Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൽമാൻ രാജാവ് പടി ഇറങ്ങുന്നു; സൗദിയുടെ സമ്പൂർണ നിയന്ത്രണം ഇനി എംബിഎസിന്റെ കൈകളിലേക്ക്; ഇറാനുമായി നേർക്ക് നേർ പോരാട്ടമെന്ന് സൂചന; അറസ്റ്റിലായ രാജകുമാരന്മാരുടെ പ്രതീക്ഷ നഷ്ടപ്പെട്ടു; അമേരിക്കയുടെ പൂർണ പിന്തുണയോടെ ന്യൂയോർക്കിനേക്കാൾ വലിയ നഗരം വരെ ഒരുക്കി ലോകത്തെ ഞെട്ടിക്കാൻ ഒരുങ്ങി മുഹമ്മദ് ബിൻ സൽമാൻ; സൗദി നീങ്ങുന്നത് സാമ്പത്തിക-സാമൂഹിക പരിഷ്‌കരണങ്ങളുടെ വഴിയിൽ

സൽമാൻ രാജാവ് പടി ഇറങ്ങുന്നു; സൗദിയുടെ സമ്പൂർണ നിയന്ത്രണം ഇനി എംബിഎസിന്റെ കൈകളിലേക്ക്; ഇറാനുമായി നേർക്ക് നേർ പോരാട്ടമെന്ന് സൂചന; അറസ്റ്റിലായ രാജകുമാരന്മാരുടെ പ്രതീക്ഷ നഷ്ടപ്പെട്ടു; അമേരിക്കയുടെ പൂർണ പിന്തുണയോടെ ന്യൂയോർക്കിനേക്കാൾ വലിയ നഗരം വരെ ഒരുക്കി ലോകത്തെ ഞെട്ടിക്കാൻ ഒരുങ്ങി മുഹമ്മദ് ബിൻ സൽമാൻ; സൗദി നീങ്ങുന്നത് സാമ്പത്തിക-സാമൂഹിക പരിഷ്‌കരണങ്ങളുടെ വഴിയിൽ

മറുനാടൻ ഡെസ്‌ക്‌

ജിദ്ദ: സൗദിയിലെ ഭരണാധികാരി സൽമാൻ രാജാവ് അടുത്ത ആഴ്ച അധികാരം വിട്ട് പടിയിറങ്ങാൻ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. തന്റെ മകനായ മുഹമ്മദ് ബിൻ സൽമാൻ എന്ന എംബിഎസിനെ തന്റെ അനന്തരാവകാശിയായുള്ള ഔദ്യോഗിക പ്രഖ്യാപനം രാജാവ് ഉടൻ നടത്തുമെന്നാണ് സൂചന. കിരീടാവകാശിയായിരിക്കെ തന്നെ സൗദിയിൽ വിപ്ലവകരമായ പരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടിരിക്കുന്ന എംബിസിന്റെ കൈകളിലേക്ക് സൗദിയുടെ സമ്പൂർണ നിയന്ത്രണം എത്തുന്നതോടെ സൗദിയുടെ മുഖച്ഛായ തന്നെ മാറുമെന്നുറപ്പായിരിക്കുകയാണ്.

പരമ്പരാഗത വൈരിയായ ഇറാനുമായി സൗദി നേർക്ക് നേർ പോരാട്ടം നടത്താൻ എംബിഎസ് ഒരുങ്ങുന്നതായും സൂചനയുണ്ട്. എംബിഎസിന്റെ കൈകളിൽ പൂർണമായ അധികാരമെത്തുമെന്ന് ഏതാണ്ട് ഉറപ്പായതോടെ അഴിമതിയുടെ പേരിൽ അറസ്റ്റിലായ രാജകുമാരന്മാരുടെ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. അമേരിക്കയുടെ പൂർണ പിന്തുണയോടെ ന്യൂയോർക്കിനേക്കാൾ വലിയ നഗരം വരെ ഒരുക്കി ലോകത്തെ ഞെട്ടിക്കാനും സൗദി ഒരുങ്ങുന്നുണ്ട്. അഴിമതി നടത്തിയതിന്റെ പേരിൽ ഈ മാസം ആദ്യം തന്നെ 13 രാജകുമാരന്മാരെയും മന്ത്രിമാരേയും എംബിഎസ് അറസ്റ്റ് ചെയ്യിപ്പിച്ചിരുന്നു. തന്റെ കൈകളിലേക്ക് അധികാരം വരുന്നതിന്റെ ശക്തമായ സൂചനയായിരുന്നു ഇതിലൂടെ അദ്ദേഹം നൽകിയിരുന്നത്.

അധികാരം മകന് കൈമാറിയാലും സൽമാൻ രാജാവ് സൗദിയുടെ ഔദ്യോഗിക തലവനായി തുടരുമെന്നും സൂചനയുണ്ട്. ഇറാന്റെ പിന്തുണയോടെ ലെബനണിൽ പ്രവർത്തിക്കുന്ന ഹുസ്ബുള്ളയെ ഇസ്രയേലിന്റെ സഹായത്തോടെ അടിച്ചമർത്താനും എംബിഎസ് പദ്ധതിയിടുന്നുണ്ട്.കാലങ്ങളായി സൗദി പിന്തുടർന്ന് വരുന്ന മതതീവ്രവാദ- വഹാബിസ ആശയങ്ങളെ ഉപേക്ഷിച്ച് രാജ്യത്തെ മിതവാദം പുലർത്തുന്ന ഇസ്ലാമികതയിലേക്ക് നയിക്കുമെന്ന വിപ്ലവകരമായ പ്രഖ്യാപനം എംബിഎസ് അടുത്തിടെയായിരുന്നു നടത്തിയിരുന്നത്. ഇതിനെ തുടർന്ന് ലോകമാകമാനം അദ്ദേഹം ഹീറോ ആയി മാറുകയും ചെയ്തിരുന്നു.

പ്രമുഖ വ്യവസായി കൂടിയായ അൽ വലീദ് ബിൻ തലാൽ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന വാർത്ത ഗൾഫ് വ്യവസായലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിട്ടിച്ചിരുന്നു. 81 വയസ്സുള്ള സൽമാൻ രാജാവ് കഴിഞ്ഞ ജൂലൈയിലാണ് സഹോദരപുത്രന് പകരം മകനായ മുഹമ്മദ് ബിൻ സൽമാനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചത്. ഇദ്ദേഹത്തെ എംബിഎസ് എന്നാണ് അറിയപ്പെടുന്നത്. സൗദിയെ എംബിഎസ് മാറ്റത്തിന്റെ പുതിയ ലോകത്ത് എത്തിക്കുമെന്നാണ് വിലയിരുത്തൽ. രാജകുമാരന്റെ വരവിന് ശേഷം വൻതോതിലുള്ള സാമ്പത്തിക-സാമൂഹിക പരിഷ്‌കരണ നടപടികൾക്കാണ് സൗദി അറേബ്യ സാക്ഷ്യം വഹിച്ചത്. അറസ്റ്റിലായവരെ ഹോട്ടൽ മുറിയിലാണ് തടവിൽ താമസിപ്പിച്ചിരിക്കുന്നത്. അത്യാഡംബര ഹോട്ടലിലാണ് തടവറ. പക്ഷേ ഇന്ന് ഇവർക്ക് ആഡംബരമൊന്നുമില്ല. ഇവിടെ പരിമിതമായ സൗകര്യങ്ങളിലാണ് അഴിമതിക്കേസിൽ കുടുങ്ങിയവർ കഴിയുന്നത്. കിടക്കാൻ പട്ടു മെത്ത വിരിച്ച കട്ടിലുകളില്ല. എല്ലാ രാജകുമാരന്മാരും തറയിലാണ് ഉറക്കം. ഇതിന് പിന്നാലെയാണ് അധികാരം പൂർണ്ണമായും മകന് നൽകാൻ സമൽമാൻ രാജാവ് തയ്യാറെടുക്കുന്നത്.

അങ്ങനെ അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് സൗജി അറേബ്യ എന്ന രാജ്യം. ഇപ്പോഴും 21ാം നൂറ്റാണ്ടിലെ ചിന്താഗതിക്കൊപ്പം എത്താതിരുന്ന രാജ്യമെന്നായിരുന്നു സൗദിക്കുണ്ടായിരുന്ന ചീത്തപ്പേര്. ഇത് മാറ്റാൻ ശ്രമിക്കുകയാണ് മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. അഴിമതി തടയാൻ വേണ്ടിയുള്ള ശ്രമങ്ങളും ശക്തമാക്കിയതിന്റെ ഭാഗമായി രാജകുമാരന്മാർ അടക്കം 11 പേർ അറസ്റ്റിലായതായത് അന്തർദേശീയ മാധ്യമങ്ങളും ആഘോഷമാക്കി. മറ്റൊരു രാജകുമാരനടക്കം 49 പേരെ അകത്താക്കിയതിനൊപ്പം ബിൻലാദൻ കുടുംബത്തിന്റെ കോടികളുടെ ആസ്തിയിലും ഇദ്ദേഹം കൈവച്ചിരിക്കുകയാണ്. ലണ്ടൻ അടക്കം ലോകം എമ്പാടും സ്വത്തുക്കൾ സമ്പാദിച്ച രാജകുടുംബാംഗത്തിനും ഇതിന്റെ ഭാഗമായി പണികിട്ടിയിട്ടുണ്ട്. സൗദിയെ മാറ്റി മറിക്കാൻ പുറപ്പെട്ട എംബിഎസ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് രണ്ടും കൽപ്പിച്ചാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഇതോടെ ലോകം നിറഞ്ഞ പ്രതീക്ഷയിലായിരിക്കുകയാണ്.

സൗദിയെ പുതിയ കാലത്തിന് അനുസൃതമായി പരിവർത്തനപ്പെടുത്തുന്നതിനായി രാജ്യത്ത് സ്ത്രീ സ്വാതന്ത്ര്യം മുതൽ മൗലികാവകാശങ്ങൾ വരെ പുനഃസ്ഥാപിക്കുമെന്ന് രാജകുമാരൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനായി കടുംപിടിത്തക്കാരായ മുസ്ലിം പുരോഹിതരെ മാറ്റി പകരം പുരോഗമന ചിന്തയുള്ളവരെ പ്രതിഷ്ഠിക്കുമെന്നും ഈ വിധത്തിൽ സൗദിയെ ആധുനിക കാലത്തേക്ക് നയിക്കുമെന്നുമാണ് എംബിഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിൽ കീരീടാവകാശിയായി വാഴിക്കപ്പെട്ട എംബിഎസ് സ്ത്രീകൾക്കുള്ള ഡ്രൈവിങ് നിരോധനം പിൻവലിച്ചതിന് പുറമെ മിക്‌സഡ്-ജെൻഡർ നാഷണൽ ഡേയ്ക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തിരുന്നു.

ഇതിന് പുറമെ രാജ്യത്ത് സിനിമയും മ്യൂസിക്ക് കൺസേർട്ടുകളും അധികം വൈകാതെ പുനഃസ്ഥാപിക്കുമെന്നും എംബിഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പുതിയ മാറ്റങ്ങളുടെ ഭാഗമായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച സൗദി 380 ബില്യൺ പൗണ്ടിന്റെ സ്വതന്ത്ര വ്യാപാര മേഖല ബിൻ പ്രഖ്യാപിച്ചിരുന്നു. ഈ പ്രൊജക്ട് നിയോം എന്നാണ് അറിയപ്പെടുന്നത്. നോർത്ത് വെസ്റ്റേൺ തീരപ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ മേഖല രാജ്യത്തെ മറ്റിടങ്ങളിലെ നിയമങ്ങളിൽ നിന്നും വേറിട്ടായിരിക്കും പ്രവർത്തിക്കുന്നത്. ഊർജം, ജലം, ബയോടെക്‌നോളജി, ഭക്ഷണം, അഡ്വാൻസ്ഡ് മാനുഫാക്ചറിങ്,, എന്റർടെയിന്മെന്റ് എന്നിവയടക്കമുള്ള വ്യവസായങ്ങളിലായിരിക്കും ഈ സോൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എംബിഎസ് വ്യക്തമാക്കിയിരുന്നു.

ലെബനീസ് പ്രധാനമന്ത്രി സാദ് ഹരിരി സൗദി അറേബ്യയിലെത്തുകയും അവിടെ നിന്നും നാടകീയമായി രാജി വയ്ക്കുകയും സ്വയം അറസ്റ്റിന് വഴിയൊരുക്കുകയും ചെയ്തത് വൻ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. സൗദി അദ്ദേഹത്തെ കൊണ്ട് നിർബന്ധിപ്പിച്ച് രാജി വയ്പിച്ചതാണെന്ന ആരോപണവും ശക്തമായിരുന്നു. സൗദിയും ഇറാനും തമ്മിലുള്ള വടംവലികൾക്കിടയിൽ പെട്ട് ശ്വാസം മുട്ടുന്ന ലെബനണെ ഇത് കൂടുതൽ വിഷമഘട്ടത്തിലെത്തിക്കുകയും സൗദിയും ഇറാനും തമ്മിലുള്ള സ്പർധ വർധിപ്പിക്കുകയും ചെയ്തിരുന്നു.

ലെബനൺ പ്രദേശത്തെ ചൊല്ലി സൗദിയും ഇറാനും തമ്മിലുള്ള അധികാരത്തർക്കത്തിൽ ഹരിരിയെ ബലിയാടാക്കുകയായിരുന്നുവെന്നും നിർബന്ധിപ്പിച്ച് രാജി വയ്പിക്കുയായിരുന്നുവെന്നുമുള്ള തരത്തിലുള്ള ഊഹാപോഹങ്ങൾ ലെബനണിൽ പടരുകയും ചെയ്തിരുന്നു. നവംബർ 4ന് ഹൂതി വിമതർ റിയാദിന് നേരെ മിസൈൽ അയച്ചതിന് പുറകിലും ഇറാനാണെന്ന് സൗദി ആരോപിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്പർധ അടുത്ത കാലത്ത് വർധിക്കാൻ മുഖ്യ കാരണമിതായിരുന്നു. ഏതായാലും സൽമാൻ രാജാവിന് പകരം എംബിഎസിന്റെ കൈകളിൽ സമ്പൂർണ അധികാരം ലഭിക്കുന്നതോടെ ഇറാനെതിരെ സൗദി ശക്തമായി രംഗത്തെത്തുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

രാജ്യത്തെ അഴിമതിരഹിതമാക്കി നവീകരിക്കുന്നതിന് വേണ്ടി അഴിമതിക്കാരായ നിരവധി പരമ്പരാഗത വാദികളെയാണ് എംബിഎസ് ഇക്കഴിഞ്ഞ ദിവസങ്ങൾക്കിടെ അഴിക്കുള്ളിലാക്കിയിരിക്കുന്നത്. തലസ്ഥാനമായ റിയാദിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളുള്ള രാജകുടുബാംഗം അൽവഹീദഗ് ബിൻ തലാൽ രാജകുമാരനെയാണ് ബിൻ സൽമാൻ അഴിമതിയുടെ പേരിൽ അറസ്റ്റ് ചെയ്യിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരിലൊരാളായ തലാലിന്റെ ഉടമസ്ഥതയിലുള്ളതാണ് ലണ്ടനിലെ ഏറ്റവും മികച്ച ഹോട്ടലുകളിലൊന്നായ സവോയ്. സൗദിയിലെ ഏറ്റവും പരമ്പരാഗതവാദികളായ സുന്നി ഇസ്ലാം വഹാബിസത്തോട് കൂറ് പുലർത്തുന്ന പരമ്പരാഗത വാദികളെയാണ് അഴിമതിക്കെതിരായ യജ്ഞത്തിന്റെ ഭാഗമായി ബിൻ സൽമാൻ ഇപ്പോൾ അകത്താക്കിയിരിക്കുന്നത്. ഇവരെ തടവിലാക്കിയതിലൂടെ രാജ്യത്തെ ആധുനിക വൽക്കരിക്കാനുള്ള തന്റെ നീക്കം എളുപ്പമാക്കാമെന്നാണ് ബിൻ സൽമാൻ കണക്ക് കൂട്ടുന്നത്. ഇതിലൂടെ രാജ്യത്ത് ശേഷിക്കുന്ന തീവ്രവാദത്തെ കൂടി ഇല്ലായ്മ ചെയ്യാനും ഇദ്ദേഹം ലക്ഷ്യമിടുന്നുണ്ട്.

വിഷൻ 2030 എന്നാണ് തന്റെ സ്വപ്ന പദ്ധതികൾക്ക് രാജകുമാരൻ പേര് നൽകിയിരിക്കുന്നത്. ആഗോള മൂലധനത്തെയും നിക്ഷേപകരെയും സൗദിയിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനും സൗദിയെ ലോകത്തിലെ മികച്ച ഒരു നിക്ഷേപ കേന്ദ്രമാക്കുന്നതിനും വേണ്ടിയും ബിൻ സൽമാൻ പ്രയത്‌നം തുടങ്ങിയിട്ടുണ്ട്. ഇത് വഴി മുസ്ലീങ്ങളല്ലാത്ത ടൂറിസ്റ്റുകളെയും ഇവിടേക്ക് ആകർഷിക്കാൻ അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്. വർഷങ്ങളായി പരമ്പരാഗത വിശ്വാസങ്ങളാൽ വീർപ്പ് മുട്ടുന്ന സൗദിയെ മിതവാദപരമായ ഇസ്ലാമിലേക്ക് നയിക്കുമെന്ന പ്രഖ്യാപനം നടത്തിയ ബിൻ സൽമാൻ ലോകത്തിന്റെ മുഴുവൻ കൈയടി നേടിയെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP