Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

അഭിനന്ദനെ ഉപാധികൾ കൂടാതെ വിട്ടയച്ചതും സമാധാനം വേണമെന്നും ഇമ്രാൻ മുറവിളി കൂട്ടിയതും നിൽക്കക്കള്ളിയില്ലാതെ വന്നതോടെ; എഫ്-16 ഉപയോഗിച്ചതിന് അമേരിക്കയും ഒരു വിദേശ ലോൺ പോലും ഇനി കിട്ടില്ലെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സും ഐക്യരാഷ്ട്ര രക്ഷാസമിതിയും കർശന നിലപാട് എടുത്തതോടെ ഗതിമുട്ടി പാക്കിസ്ഥാൻ; പാക് കറൻസി ഡോളറിന് 140 രൂപ എത്തിയതോടെ യുദ്ധം വന്നാൽ എല്ലാം തീരും; പിച്ചതെണ്ടേണ്ട ഗതികേട് ഉറപ്പായതോടെ ഇന്ത്യക്കെതിരെ പിടിച്ചുനിൽക്കാൻ ആവാതെ ശത്രുരാജ്യം

അഭിനന്ദനെ ഉപാധികൾ കൂടാതെ വിട്ടയച്ചതും സമാധാനം വേണമെന്നും ഇമ്രാൻ മുറവിളി കൂട്ടിയതും നിൽക്കക്കള്ളിയില്ലാതെ വന്നതോടെ; എഫ്-16 ഉപയോഗിച്ചതിന് അമേരിക്കയും ഒരു വിദേശ ലോൺ പോലും ഇനി കിട്ടില്ലെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സും ഐക്യരാഷ്ട്ര രക്ഷാസമിതിയും കർശന നിലപാട് എടുത്തതോടെ ഗതിമുട്ടി പാക്കിസ്ഥാൻ; പാക് കറൻസി ഡോളറിന് 140 രൂപ എത്തിയതോടെ യുദ്ധം വന്നാൽ എല്ലാം തീരും; പിച്ചതെണ്ടേണ്ട ഗതികേട് ഉറപ്പായതോടെ ഇന്ത്യക്കെതിരെ പിടിച്ചുനിൽക്കാൻ ആവാതെ ശത്രുരാജ്യം

മറുനാടൻ ഡെസ്‌ക്‌

ഇസ്‌ളാമാബാദ്: ഇന്ത്യക്കെതിരെ യുദ്ധം എന്നൊന്നും ഒരു കാലത്തും സ്വപ്‌നംകാണാൻപോലും ആവാത്ത രാജ്യമാണ് പാക്കിസ്ഥാൻ. അതിന് ചൈനയുടെ പിന്തുണയോ, ഇനി അമേരിക്കയുടെ പിന്തുണയോ ഉണ്ടെങ്കിൽ പോലും അത്തരമൊരു യുദ്ധം ആദ്യം തകർക്കുക ആ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെയാണ്.

എന്തുകൊണ്ട് സമാധാനത്തിന്റെ വെള്ളക്കൊടിയുമായി രണ്ടുദിവസത്തെ യുദ്ധത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാൻ രംഗത്തുവന്നു എന്നതാണ് ഇപ്പോൾ ലോകത്താകമാനം ചർച്ച. ഇതിന് സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന മിക്‌ച്ചൊരു മറുപടിയുണ്ട്. ഒരാഴ്ചയെങ്കിലും രണ്ടുരാജ്യങ്ങളും തമ്മിൽ യുദ്ധം നീണ്ടുപോയിരുന്നെങ്കിൽ സാമ്പത്തിക രംഗം അപ്പാടെ തകർന്ന് പാക്കിസ്ഥാൻ പിന്നെ ചിത്രത്തിലുണ്ടാവില്ല എന്ന വിലയിരുത്തലാണ് അവർ പങ്കുവയ്ക്കുന്നത്.

ഒരേസമയം, അമേരിക്കയുടേയും അതിന് പിന്നാലെ ഫിനാൻഷ്യൻ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റേയും പിന്നാലെ ഐക്യരാഷ്ട്രസഭയുടേയും നടപടി വരുമെന്ന നിലയിലേക്കാണ് പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ തന്നെ ഇന്ത്യൻ നയതന്ത്ര വിദഗ്ദ്ധർ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തിൽ സ്വീകരിച്ച നടപടികൾ പാക്കിസ്ഥാനെ കൊണ്ടുചെന്ന് എത്തിച്ചത്. ഇപ്പോൾ തന്നെ മോശം സ്ഥിതിയിലാണ് പാക്കിസ്ഥാന്റെ സാമ്പത്തിക രംഗം. ഇനിയങ്ങോട്ട് എന്തെങ്കിലും ഉപരോധമോ വിദേശവായ്പകൾ കിട്ടാത്ത സ്ഥിതിയോ ഉണ്ടായാൽ കൊടും പട്ടിണിയിലേക്കും സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കും നീങ്ങും പാക്കിസ്ഥാൻ.

ഈ സാഹചര്യത്തിൽ ചൈനയുടെ സഹായം പോലും പാക്കിസ്ഥാന് മതിയാകില്ല. ഇന്ത്യയെ പിണക്കി അത്തരത്തിൽ വലിയ സഹായങ്ങളിലേക്ക് നീങ്ങാൻ ചൈനയും തയ്യാറാവില്ല. ഈയൊരു സാഹചര്യം മുന്നിൽ കണ്ടാണ് പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ യുദ്ധത്തിനില്ലെന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തിയത്. ഏറ്റവുമൊടുവിൽ ഒരു യുദ്ധസാഹചര്യം മുന്നിൽ കണ്ട് ഇസ്‌ളാമാബാദിലേക്ക് തിരിച്ചുവിളിച്ച പാക് ഹൈക്കമ്മിഷണറെ തിരികെ ഇന്ത്യയിലേക്ക് അയക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ.

അമേരിക്കയുടെ എതിർപ്പ് നേരത്തേ ചോദിച്ചുവാങ്ങി

എഫ്-16 വിമാനം പ്രതിരോധത്തിന് അല്ലാതെ ഉപയോഗിക്കരുതെന്ന നിബന്ധനയുമായാണ് അമേരിക്ക ഈ വിമാനം പാക്കിസ്ഥാന് നൽകുന്നത്. അന്ന് പാക്കിസ്ഥാനുമായി വലിയ സൗഹൃദത്തിലായിരുന്നു അമേരിക്ക. എന്നാൽ പിന്നീട് പാക്കിസ്ഥാൻ ചൈനയുമായി അടുത്തു. ഇതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ വിള്ളൽ വീണു. ഇന്ത്യയുമായി പിന്നീട് അമേരിക്ക കൂടുതൽ അടുത്തു. ഇപ്പോൾ ഉടമ്പടി ലംഘിച്ച് പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ എഫ്-16 ഉപയോഗിച്ചിരിക്കുന്നു. എഫ്-16ൽ നിന്നുമാത്രം തൊടുക്കാവുന്ന എഐഎം-120 മിസൈൽ ഇന്ത്യയിൽ വീണെന്ന് കാണിച്ച് ഇന്ത്യ അതിന്റെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ കൈമാറിയിട്ടുണ്ട്.

ഇത് അമേരിക്കയ്ക്കും ക്ഷീണമാണ്. പാക്കിസ്ഥാന് എതിരെ ഉപരോധം സൃഷ്ടിക്കാൻ അവസരം പാത്തിരിക്കുകയാണ് അമേരിക്ക. അമേരിക്കൻ പൗരന്മാർക്ക് വിസ കാലാവധി വെട്ടിക്കുറച്ച് ചൈനയുടെ പ്രേരണയാൽ പാക്കിസ്ഥാൻ അടുത്തിടെ രംഗത്തുവന്നിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരുടെ കാര്യത്തിലാണ് ഇത്തരമൊരു നീക്കം ഉണ്ടായത്. എന്നാൽ ഇപ്പോൾ അമേരിക്ക തിരിച്ചടിച്ചു. ഇനി പാക് പൗരന്മാർക്ക് അമേരിക്കയിൽ വിസ കാലാവധി വെറും മൂന്നു മാസം മാത്രമായിരിക്കും എന്നാണ് ഇന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് അമേരിക്ക. പാക്കിസ്ഥാന് സൈനിക സഹായമുൾപ്പെടെ വെട്ടിക്കുറയ്ക്കുന്നതിന് പുറമെ കൂടുതൽ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കും. അങ്ങനെയെങ്കിൽ പാക്കിസ്ഥാൻ നീങ്ങുന്നത് വലിയ പ്രതിസന്ധിയിലേക്ക് ആയിരിക്കും.

ലോണുകൾ ഇല്ലാതാകും; പ്രതിസന്ധി കൂടും

വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന പണം ഭീകര സംഘടനകളെ സഹായിക്കാൻ ഉപയോഗിക്കുന്നു എന്ന ആക്ഷേപം നേരത്തേ മുതലേ പാക്കിസ്ഥാന് എതിരെ ഉണ്ട്. ഇക്കാര്യ്ത്തിൽ ഇന്ത്യ തെളിവുകൾ സഹിതം വിവരങ്ങൾ കൈമാറിയതോടെ പാക്കിസ്ഥാൻ ശരിക്കും കുടുങ്ങി. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ്, കശ്മീരിലെ പുൽവാമയിൽ നടത്തിയ ചാവേർ ഭീകരാക്രമണം നിന്ദ്യവും ഭീരുത്വപരവുമെന്ന് ഐക്യരാഷ്ട്ര രക്ഷാ സമിതി പ്രമേയം പാസാക്കുമ്പോൾ തകർന്ന് വീണത് ചൈനയെ മുന്നിൽ നിർത്തിയുള്ള പാക്കിസ്ഥാന്റെ നീക്കമാണ്. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിലെത്തിച്ച് നടപടിയെടുക്കണമെന്നും രക്ഷാ സമിതി ആവശ്യപ്പെട്ടു. ഇതോടെ ജെയ്ഷിനെ ഭീകരവാദ പട്ടികയിൽ പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്കും ശക്തി കൂടി. ഫ്രാൻസ് ഇതിനുള്ള പ്രമേയം ശക്തമായി എത്തിക്കാനും നീക്കം തുടങ്ങി. ഇതോടെ ശരിക്കും പെട്ടിരിക്കുകയാണ് പാക്കിസ്ഥാൻ. ചൈനയും ഇന്ത്യക്കൊപ്പം നിന്നേക്കും എന്ന നില വന്നു.

പാക്കിസ്ഥാനിലെ ഭീകര സംഘടനയെ അനുകൂലിക്കുന്നതായിരുന്നു എന്നും ചൈനയുടെ നിലപാട്. ഇതിനെ മറികടന്നാണ്, ശക്തമായ ഭാഷയിലുള്ള യുഎൻ പ്രസ്താവന പുറത്തുവന്നത്. ഭീകരാക്രമണമെന്ന് എടുത്തുപറഞ്ഞ്, വെട്ടിത്തുറന്നുള്ള പരാമർശങ്ങൾ ആവശ്യമില്ലെന്ന ചൈനയുടെ നിലപാട് സമിതിയിലെ മറ്റ് അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി തള്ളി. ചൈന നിരന്തരം ഇടപെട്ടതിനാൽ സുപ്രധാന പ്രസ്താവന ഒരാഴ്ചയോളം വൈകി. എന്നാൽ ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ ഫലം കണ്ടു. ഇന്ത്യക്കായി അമേരിക്കയും റഷ്യയും ഒരുമിച്ചതും നിർണ്ണായകമായി. ഇതോടെ ചൈനയ്ക്കും പ്രമേയത്തെ പിന്തുണയ്ക്കേണ്ടി വന്നു.

ഫെബ്രുവരി 14നായിരുന്നു ഭീകരാക്രമണം. ശക്തമായ പ്രതികരണം പിറ്റേന്നു തന്നെ പുറപ്പെടുവിക്കാനായിരുന്നു 15 അംഗ രക്ഷാ സമിതിയുടെ താൽപര്യം. അത് 18 വരെ വൈകിക്കണമെന്ന് ചൈന നിലപാടെടുത്തു. ബാക്കി 14 അംഗങ്ങളും ചേർന്ന് പ്രസ്താവന തയാറാക്കിയപ്പോൾ ഭേദഗതികളുമായി ചൈന രണ്ടു തവണ ഇടപെട്ടു. പ്രസ്താവന ഇറക്കാൻ അനുവദിച്ചില്ല. അതുകൊണ്ട് തന്നെ വീണ്ടും ചർച്ചയെത്തിയപ്പോൾ അമേരിക്കയും റഷ്യയും കടുത്ത നിലപാട് എടുത്തു. നീണ്ട ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമാണു പ്രസ്താവനയ്ക്ക് അന്തിമരൂപമായത്. ജെയ്ഷിന്റെ പേര് ഉൾപ്പെടുത്താൻ ഇന്ത്യ ചെലുത്തിയ സ്വാധീനം ഫലം കാണുകയു ചെയ്തു. യുഎസും നിർണായക പങ്കു വഹിച്ചു.

പ്രസ്താവനയിൽ പാക്കിസ്ഥാൻ പരാമർശം ഒഴിവാക്കിക്കിട്ടാൻ യുഎന്നിലെ പാക്ക് പ്രതിനിധി മലീഹ ലോധി രക്ഷാസമിതി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുക വരെ ചെയ്തു. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയിൽപെടുത്താൻ ഫ്രാൻസ് മുൻകയ്യെടുത്ത് പുതിയ പ്രമേയം കൊണ്ടുവരാൻ നീക്കം തുടങ്ങി. യുഎന്നിൽ 10 വർഷമായി ഇന്ത്യ ഉന്നയിക്കുന്ന ഈ ആവശ്യം ചൈന വീറ്റോ അധികാരം ഉപയോഗിച്ചു തടയുകയാണ്. എന്നാൽ ഇനി അത് നടക്കില്ലെന്നാണ് സൂചന. പുൽവാമയിലെ ആക്രമത്തിന്റെ ഉത്തരവാദിത്വം ജെയ്ഷ് തന്നെ ഏറ്റെടുത്ത സാഹചര്യത്തിലാണ് ഇത്.

8500 ഇടപാടുകൾ സംശയകരമെന്ന് എഫ്എടിഎഫ്

ആഗോളതലത്തിൽ വികസിത രാജ്യങ്ങളിൽ നിന്ന് സഹായം മറ്റു രാജ്യങ്ങളിൽ എത്തിക്കുന്നതിൽ നിർണായകമാണ് എഫ്എടിഎഫിന്റെ ഇടപെടൽ. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് എന്ന സംഘടനയാണ്് ഇത്തരത്തിൽ വിദേശ ലോണുകൾ വിവിധ രാജ്യങ്ങൾക്ക് നൽകുന്നതിൽ നിർണായകം. ഇത്തരത്തി്ൽ ഒരു രാജ്യത്ത് എത്തുന്ന ഫണ്ട് ഭീകരർക്കും അവരുടെ പ്രവർത്തനങ്ങൾക്കും നൽകുന്നു എന്ന നിലവന്നാൽ എഫഎടിഎഫ് ഇടപെടും. ആവശ്യമായ ഫണ്ട് ലഭ്യമല്ലാതായാൽ ലോകം ഭീകരവാദ ഭീഷണിയിൽ നിന്ന് മുക്തരാകുമെന്ന് പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് എഫ്എടിഎഫ് വ്യക്തമാക്കിയതോടെ പാക്കിസ്ഥാൻ നേരിടുന്നത് വലിയ ഭീഷണിയാണ്. ഇനി ലോകരാജ്യങ്ങളിൽ നിന്നോ ഐഎംഎഫ്ി്ൽ നിന്നോ പോലും ഒരു സഹായവും പാക്കിസ്ഥാന് കിട്ടില്ല.

ഭീകരസംഘടനകൾക്കുള്ള സാമ്പത്തികസഹായം തടയാനും കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് 38 രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച രാജ്യാന്തരക്കൂട്ടായ്മയാണ് എഫ്എടിഎഫ്. ചൈനയുമായും റഷ്യയുമായും വ്യാപാര ബന്ധങ്ങളെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ ശ്രമങ്ങൾ നടത്തുന്ന പാക്കിസ്ഥാന് എഫിഎടിഎഫിന്റെ മുന്നറിയിപ്പ് വലിയ തിരിച്ചടിയായി. ഇതെല്ലാമാണ് ഇന്ത്യക്കെതിരെ ഒരു ഒത്തുതീർപ്പിലേക്ക് വേഗം എത്താൻ പാക്കിസ്ഥാനെ പ്രേരിപ്പിക്കുന്നതും.

2018ൽ സംഘടനയുടെ സാമ്പത്തികകാര്യ നിരീക്ഷക സമിതി പാക്കിസ്ഥാന്റെ 8,707 സാമ്പത്തിക ഇടപാടുകൾ സംശയകരമാണെന്ന് കണ്ടെത്തി. 2017ൽ ഇത് 5548 ആയിരുന്നു. ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും മാത്രം 1136 സംശയകരമായ സാമ്പത്തിക ക്രയവിക്രയം കണ്ടെത്തിയെന്ന് പാക്കിസ്ഥാനിലെ ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെയാണ് പാക്കിസ്ഥാൻ വീണ്ടും ഗ്രേ ലിസ്റ്റിൽ തന്നെ ആയത്. ആറ് ബാങ്കുകൾക്ക് പിഴ ഈടാക്കി. വ്യാജ അക്കൗണ്ട് തുറന്നതുമായി ബന്ധപ്പെട്ട് 109 ബാങ്കുകൾക്കെതിരെ അന്വേഷണം ക്കുന്നുണ്ട്. ഇതിനുപുറമെ 20 ബില്യൺ പാക്കിസ്ഥാനി രൂപയുടെ കള്ളപ്പണവും സ്വർണവും അടക്കം കണ്ടുകെട്ടിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകൽ പുറത്തുവന്നു.

പുൽവാമ ആക്രമണത്തെ, ഭീകരസംഘടനകൾക്കുള്ള രാജ്യാന്തര ധനസഹായവഴികൾ നിരീക്ഷിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) അപലപിച്ചതോടെയാണ് പാക്കിസ്ഥാൻ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയത്. ഭീകരസംഘടനകളായ ലഷ്‌കറെ തയിബ, ജയ്ഷെ മുഹമ്മദ്, ജമാഅത്ത് ഉദ്ദവ തുടങ്ങിയവയ്ക്കുള്ള ധനസഹായവഴികൾ തടയുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടെന്നു വിമർശിച്ചിച്ചാണ് എഫ്എടിഎഫ് പ്രസ്താവന.

എല്ലാ ഭീകര സംഘടനകളുടേയും ഓഫീസുകളിൽ റെയ്ഡ് നടത്തിയും ചിലതെല്ലാം പൂട്ടിയും ആഗോളതലത്തിൽ മുഖം രക്ഷിക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. ഇതിന്റെ ശ്രമങ്ങ്ൾ തുടങ്ങിയതായും സംഘടനകളെ നിരോധിച്ചതായും അറിയിച്ചാണ് പാക്കിസ്ഥാൻ ഇന്നലെ തന്നെ ശ്രമം തുടങ്ങിയത്. ജയ്‌ഷെ മുഹമ്മദിനെതിരെ വലിയ എതിർപ്പ് ഉയർന്നിട്ടും അതിനെ തൊട്ടില്ലെങ്കിലും ജയ്‌ഷെ നേതാവ് മസൂദ് അസറിന്റെ മകനെയും അനുജനെയും കരുതൽ തടങ്കലിൽ വയ്ക്കുന്നു എന്ന് വ്യക്തമാക്കിയാണ് പാക് നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP