Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202308Thursday

ഋഷി സുനക് പ്രധാനമന്ത്രി ആയതിന്റെ ബ്രിട്ടനിലും വംശീയ സൂചനകൾ തല പൊക്കി തുടങ്ങി; ലെസ്റ്റർ സംഭവ പശ്ചാത്തലത്തിൽ ദീപാവലി ആഘോഷം എന്തിനെന്ന സൂചനയോടെ എൻഎച്ച്എസ് ജീവനക്കാർക്ക് ഇമെയിൽ; നടപടി ചോദ്യം ചെയ്യാൻ ഹിന്ദു സംഘടനകൾ; ഈദിനും ഈസ്റ്ററിനും സമാന സന്ദേശം അയക്കാൻ ധൈര്യമുണ്ടോ എന്ന് മറുചോദ്യം ഉയരുമ്പോൾ

ഋഷി സുനക് പ്രധാനമന്ത്രി ആയതിന്റെ ബ്രിട്ടനിലും വംശീയ സൂചനകൾ തല പൊക്കി തുടങ്ങി; ലെസ്റ്റർ സംഭവ പശ്ചാത്തലത്തിൽ ദീപാവലി ആഘോഷം എന്തിനെന്ന സൂചനയോടെ എൻഎച്ച്എസ് ജീവനക്കാർക്ക് ഇമെയിൽ; നടപടി ചോദ്യം ചെയ്യാൻ ഹിന്ദു സംഘടനകൾ; ഈദിനും ഈസ്റ്ററിനും സമാന സന്ദേശം അയക്കാൻ ധൈര്യമുണ്ടോ എന്ന് മറുചോദ്യം ഉയരുമ്പോൾ

പ്രത്യേക ലേഖകൻ

ലണ്ടൻ: ഋഷി സുനക് പ്രധാനമന്ത്രി ആയതിന്റെ ബ്രിട്ടനിലും വംശീയ സൂചനകൾ തലപൊക്കി തുടങ്ങിയോ? അത്തരം ലക്ഷങ്ങൾ ബ്രിട്ടീഷ് സമൂഹത്തിൽ കണ്ടെത്തി തുടങ്ങിയെന്നാണ് പുറത്തുവരുന്ന സൂചനകൾ. ''ഹാപ്പി ദീപാവലി'', മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ നിന്നും ഇക്കഴിഞ്ഞ ദീപാവലി നാളിൽ ജീവനക്കാർക്ക് പറന്ന ഇമെയിൽ തലക്കെട്ട് ഇങ്ങനെ ആയിരുന്നു. സ്വാഭാവികമായും നിർദോഷമായ ഒരു ആശംസ സന്ദേശം ആയിരിക്കുമെന്ന ധാരണയിൽ മിക്ക ജീവനക്കാരും ഇമെയിൽ തുറന്നു പോലും നോക്കിയില്ല. എന്നാൽ നീണ്ട ലേഖനമായി അയച്ച ഇമെയിൽ തുറന്നു നോക്കിയവർ അക്ഷരാർത്ഥത്തിൽ ഞെട്ടിപോകുക ആയിരുന്നു. കാരണം ഇയ്യിടെ നടന്ന ലെസ്റ്ററിലെ മത സംഘർഷ പശ്ചാത്തലത്തിൽ ഇത്തരം ആഘോഷങ്ങളാണ് സംഘർഷങ്ങളിലേക്കു പോലും വഴി തുറക്കുന്നത് എന്ന കാഴ്ചപ്പാടാണ് ''എംബ്രാസ് '' എന്ന ഹോസ്പിറ്റൽ ജീവനക്കാരുടെ ഗ്രൂപ്പിൽ നിന്നും എത്തിയ സന്ദേശത്തിന്റെ കാതൽ.

ഇതോടെ ഇത്തരം ഒരു സന്ദേശം സമത്വവും നാനാത്വവും കാത്തുസൂക്ഷിക്കും എന്ന് പരസ്യമായി പറയുന്ന തൊഴിൽ സ്ഥാപനത്തിൽ നിന്നും ഒരു വിഭാഗം ജീവനക്കാരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന സന്ദേശമടങ്ങിയ ലേഖനം എങ്ങനെ അയക്കാനിടയായി എന്ന ചോദ്യമുയർന്നു. പ്രധാനമായും മലയാളി സമൂഹത്തിൽ അടുത്തിടെ എത്തിയവർക്കാണ് ഇമെയിൽ ലഭിച്ചത്. മുൻകാലങ്ങളിൽ വന്നവർ എംബ്രാസ് ടീമിൽ ചേരാതിരുന്നതുകൊണ്ട് അവരാരും ഈ മെയിൽ കണ്ടതുമില്ല. എന്നാൽ തങ്ങളെ ലക്ഷ്യം വച്ചെത്തിയ ഈമെയിലിന് അനേകം ജീവനക്കാർ പ്രതികരണം അയച്ചതോടെ എംബ്രാസ് ടീം പ്രതിരോധത്തിലായി.

ഋഷി സുനക്ക് പ്രധാനമന്ത്രിയായതോടെ കണ്ണുകടി കൂടി

മാത്രമല്ല വിഷയം ഉടനടി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ചർച്ചയായി. ഇതോടെ ഋഷി സുനക് പ്രധാനമന്ത്രിയായ ശേഷം യുകെയിലെ ഇന്ത്യൻ സമൂഹം തുടർച്ചയായി നേരിടുന്ന വംശീയ വിധ്വേഷ പരമ്പരയിലെ മറ്റൊരു കണ്ണി കൂടിയായി വിശേഷിപ്പിക്കപ്പെടുകയാണ് മാഞ്ചസ്റ്ററിലെ പ്രകോപനപരമായ ദീപാവലി ആശംസ. വെറുമൊരു കൈതെറ്റല്ല മറിച്ചു ഒന്നിലേറെപ്പേരുടെ കൂട്ടായ ആലോചനയിലൂടെ രൂപം കൊണ്ട ദീർഘമായ ലേഖനമാണ് ആശംസ എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ടത് എന്നതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്.

ഇന്ത്യയിൽ അടുത്തിടെയായി മത ധ്രുവീകരണം ശക്തിപ്രാപിക്കുന്നതിൽ ആശങ്ക പങ്കുവച്ചുകൊണ്ടാണ് ആശംസ കത്തിന്റെ തുടക്കം. ഹിന്ദു ഫോബിയ എന്നതിനേക്കാൾ ഉപരി ഹിന്ദു വിരുദ്ധതയാണ് കത്തിൽ ഉടനീളം പ്രകടമാകുന്ന ഭാഷയെന്നും എതിർപ്പുയർത്തിയ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ അതീവ താൽപര്യം ഉള്ള ആരുടെയോ മനസിലിരിപ്പാണ് കത്തിലൂടെ പുറത്തു വന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ ലെസ്റ്ററിലും ബിർമിൻഹാമിലും നടന്ന ഹിന്ദു മുസ്ലിം ലഹളയ്ക്ക് സമാനമായ സംഭവങ്ങൾക്ക് വര്ഷങ്ങളുടെ പിന്നാമ്പുറം പറയാനുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന കത്തിൽ അടുത്ത വാചകത്തിൽ പറയുന്നത് അടുത്തിടെയായി ഇന്ത്യയിൽ ഉയർന്നു വന്ന വലതു ഹിന്ദു ശക്തികളുടെ സ്വാധീനം യുകെയിലും യുഎസഎയിലും വർധിച്ചു വരുന്നതും വിദേശ രാജ്യങ്ങളിൽ ഹിന്ദു മുസ്ലിം സംഘർഷാവസ്ഥക്ക് കാരണമാകുന്നു എന്നും കത്തിൽ പറയുന്നു. എന്നാൽ ദശകങ്ങളുടെ കഥ പറയാൻ ഉള്ള ലെസ്റ്ററിലെയും ബിർമിൻഹാമിലെയും കുടിയേറ്റ സംഘർഷത്തിന് എങ്ങനെ അടുത്തിടെ ഇന്ത്യയിൽ അധികാരത്തിലേറിയ സർക്കാരിനെ കുറ്റപ്പെടുത്താനാകും എന്ന കാര്യത്തിൽ കത്തിൽ വിശദീകരണമില്ല.

അതേസമയം ദീപാവലി ദിവസം രാവിലെ 8:24ന് അയച്ച കത്ത് വിവാദമായിക്കഴിഞ്ഞു എന്ന് തിരിച്ചറിഞ്ഞ എംബ്രാസ് ടീം രാത്രി പത്തരയോടെ വിശദമായ മാപ്പു തയ്യാറാക്കി ജീവനക്കാർക്ക് അയച്ചിരുന്നു. എന്നാൽ ആദ്യം കുറ്റപ്പെടുത്തി സംസാരിച്ചിട്ട് പിന്നീടൊരു മാപ്പു പറയുന്നതിൽ എന്ത് കാര്യം എന്നാണ് ആ കത്തിനോടും ജീവനക്കാർ പ്രതികരിച്ചത്. മാത്രമല്ല എംബ്രാസ് ടീം ചെയ്തത് ട്രസ്റ്റ് അധികൃതർ അറിഞ്ഞിരിക്കണം എന്ന വാശിയോടെയാണ് ജീവനക്കാർ സോഷ്യൽ മീഡിയ വഴി കത്ത് പുറംലോകത്ത് എത്തിച്ചത്.

ഗൗരവത്തോടെ വിഷയം ഏറ്റെടുത്തു മാഞ്ചസ്റ്റർ ഫൗണ്ടേഷൻ ട്രസ്റ്റ്

ഇതോടെ ഹോസ്പിറ്റൽ ഗ്രൂപ്പ് കമ്യൂണിക്കേഷൻ ചുമതലയുള്ള സിഇഒ പീറ്റർ ബ്ളെൻ തന്നെ ക്ഷമാപണവും ജീവനക്കാരെ അവഹേളിക്കുന്നതിനു തുല്യമായ ഇമെയിൽ അയച്ച ടീം എംബ്രാസിന് എതിരെ ശിക്ഷ നടപടി അടക്കമുള്ള കാര്യങ്ങൾ സ്വീകരിക്കും എന്ന ഉറപ്പു നൽകിയ പ്രതികരണം അറിയിച്ചിരിക്കുകയാണ്. വളരെ സെൻസിറ്റീവ് ആയ വിഷയം തികച്ചും അപക്വമായി കൈകാര്യം ചെയ്ത വലിയൊരു വിഭാഗം ജീവനക്കർക്കിടയിലേക്കു അയക്കാൻ ഇടയായത് തികച്ചും നിർഭാഗ്യകരം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

മറ്റു ട്രസ്റ്റുകളിൽ വിവിധ പരിപാടികളോടെ ജീവനക്കാർ ദീപാവലി ആഘോഷം ഗംഭീരമാക്കിയപ്പോഴാണ് മാഞ്ചെസ്റ്റർ ഫൗണ്ടേഷൻ ട്രസ്റ്റിൽ നിന്നും ഇത്തരത്തിൽ ബാലിശമായ നീക്കം ഉണ്ടായത് എന്നതാണ് മറ്റൊരു പ്രത്യേകത. എംബ്രാസ് ടീമിന് ഔദ്യോഗിക പരിവേഷം ഇല്ലെങ്കിലും മാഞ്ചസ്റ്റർ എൻഎച്ച്എസ് ട്രസ്റ്റിന്റെ ഇമെയിൽ ദുരുപയോഗം ചെയ്യപ്പെട്ടത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഭാവിയിൽ ഇത്തരം നിർഭാഗ്യകരമായ സംഭവം ആവർത്തിക്കാതിരിക്കാൻ ഇമെയിൽ അക്കൗണ്ട് തന്നെ റദ്ദാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട ഔദ്യോഗിക ആശംസ മാഞ്ചസ്റ്റർ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഈമെയിലിൽ നിന്നും അയച്ചത് ജീവനക്കാർക്ക് ഒരു പരാതിക്കും ഇടയില്ലാത്തവിധം ഇക്കുറിയും ലഭിച്ചിരുന്നു. എംബ്രാസ് ടീമിൽ നിന്നും ഏതു സാഹചര്യത്തിലാണ് ഇത്തരം ഒരു സന്ദേശം നൂറുകണക്കിന് ആളുകളിലേക്ക് എത്തിയതെന്നാണ് ട്രസ്റ്റ് ഇപ്പോൾ അന്വേഷിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ജീവനക്കാർക്ക് പറയാനുള്ള കാര്യങ്ങൾ തുറന്ന മനസോടെ കേൾക്കാൻ ട്രസ്റ്റ് തയ്യാറാണെന്നും ഏതു വിശ്വാസ സമൂഹത്തിന്റെ ആഘോഷവും ട്രസ്റ്റിൽ പൂർണ മനസോടെ അംഗീകരിക്കപ്പെട്ടതാണെന്നും ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും പീറ്റർ ബ്ലേന്റിന്റെ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ വിശ്വാസ സമൂഹത്തിൽ ഉൾപ്പെട്ട ജീവനക്കാർ അവരവരുടെ ആഘോഷങ്ങൾ ജോലി സ്ഥലത്തു മറ്റുള്ളവരുമായി സന്തോഷത്തോടെ പങ്കുവയ്ക്കുന്നത് ഏറ്റവും മികച്ച രീതിയിൽ പിന്തുണയ്ക്കുന്ന സമീപനമാണ് മിക്ക എൻഎച്ച്എസ് ട്രസ്റ്റിലും നിലനിൽക്കുന്ന കീഴ് വഴക്കം.

കുറ്റക്കാരെ പിരിച്ചു വിടണമെന്ന് ആവശ്യം

എന്നാൽ ഭാവിയിൽ ഇത്തരം അവഹേളനം നേരിടാൻ തങ്ങളെ ലഭിക്കില്ല എന്ന ശക്തമായ സന്ദേശത്തിലൂടെയാണ് ജീവനക്കാർ സിഇഒയുടെ ക്ഷമാപണത്തോടു പോലും പ്രതികരിച്ചിരിക്കുന്നത്. ഹിന്ദുക്കൾ ആണെന്ന ധാരണയിൽ ഇങ്ങോട്ടു കുതിര കേറാൻ ആരും ശ്രമിക്കേണ്ടെന്നും മറ്റൊരു മത വിഭാഗത്തെ ഇത്തരത്തിൽ ആക്ഷേപിക്കുക ആയിരുന്നെങ്കിൽ ഇപ്പോൾ ഹോസ്പിറ്റൽ കെട്ടിടം തന്നെ ബാക്കിയുണ്ടാകുമായിരുന്നോ എന്ന് ട്രസ്റ്റ് അധികൃതർ ആലോചിക്കണം എന്നുമൊക്കെയാണ് മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കരുടെ പ്രതികരണം.

ആരെങ്കിലും എവിടെയെങ്കിലും മത സ്പർദ്ധ വളർത്തുന്ന വിധത്തിൽ പെരുമാറിയിട്ടുണ്ടെങ്കിൽ അതിനു മാഞ്ചസ്റ്റർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഹിന്ദുക്കളാണോ ഉത്തരം പറയേണ്ടതെന്നും മാഞ്ചസ്റ്റർ ഹിന്ദു സമാജം പ്രവർത്തകരും ചോദ്യം ഉന്നയിച്ചിട്ടുണ്ട്. കുറ്റകരമായ രീതിയിൽ നീണ്ട ലേഖനം തന്നെ എഴുതി ആശംസ എന്ന പേരുമിട്ടു അയച്ചവർക്കെതിരെ പിരിച്ചു വിടൽ അടക്കമുള്ള ശിക്ഷ നടപടികൾ ആരംഭിക്കണമെന്നാണ് വിവിധ ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP