Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാക്കിസ്ഥാൻ ഭരിക്കുന്നത് പ്രധാനമന്ത്രിയാണോ, അതോ സൈനിക മേധാവിയോ? പാക് ഭരണത്തിൽ സൈന്യത്തിന്റെ ഇടപെടൽ അനുദിനം വർധിക്കുന്നു; ലോക്ഡൗൺ പ്രഖ്യാപിച്ചതു പോലും സൈനിക വക്താവ്; കോവിഡ് മരണത്തിനൊപ്പം സാമ്പത്തിക മാന്ദ്യം കൂടിയായതൊടെ ഇംറാനെതിരെ എതിർപ്പ് ശക്തം; പട്ടാള അട്ടിമറിക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ; ഇന്ത്യക്ക് പണിതരാൻ ഒരുങ്ങി ഒടുവിൽ ഇംറാൻ ഖാൻ സ്വയം കുഴിതോണ്ടുമ്പോൾ

പാക്കിസ്ഥാൻ ഭരിക്കുന്നത് പ്രധാനമന്ത്രിയാണോ, അതോ സൈനിക മേധാവിയോ? പാക് ഭരണത്തിൽ സൈന്യത്തിന്റെ ഇടപെടൽ അനുദിനം വർധിക്കുന്നു; ലോക്ഡൗൺ പ്രഖ്യാപിച്ചതു പോലും സൈനിക വക്താവ്; കോവിഡ് മരണത്തിനൊപ്പം സാമ്പത്തിക മാന്ദ്യം കൂടിയായതൊടെ ഇംറാനെതിരെ എതിർപ്പ് ശക്തം; പട്ടാള അട്ടിമറിക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ; ഇന്ത്യക്ക് പണിതരാൻ ഒരുങ്ങി ഒടുവിൽ ഇംറാൻ ഖാൻ സ്വയം കുഴിതോണ്ടുമ്പോൾ

എം മാധവദാസ്

പാക്കിസ്ഥാൻ ഭരിക്കുന്നത് ഇംറാൻഖാനാണോ, അതോ സൈനിക മേധാവി ഖമർ ജാവേദ് ബജ്വയാണോ? ലോകപ്രശസ്തമായ ഗാർഡിയൻ ദിനപത്രത്തിൽ വന്ന ഒരു തലക്കെട്ടാണ് ഇത്. ഇതിന് കാരണമാക്കിയതാവട്ടെ പാക്കിസ്ഥാനിൽ വർധിച്ചുവരുന്ന സൈന്യത്തിന്റെ ഇടപെടലുകളാണ്. വന്നുവന്ന് പ്രധാനമന്ത്രി ഇംറാൻഖാന് ഭരണത്തിൽ പറയത്തക്ക റോളുകൾ ഒന്നുമില്ലാത്ത അവസ്ഥയാണ് വരുന്നത്.

രാജ്യത്തിന്റെ താക്കോൽ സ്ഥാനങ്ങളിലെല്ലാം ഇരിക്കുന്നത് സൈന്യത്തിൽനിന്ന് വിരമിച്ചരാണ്. അവർക്ക് കൂറ് പ്രധാനമന്ത്രിയോട് അല്ല. സൈനിക മേധാവിയോടാണ്. പാക്കിസ്ഥാനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതുപോലും നോക്കുക. മറ്റ് എല്ലാ രാജ്യങ്ങളിലും പ്രധാനമന്ത്രിമാരാണ് ലോക്ഡൗൺ പ്രഖ്യാപനം അറിയിച്ചതെങ്കിൽ ഇവിടെ അത് സൈനിക വക്താവാണ് പ്രഖ്യാപിച്ചത്. മാത്രമല്ല കോവിഡ് വ്യാപനവും സാമ്പത്തിക മാന്ദ്യവും ഇംറാൻ ഭരണത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ജനങ്ങളിൽനിന്ന് ഉണ്ടായിരിക്കുന്നത്. ഈ രീതിയിൽ പോവുകയാണെങ്കിൽ വൈകാതെ സൈന്യം പാക്കിസ്ഥാന്റെ ഭരണം പിടിക്കുമെന്നാണ് രാജ്യന്തര മാധ്യമങ്ങളുടെ വിലയിരുത്തൽ.

ഇംറാൻ സ്വയം കുഴിച്ച കുഴിയിൽ

ഒരു കണക്കിന് പറഞ്ഞാൽ സ്വയം കുഴിച്ച കുഴിയിൽ വീഴുകയായിരുന്നു ഇംറാൻ ഖാൻ. തുടക്കത്തിൽ ഒരു ആധുനിക പാക്കിസ്ഥാനെ മുന്നിൽ കണ്ടുകൊണ്ടായിരുന്നു മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ കൂടിയാ ഇംറാൻ തന്റെ രാഷ്ട്രീയത്തിലെ ഇന്നിങ്സ് പടുത്തുയർത്തിയത്. എന്നാൽ ആധുനികതക്കും സ്വതന്ത്ര്യത്തിനും എന്നും എതിരായിരുന്ന പാക് മതമൗലിക വാദികൾ തുടക്കംമുതലേ ഇംറാന് നേരെ തിരഞ്ഞു. ഇത് പരിഹരിക്കാനായി പാക്കിസ്ഥാനിൽ എക്കാലവും മാർക്കറ്റുള്ള ഒരു സാധനമാണ് പിന്നീട് ഇംറാൻ പുറത്തെടുത്തത്. ഇന്ത്യാ വിരുദ്ധത്. അതുവേണ്ടി ചൈനയുമായി പാക്കിസ്ഥാൻ ബന്ധം മെച്ചപ്പെടുത്തി. ഇന്ത്യയെ വിരട്ടാൻവേണ്ടി തന്നെയാണ് സൈന്യത്തിന് കൂടുതൽ അധികാരങ്ങൾ കൊടുത്തതും സൈന്യത്തിൽ നിന്ന് വിരമിച്ചവരെ താക്കോൽ സ്ഥാനങ്ങളിൽ വെച്ചതും. പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോൾ അവർ ഇംറാന് നേരെ തിരിഞ്ഞു.

പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഭരണത്തിൽ സ്വാധീനം കുറയുകയാണെന്നും ജനപ്രീതി ഇടിയുകയാണെന്നുമാണ് പുതിയ സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർക്കാരിന് മേൽ സൈന്യം പിടിമുറുക്കുകയാണ്. ജനാധിപത്യം അധികനാൾ വാഴാത്ത പാക്കിസ്ഥാൻ ഒരിക്കൽക്കൂടി പട്ടാള ഭരണത്തിലേക്ക് പോകാനുള്ള സാധ്യതകളാണ് ഉരുത്തിരിയുന്നത്. സാമ്പത്തിക പ്രതിസന്ധിയും കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതുമാണ് ഇമ്രാൻ ഖാന്റെ ജനപ്രീതി കുറയാനിടയാക്കിയത്. ഇമ്രാന്റെ പാർട്ടിയിൽ വർധിക്കുന്ന അഴിമതിയും സഖ്യകക്ഷികളെ ചൊടിപ്പിക്കുന്നുണ്ട്. പാർലമെന്റിൽ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത ഇമ്രാൻ ഖാന് സഖ്യകക്ഷികളുടെ പിന്തുണയില്ലെങ്കിൽ അധികാരം നഷ്ടമാകുമെന്ന അവസ്ഥയാണ് ഇപ്പോൾ വന്നിരിക്കുന്നത്.

സൈന്യം എക്കാലത്തെയും അധികാര കേന്ദ്രം

ഒറ്റരാജ്യം പിളർന്ന് ഉണ്ടായതാണെങ്കിലും പൂർണ്ണമായും രണ്ടും രാഷ്ട്രീയ വഴികളിലൂടെയാണ് ഇന്ത്യയും പാക്കിസ്ഥാനും നീങ്ങിയത്. ഇന്ത്യ പൂർണ്ണമായും ജനാധിപത്യത്തിലേക്ക് നീങ്ങിയപ്പോൾ പാക്കിസ്ഥാൻ പലപ്പോഴും പട്ടാള ഭരണത്തിൽ ഞെരിഞ്ഞമർന്നു.

പാക്കിസ്ഥാനെ സംബന്ധിച്ച് സൈന്യം ഭരണം പിടിച്ചെടുക്കുകയെന്നത് പുതിയ കാര്യമല്ല. എല്ലാ കാലത്തും സൈന്യം തന്നെയാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ അധികാരകേന്ദ്രം. ഏഴ് പതിറ്റാണ്ടിനിടെ രാജ്യം കൂടുതൽ കാലം ഭരിച്ചത് പട്ടാളം നേരിട്ട് തന്നെയാണ്. 2018-ൽ അധികാരത്തിലെത്തിയ മുൻ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാൻ ഖാൻ, പുതിയ പാക്കിസ്ഥാനാണ് വാഗ്ദാനം ചെയ്തിരുന്നു. പട്ടാളത്തിന്റെ ഇടപെടലുകളില്ലാത്ത തികഞ്ഞ ജനാധിപത്യ ഭരണമായിരുന്നു ഖാൻ മുന്നോട്ടുവെച്ചത്. എന്നാൽ ഇമ്രാൻ സർക്കാരിന് മേൽ സൈന്യത്തിന്റെ പിടി മുറുകിവരുന്നതാണ് ഇപ്പോൾ കാണാനാകുന്നത്. പ്രധാനപ്പെട്ട നിരവധി പദവികളിൽ സൈന്യത്തിലെ ഉന്നതരാണ് നിയമിക്കപ്പെട്ടിരിക്കുന്നത്.

പാക്കിസ്ഥാൻ സർക്കാരിലെ സുപ്രധാനമായ ഡസനിലേറെ പദവികളിൽ നിലവിൽ സൈന്യത്തിലെ ഉന്നതരാണുള്ളത്. രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയുടെയും ഊർജ വിഭാഗത്തിന്റെയും നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് സൈനിക ഉദ്യോഗസ്ഥരാണ്. ഈ മൂന്ന് നിയമനങ്ങളും നടന്നിരിക്കുന്നത് രണ്ട് മാസത്തിനിടെയാണ്. നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകുന്നത്. റിട്ട. ലഫ്റ്റനന്റ് ജനറൽ അസിം സലീം ബജ്വയാണ് ഇമ്രാൻ ഖാന്റെ പുതിയ കമ്മ്യൂണിക്കേഷൻ ഉപദേഷ്ടാവ്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നതും ബജ്വ തന്നെയാണ്.

2008ൽ അവസാനിച്ച പർവെസ് മുഷറഫിന്റെ ഏകാധിപത്യ ഭരണത്തിന്റെ ഭാഗമായിരുന്ന 12 പേരാണ് നിലവിൽ പാക് സർക്കാരിൽ ഉന്നത പദവികൾ വഹിക്കുന്നത്. ആഭ്യന്തര മന്ത്രി ഇജാസ് ഷാ, ഇമ്രാൻ ഖാന്റെ സാമ്പത്തിക ഉപദേഷ്ടാവ് അബ്ദുൾ ഹഫീസ് ഷെയ്ഖ് തുടങ്ങിയവരും ഇതിൽ ഉൾപ്പെടുന്നു. സൈന്യത്തിന് പ്രാധാന്യം നൽകുന്നതിനെ പിന്തുണയ്ക്കുന്നവർ പൊതുസമൂഹത്തിലുമുണ്ട്. സർക്കാരിന്റെ സിവിലിയൻ ഉപദേഷ്ടാവും നയാ പാക്കിസ്ഥാൻ ഹൗസിങ് പ്രോഗ്രാം അംഗവുമായ സയ്ഘാം റിസ്വി ഉൾപ്പെടെയുള്ളവർ അങ്ങനെയുള്ളവരാണ്. സൈന്യത്തിന് മികച്ച സംവിധാനമുണ്ടെന്നും അവർ കാര്യങ്ങൾ നന്നായി ചെയ്യുമെന്നുള്ള തോന്നലാണ് പൊതുവെ ഉണ്ടാകുന്നതെന്ന് 10 വർഷം ലോക ബാങ്കിൽ പ്രവർത്തിച്ച റിസ്വി പറയുന്നു.

കോവിഡനൊപ്പം കടുത്ത സാമ്പത്തിക മാന്ദ്യവും

രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ചയും കോവിഡ്-19 മഹാമാരിയുമാണ് ഇമ്രാൻ ഖാന് തിരിച്ചടിയാകുന്നത്. 108000-ലേറെ ആളുകൾക്കാണ് പാക്കിസ്ഥാനിൽ കോവിഡ് ബാധിച്ചത്. 2200-ലേറെ മരണവും റിപ്പോർട്ട് ചെയ്തു. 68 വർഷത്തിനിടയിലെ ഏറ്റവും കടുത്ത തകർച്ചയാണ് രാജ്യം നേരിടുന്നത്. ജൂൺ അവസാനത്തോടെ സാമ്പത്തിക വളർച്ച 1.5 ശതമാനമായി ചുരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമ്പദ് വ്യവസ്ഥയെ രക്ഷപ്പെടുത്താനായി അന്താരാഷ്ട്ര നാണയ നിധിയുടെ സഹായം തേടിയിരിക്കുകയാണ് പാക്കിസ്ഥാൻ. മാർച്ചിൽ കൊറോണ വൈറസ് പടർന്നുപിടിക്കാൻ തുടങ്ങിയതോടെയാണ് സർക്കാരിൽ സൈന്യത്തിന്റെ ഇടപെടൽ പ്രകടമായി തുടങ്ങിയത്.

രാജ്യത്തെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകുന്നത് സൈന്യത്തിലെ ഉന്നതരാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും സൈന്യത്തിന്റെ വക്താവാണ്. ഇമ്രാൻ ഖാൻ രാജ്യത്തെ അഭിസംബോധന ചെയ്തതിന്റെ അടുത്ത ദിവസമാണ് സൈനിക വക്താവ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. പൊതുവെ എല്ലാ രാജ്യങ്ങളിലും രാഷ്ട്രത്തലവന്മാരാണ് ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുകയും കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളെ അറിയിക്കുകയും ചെയ്യുക. ഇവിടെ ആരുടെ കൈയിലാണ് അധികാരമെന്ന് മാർച്ച് 24-ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഇമ്രാൻ ഖാൻ അസ്വസ്ഥനായി. സൈന്യത്തെക്കുറിച്ച് ഒരു പരാമർശവും ഉണ്ടായിരുന്നില്ലെങ്കിലും ഇമ്രാൻ ഉത്തരം നൽകാതെ അതിവേഗം സ്ഥലംവിടുകയായിരുന്നു. മെയ് അവസാനം പാക്കിസ്ഥാൻ എയർലൈൻസിന്റെ വിമാനം തകർന്ന് 97 പേർ മരിച്ച സംഭവത്തിൽ സൈനിക നേതൃത്വത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് വ്യോമഗതാഗത മന്ത്രി ഘുലാം സർവർ ഖാൻ സ്വീകരിച്ചത്. സൈന്യത്തിലെ നിലവിലുള്ളവരും വിരമിച്ചവരുമായ ഓഫീസർമാർ ഉന്നത പദവികളിലെത്തുന്നതോടെ ഇമ്രാൻ ഖാന്റെ അധികാരം കുറഞ്ഞുവരികയാണ്. പാക്കിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോൾ ഇമ്രാൻ ഖാൻ കൂടുതൽ സമ്മർദത്തിലാകും.

കോവിഡ് വ്യാപനം ഇമ്രാൻ ഖാൻ നേരിട്ട രീതിയിൽ സൈന്യം അസംതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. ഈ അതൃപ്തിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ സൈനിക ഓഫീസർമാർ നേരിട്ട ഏറ്റെടുക്കാൻ കാരണം. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി, പഞ്ചാബിലെ ഭരണ പ്രതിസന്ധി തുടങ്ങിയവ ഇമ്രാൻ കൈകാര്യം ചെയ്ത രീതിയിലും സൈന്യത്തിന് അതൃപ്തിയുണ്ട്. കഴിഞ്ഞ വർഷം തന്നെ സർക്കാരിന്റെ നയരൂപീകരണത്തിൽ സൈന്യം കൂടുതൽ ഇടപെടലുകൾ നടത്താൻ തുടങ്ങിയിരുന്നു. സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താനുള്ള വഴികൾ തേടി സൈനിക മേധാവി ഖമർ ജാവേദ് ബജ്വ ഉന്നത വ്യവസായികളെ സ്വന്തം നിലയിൽ കണ്ടിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ബജ്വയ്ക്ക് മുന്ന് വർഷം കൂടി കാലാവധി നീട്ടി നൽകാൻ പാക് പാർലമെന്റ് തീരുമാനിച്ചത്. 2019 നവംബറിലായിരുന്നു ബജ്വയുടെ കാലാവധി അവസാനിച്ചത്. കാലാവധി നീട്ടിയതിന് പുറമെ അദ്ദേഹത്തെ സർക്കാരിന്റെ സാമ്പത്തിക ബോർഡിൽ അംഗമാക്കുകയും ചെയ്തു.

ആവേശമായി തുടങ്ങി ആവിയായ ഇംറാൻ

മുൻപ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ അഴിമതിക്കെതിരെ പോരാടിയാണ് ഇംറാൻ ശ്രദ്ധപിടിച്ചുപറ്റിയത്. 2014മുതലുള്ള അഴിമതി വിരുദ്ധപോരാട്ടത്തിലൂടെ പാക് യുവാക്കളുടെ ആവേശമായിരുന്നു അദ്ദേഹം. പാക്കിസ്ഥാന് ലോകകപ്പ് നേടിക്കൊടുത്ത ക്രിക്കറ്റ് ക്യാപ്റ്റൻ എന്ന ഖ്യാതിയും വൻ പിന്തുണ ഇദ്ദേഹത്തിന് കിട്ടുന്നതിന് ഇടയാക്കി. 2017ൽ നവാസ് ഷരീഫിന്റെ രാജിയിൽ കലാശിച്ച നിയമപോരാട്ടങ്ങളിൽ ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രികെ ഇൻസാഫിന്റെ പങ്ക് നിർണായകമായിരുന്നു. ഷരീഫിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടം ഇമ്രാൻ 2014ൽ തന്നെ ആരംഭിച്ചിരുന്നെങ്കിലും അവ സമരങ്ങളിലും പൊലീസുമായുള്ള ഏറ്റുമുട്ടലിലും ഒതുങ്ങി. പ്രതിപക്ഷ പ്രക്ഷോഭം മൂലം 2014ൽ നാലു മാസത്തോളം ഇസ്ലാമാബാദ് നിശ്ചലമായിരുന്നു. സൈന്യത്തെ ഒഴിവാക്കി ആഭ്യന്തര വിദേശനയ രൂപീകരണത്തിനുള്ള നവാസ് ഷരീഫിന്റെ നീക്കത്തിനു തടയിടാനായി സൈനിക നേതൃത്വം ഇമ്രാൻ ഖാനെ രഹസ്യമായി പിന്തുണയ്ക്കുന്നതായി അക്കാലത്ത് അഭ്യൂഹമുയർന്നിരുന്നു. പിന്നീടു പാനമ രേഖകൾ ഓരോന്നായി പുറത്തുവന്നതോടെയാണു നവാസ് ഷരീഫിനെതിരെള്ള പോരാട്ടത്തിൽ ഇമ്രാനു നിർണായക ആയുധങ്ങൾ ലഭിക്കുന്നത്.

തെഹ്രികെ ഇൻസാഫ്, അവാമി മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി എന്നിവർ സമർപ്പിച്ച ഹർജികളെ തുടർന്നാണു 2017 ഒക്ടോബറിൽ സുപ്രീം കോടതി നവാസ് ഷരീഫിനെതിരെയുള്ള അഴിമതി കേസ് പരിഗണിക്കുന്നത്. എന്നാൽ ഇമ്രാൻ ഖാന്റെ നിലപാടുകളും സമരതീക്ഷ്ണതയുമാണു നിർണായക വിധിയിലേക്കു സുപ്രീം കോടതിയെ എത്തിച്ചത്. ഇതോടെ ഷരീഫ് രാജിവെച്ചു. 'ഗോഡ്ഫാദറി'ന്റെ ഭരണം അവസാനിച്ചു, സത്യവും നീതിയും ജയിച്ചു എന്നായിരുന്നു തെഹ്രികെ ഇൻസാഫ് പാർട്ടിയുടെ ട്വീറ്റ്. തൊട്ടടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിൽ തഹ്രികെ ഇൻസാഫ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇതോടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ നയിച്ച ഇമ്രാൻ ഖാൻ ഇനി രാജ്യത്തെ മൊത്തം ജനതയേയും നയിക്കാനുള്ള ഭാഗ്യംെൈ കവന്നു. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ചെറുപാർട്ടികളുടെ പിന്തുണയോടെയാണ് അദ്ദേഹം അധികാരത്തിൽ എത്തിയത്.

പാക്കിസ്ഥാനിൽ മാറ്റങ്ങൾ കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്ന് അധികാരമേറ്റ ശേഷം ഇമ്രാൻ ഖാൻ പറഞ്ഞു. ആരോണോ രാജ്യത്തെ കൊള്ളയടിക്കാൻ ശ്രമിക്കുന്നത് അവർക്കെതിരേ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ ഭരണം തുടർന്നപ്പോൾ ഈ വാക്കുകൾ ഒന്നും പാലിക്കാൻ അദ്ദേഹത്തിന് ആയില്ല. അഴിമതി കുറഞ്ഞില്ല. ഒപ്പം സാമ്പത്തിക മാന്ദ്യവും. ഈ ഘട്ടത്തിലാണ് ഇംറാൻ കടുത്ത ഇന്ത്യാ വിരുദ്ധത പുറത്തെടുത്തത്. പുൽവാമ ഭീകരാക്രമണത്തിന്റെ സമയത്തൊക്കെ കടുത്ത ഇന്ത്യാവിരുദ്ധ പ്രസ്താവനയാണ് ഇംറാൻ പലപ്പോളും നടത്തിയത്.

'എന്റെ രാജ്യത്തോട് കളിക്കരുത്'

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രകോപനപരമായ ഫേസ്‌ബുക്ക് പോസ്റ്റുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ രംഗത്തെത്തിയത്. 44 സിആർപിഎഫ് ജവാന്മാർക്കാണ് ജീവൻ നഷ്ടമായിരിക്കുന്ന വികാരപരമായ അന്തരീക്ഷത്തിലായിരുന്നു അദ്ദേഹതതിന്റെ പ്രകോപനം.

വെറുതെ ആരോപണം ഉന്നയിച്ചാൽ മാത്രം പോര, ഇന്ത്യ തെളിവ് നൽകണമെന്ന പ്രസ്താവനക്ക് പിന്നാലെയാണ് ഇംറാൻ ഖാൻ പ്രകോപനപരമായ പോസ്റ്റിട്ടത്. ഫേസ്‌ബുക്ക് പോസ്റ്റിൽ ഇംറാന്റെ ചിത്രത്തിൽ എന്റെ രാജ്യത്തോട് കളിക്കാൻ നിൽക്കരുതെന്നാണ് എഴുതിയിരിക്കുന്നത്. പാക്കിസ്ഥാൻ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യ പ്രതികാര നടപടി സ്വീകരിച്ചാൽ തിരിച്ചടിക്കുമെന്നും കഴിഞ്ഞദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ഇംറാൻ ഖാൻ പറഞ്ഞിരുന്നു.

''പാക്കിസ്ഥാനെ ആക്രമിക്കാനാണ് ഇന്ത്യ ആലോചിക്കുന്നതെങ്കിൽ ഞങ്ങൾ അങ്ങനെ ആലോചിക്കുക മാത്രമല്ല പകരംവീട്ടുകയും ചെയ്യും. യുദ്ധം തുടങ്ങാൻ എളുപ്പമാണെങ്കിലും അവസാനിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് നമുക്ക് എല്ലാവർക്കുമറിയാം.''പാക്കിസ്ഥാനും ഭീകരവാദത്തിന്റെ ഇരയാണ്. പുൽവാമ ആക്രമണത്തിൽ പാക് പങ്കിന് ഇന്ത്യ ഇതുവരെ തെളിവ് നൽകിയിട്ടില്ല. ഇന്ത്യയിൽ ഇത് തെരഞ്ഞെടുപ്പ് കാലമാണ് എന്നറിയാം. ഭീകരവാദത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണ്. കശ്മീരികൾ ഇങ്ങനെ ചിന്തിക്കുന്നതെന്തുകൊണ്ട് എന്ന് ഇന്ത്യയും പുനർവിചിന്തനം നടത്തണം. പാക്കിസ്ഥാനെ പാഠം പഠിപ്പിക്കണമെന്ന ആവശ്യം ഇന്ത്യയിൽ ഉയരുന്നുണ്ട്. പാക്കിസ്ഥാനെ തൊട്ടാൽ ഉറപ്പായും തിരിച്ചടിച്ചിരിക്കും. ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. യുദ്ധം തുടങ്ങാൻ എളുപ്പമാണ്. ചർച്ചയും നയതന്ത്രവും മാത്രമാണ് ശരിയായ വഴി. പാക്കിസ്ഥാനെതിരെ നടപടി തുടങ്ങിയാൽ തെരഞ്ഞെടുപ്പിൽ ഗുണമുണ്ടാകുമായിരിക്കുമെന്നും ഇംറാൻ ഖാൻ പറഞ്ഞു.

പക്ഷേ സർജിക്കൽ സ്ട്രൈക്കും മറ്റുമായി ഇന്ത്യ തിരിച്ചടിച്ചതോടെ ഇംറാൻ സ്വന്തം ജനതക്ക് മുന്നിൽ നാണം കെട്ടു. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിന്റെ സമയത്തും സമാനമായ പ്രതികരണമാണ് ഇംറാന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയിൽ എല്ലാ പൗരന്മാരും തുല്ല്യരല്ലെന്ന് ഇംറാൻഖാന്റെ പ്രതികരണം. ഇന്ത്യയിലെ മുസ്ലീങ്ങളെ ക്രൂരമായ ഹിന്ദു ഭൂരിപക്ഷത്തിന് ബന്ദികളാക്കുമെന്ന് മുൻകൂട്ടി കണ്ട ക്വയ്ദ്-ഇ-ആസാം മുഹമ്മദ് അലി ജിന്നയ്ക്ക് ഞാൻ ഇപ്പോൾ ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും ഇംറാൻഖാൻ പ്രതികരിച്ചു.'ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയിലെ എല്ലാ ജനങ്ങളും തുല്ല്യരല്ല. ഞാൻ ഇന്ത്യ സന്ദർശിച്ച് സമയത്ത് ജനങ്ങൾ പറഞ്ഞിരുന്നത് പാക്കിസ്ഥാൻ രൂപീകരിച്ചിരുന്നില്ലെങ്കിൽ ഇന്ന് ജിന്നയുടെ ഭരണത്തിൽ അവർ സന്തുഷ്ടരായിരിക്കുമെന്നാണ്. ഇന്ത്യ ഒരു ഹിന്ദുത്വ രാഷ്ട്രമാവുകയാണ്. അവർ മുസ്ലീമിനെ തുല്ല്യരായി കണക്കാക്കുന്നില്ല. പുൽവാമ ആക്രമണം നടന്ന സമയത്ത് അതിന്റെ പിന്നിൽ പാക്കിസ്ഥാനല്ലെന്ന് മനസിലാക്കികൊടുക്കാൻ കുറേ ശ്രമിച്ചിരുന്നു. അവർ തെരഞ്ഞെടുപ്പിന് ഞങ്ങളെ ബലിയാടാക്കുകയായിരുന്നു. അവർ ഇപ്പോഴും വിശ്വസിക്കുന്നത് ഇന്ത്യ ഹിന്ദുക്കൾക്കുള്ളതാണെന്നാണ്.' ഇംറാൻഖാൻ പറഞ്ഞു.

കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കുകയും ബിജെപിയുടെ വംശീയ പ്രത്യയശാസ്ത്രത്തിന് കീഴിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റം അന്താരാഷ്ട്ര സമൂഹത്തെ അറിയിക്കുകയും ചെയ്യുമെന്നും ഇംറാൻഘാൻ വ്യക്തമാക്കി.ഈ സംഭവം പുൽവാമ പോലുള്ള സംഭവങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്നും ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്നും ഇംറാൻഖാൻ പറഞ്ഞു. അവർ കശ്മീരിൽ വംശീയ ഉന്മൂലനം നടത്തുമെന്ന് ഞാൻ ഭയപ്പെടുന്നുവെന്നും ഇംറാൻഖാൻ വ്യക്തമാക്കി.

അതായത് അധികാരത്തിൽ ഏറിയപ്പോൾ തുടക്കത്തിൽ ഉണ്ടായിരുന്നു വികസന രാഷ്ട്രീയം എല്ലാം മാറ്റിവെച്ചത് തനി ഇന്ത്യാവിരുദ്ധ രാഷ്ട്രീയവും വർഗീയ രാഷ്ട്രീയവും തന്നെയാണ് ഇംറാനും പുറത്തെടുത്തത്. എന്നിട്ടും അദ്ദേഹത്തിന് പാക് മണ്ണിൽ പടിച്ചുനിൽക്കാൻ ആവുന്നില്ല. കോവിഡും സാമ്പത്തികമാന്ദ്യവും ഉടനെ തന്നെ പാക്കിസ്ഥാനെ ഒരു പട്ടാള അട്ടിമറിയിലേക്ക് എത്തിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകൾ ഭയക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP