കരാറിനെ ഗൾഫ് രാജ്യങ്ങൾ സ്വാഗതം ചെയ്തതാകട്ടെ, ഇറാന്റെ ശത്രുതാ പരമായ സമീപനം അതോടെ ഇല്ലാതാകുമെന്ന ചിന്തയിലുമായിരുന്നു. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. ഇറാന്റെ വർദ്ധിച്ച ഇടപെടലുകളും മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്ന നീക്കങ്ങളുമാണ് തുടർന്നും ഉണ്ടായത്. മേഖലയിലെ ഇറാന്റെ ശത്രുതാപരമായ നീക്കങ്ങൾക്ക് തടയിടുകയും സമീപത്തുള്ള രാജ്യങ്ങളുടെ ആശങ്ക അകറ്റാനുമുള്ള സമ്മർദ്ദം എന്ന നിലക്കായിരുന്നു സ്ഥാനമൊഴിഞ്ഞ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് പിന്തിരിഞ്ഞതെങ്കിൽ, ഇന്നിപ്പോൾ നിലവിലെ പ്രസിഡണ്ട് ജോ ബൈഡൻ കരാറിലേയ്ക്ക് മടങ്ങിയിരിക്കുകയാണ്.

തങ്ങളുമായി ഒരു ആണവ കരാർ ഒപ്പിടാൻ ഒബാമ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നതു വരെ ഇറാൻ പാശ്ചാത്യ രാജ്യങ്ങളെ ആണവ സന്നാഹങ്ങൾ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപിന്റെ കാലത്ത് കരാറിലെ ലംഘനങ്ങൾ അധികരിക്കുകയും ചെയ്തു. ബൈഡൻ വന്നപ്പോൾ അന്താരാഷ്ട്ര ആണവ പരിശോധകർക്ക് ഇറാൻ നിരോധനം ഏർപ്പെടുത്തുക വരെ ചെയ്തു. യുറേനിയം സമ്പുഷ്ടീകരണം വർദ്ധിക്കുകയും ചെയ്തു. ഇതിലൂടെയെല്ലാം ചർച്ചയിൽ തങ്ങളുടെ സമ്മർദ്ദ ശേഷി ഇറാൻ വർദ്ധിപ്പിക്കുകയിരുന്നെന്നും വിവരിച്ച മുൻ സൗദി ഇന്റലിജൻസ് മേധാവി കരാറിലെ അംഗ രാജ്യങ്ങളോട് ഇറാന്റെ കള്ളക്കളികൾ സംബന്ധിച്ച് ബോധവമാരായിരിക്കണമെന്ന് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP