Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നുബസ്സുകളുടെ വലിപ്പം; പറക്കുന്നത് 24,000 മീറ്റർ മുതൽ 37,000 മീറ്റർ വരെ ഉയരത്തിൽ; മുഖ്യജോലി ചാരപ്പണിയും; യുഎസ്-ചൈന ബന്ധം കൂടുതൽ വഷളാക്കി ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ വ്യോമാതിർത്തിയിൽ; വെടിവെക്കണോ എന്നാലോചിച്ച് ബൈഡൻ; അന്വേഷണം നടത്താമെന്ന് ചൈനയും; ചാര ബലൂണുകൾ എന്താണ്?

മൂന്നുബസ്സുകളുടെ വലിപ്പം; പറക്കുന്നത് 24,000 മീറ്റർ മുതൽ 37,000 മീറ്റർ വരെ ഉയരത്തിൽ; മുഖ്യജോലി ചാരപ്പണിയും; യുഎസ്-ചൈന ബന്ധം കൂടുതൽ വഷളാക്കി ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ വ്യോമാതിർത്തിയിൽ; വെടിവെക്കണോ എന്നാലോചിച്ച് ബൈഡൻ; അന്വേഷണം നടത്താമെന്ന് ചൈനയും; ചാര ബലൂണുകൾ എന്താണ്?

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ആകെ വഷളായിരിക്കുന്ന യുഎസ്-ചൈന ബന്ധത്തിൽ പ്രകാശം പരത്തുമെന്ന് കരുതിയതായിരുന്നു വരാനിരിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദർശനം. അതിനിടെയാണ് ബന്ധം കൂടുതൽ കുളമാക്കി ചാര ബലൂണിന്റെ വരവ്. അമേരിക്കയുടെ തന്ത്ര പ്രധാനമേഖലകളിൽ ചൈനയുടെ ചാര ബലൂൺ വട്ടംചുറ്റുന്നത് കണ്ടെത്തിയെന്നാണ് ആരോപണം. വടക്കുപടിഞ്ഞാറൻ യു.എസ് മേഖലകളിലൂടെയാണ് ബലൂൺ സഞ്ചരിച്ചിരുന്നത്. ഇത് വ്യോമ താവളങ്ങളും തന്ത്ര പ്രധാനമായ ആണവ മിസൈലുകളും ഉൾപ്പെടുന്ന മേഖലയാണ്.

ആദ്യം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ചാര ബലൂൺ വെടിവച്ചിടാൻ ആലോചിച്ചു. പിന്നീട് അവശിഷ്ടങ്ങൾ താഴെ വീണാൽ ആളുകൾക്ക് ഉണ്ടാകാവുന്ന അപകടങ്ങൾ കണക്കിലെടുത്ത് വേണ്ടെന്ന് വച്ചു. നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ്, വളരെ സൂക്ഷമ്്തയോടെ ബലൂണിന്റെ സഞ്ചാരം നിരീക്ഷിച്ചുവരികയാണെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ബ്രിഗേഡിയർ ജനറൽ പാട്രിക് റൈഡർ അറിയിച്ചു.

വ്യാഴാഴ്ച മൊണ്ടാനയുടെ മുകളിലായാണ് ബലൂൺ കണ്ടെത്തിയത്. മൂന്നുബസുകളുടെ വലിപ്പമുള്ളതാണ് ബലൂണെന്ന് പറയുന്നു. നിരവധി വിഷയങ്ങളെ ചൊല്ലി ചൈനയും, അമേരിക്കയും ഇടഞ്ഞിരിക്കെയാണ് പുതിയ സംഭവവികാസം. ഇതാദ്യമായല്ല, യുഎസ് ലക്ഷ്യമിട്ട് ചൈന ചാര ബലൂൺ അയയ്ക്കുന്നതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പറയുന്നു. ഇപ്പോഴത്തെ, ചാര ബലൂൺ ദീർഘനാൾ ആകാശത്ത് തങ്ങി നിന്നുവെന്ന് മാത്രം. ഇങ്ങനെ ബലൂൺ അയച്ചാലും, സൈനികമായി വലിയ ഭീഷണി ഒന്നുമില്ലെന്നാണ് യുഎസ് പ്രതിരോധ വിദഗ്ദ്ധർ രഹസ്യമായി പറയുന്നത്. പെന്റഗണും ഇതൊരു വലിയ ഭീഷണിയായി കണക്കാക്കുന്നില്ല.

ആരോപണം പരിശോധിക്കാൻ ചൈന

അതേസമയം, ചാര ബലൂണുകൾ കണ്ടെത്തിയെന്ന യു.എസ് ആരോപണത്തിൽ അന്വേഷണം ആരംഭിച്ചതായി ചൈന അറിയിച്ചു. യു.എസിന്റെ ആരോപണം ശരിയാണോയെന്ന് പരിശോധിക്കുന്നുണ്ട്. അതിന്റെ ഫലം വരുന്നതിന് മുമ്പ് അനാവശ്യ പ്രചാരണം അരുതെന്നും ചൈന മുന്നറിയിപ്പ് നൽകി.

ചൈന ഉത്തരവാദിത്വമുള്ള രാജ്യമാണ്. അന്താരാഷ്ട്ര നിയമങ്ങൾ കൃത്യമായി പാലിക്കുന്ന രാജ്യം. ഒരു പരമാധികാര രാജ്യത്തിന്റെ വ്യോമ മേഖലയിലോ അധീനതയിലുള്ള പ്രദേശത്തിലോ അതിക്രമിച്ച് കയറാൻ ഉദ്ദേശ്യമില്ലെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. ഇരു രാജ്യങ്ങളും വിഷയം സമാധാനപൂർവം കൈകാര്യം ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു.

എന്താണ് ചാര ബലൂണുകൾ?

കാറ്റിൽ പറന്നുവരുന്ന ബലൂണുകൾ എല്ലാം നിഷ്‌ക്കളങ്കമല്ല. ചിലതിൽ ചാരപ്പണിക്കുള്ള ക്യാമറയും കാണും. റഡാറോ സൗരോർജ്ജേമോ ഉപയോഗിച്ച് ആയിരിക്കും പ്രവർത്തിപ്പിക്കുന്നത്. 24,000 മീറ്റർ മുതൽ 37,000 മീറ്റർ വരെ ഉയരത്തിൽ പറക്കാൻ ശേഷിയുണ്ടാകും. വാണിജ്യ വിമാനങ്ങൾ പറക്കുന്ന ഉയരത്തിനും മീതെയാണിത്. സാധാരണ വിമാനങ്ങൾ, 12,000 മീറ്ററിൽ അധികം ഉയരത്തിൽ പറക്കാറില്ല.

എന്തിനാണ് ചാര ബലൂണുകൾ?

ഉപഗ്രഹങ്ങളെ ലക്ഷ്യമിട്ട് ഇപ്പോൾ ലേസർ, കൈനറ്റിക് ആയുധങ്ങൾ കണ്ടുപിടിക്കുന്നുണ്ട്. അതുകൊണ്ടാണ് ചാരപ്പണിക്ക് വീണ്ടും ബലൂണുകളിലേക്ക് തിരിഞ്ഞിരിക്കുന്നതെന്ന് പ്രതിരോധ വിദഗ്ദ്ധർ പറയുന്നു. ഉപഗ്രഹങ്ങളെ അപേക്ഷിച്ച് തുടർച്ചയായ നിരീക്ഷണം ഒന്നും ബലൂണുകളെ കൊണ്ട് നടപ്പില്ല. എന്നാൽ, ഇവ വീണ്ടെടുക്കാനും, തൊടുത്തുവിടാനും ഒക്കെ വളരെ എളുപ്പം ഉപഗ്രഹങ്ങളേക്കാൾ സാവധാനം സഞ്ചരിക്കുന്നതുകൊണ്ടും കുറഞ്ഞ ഉയരത്തിൽ ഒരു മേഖലയിൽ കൂടുതൽ നേരം തങ്ങി നിൽക്കാൻ പറ്റുന്നതിനാലും, കൂടുതൽ പ്രദേശങ്ങൾ ബലൂണുകൾക്ക് ട്രാക്ക് ചെയ്യാൻ കഴിയും.

എന്നാണ് ആദ്യ ഉപയോഗം?

1860 കളിൽ, അമേരിക്കൻ ആഭ്യന്തര യുദ്ധത്തിലാണ് ആദ്യമായി ചാര ബലൂണുകൾ ഉപയോഗിച്ചത്. അന്ന് ബൈനോക്കുലറും മറ്റും ഉപയോഗിച്ച് മനുഷ്യർ തന്നെയായിരുന്നു ചാരപ്പണി. ഇന്നിപ്പോൾ ക്യാമറകൾ ആ പണി ഏറ്റെടുത്തു.

 അതേസമയം, ആറു വർഷത്തിനിടെ ഇതാദ്യമായാണ് ഒരു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ചൈനയിൽ എത്തുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി അദ്ദേഹം
കൂടിക്കാഴ്ച നടത്തുന്നുമുണ്ട്. അതിനിടെയാണ് ചാര ബലൂൺ പ്രശ്‌നം ഉണ്ടാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP