Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധുരം കൈമാറാതെ സംഘർഷത്തിലേക്ക് അതിർത്തി; സംഘർഷമുണ്ടാക്കാൻ ശ്രമിക്കരുതെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്; വെടിവയ്‌പ്പിനെതിരെ ശക്തമായ തിരിച്ചടിയെന്ന് പ്രതിരോധമന്ത്രി; നുഴഞ്ഞുകയറ്റത്തിനായാണ് പാക് വെടിവയ്‌പ്പെന്ന് സൂചന

മധുരം കൈമാറാതെ സംഘർഷത്തിലേക്ക് അതിർത്തി; സംഘർഷമുണ്ടാക്കാൻ ശ്രമിക്കരുതെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്; വെടിവയ്‌പ്പിനെതിരെ ശക്തമായ തിരിച്ചടിയെന്ന് പ്രതിരോധമന്ത്രി; നുഴഞ്ഞുകയറ്റത്തിനായാണ് പാക് വെടിവയ്‌പ്പെന്ന് സൂചന

ജമ്മു: അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം തുടർന്നാൽ ശക്തമായി തിരച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. അതിർത്തിയിൽ സംഘർഷമുണ്ടാക്കി സമധാനാന്തരീക്ഷം തകർക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്ന് പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. ഇതിനെ അതേ ശക്തിയിൽ തിരച്ചടി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

നേരത്തെ അതിർത്തിയിലെ വെടിവയ്‌പ്പ് ഉടൻ അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാനോട് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും ആവശ്യപ്പെട്ടിരുന്നു. പ്രകോപനം ഉടൻ അവസാനിപ്പിക്കണമെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടിരുന്നു. എന്നൽ അതിർത്തിയിലെ കുഴപ്പക്കാർ ഇന്ത്യയാണെന്ന പതിവ് മറുപടിയുമായി ഗ്രാമീണർക്കെതിരായ ആക്രമങ്ങളെ പാക്കിസ്ഥാനും ന്യായീകരിക്കുന്നു.

ഇന്ത്യപാക്ക് അതിർത്തിയിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. കനത്ത ആക്രമണമാണ് ഇന്ത്യൻ മേഖലയിലേക്ക് പാക് സേന ഇന്ന് നടത്തിയത്. അഞ്ചു പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരാൾ ബിഎസ്എഫ് ജവനാണ്. രണ്ട് സ്ത്രീകളും ഉൾപ്പെടും. 26 പേർക്ക് പരിക്കേറ്റു. ഇതിൽ ഏറെയും ഗ്രാമവാസികളാണ്.

അതിനിടെ ഇന്ത്യപാക്കിസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. സൈന്യത്തിന്റെ വെടിവയ്പിൽ 3 പാക് തീവ്രവാദികൾ മരിച്ചു. പാന്ഥറിലാണ് സംഭവം. നുഴഞ്ഞു കയറ്റത്തിന് സാഹചര്യമൊരുക്കാനാണ് പാക് ആക്രമണമെന്നാണ് വിലയിരുത്തൽ. ഇന്ത്യയും തിരിച്ചടി ശക്തമാക്കി.

ഈദിന് മധുരം നൽകിയില്ല

ഇന്ത്യൻ സൈന്യവും പാക്  സൈന്യവും ഈദ് ആഘോഷത്തിന്റെ ഭാഗമായുള്ള മധുരം പരസ്പരം കൈമാറിയില്ല. നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ തുടർച്ചയായി വെടിനിറുത്തൽ കരാർ ലംഘിക്കുന്നതിനിടെയാണ് ഇത്. മധുരം കൈമാറുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ബി.എസ്.എഫും പാക് റേഞ്ചർമാരും തമ്മിൽ ചർച്ച നടന്നെങ്കിലും സമയം തീരുമാനിക്കാൻ പാക്കിസ്ഥാൻ സൈന്യം വിസമ്മതിക്കുകയായിരുന്നു. തീരുമാനം എടുക്കാതിരുന്നതിന് പാക്കിസ്ഥാൻ പ്രത്യേകം കാരണമൊന്നും വ്യക്തമാക്കിയില്ലെന്നാണ് ഇന്ത്യൻ സൈനിക വൃത്തങ്ങൾ പറഞ്ഞത്.

പാക്കിസ്ഥാൻ സമയം അറിയിക്കാത്തിനാൽ തന്നെ ബി.എസ്.എഫ് വാഗാ അതിർത്തിയിലെ ഗേറ്റുകൾ അടച്ചിടുകയാണ് ചെയ്തത്. ഈദ് ആഘോഷവേളയിൽ ഇരു രാജ്യങ്ങളും തമ്മിൽ മധുരം കൈമാറുന്നത് പതിവ് രീതിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന്റെ കൂടി പ്രതീകമായാണ് ഇതിനെ കണുന്നത്്. ദീപാവലിക്കും ക്രിസ്മസ് ആഘോഷ വേളയിലും ഇത്തരത്തിൽ മധുരം കൈമാറാറുണ്ട്.

അതിർത്തിയിലെ സംഘർഷമാണ് പാക്കിസ്ഥാന്റെ ഇപ്പോഴത്തെ നടപടിക്ക് പിന്നിലെന്നും സൂചനയുണ്ട്. ഇരു ഭാഗത്തെയും ഉന്നത ഉദ്യോഗസ്ഥർ മധുരം കൈമാറുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും എത്താറുണ്ട്.

ആറ് ദിവസത്തിനള്ളിൽ പത്താംകരാർ ലംഘനം

ജമ്മു കാശ്മീരിലെ അർണിയ സെക്ടറിലാണ് ശക്തമായ വെടിവെയ്‌പ്പുണ്ടായത്. ഞായറാഴ്ച അർധരാത്രിയോടെ തുടങ്ങിയ വെടിവെയ്‌പ്പ് പുലർച്ചയും തുടർന്നു.  അതിർത്തിയിലെ അർണിയയിൽ ബിഎസ്എഫ് പോസ്റ്റുകൾക്കുനേരെയാണ് വെടിവെയ്‌പ്പുണ്ടായത്. ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു. ആറു ദിവസത്തിനുള്ളിൽ പത്താമത്തെ വെടിനിർത്തൽ കരാർലംഘനമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് യാതൊരു പ്രകോപനവും കൂടാതെ ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.  ശക്തമായ മോട്ടോർഷെല്ലിങ്ങും ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. പരുക്കേറ്റ എല്ലാവരെയും ജമ്മുവിലെ മെഡിക്കൽ കോളജിലേക്ക് മാറ്റി. അതിർത്തി ഗ്രാമങ്ങൾ പരിഭ്രാന്തിയിലുമാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയാണ് ഗ്രാമവാസികൾ.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പാക് ആക്രമങ്ങളിൽ സ്വത്തു വകകൾക്കും നഷ്ട്മുണ്ടായിട്ടുണ്ട്. പാക് ഷെല്ലിങ്ങിൽ പല വീടുകളും തകർന്നു. രാത്രിയിലെ അപ്രതീക്ഷിത ആക്രമണങ്ങളാണ് പലരുടേയും ജീവനെടുത്തത്. പാക് സേനയുടെ കടന്നാക്രമണം കൂടുന്ന സാഹചര്യത്തിൽ സ്വന്തം വീടുകളിൽ കഴിയാൻ അതിർത്തിയിലെ ഗ്രാമവാസികൾക്ക് കഴിയുന്നില്ല.

ഇന്ത്യപാക്ക് അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയും കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ വെടിവെയ്‌പ്പ് നടത്തിയിരുന്നു. ഇന്നലെ പൂഞ്ച് ജില്ലയിലെ മെന്തർ, സാജിയാൻ പ്രദേശങ്ങളിൽ പാക്കിസ്ഥാൻ സേന വെടിയുതിർത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സാജിയാൻ പ്രദേശത്ത് പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ രണ്ടുപേർക്ക് പരുക്കേറ്റിരുന്നു.

ഇതിന് മുമ്പ് പൂഞ്ച് മേഖലയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്‌പ്പിൽ 17കാരി കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ സംഭവങ്ങളെ പാക്കിസ്ഥാൻ ന്യായീകരിക്കുന്നു. ഇന്ത്യയാണ് കുഴപ്പമുണ്ടാക്കുന്നതെന്നാണ് ആക്ഷേപം.

പുലർച്ചെ ഇന്ത്യൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുകയും പാക്കിസ്ഥാനു നേരെ വെടിയുതിർക്കുകയും ആയിരുന്നു. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനും തിരിച്ചടിച്ചു. നാല് പേർ മരിക്കുകയും 5 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തെന്ന് പാക്കിസ്ഥാൻ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് പറയുന്നു.

ബിഎസ്എഫ് വെടിവച്ചതിനാൽ ആണ് അർഹിക്കുന്ന മറുപടി നൽകിയതെന്നും ഐഎസ്‌പിആറിന്റെ മറുപടി. ഗ്രാമീണരുൾപ്പെടെയുള്ളവരുടെ മരണം സ്ഥിരീകരിച്ചാണ് വിചിത്രമായ മറുപടി പാക്കിസ്ഥാൻ നൽകുന്നതെന്നതാണ് വസ്തുത.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP