Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഴ്‌ച്ചകൾക്കുള്ളിൽ ഉക്രെയിൻ ആക്രമിക്കാൻ ലക്ഷക്കണക്കിന് പട്ടാളക്കാരെ അതിർത്തിയിലേക്ക് അയച്ച് റഷ്യ; ചൈനയിൽ നടക്കുന്ന വിന്റർ ഓളിംപിക്സിൽ നിന്നും പിന്മാറുന്നുവെന്ന് അമേരിക്കയുടെ ഭീഷണി; റഷ്യയും അമേരിക്കയും നേർക്കുനേർ

ആഴ്‌ച്ചകൾക്കുള്ളിൽ ഉക്രെയിൻ ആക്രമിക്കാൻ ലക്ഷക്കണക്കിന് പട്ടാളക്കാരെ അതിർത്തിയിലേക്ക് അയച്ച് റഷ്യ; ചൈനയിൽ നടക്കുന്ന വിന്റർ ഓളിംപിക്സിൽ നിന്നും പിന്മാറുന്നുവെന്ന് അമേരിക്കയുടെ ഭീഷണി; റഷ്യയും അമേരിക്കയും നേർക്കുനേർ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: റഷ്യയുടെ വൻ സൈനിക സന്നാഹം ഉക്രെയിൻ അതിർത്തിയിൽ കേന്ദ്രീകരിച്ചിരിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ റഷ്യ ഉക്രെയിൻ ആക്രമിക്കുമെന്ന മുന്നറിയിപ്പ് നിലനിൽക്കവെയാണ് ഈ ചിത്രങ്ങൾ പുറത്തുവരുന്നത്. യെൽന്യയ്ക്കും പോഗോനോവോയ്ക്കും ഇടയിൽ ഏഴ് ബറ്റാലിയനുകൾ തങ്ങുന്ന മൂന്ന് ക്യാമ്പുകളെങ്കിലും ചിത്രത്തിൽ കാണാം. അതിർത്തിയിൽ നിന്നും 100 മുതൽ 150 മൈൽ ദൂരെയാണ് ഈ ക്യാമ്പുകൾ സ്ഥിതിചെയ്യുന്നത്.

അതുപോലെ റഷ്യയുടെ അധീനതയിലുള്ള ക്രീമിയൻ പ്രദേശത്തും ടാങ്കുകൾ ഉൾപ്പടെയുള്ള സന്നാഹങ്ങളുമായി വൻ സൈന്യ സാന്നിദ്ധ്യമുണ്ട്. അതിർത്തിയിൽ നിന്നും 80 മൈൽ മാറിയാണ് ഇത്. ഏകദേശം അമ്പതോളം റഷ്യൻ ബറ്റാലിയനാണ് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത് എന്ന അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മറ്റൊരു 50 ബറ്റാലിയൻ സൈന്യത്തെ കൂടി തയ്യാറാക്കിയിട്ടുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അടുത്തവർഷം ആദ്യത്തോടെ ഏകദേശം 1,75,000 സൈനികരെ ഉപയോഗിച്ച് ആക്രമണം നടത്തുവാനാണ് പുടിൻ പദ്ധതിയിടുന്നതെന്നാണ് അമേരിക്ക നൽകുന്ന മുന്നറിയിപ്പ്.

അതേസമയം റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം അനുദിനം വഷളായി കൊണ്ടിരിക്കുകയാണെന്ന് ക്രെംലിൻ വൃത്തങ്ങൾ പറഞ്ഞു. ഇത് മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പുടിനും ജോ ബൈഡനും തമ്മിൽ വീഡിയോ കോൺഫറൻസ് നടക്കാനിരിക്കെയാണീ അഭിപ്രായപ്രകടനം നടന്നത്. 2014-ൽ പുടിൻ ക്രീമിയ ആക്രമിച്ച് കീഴടക്കിയതുമുതൽ യൂറോപ്പിന്റെ കിഴക്കൻ അതിർത്തിയിൽ സംഘർഷം പുകയുകയാണ്. ഈ വർഷം ഏപ്രിൽ മുതൽ മേഖലയിലെ സൈനികശക്തി വർദ്ധിപ്പിക്കാൻ റഷ്യ ശ്രമിച്ചതോടെ സംഘർഷം കനക്കുകയായിരുന്നു.

ക്രിമിയ കീഴടക്കിയതിനുശേഷമുള്ള ഏറ്റവും വലിയ സൈനിക പ്രകടനത്തിൽ ഏപ്രിലിൽ 1 ലക്ഷം സൈനികരാണ് അതിർത്തിയിലേക്ക് നീണ്ടിയത്. എന്നാൽ, അതിനെയും കവച്ചുവയ്ക്കുന്നതാണ് ഇപ്പോഴത്തെ സൈനിക നീക്കം എന്നാണ് നീരീക്ഷകർ പറയുന്നു. 2022 ആദ്യം തന്നെ ഉക്രെയിൻ ആക്രമിക്കുക എന്നതാണ് ഇതിലൂടെ റഷ്യ ലക്ഷ്യമിടുന്നത് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതിനിടയിൽ ഉക്രെയിനിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യു എസ് സ്റ്റേറ്റ് സെക്രട്ടറി യൂറോപ്യൻ സന്ദർശനവും നടത്തിയിരുന്നു.

അമേരിക്കയും, ചൈനയും, റഷ്യയും ആയുധമത്സരം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ സംഘർഷത്തിന് ശക്തി വർദ്ധിക്കുന്നതെന്നതും ആശങ്കയുളവാക്കുന്ന കാര്യമാണ്. ഈ നൂറ്റാണ്ട് അവസാനിക്കുന്നതിനു മുൻപ് തന്നെ ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന പ്രവചനം നിലവിലിരിക്കെ ഇതുവരെ ആസ്വദിച്ചുപോല്ല ലോക പൊലീസ് പദവി വിട്ടുകൊടുക്കാൻ അമേരിക്കയും തയ്യാറാകില്ല.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി റഷ്യയിൽ നിന്നും മദ്ധ്യപൂർവ്വ ദേശത്തുനിന്നും ശ്രദ്ധതിരിച്ച്, പസഫിക് മേഖലയിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അമേരിക്ക. ഇതിന്റെ ഭാഗമായിട്ടായിരുന്നു സിറിയയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പിൻവലിച്ചതും. ഇന്ത്യയും, ആസ്ട്രേലിയയും ജപ്പാനുമായി ചേർന്ന് പുതിയ സഖ്യം രൂപീകരിച്ചതും പസഫിക് മേഖലയിലെ അമേരിക്കൻ ആധിപത്യം നിലനിർത്താനായിരുന്നു. ഈ മേഖലയിൽ ചൈനയുടെ വളരുന്ന സ്വാധീനം ഇല്ലാതെയാക്കുക എന്നതാണ് അമേരിക്കയുടെ ഉദ്ദേശം.

ശീതയുദ്ധകാലത്തിനു ശേഷം അമേരിക്ക റഷ്യയുമായി നിരവധി ആയുധ നിയന്ത്രണ കരാറുകളിൽ ഒപ്പു വച്ചിരുന്നു. ഓരോന്നായി കാലാവധി പൂർത്തിയാക്കുന്നതിനനുസരിച്ച് പുതുക്കാൻ പക്ഷെ അമേരിക്ക തയ്യാറായിട്ടില്ല. ചൈനയെ കൂടി പുതിയ കരാറുകളിൽ ഉൾപ്പെടുത്തണം എന്നതാണ് അമേരിക്കയുടെ ആവശ്യം. ഇല്ലെങ്കിൽ ചൈന സാഹചര്യം മുതലെടുത്ത് ആയുധബലം വർദ്ധിപ്പിക്കുമെന്ന് അമേരിക്ക സംശയിക്കുന്നു. എന്നാൽ, ഈ നിലപാട് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയും അസ്ഥിരതയും പുടീനെ കൂടുതൽ ആക്രമോത്സുകനാക്കുകയായിരുന്നു.

ബെലാറസ് ഏകാധിപതിയുടെ സഹായത്തോടെ യൂറോപ്പിന്റെ കിഴക്കൻ അതിർത്തിയിൽ നിർണ്ണായക സ്വാധീനം ചെലുത്താനാണ് റഷ്യയുടെ നീക്കം. മേഖലയിൽ സംഘർഷം കനക്കുന്നതിനനുസരിച്ച് ഒരു യുദ്ധ സാദ്ധ്യത എല്ലാവരും കണക്കുകൂട്ടുന്നു. നിലവിലെ സാഹചര്യത്തിൽ ഈ മേഖലയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ അധികം വൈകാതെ അതൊരു ലോകമഹായുദ്ധമായി മാറിയേക്കാം എന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP