Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

സുലൈമാനിയുടെ ജീവനെടുത്ത അമേരിക്കയെ അയൽരാജ്യത്ത് സ്വസ്ഥമായി കഴിയാൻ അനുവദിക്കില്ലെന്ന് ശപഥം ചെയ്തു ഇറാൻ; ബാഗ്ദാദിലെ സൈനിക ക്യാമ്പിന് സമീപം നാശം വിതച്ചത് അഞ്ച് ഇറാൻ മിസൈലുകൾ; ഒന്നും സംഭവിച്ചില്ലെന്ന് അമേരിക്ക പറയുമ്പോഴും അപകടത്തിന്റെ വ്യാപ്തി അറിയാനാകാതെ ലോകം; അമേരിക്കക്കെതിരെ ഒരു വിട്ടുവീഴ്‌ച്ചയുമില്ലാതെ ഇറാൻ മുൻപോട്ടു തന്നെ

സുലൈമാനിയുടെ ജീവനെടുത്ത അമേരിക്കയെ അയൽരാജ്യത്ത് സ്വസ്ഥമായി കഴിയാൻ അനുവദിക്കില്ലെന്ന് ശപഥം ചെയ്തു ഇറാൻ; ബാഗ്ദാദിലെ സൈനിക ക്യാമ്പിന് സമീപം നാശം വിതച്ചത് അഞ്ച് ഇറാൻ മിസൈലുകൾ; ഒന്നും സംഭവിച്ചില്ലെന്ന് അമേരിക്ക പറയുമ്പോഴും അപകടത്തിന്റെ വ്യാപ്തി അറിയാനാകാതെ ലോകം; അമേരിക്കക്കെതിരെ ഒരു വിട്ടുവീഴ്‌ച്ചയുമില്ലാതെ ഇറാൻ മുൻപോട്ടു തന്നെ

മറുനാടൻ ഡെസ്‌ക്‌

ബാഗ്ദാദ്: ഇറാന്റെ എല്ലാമെല്ലാമായിരുന്നു ഖാസിം സുലൈമാനി എന്ന പട്ടാളക്കാരൻ. അതുകൊണ്ടു തന്നെയാണ് അമേരിക്ക ഡ്രോൺ ആക്രമണത്തിലൂടെ അദ്ദേഹത്തെ ഇല്ലാതാക്കിയതോടെ എന്തുവില കൊടുത്തും അതിന് പകരം ചോദിക്കുമെന്ന് ഇറാൻ ശപഥം ചെയ്തത്. ഇറാഖിലുള്ള യുഎസ് സൈന്യത്തിന് നേരെ തുടർച്ചയായ ആക്രമണങ്ങളാണ് ഇറാൻ നടത്തുന്നത്. ഈ ആക്രമണങ്ങളൊന്നും തങ്ങളെ ബാധിച്ചിട്ടില്ലെന്ന് അമേരിക്ക പറയുമ്പോഴും എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ആർക്കും ഒരു വ്യക്തതയും ഇല്ലെന്നാണ് അറിയുന്നത്. അമേരിക്കൻ സൈനിക താവളങ്ങൾക്ക നേരെ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുള്ള യുഎസ് എംബസിക്ക് സമീപത്തും റോക്കറ്റ് ആക്രമണം നടത്തി ഇറാൻ.

Stories you may Like

ഒന്നിനും പിന്നാലെ മറ്റൊന്നായി അഞ്ച് റോക്കറ്റുകളാണ് എംബസിക്ക് മേൽ പതിച്ചത്. എംബസിക്കു സമീപം ഞായറാഴ്ച രാത്രി മിസൈൽ പതിച്ചതെന്നാണ് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്. വിദേശ രാജ്യങ്ങളുടെ എംബസി ഉൾപ്പെട്ട ഗ്രീൻ സോണിലായിരുന്നു റോക്കറ്റാക്രമണം. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. ഇവിടെ നിന്നുള്ള വിഡിയോകളും ട്വിറ്ററിൽ പ്രചരിക്കുന്നു. 'സുരക്ഷാ സ്ഥാനത്തേക്കു മാറുക' എന്നു സ്പീക്കറിലൂടെ നിർദ്ദേശിക്കുന്നതും വീഡിയോകളിൽ കേൾക്കാം.

ഇറാഖിലെ യുഎസ് സൈനിക സാന്നിധ്യത്തിനെതിരെ 25നു ബഗ്ദാദിൽ വൻ പ്രതിഷേധ റാലി നടന്നിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും സമാനമായ ആക്രമണം എംബസിക്കു സമീപമുണ്ടായിരുന്നു. മൂന്നു റോക്കറ്റുകളാണ് അന്നു പതിച്ചത്. അന്നും മുന്നറിയിപ്പു സൈറൻ മുഴക്കുകയും സുരക്ഷിതസ്ഥാനത്തേക്കു മാറാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇത്തവണ എംബസിക്കു തൊട്ടടുത്താണ് റോക്കറ്റ് പതിച്ചതെന്നാണ് റിപ്പോർട്ടുകൾ. സുലൈമാനിയുടെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന് ഉറപ്പിച്ച ഇറാന്റെ ആക്രമണം തന്നെയാണ് ഇതെന്നാണ് വ്യക്തമാകുന്ന കാര്യം.

ടൈഗ്രിസ് നദിയുടെ പടിഞ്ഞാറൻ തീരത്താണ് മിക്ക വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന ഗ്രീൻ സോൺ. ഇവിടെ നിന്ന് വൻ മുഴക്കം കേട്ടതായി വിദേശ മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസത്തെ ഇടവേളയ്ക്കിടെയുണ്ടായ ആക്രമണങ്ങൾ മേഖലയിലെ അശാന്തിയേറ്റുന്നതുമായി. മൂന്ന് മിസൈലുകളാണ് പതിച്ചതെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇറാന്റെ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ ജനുവരി മൂന്നിന് ഇറാഖിൽ യുഎസ് വ്യോമാക്രമണത്തിൽ വധിച്ചതിനെത്തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്. എട്ടിന് ഇറാഖിലെ യുഎസിന്റെ സൈനികത്താവളത്തിനു നേരെ ഇറാന്റെ ആക്രമണവുമുണ്ടായിരുന്നു.

കാത്യുഷ റോക്കറ്റാക്രമണങ്ങളാണ് എംബസിക്കു സമീപം നേരത്തേ ഉണ്ടായിട്ടുള്ളത്. ഇത്തവണയും അതുതന്നെയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം ആക്രമണങ്ങൾ ഏറ്റെടുക്കാൻ ഇതുവരെ ആരും തയാറായിട്ടില്ല.ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യം വച്ചല്ലാതെ ഒരു മേഖലയിലേക്ക് തുടരെ റോക്കറ്റുകൾ വന്നുവീഴുംവിധമാണ് കാത്യുഷ ലോഞ്ചറിന്റെ പ്രവർത്തനം. അതിവേഗത്തിൽ റോക്കറ്റുകളയയ്ക്കാനും സാധിക്കും. രണ്ടാംലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ഉപയോഗിച്ചിരുന്നതാണ് ഇവ. ഇറാനിലേക്കും ഇറാഖിലേക്കും ഇവ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇറാനിൽ ഇവയുടെ നിർമ്മാണ യൂണിറ്റുകളുമുണ്ട്.

അതിനിടെ ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്ന് 34 സൈനികർക്ക് മസ്തിഷ്‌ക ക്ഷതമേറ്റതായി പെന്റഗൺ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഒരു സൈനികന് പോലും പരിക്കേറ്റിട്ടില്ലെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തിരുത്തുന്നതാണ് പെന്റഗൺ പുറത്തുവിട്ട വിവരം. മസ്തിഷ്‌ക ക്ഷതമേറ്റവരിൽ എട്ട് സൈനികർ ഇക്കഴിഞ്ഞ വെള്ളിയാഴ്ച യു.എസിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു.

സൈനികർക്ക് മസ്തിഷ്‌ക ക്ഷതമേറ്റതായി പെന്റഗൺ വക്താവ് ജൊനാഥൻ ഹോഫ്മാനാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇവരിൽ 17 പേരെ ചികിത്സക്കായി ജർമനിയിലേക്ക് മാറ്റി. ഒമ്പത് പേർ ഇറാഖിലെ സൈനിക ആശുപത്രിയിലാണുള്ളത്. എട്ട് പേരാണ് വിദഗ്ധ ചികിത്സക്കായി യു.എസിൽ തിരിച്ചെത്തിയതെന്നും വക്താവ് പറഞ്ഞു. മിസൈൽ ആക്രമണവും ശക്തമായ സ്‌ഫോടനവും നടക്കുമ്പോൾ പെട്ടെന്നുണ്ടായ അന്തരീക്ഷ മർദത്തിന്റെ വ്യത്യാസമാണ് മസ്തിഷ്‌ക ക്ഷതത്തിന് കാരണം.

സൈനികർക്ക് ചെറിയ തലവേദന മാത്രമാണുള്ളതെന്നും ആർക്കും ഗുരുതര പരിക്കില്ലെന്നുമാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നത്. ജനുവരി എട്ടിനാണ് ഇറാഖിലെ അൽ അസദ് സൈനികതാവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായാണ് അമേരിക്കൻ സൈനിക താവളം ആക്രമിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP