Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടം തിരിച്ചടയ്ക്കാൻ കഴിവില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ റഷ്യയെ ഉൾപ്പെടുത്തി അമേരിക്ക; റഷ്യയ്ക്ക് വിദേശ കടത്തിന്റെ പേരിൽ വിയർക്കേണ്ടി വരും; മരിയുപോളിലേക്ക് ആക്രമണം ശക്തമാക്കിയെന്ന് സമ്മതിച്ച് യുക്രെയിൻ പ്രസിഡണ്ട്

കടം തിരിച്ചടയ്ക്കാൻ കഴിവില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ റഷ്യയെ ഉൾപ്പെടുത്തി അമേരിക്ക; റഷ്യയ്ക്ക് വിദേശ കടത്തിന്റെ പേരിൽ വിയർക്കേണ്ടി വരും; മരിയുപോളിലേക്ക് ആക്രമണം ശക്തമാക്കിയെന്ന് സമ്മതിച്ച് യുക്രെയിൻ പ്രസിഡണ്ട്

മറുനാടൻ ഡെസ്‌ക്‌

കീവ്: ഒരു നൂറ്റാണ്ടിനു മുൻപ് നടന്ന ബൊൾഷെവിക് വിപ്ലവത്തിനു ശേഷം ഇതാദ്യമായി കടം തിരിച്ചടയ്ക്കാൻ കഴിവില്ലാത്ത രാജ്യം എന്ന പദവിയിലേക്ക് അടുക്കുകയാണ് റഷ്യ. കടം തിരിച്ചടക്കാൻ കഴിവില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ റഷ്യയേയും അമേരിക്ക ഉൾപ്പെടുത്തിയതിനെ തുടർന്നാണിത്. റഷ്യയുടെഅന്താരാഷ്ട്ര കടങ്ങൾ അമേരിക്കൻ ബാങ്കുകളിലൂടെ തിരിച്ചടയ്ക്കുന്നതിനുള്ള ലൈസൻസ് പുതുക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് ധനകാര്യ വകുപ്പ് ഇന്നലെ കുറിപ്പിറക്കിയതോടെയാണ് റഷ്യ പ്രതിസന്ധിയിൽ ആയത്.

കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നെങ്കിലും, റഷ്യയുടെ ഡോളർ അടിസ്ഥിത ബോണ്ട് പേയ്മെന്റുകൾ നടത്താൻ അമേരിക്കൻ ധനകാര്യ വകുപ്പ് ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നു. ആ സൗകര്യം മെയ്‌ 25 ന് അർദ്ധരാത്രിയോടെ അവസാനിച്ചു. നിലവിൽ അന്താരാഷ്ട്ര തലത്തിലുള്ള കരുതൽ കറൻസി അമേരിക്കൻ ഡോളർ തന്നെയാണ്. അതുപോലെ ഭൂരിഭാഗം അന്താരാഷ്ട്ര ഇടപാടുകൾ നടക്കുന്നതും അമേരിക്കൻ ഡോളറിലാണ്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര സാമ്പത്തിക രംഗത്ത് അമേരിക്കയ്ക്ക് ഒരു മേൽക്കൈ ഉണ്ട്.

അമേരിക്കൻ ബാങ്കുകൾ പ്രൊസസ്സിംഗുമായി മുൻപോട്ട് പോയാൽ മാത്രമേ ഇടപാടുകൾ നടക്കുകയുള്ളു. അതിനുള്ള സൗകര്യമാണ് ഇപ്പോൾ റഷ്യയ്ക്ക് നിഷേധിച്ചിരിക്കുന്നത്. അതേസമയം, റഷ്യൻ നവ സമ്പന്നർക്ക് ഭീഷണിയായി യൂറോപ്യൻ യൂണീയൻ പുതിയ നിയമങ്ങൾ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. ഇതനുസരിച്ച്, ഇവരിൽ നിന്നും പിടിച്ചെടുക്കുന്ന സ്വത്തുക്കൾ യുക്രെയിനിന്റെ പുനർനിർമ്മാണത്തിനായി ഉപയോഗിക്കാൻ കഴിയും.

റഷ്യ, ഫെബ്രുവരി 24 ന് യുക്രെയിൻ ആക്രമണം ആരംഭിച്ചതിനു ശേഷം അമേരിക്കയും യൂറോപ്യൻ യൂണിയനും ഘട്ടം ഘട്ടമായി നടപ്പിലാക്കിയ സാമ്പത്തിക ഉപരോധമെല്ലാം തന്നെ റഷ്യയുടെ സമ്പദ്ഘടന തകർക്കുക റഷ്യൻ നവ സമ്പന്നരെ തകർക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടായിരുന്നു. അതിൽ ഏറ്റവും ഒടുവിലത്തെ പ്രഹരമാണ് അന്താരാഷ്ട്ര കടങ്ങൾ വീട്ടാൻ കഴിയാത്ത അവസ്ഥ.

അഞ്ചു തവണകളായിട്ടായിരുന്നു യുക്രെയിൻ അധിനിവേശം ആരംഭിച്ചതിനു ശേഷം റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയത്. ഇപ്പോൾ ആറാം ഘട്ടത്തിനുള്ള ആലോചനകൾ നടക്കുകയാണ്. ഈ ഘട്ടത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണ്ണമായും നിർത്തലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുകൂടി നിലവിൽ വന്നാൽ അന്താരാഷ്ട്ര കടങ്ങൾ തിരിച്ചടയ്ക്കാൻ റഷ്യക്ക് സാധ്യമാകാതെ വന്നേക്കാം. ഉപരോധം നിലനിൽക്കുമ്പോഴും ഇതുവരെ അന്താരാഷ്ട്ര കടങ്ങൾ തിരിച്ചടക്കുന്നതിൽ റഷ്യ വീഴ്‌ച്ച വരുത്തിയിട്ടില്ല. എന്നാൽ ഈ കടങ്ങൾ തിരിച്ചടച്ചിരുന്നത് അമേരിക്കൻ ബാങ്കുകളിലെ ഹോൾഡിങ്സ് വഴിയായിരുന്നു.

ഇപ്പോൾ അതിനുള്ള അവസരവും ഇല്ലാതെയായിരിക്കുകയാണ്. ഇതോടെ ഈ വർഷം അവസാനമാകുമ്പോഴേക്കും റഷ്യയുടെ അന്താരാഷ്ട്ര കടം 2 ബില്യൺ ഡോളർ ആകും. മാത്രമല്ല, അന്താരാഷ്ട്ര കടം തിരിച്ചടക്കുന്നതിൽ വീഴ്‌ച്ച വരുത്തിയാൽ അന്താരാഷ്ട്ര ബോണ്ട് വിപണികളീൽ നിന്നും ഒഴിവാക്കും. തത്ഫലമായികൂടുതൽ കടം എടുക്കാൻ കഴിയാതെ വരും. അതുപോലെ കടം ലഭിച്ചാൽ തന്നെ കൂടുതൽ വലിയ നിരക്കിലുള്ള പലിശ നൽകേണ്ടതായി വരും.

മുൻകാലങ്ങളിൽ ഇത്തരത്തിൽ കടം തിരിച്ചടക്കാത്ത രാജ്യങ്ങളുടെ വസ്തുവകകൾ പിടിച്ചെടുത്തിട്ടുണ്ട്. 2014-ൽ കടം തിരിച്ചടക്കാതെ വന്ന അർജന്റീനയുടെ ഒരു നേവി കപ്പലും പ്രസിഡണ്ട് ഉപയോഗിക്കുന്ന വിമാനവും പിടിച്ചെടുത്തിരുന്നു. നിലവിലെ കരാറുകൾ അനുസരിച്ച് മെയ്‌ 27 നും ജൂൺ 24 നുമായി ഏകദേശം 500 മില്യൺ ഡോളർ മൂല്യമുള്ള കടം റഷ്യ തിരിച്ചടക്കേണ്ടതായിട്ടുണ്ട്. എന്നാൽ, ഇതിന്റെ അല്പം ഭാഗം ഡോളർ അല്ലാത്ത മറ്റ് കറൻസികൾ വഴിയും തിരിച്ചടക്കാം എന്നത് റഷ്യക്ക് അല്പം ആശ്വാസം പകരുന്ന കാര്യമാണ്.

അതിനിടയിൽ, കിഴക്കൻ യുക്രെയിനിലെ പ്രമുഖ നഗരങ്ങളിൽ ഒന്നായ സെവെരോഡോൻഡ്സ്‌കിന് സമീപമെത്തിയ റഷ്യൻ സൈന്യം കഠിനമായ ആക്രമണമാണ് അഴിച്ചു വിട്ടിരിക്കുന്നത്. മറ്റൊരു മരിയുപോൾ ആവർത്തിക്കുമെന്ന ആശങ്ക യുക്രെയിൻ വൃത്തങ്ങൾ പങ്കുവയ്ക്കുന്നു. അവശേഷിച്ച സൈനിക ശക്തി മുഴുവനും ഡോൺബാസ് മേഖലയിൽ റഷ്യ ഉപയോഗിക്കുകയാണെന്ന് യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമർ സെലെൻസ്‌കി ആരോപിച്ചു.

നഗരത്തെ റഷ്യൻ സൈന്യം വളഞ്ഞതോടെ അതിനകത്ത് അകപ്പെട്ട സാധാരണക്കാർക്ക് നേരെ റഷ്യൻ സൈന്യം ഷെൽ ആക്രമണം നടത്തുകയാണെന്നും യുക്രെയിൻ ആരോപിച്ചു. അല്പം സാവധാനത്തിലാണെങ്കിലും കിഴക്കൻ മേഖലയിലേക്ക് സ്ഥിരതയാർന്ന മുന്നേറ്റം കാഴ്‌ച്ചവയ്ക്കാൻ റഷ്യൻ സൈന്യത്തിന് ആകുന്നുണ്ട് എന്നാണ് യുദ്ധനിരീക്ഷകരുടെ പൊതുവേയുള്ള വിലയിരുത്തൽ. മൂന്ന് മാസത്തിനു ശേഷം ഇപ്പോൾ ഏടുത്തു പറയത്തക്ക ചില നേട്ടങ്ങൾ കൈവരിക്കാൻ റഷ്യൻ സൈന്യത്തിന് കഴിയുന്നുണ്ട് എന്ന് പാശ്ചാത്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP