Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഖുറാൻ പരസ്യമായി കത്തിച്ച് വലിയ പ്രകോപനവും പ്രതിഷേധവും സൃഷ്ടിച്ച ആൾ; ഇറാഖി അഭയാർഥിയും കടുത്ത ഇസ്ലാം മത വിമർശകനുമായ സൽവാൻ മോമിക നോർവേയിൽ മരിച്ച നിലയിൽ; മോമിക സ്വീഡനിൽ നിന്ന് നോർവേയിൽ അഭയം തേടിയത് കഴിഞ്ഞാഴ്ച

ഖുറാൻ പരസ്യമായി കത്തിച്ച് വലിയ പ്രകോപനവും പ്രതിഷേധവും സൃഷ്ടിച്ച ആൾ; ഇറാഖി അഭയാർഥിയും കടുത്ത ഇസ്ലാം മത വിമർശകനുമായ സൽവാൻ മോമിക നോർവേയിൽ മരിച്ച നിലയിൽ; മോമിക സ്വീഡനിൽ നിന്ന് നോർവേയിൽ അഭയം തേടിയത് കഴിഞ്ഞാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

സ്റ്റോക്ഹോം: ഇറാഖി അഭയാർഥിയും, കടുത്ത ഇസ്ലാം മത വിമർശകനുമായ സൽവാൻ സബാ മാറ്റി മോമികയെ ( 37) നോർവേയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വീഡനിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും, പരസ്യമായി ഖുറാൻ കത്തിക്കുകയും ചെയ്തതിലൂടെയാണ് മോമിക വാർത്താ തലക്കെട്ടുകളിൽ ഇടം പിടിച്ചത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്വീഡിഷ് അധികൃതർ നാടുകടത്തുമെന്ന് പ്രഖ്യാപിച്ചതോടെ, സമീപ രാജ്യമായ നേർവേയിൽ അഭയം തേടാൻ മോമിക താൽപര്യം പ്രകടിപ്പിച്ചിരുന്നു. വിശുദ്ധ ഗ്രന്ഥമായ ഖുറാൻ കത്തിച്ചതിലൂടെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ വലിയ പ്രകോപനവും പ്രതിഷേധവും സൃഷ്ടിച്ച ആളാണ് മോമിക. .താൻ നിരീശ്വര വാദിയാണെന്ന് സ്വയം പ്രഖ്യാപിച്ച സൽവാൻ മോമിക കഴിഞ്ഞാഴ്ചയാണ് സ്വീഡനിൽ നിന്ന് നോർവേയിലേക്ക് താമസം മാറിയത്. കഴിഞ്ഞ ഈദ് ദിനത്തിൽ, 2023 ജൂണിൽ ഖുറാന്റെ പകർപ്പ് ഇയാൾ കീറിയെറിഞ്ഞ് പരസ്യമായി കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് പിന്നീട് വഴിവെച്ചത്.

സൽവാൻ മോമികയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റേഡിയോ ജെനോവയാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. സംഭവത്തിന്റെ സ്ഥിരീകരണം കാത്തിരിക്കുകയാണെന്നും അവർ അറിയിച്ചു. 'ഇസ്ലാം വിമർശകനും ഇറാഖി അഭയാർത്ഥിയുമായ സൽവാൻ സബാഹ് മാറ്റി മോമികയുടെ ജീവനറ്റ ശരീരം നോർവേയിൽ കണ്ടെത്തി. സ്വീഡനിൽ പരസ്യമായ ഖുർആൻ കത്തിക്കൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് അറിയപ്പെട്ട ആളായിരുന്നു മോമിക'- എന്നാണ് എക്സിൽ റേഡിയോ ജനീവ കുറിച്ചത്. ട്വീറ്റ് വ്യാപകമായി ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി റേഡിയോ ജനീവ രംഗത്തെത്തി. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾക്കായി കാത്തുനിൽക്കുകയാണെന്നും റേഡിയോ അറിയിച്ചു.

'നോർവീജിയൻ അധികൃതരുടെ സംരക്ഷണയിൽ ഞാൻ സ്വീഡൻ വിട്ട് നോർവേയിലെത്തി. അന്താരാഷ്ട്ര നിയമപ്രകാരം അഭയത്തിന് അനുമതി തേടിയിട്ടുണ്ട്. ചിന്തകരെയും തത്വചിന്തകരെയും സ്വീകരിക്കാത്ത സ്ഥലമാണ് സ്വീഡൻ. അവർ തീവ്രവാദികൾക്ക് മാത്രമേ അഭയം നൽകുന്നുള്ളൂ. സ്വീഡനിലെ ജനങ്ങളോടുള്ള എന്റെ സ്നേഹവും ആദരവും തുടരും. അധികൃതരിൽ നിന്നാണ് പീഡനങ്ങൾ ഏൽക്കേണ്ടി വന്നത്. ഇസ്ലാമിക തത്വശാസ്ത്രങ്ങൾക്കെതിരെയുള്ള എന്റെ പോരാട്ടം ഞാൻ തുടരും. എന്തുവില കൊടുത്തും ഞാനതിന് സന്നദ്ധമാണ്' - മോമിക നേരത്തെ ട്വീറ്റു ചെയ്തു. ഖുർആനെ 'ലോകത്തിലെ ഏറ്റവും അപകടകരമായ ഗ്രന്ഥം' എന്നാണ് സൽവാൻ വിശേഷിപ്പിച്ചത്.'ഇസ്ലാമിക പ്രത്യയശാസ്ത്രത്തിനെതിരായ എന്റെ പോരാട്ടം ഞാൻ തുടരും. ഇസ്ലാമിനെതിരായ പോരാട്ടം ആരംഭിച്ചതുമുതൽ, എന്തുവിലകൊടുത്തും അത് തുടരാൻ ഞാൻ തയ്യാറാണ്,' മാർച്ച് 27-ലെ അപ്ഡേറ്റിൽ സൽവാൻ മോമിക പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സ്വീഡനിലെ മൂന്നാമത്തെ വലിയ നഗരമായ മാൽമോയിൽ ഖുറാൻ കോപ്പി കത്തിക്കുന്നത് തടയാൻ രോഷാകുലരായ ജനക്കൂട്ടം ശ്രമിച്ചതിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്വീഡൻ അദ്ദേഹത്തിന്റെ പ്രതിഷേധം അനുവദിച്ചത്. ഖുർആൻ കത്തിച്ച മോമികയുടെ നടപടി നിരവധി വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. സ്വീഡന്റെ നാറ്റോ അംഗത്വം വൈകാനും ഇതു കാരണമായിരുന്നു. തുർക്കിയുടെ എതിർപ്പിനെ തുടർന്നാണ് അംഗത്വം നീണ്ടു പോയത്. ഇറാഖിലേക്ക് മടങ്ങിയാൽ തന്റെ ജീവൻ അപകടത്തിലാകുമെന്നായിരുന്നു മോമികയുടെ ഭയം. ഏപ്രിൽ 16 വരെ താൽക്കാലിക താമസ പെർമിറ്റ് പുതുക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP