Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹിരാകാശത്തെ അമേരിക്കൻ ഉപഗ്രഹങ്ങളെ ആക്രമിച്ച് റഷ്യയും ചൈനയും; അത്യാധുനിക ആയുധങ്ങൾ വികസിപ്പിക്കുവാനും മൂന്നു രാജ്യങ്ങളും തമ്മിൽ കടുത്ത മത്സരം; റഷ്യൻ ബഹിരാകാശ യാനത്തിൽ ദ്വാരമിട്ട അമേരിക്ക വനിതാ ബഹിരാകാശ സഞ്ചാരിക്കെതിരെ കേസെടുക്കാൻ റഷ്യ; ഭൂമിയിലെ യുദ്ധങ്ങൾ ദൈവങ്ങളുറങ്ങുന്ന അനന്തതകളിലേക്കും നീങ്ങുമ്പോൾ

ബഹിരാകാശത്തെ അമേരിക്കൻ ഉപഗ്രഹങ്ങളെ ആക്രമിച്ച് റഷ്യയും ചൈനയും; അത്യാധുനിക ആയുധങ്ങൾ വികസിപ്പിക്കുവാനും മൂന്നു രാജ്യങ്ങളും തമ്മിൽ കടുത്ത മത്സരം; റഷ്യൻ ബഹിരാകാശ യാനത്തിൽ ദ്വാരമിട്ട അമേരിക്ക വനിതാ ബഹിരാകാശ സഞ്ചാരിക്കെതിരെ കേസെടുക്കാൻ റഷ്യ; ഭൂമിയിലെ യുദ്ധങ്ങൾ ദൈവങ്ങളുറങ്ങുന്ന അനന്തതകളിലേക്കും നീങ്ങുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്നാണ് ബൈബിൾ വചനം. അധികാരകൊതിയും യുദ്ധഭ്രാന്തും മൂത്ത് ഭൂമിയിലെ മനുഷ്യരുടെ സമാധാനം ഇല്ലാതെയാക്കിയവർ ഇനിയിപ്പോൾ ലക്ഷ്യം വയ്ക്കുന്നത് അത്യൂന്നതങ്ങളിലെ ദൈവയിടങ്ങളാണ്. ഭൂമിയിലെ യുദ്ധത്തെ ബഹിരാകാശത്തും എത്തിക്കാനുള്ള ശ്രമത്തിലാണ് റഷ്യയും ചൈനയും. ബഹിരാകാശത്ത് വിവിധ ഉദ്ദേശ്യങ്ങൾക്കായി വിന്യസിച്ചിട്ടുള്ള അമേരിക്കയുടെ ഉപകരണങ്ങൾക്ക് നേരെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് റഷ്യയും ചൈനയും പ്രതിദിനം ആക്രമണം നടത്തുന്നു എന്നാണ് ഒരു സ്പേസ് ഫോഴ്സ് ഉദ്യോഗസ്ഥൻ ആരോപിക്കുന്നത്.

ബഹിരാകാശത്ത് ആയുധശേഖരങ്ങൾ സ്വരൂപിക്കുന്നതിൽ റഷ്യയും അമേരിക്കയും ചൈനയും തമ്മിൽ നടക്കുന്ന മത്സരം കഴിഞ്ഞ ഏതാനും വർഷങ്ങളായി അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരിക്കുകയാണ്.അത്തരമൊരു നീക്കം കൊടിയ അപകടം ക്ഷണിച്ചു വരുത്തുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പോലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും മത്സരം കടുക്കുകയല്ലാതെ ദുർബലപ്പെടുന്നില്ല. ഭീഷണി പ്രതിദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കഴിഞ്ഞ കുറേകാലമായി നടക്കുന്ന പ്രവർത്തനങ്ങളുടെ പരിണിതഫലമാണെന്നാണ് യു എസ് സ്പേസ് ഫോഴ്സിന്റെ ആദ്യത്തെ വൈസ് ചീഫ് ആയ ജനറൽ ഡേവിഡ് തോംപ്സൺ പറയുന്നത്.

ലേസറുകൾ, റേഡിയോ ആവൃത്തി, ജാമിങ് എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രതിദിനം അമേരിക്കൻ ഉപഗ്രഹങ്ങളെ ആക്രമിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. സൈബർ ആക്രമണങ്ങളും നടക്കുന്നുണ്ട്. മാത്രമല്ല, 2019-ൽ ഒരു റഷ്യൻ ഉപഗ്രഹം നടത്തിയ ആയുധ പരിശീലന സമയത്ത് അത് ഒരു അമേരിക്കൻ ഉപഗ്രഹത്തോട് വളരെ അടുത്തുവന്നെത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ബഹിരാകാശ സാങ്കേതിക വിദ്യയിൽ ഇപ്പോഴും അമേരിക്ക തന്നെയാണ് മുന്നിലെന്നും ജനറൽ പറയുന്നു.

എന്നാൽ, ഇപ്പോൾ ചൈന അമേരിക്കയ്ക്ക് ഒപ്പമെത്താനുള്ള ശ്രമത്തിലാണ്. ഓരോ വർഷവും അമേരിക്ക അയയ്ക്കുന്നതിന്റെ ഇരട്ടി ഉപഗ്രഹങ്ങളാണ് ചൈന ഇപ്പോൾ ബഹിരാകശത്തേക്ക് അയയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, ചൈന ഇപ്പോൾ ഉന്നം വയ്ക്കുന്നത് ലോകത്തിന്റെ ഏതുഭാഗത്തേയും സൂക്ഷ്മമായി നിരീക്ഷിക്കാൻ കഴിവുള്ള ഗ്ലോബൽ സാറ്റലൈറ്റുകളെ നിർമ്മിക്കാനാണ്. അവിശ്വസനീയമായ വേഗത്തിലാണ് ഇക്കാര്യത്തിൽ ചൈന മുന്നേറിക്കൊണ്ടിരിക്കുന്നതും.

അതുപോലെ ബഹിരാകാശത്തു വെച്ച് മറ്റൊരു വസ്തുവിനെ റോബോട്ടിക് ആം പോലുള്ള സംവിധാനങ്ങൾ കൊണ്ട് ആക്രമിക്കാൻ കഴിവുള്ള ഒരു ഉപഗ്രഹത്തിനായുള്ള ഗവേഷണവും ചൈന നടത്തിക്കൊണ്ടിരിക്കുകയാണ്. അത് പ്രാവർത്തികമായാൽ, ചൈനയുടെ ആണവായുധ പദ്ധതികളേയും ഉയിഗൂർ മുസ്ലീങ്ങളേയും കുറിച്ചുള്ള വിവരങ്ങൾ എല്ലാം പുറത്തുകൊണ്ടുവന്ന അമേരിക്കൻ ഉപഗ്രഹങ്ങളെ നിശ്ശേഷം ഇല്ലാതെയാക്കാൻ ചൈനയ്ക്ക് കഴിയും. നിലവിൽ സാങ്കേതിക വിദ്യയിൽ റഷ്യയേക്കാൾ വളരെ മുന്നിലാണ് ചൈന എന്നും തോംപ്സൺ പറയുന്നു.

ഈ മാസമാദ്യം ഒരു ആന്റി-സാറ്റലൈറ്റ് ആയുധം റഷ്യ പരീക്ഷിച്ചിരുന്നു. ലോകത്തിലെ ശാസ്ത്ര സമൂഹം ഭയപ്പാടോടെയാണ് ആ നീക്കത്തെ കണ്ടത്. ഇക്കഴിഞ്ഞ നവംബർ 15 ന് പരീക്ഷിച്ച ആയുധം റഷ്യയുടെ തന്നെ ഉപയോഗരഹിതമായ കോസ്മോസ് ഉപഗ്രഹത്തെ നശിപ്പിച്ചിരുന്നു. ഈ പരീക്ഷണത്തിൽ തകർന്ന ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ വർഷങ്ങളോളം ബഹിരാകാശ പേടകങ്ങൾക്ക് ഭീഷണിയായി തുടരുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ അവശിഷ്ടങ്ങളിൽ നിന്നും രക്ഷനേടാൻ ഭൂമിയിൽ നിന്നും 260 മൈൽ ദൂരെയുള്ള ഓർബിറ്റിൽ സഞ്ചരിക്കുന്ന ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനോട് രണ്ടു മണിക്കൂർ സമയം സുരക്ഷിത സ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ടിരുന്നു.

ആധുനിക ആയുധങ്ങൾ വികസിപ്പിക്കാൻ അമേരിക്കയും ചൈനയും

നിലവിലെ ആയുധങ്ങൾ ഒന്നും തന്നെ മതിയാകില്ലെന്ന ഭയത്താൽ ആയിരിക്കും പുതിയ ആയുധങ്ങൾ വികസിപ്പിക്കുവാനുള്ള മത്സരത്തിലാണ് അമേരിക്കയും ചൈനയും. ഹൈപ്പർസോണിക് ആയുധങ്ങളാണ് ഇരു രാജ്യങ്ങളും ഉന്നം വയ്ക്കുന്നത്. കൂടുതൽ കൂടുതൽ അതിവേഗ ആയുധങ്ങൾ ഇരു രാജ്യങ്ങളും പരീക്ഷിക്കുന്നുണ്ട്. ഇത് ആയുധ മത്സരം തന്നെയാണ്. എന്നാൽ, എണ്ണം വർദ്ധിപ്പിക്കാനല്ല, ഗുണമേന്മ വർദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് എയർഫോഴ്സ് സെക്രട്ടറി റോയിറ്റേഴ്സിനോട് പറഞ്ഞു.

ഒക്ടോബറിൽ ചൈന ഒരു ഹൈപ്പർസോണിക് മിസൈൽ സംവിധാനം പരീക്ഷിച്ചിരുന്നതായി അമേരിക്കൻ സൈനിക ഉദ്യോഗസ്ഥനായ ജനറൽ മാർക്ക് മില്ലീ സ്ഥിരീകരിച്ചിരുന്നു. ഈ സംവിധാനത്തിന് ബഹിരാകാശത്ത് നിലയുറപ്പിക്കുവാനുള്ള കഴിവുമുണ്ടെന്നാണ് ഇപ്പോൾ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഈ വർഷം പെന്റ്ഗണും നിരവധി തവണ ഹൈപ്പർസോണിക് ആയുധങ്ങൾ പരീക്ഷിച്ചു, സമ്മിശ്ര ഫലങ്ങളാണ് ഉണ്ടായത്.

നാസയുടെ ബഹിരാകാശ യാത്രികയ്ക്കെതിരെ കേസെടുക്കാൻ റഷ്യ

2018-ൽ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ തങ്ങിയ സമയത്ത് റഷ്യയുടെ സോയൂസ് എം എസ് -09 ബഹിരാകാശയാനത്തിൽ രണ്ട് മില്ലീമീറ്റർ ദ്വാരമുണ്ടാക്കി എന്ന കുറ്റത്തിന് അമേരിക്കൻ ബഹിരാകാശ യാത്രികയ്ക്കെതിരെ കേസെടുക്കുമെന്ന് റഷ്യൻ സ്പേസ് ഏജൻസി മുന്നറിയിപ്പ് നൽകി. അടുത്ത സമയത്താണ് ഏജൻസി ഇക്കാര്യത്തിലുള്ള അന്വേഷണം പൂർത്തിയാക്കിയത്. ആ സമയത്ത് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സെറീന അനോൺ ചാൻസലർ എന്ന യാത്രികയാണ് ഇതിലെ പ്രതി എന്ന് ഏജൻസി പറയുന്നു. ഇതൊരു അട്ടിമറി ശ്രമമായിരുന്നു എന്നും അവർ പറയുന്നു.

അന്വേഷണ റിപ്പോർട്ട് കൂടുതൽ നടപടികൾക്കായി റഷ്യൻ ലോ എൻഫോഴ്സ്മെന്റ് അധികൃതർക്ക് കൈമാറിയതായി സ്പേസ് ഏജൻസി അറിയിച്ചു. നേരത്തേ ഭൂമിയിലെക്ക് തിരിച്ചെത്താം എന്ന പ്രതീക്ഷയിലാണ് അവർ അനോൺ ചാൻസലർ യാനത്തിൽ ദ്വാരമിട്ടതെന്ന് ഒരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. രക്തം കട്ടപിടിക്കുന്ന ആരോഗ്യ പ്രശ്നമുണ്ടായതിനാലോ, അല്ലെങ്കിൽ അപ്പോൾ സ്റ്റേഷനിൽ ഉണ്ടായിരുന്ന അനോൺ ചാൻസലറുടെ കാമുകനുമായി ഉണ്ടായ വഴക്കിന്റെ പേരിലോ ആയിരിക്കും അവർ നേരത്തേ മടങ്ങാൻ തീരുമാനിച്ചതെന്നും പത്രം പറയുന്നു.

എന്നാൽ, സ്പേസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന കാലത്തു തന്നെ ആനോൺ ജെഫ് ചാൻസലറെ വിവാഹം കഴിച്ചിരുന്നു. ഇപ്പോഴും അവരുടെ ബന്ധം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ കാമുകൻ എന്ന് പരാമർശിക്കുന്നത് ആരെ ഉദ്ദേശിച്ചാണെന്ന് വ്യക്തമല്ല. എന്നാൽ ഈ ആരോപണത്തെ കുറിച്ച് നാസ ഇതുവരെ പ്രതികരിച്ചിട്ടില്ല.

റഷ്യൻ സ്പേസ് ഏജൻസിയായ റോസ്‌കോസ്മോസിന്റെ വക്താക്കൾ പറയുന്നത് ഒന്നിലധികം ദ്വാരങ്ങൾ യാനത്തിൽ ഉണ്ടായിരുന്നു എന്നാണ്. യാനത്തിനകത്തെ മർദ്ദ നിലയിൽ വ്യത്യാസം വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 2018 ഓഗസ്റ്റ് 30 ന് ആയിരുന്നു ഈ ദ്വാരങ്ങൾ കണ്ടെത്തിയത്. റഷ്യൻ ബഹിരാകാശ യാത്രികർ ഉടൻ തന്നെ ദ്വാരങ്ങൾ അടയ്ക്കുകയും യാനത്തിനകത്തെ മർദ്ദനില പഴയതിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. ബഹിരാകാശത്ത് പറന്നു നടക്കുന്ന അവശിഷ്ടങ്ങൾ കാരണം ഉണ്ടായതായിരിക്കും ദ്വാരം എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ സൂക്ഷ്മ പരിശോധനയിൽ യാനത്തിന്റെ അകത്തുനിന്നാണ് ദ്വാരം ഇട്ടിരിക്കുന്നത് എന്ന് തെളിഞ്ഞതായി പറയപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP