Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉയിഗുർ കവി അന്ത്യവിശ്രമം കൊള്ളുന്ന വലിയ ഖബറിസ്ഥാൻ പൊളിച്ച് ചൈനയുണ്ടാക്കിയത് അമ്യൂസ്മെന്റ് പാർക്ക്; തലയോട്ടികൾ ഒന്നിച്ച് ജെസിബി വെച്ച് വാരി ട്രക്കുകളിൽ കയറ്റി മരുഭൂമിയിലുള്ള പുതിയ ശ്മശാനത്തിലേക്ക് മാറ്റി; പൂർവികരുടെ ഖബറിടങ്ങളിൽ ചെന്നിരുന്ന് പ്രാർത്ഥിക്കാൻപോലും ഇനി ഇവർക്കാവില്ല; 2014 മുതൽ ചൈനീസ് സർക്കാർ തോണ്ടി നിരത്തിയത് 45 ഖബറിടങ്ങൾ; തടവിലിട്ടും വീട്ടിലേക്ക് ചാരന്മാരെ പറഞ്ഞുവിട്ടും അടിച്ചമർത്തിയും ചൈന കൊല്ലാക്കൊല ചെയ്യുന്ന ഉയിഗൂരികളുടെ ഒരു പീഡന കഥ കൂടി പുറത്ത്

ഉയിഗുർ കവി  അന്ത്യവിശ്രമം കൊള്ളുന്ന വലിയ ഖബറിസ്ഥാൻ പൊളിച്ച് ചൈനയുണ്ടാക്കിയത് അമ്യൂസ്മെന്റ് പാർക്ക്; തലയോട്ടികൾ ഒന്നിച്ച് ജെസിബി വെച്ച് വാരി ട്രക്കുകളിൽ കയറ്റി മരുഭൂമിയിലുള്ള പുതിയ ശ്മശാനത്തിലേക്ക് മാറ്റി; പൂർവികരുടെ ഖബറിടങ്ങളിൽ ചെന്നിരുന്ന് പ്രാർത്ഥിക്കാൻപോലും ഇനി ഇവർക്കാവില്ല; 2014 മുതൽ ചൈനീസ് സർക്കാർ തോണ്ടി നിരത്തിയത് 45 ഖബറിടങ്ങൾ; തടവിലിട്ടും വീട്ടിലേക്ക് ചാരന്മാരെ പറഞ്ഞുവിട്ടും അടിച്ചമർത്തിയും ചൈന കൊല്ലാക്കൊല ചെയ്യുന്ന ഉയിഗൂരികളുടെ ഒരു പീഡന കഥ കൂടി പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്ങ്: കമ്യൂണിസ്റ്റ് ചൈനയുടെ വടക്കുപടിഞ്ഞാറ് കിടക്കുന്ന സിൻജിയാങ് പ്രവിശ്യയിൽ, അടിമകളെപ്പോലെ ജീവിക്കുന്നവരാണ് ഉയിഗൂർ മുസ്ലീങ്ങൾ. പത്തുലക്ഷത്തോളം ഉയിഗൂർ മുസ്ലിങ്ങൾ ഭീകരവാദം ആരോപണം നേരിട്ട് ചൈനയിലെ കരുതൽ തടങ്കലുകളിൽ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ഇവരെ മെരുക്കുന്നതിന്റെ ഭാഗമായി മിശ്രവിവാഹം തൊട്ട് നാടുകടത്തൽവരെയുള്ള നിരവധി തന്ത്രങ്ങൾ ചൈന പയറ്റുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലാണ് ഇപ്പോൾ ഉയിഗൂർ മുസ്ലീങ്ങളുടെ ഖബുറകൾ തോണ്ടൽ
എന്ന പുതിയ പരിപാടിയുമായി ചൈന രംഗത്ത് എത്തിയിട്ടുണ്ട്. തലമുറകളായി ഉയിഗുർ മുസ്ലിങ്ങൾ തങ്ങളുടെ കുടുംബങ്ങളിൽ മരണപ്പെടുന്നവരെ അടക്കുന്ന നൂറുകണക്കിന് ശ്മശാനങ്ങളുണ്ട് സിൻജിയാങ് പ്രവിശ്യയിൽ. അവയിൽ മിക്കതും ഇപ്പോൾ ചൈനീസ് സർക്കാർ തോണ്ടി നിരത്തിയിരിക്കുകയാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ ഇപ്പോൾ ബിബിസി പുറത്തുവിട്ടിരിക്കയാണ്.

മതപരമായ ആചാരവൈവിധ്യങ്ങൾ വെച്ചുപുലർത്തുന്നതിന്റെ പേരിൽ ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ, ഉയിഗുറുകൾക്കെതിരെ വർഷങ്ങളായി നിഷേധാത്മകമായ നിലപാടുകളാണ് സ്വീകരിച്ചു പോരുന്നത്. ഉയിഗുറുകളെ ലക്ഷ്യം വെച്ചുള്ള സിസിടിവി നിരീക്ഷണങ്ങളും, അവരുടെ വീടുകളിൽ നിർബന്ധിതമായി ഗവണ്മെന്റിന്റെ ചാരന്മാരെ പാർപ്പിക്കലും, കുറ്റം ചെയ്യാൻ സാധ്യതയുണ്ട് എന്ന് സർക്കാരിന് തോന്നുന്ന ഉയിഗുറുകളെ വലിയ 'റീഎജുക്കേഷൻ ' ക്യാമ്പുകളിൽ പാർപ്പിച്ചുകൊണ്ടുള്ള ചൈനീസ് വിദ്യാഭ്യാസവും, സാംസ്‌കാരികമായ തെറ്റുതിരുത്തലും, പുനർവിദ്യാഭ്യാസവും ഒക്കെ ആ നയങ്ങളുടെ ഭാഗമായിരുന്നു. എന്നാൽ, ഇങ്ങനെ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള ചൈനീസ് സർക്കാരിന്റെ വേട്ടയാടലുകളുടെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് ഉയിഗുർ മുസ്ലിങ്ങളുടെ ഖബറുകൾ വിവേചന ബുദ്ധിയില്ലാതെ തോണ്ടി സ്ഥലം മാറ്റിയിരിക്കുന്നു എന്ന വാർത്ത.

2014 മുതൽ ചൈനീസ് സർക്കാർ തോണ്ടിനിരത്തിയത് 45 ശ്മശാനങ്ങളാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഇതിൽ മുപ്പതെണ്ണവും തോണ്ടിയത്. ആഗോളതലത്തിൽ പലതരത്തിലുള്ള നടപടികളും ഇതിന്റെ പേരിൽ ചൈനയ്‌ക്കെതിരെ വന്നു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഉയിഗറുകളോടുള്ള വിവേചനത്തിന്റെ പേരിൽ ചൈനയിലെ ചില ഉദ്യോഗസ്ഥർക്ക് അമേരിക്ക വിസ നിഷേധിക്കുന്നത്.പ്രസിദ്ധ ഉയിഗുർ കവി ലുട്ട്പുള്ള മുട്ടലിപ്പ് അന്ത്യവിശ്രമം കൊള്ളുന്ന ഒരു വലിയ ഖബറിസ്ഥാനുണ്ടായിരുന്നു അക്സുവിൽ. ഇപ്പോൾ അത് ചൈനീസ് സർക്കാറിന്റെ വക ഒരു അമ്യൂസ്മെന്റ് പാർക്കായി മാറിയിട്ടുണ്ട്. 'ഹാപ്പിനെസ്സ് പാർക്ക്' എന്നാണ് പുതിയ പേര്.ആ ഖബറിടങ്ങൾ നിന്നിടത്ത് ഇന്ന് കോൺക്രീറ്റിൽ തീർത്ത പാണ്ട പ്രതിമകളുണ്ട്, കുട്ടികൾക്കുള്ള യന്ത്രഊഞ്ഞാലുകളുണ്ട്, ഒരു കൃത്രിമ തടാകവുമുണ്ട്. ആ പ്രദേശം, മുമ്പ് ഉയിഗുറുകളെ സംബന്ധിച്ചിടത്തോളം ഒരു തീർത്ഥാടന കേന്ദ്രത്തിനു സമമായിരുന്ന ഇടമാണ്. അവിടെ മണ്ണിൽ ഉണ്ടായിരുന്ന എല്ലും തലയോട്ടികളും എല്ലാം ഒന്നിച്ച് ജെസിബിക്ക് വാരി ട്രക്കുകളിൽ കയറ്റി,ദൂരെയെങ്ങോ ഒരു മരുഭൂമിയിലുള്ള പുതിയ ശ്മശാനത്തിലേക്ക് മാറ്റിയിട്ടുണ്ട് സർക്കാർ.

ഉയിഗുറുകൾക്ക് അവരുടെ പൂർവികരുടെ ഖബറിടങ്ങളിൽ ചെന്നിരുന്ന് പ്രാർത്ഥനകൾ അർപ്പിക്കുകയും പൂക്കളും മറ്റും കൊണ്ടുവെക്കുകയും ഒക്കെ ചെയ്യുന്ന പതിവുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഖബറുകൾ അവർ എന്നും നല്ലപോലെ സൂക്ഷിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ കാത്തുസൂക്ഷിച്ചു പോന്ന ഖബറിടങ്ങളാണ് യാതൊരു മുന്നറിയിപ്പും കൂടാതെ യന്ത്രസഹായത്തോടെ ഇടിച്ചു നിരത്തി, തോണ്ടി മാറ്റിയിരിക്കുന്നത്. അവിടെയിപ്പോൾ അവശേഷിക്കുന്നത് ഒറ്റപ്പെട്ട ചില തലയോട്ടികളും എല്ലുകളും മാത്രമാണ്. ഇനിയവർക്ക് ചെന്നിരുന്ന് പ്രാർത്ഥിക്കാൻ ഒരിടമില്ല. അതുതന്നെയാണ് സർക്കാരിന്റെയും ലക്ഷ്യം.

അന്തിയുറങ്ങാൻ കമ്യൂണിസ്റ്റ് സർക്കാറിന്റെ ചാരന്മാർ

ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ പല ഉയിഗൂരികളുടെയും കുടുംബത്തിലേക്ക് ചാരന്മാരെ കയറ്റിവവിട്ടിരുന്നു. ഒറപ്പെട്ട ഒരു വിന്യാസമല്ല അവരുടേത്. 'പീപ്പിൾസ് ഡെയ്ലി' എന്ന ചൈനീസ് കമ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ പത്രം പറയുന്നത്, ഏകദേശം പതിനൊന്നു ലക്ഷത്തോളം സർക്കാർ ഉദ്യോഗസ്ഥരെയാണ് ഗവണ്മെന്റ് ന്യൂനപക്ഷ സമുദായങ്ങളുടെ സ്വീകരണ മുറികളും കിടപ്പറകളുമെല്ലാം പങ്കിട്ടുകൊണ്ട് അവരെ നിരീക്ഷിക്കാനും അവരിൽ കമ്യൂണിസം അടവെച്ചു വിരിയിച്ചെടുക്കാനുമായി നിയോഗിച്ചിരിക്കുന്നത്. ആതിഥേയന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് അവിടെ പ്രസക്തിയില്ല. ഒരു ഉയിഗൂർ മുസ്ലിം കുടുംബമായിപ്പോയി എന്നൊരൊറ്റക്കാരണം കൊണ്ട്, അവരുടെ സ്വകാര്യതകളിലേക്ക്, ആ അതിഥി നിർബാധം കടന്നുകേറും. നിഴലുപോലെ കൂടെക്കഴിഞ്ഞ് അവരെ നിരീക്ഷിക്കും. 'വീട്ടിൽ ഒരു ചാരൻ' പദ്ധതി എന്നാണ് ഇതിനെ പാശ്ചാത്യ ബാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

'അന്ധവിശ്വാസങ്ങളിൽ അഭിരമിക്കുന്ന പാർശ്വവൽകൃതരായ ഉയിഗൂർ മുസ്ലീങ്ങളെ അതിൽ നിന്നെല്ലാം അടർത്തിയെടുത്ത് മതേതര മുഖ്യധാരാ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുന്നതിന്'. ഇങ്ങനെ നിഴൽപോലെ കൂടെ നടക്കുന്ന നവാഗത ബന്ധുക്കൾ വേണമെന്നാണ് സർക്കാർ പറയുന്നത്. കുടുംബാംഗങ്ങളിലുണ്ടാവുന്ന ആകസ്മികമായ സ്വഭാവവ്യതിയാനങ്ങളെ, ഉദാഹരണത്തിന് പെട്ടന്ന് മദ്യപാനം നിർത്തുന്നത്, അല്ലെങ്കിൽ താടി നീട്ടി വളർത്തുന്നത്, അല്ലെങ്കിൽ സാമാന്യത്തിൽ കവിഞ്ഞൊരു മതനാമം കൊണ്ടുനടക്കുന്നത് ഒക്കെ തീവ്രസ്വഭാവത്തിന്റെ ലക്ഷണങ്ങളായി വ്യാഖ്യാനിച്ചെന്നുവരും. ഉടനെ ചാരൻ വിവരം അറിയിക്കുകയും ചെയ്യും.

ചൈനയിൽ സി ജിൻ പിങ് ഭരണത്തിലേറിയപ്പോൾ മുതൽ ഉയിഗൂർ മുസ്ലിങ്ങളുടെ തെരുവുകളിൽ മുക്കിനുമുക്ക് ഗവണ്മെന്റിന്റെ കണ്ണുകളാണ്. ഇപ്പോൾ തന്നെ, മുഖം തിരിച്ചറിയാൻ കഴിയുന്ന സിസിടിവി ക്യാമറകൾക്ക് മുന്നിലൂടെയല്ലാതെ അവർക്ക് വീടിന്റെ പടിവിട്ട് ഒരടിപോലും വെക്കാനാവില്ല. ഈ പുതിയ പരിഷ്‌കാരം ഒരുപടികൂടി കടന്ന്, അവരുടെ വീടിനുള്ളിലും സർക്കാരിന്റെ ചാരക്കണ്ണുകൾ സ്ഥാപിച്ചിരിക്കുകയാണ്.ഒരുവാക്ക് ഒക്കെ മതിയാവും അവരെ സർക്കാർ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും തുടർന്നുള്ള പീഡനങ്ങൾക്കിരയാക്കാനും..

ചൈനയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ കണക്കുകളനുസരിച്ച് ഏകദേശം പത്തുലക്ഷത്തോളം ഉയിഗൂർ മുസ്ലിങ്ങൾ 'ഭീകരവാദം' എന്ന വിശാലമായ ആരോപണം നേരിട്ട് കരുതൽ തടങ്കലുകളിൽ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ സിം ജിയാങ്ങിലെ പ്രവിശ്യാഭരണകൂടത്തിന്റെ മുൻകൈയിൽ 'ഒരേ കുടുംബമാവൽ' വാരം സംഘടിപ്പിക്കുകയുണ്ടായി. ഉയിഗൂർ കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കുന്ന, അവർക്കുവേണ്ടി കറിക്കരിഞ്ഞുകൊടുക്കുന്ന, അവർക്കൊപ്പം അത്താഴമുണ്ണുന്ന നവാഗതബന്ധുജനങ്ങളുടെ നന്മനിറഞ്ഞ സേവനങ്ങളുടെ സചിത്ര വർണ്ണനകൾ അയിരുന്നു എങ്ങും.

സർക്കാരിന്റെ ചാരക്കണ്ണുകൾക്കുള്ള ടെസ്റ്റ് റൺ ആയിരുന്നു യഥാർത്ഥത്തിൽ ഡിസംബറിലെ 'ഒരേ കുടുംബമാവൽ' വാരാഘോഷം.. ഫെബ്രുവരിയായപ്പോഴേക്കും, സിൻ ജിയാങ് യുണൈറ്റഡ് ഫ്രണ്ട് വർക്‌സ് ഡിപ്പാർട്ടുമെന്റ് വക ഉത്തരവിറങ്ങി. സർക്കാർ ഉദ്യോഗസ്ഥരെല്ലാം തങ്ങളുടെ നിയുക്ത ബന്ധുകുടുംബങ്ങളോടൊപ്പം രണ്ടുമാസത്തിലൊരിക്കൽ ചുരുങ്ങിയത് അഞ്ചു ദിവസത്തേക്കെങ്കിലും താമസിച്ചിരിക്കണം'. പൊതുമേഖലയിൽ തൊഴിലെടുക്കുന്ന പാർട്ടി സഖാക്കൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ ഇതിനകം നൽകപ്പെട്ടിട്ടുണ്ട്. തങ്ങളുടെ നവബന്ധുക്കളുടെ കുടിപാർപ്പുകളിൽ, സുന്നത്തുകല്യാണങ്ങളിൽ, പേരിടൽ ചടങ്ങുകളിൽ, അടുത്ത ബന്ധുജനങ്ങളുടെ ജനന മരണ വിവാഹ അടിയന്തിരങ്ങളിൽ ഒക്കെ ഇനി അവർ പങ്കെടുത്തേ മതിയാവൂ.. ഓരോ കുടുംബാംഗത്തിന്റെയും രാഷ്ട്രീയ ചായവ് സാമൂഹികവ്യാപാരങ്ങൾ, മതം, വരുമാനം, അവരുടെ ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, ഇതിനൊക്കെപ്പുറമെ, അവരുടെ അടുത്ത ബന്ധുക്കളുടെ വിശദവിവരങ്ങൾ ഒക്കെയും അറിഞ്ഞിരിക്കാൻ പാർട്ടി ചാരന്മാർ ബാധ്യസ്ഥരാണ്. കുടുംബങ്ങൾക്ക് ഈ സൗജന്യനിരീക്ഷണത്തിനു പുറമെ സർക്കാർ നൂറു രൂപയ്ക്കും അഞ്ഞൂറ് രൂപയ്ക്കുമിടയിൽ ഒരു സംഖ്യ, ഭക്ഷണച്ചെലവുകൾ വഹിക്കുന്നതിലേക്കായി സർക്കാർ അനുവദിക്കുന്നതാണ്. ഇങ്ങനെ ബന്ധുത്വത്തിന് നിയുക്തരാവുന്ന സഖാക്കന്മാർ 'ഉയിഗർ വംശജരുടെ വീടുകൾക്കുള്ളിൽ മാത്രമല്ല, അവരുടെ ഹൃദയങ്ങൾക്കുള്ളിൽകൂടിയാണ് അധിവസിക്കുന്നത് ' എന്നാണ് പാർട്ടി പത്രം മുഖപ്രസംഗമെഴുതിയത്. മിശ്ര വിവാഹങ്ങൾ പ്രോൽസാഹിപ്പിച്ചും അവർ ഉയിഗൂരുകാരെ ചൈനയിൽ ലയിപ്പിക്കുന്നുണ്ട്.

തടവുപാളയമല്ല രാഷ്ട്ര പുനർ നിർമ്മാണ കേന്ദ്രമെന്ന് ചൈന

ചൈനയിലെ ഏറ്റവും വലിയ പ്രവിശ്യയായ സിൻജിയാംഗിൽ ഭൂരിപക്ഷ സമൂഹമാണ് ഉയിഗൂർ മുസ്ലിംങ്ങൾ. ഇവരിൽ പത്ത് ലക്ഷത്തോളം പേർ തടങ്കൽ പാളയങ്ങളിലാണ് എന്നാണ് റിപ്പേർട്ടുകൾ. ഉയിഗൂർ മുസ്ലിംങ്ങളെ കൊല്ലാകൊല ചെയ്യുകയാണ് ചൈനീസ് ഭരണകൂടം. ന്യൂനപക്ഷ വിഭാഗങ്ങൾ ഇല്ലാതാകുന്നതിലൂടെ ഒരു ജനത, ഒരൊറ്റ രാജ്യം എന്ന ആപ്തവാക്യം നടപ്പാക്കുകയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് മനുഷ്യാവകാശ സംഘടനകളുടെ വിമർശനം.ഡിറ്റൻഷൻ ക്യാമ്പുകളിൽ കഴിയുന്നവരിൽ കൂടുതലാണ് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ നീരീക്ഷണത്തിൽ കഴിയുന്നവർ എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവ തടവറകളല്ലെന്നും രാഷ്ട്ര പുനർ വിദ്യാഭ്യാസ കേന്ദ്രങ്ങളാണെന്നുമാണ് ചൈനയുടെ അവകാശവാദം. മതം ഉപേക്ഷിച്ച് കമ്യൂണിസം പഠിപ്പിക്കുകയാണ് തടങ്കൽ പാളയങ്ങളിൽ. വൻ സൈനിക സാന്നിധ്യമുള്ള സിൻജിയാങ് പ്രവിശ്യയിൽ മാത്രം ഒരു കോടി മുസ്ലിങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. ഓരോ വ്യക്തിയും പാർട്ടിയുടേയും സൈന്യത്തിന്റെയും പൂർണ്ണ നിരീക്ഷണത്തിലാണ്. ഇത്തരം നിയന്ത്രണങ്ങൾക്കു പിന്നാലെ ഈ വർഷമാദ്യം ഇസ്ലാം മതത്തെ തദ്ദേശവത്കരിക്കുന്ന നിയമവും ചൈന പാസാക്കിയിരുന്നു.

രാഷ്ട്രാന്തരീയ തലത്തിൽ ഉയിഗൂർ പ്രശ്നം സജീവമാകാതെ പോകുന്നത് ചൈനയുടെ തന്ത്രപരമായ നീക്കം കാരണമാണ്. ഉയിഗൂർ മുസ്ലീങ്ങൾ വംശീയമായി തുർക്കികളാണെങ്കിലും അടുത്തകാലംവരെ തുർക്കി ചൈനക്കെതിരെ രംഗത്ത് വരാൻ മടിച്ചു. വാണിജ്യ രംഗത്തുള്ള സഹകരണമാണ് പ്രധാനം. അറബ് ലോകം സ്വന്തം പ്രശ്നങ്ങളിൽ ഉഴലുകയാണ്. അവർക്ക് ഉയിഗൂർ പ്രശ്നത്തിൽ ഇടപെടാൻ കഴിയില്ല. പാക്കിസ്ഥാൻ ചൈനയുടെ അടുത്ത സുഹൃദ് രാജ്യമാണ്. അമേരിക്കയും പാശ്ചാത്യ നാടുകളുമാണ് ഉയിഗൂർ പ്രശ്നം പലപ്പോഴും അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിക്കുക. പക്ഷേ, അവയൊക്കെ ജലരേഖകളായി മാറുകയാണ് പതിവ്.

ചൈനയിൽ 30 ലക്ഷത്തോളം മുസ്ലിങ്ങളെ 'കോൺസൻട്രേഷൻ ക്യാമ്പു'കളിൽ പാർപ്പിച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി അമേരിക്ക രംഗത്ത് വന്നിരുന്നു. ചൈനയിലെ ലക്ഷകണക്കിന് മുസ്ലിങ്ങൾ സർക്കാരിന്റെ കൊടും പീഡനങ്ങൾക്കു വിധേയരാവുകയാണെന്ന ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെയും മറ്റു സ്വതന്ത്ര സന്നദ്ധ സംഘടനകളുടെയും റിപ്പോർട്ടിനു തൊട്ടുപിന്നാലെയാണ് ഔദ്യോഗികമായി ചൈനയ്ക്കെതിരെ പെന്റഗൺ ഗുരുതര ആരോപണം ഉയർത്തിയത്. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പടെ മുസ്ലിം വിഭാഗങ്ങൾക്കു ശക്തമായ നിയന്ത്രണങ്ങളാണ് ചൈന ഏർപ്പെടുത്തിയതെന്നു അമേരിക്ക കുറ്റപ്പെടുത്തി.

സുരക്ഷാസൈനികരെ ഉപയോഗിച്ചാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്ലിങ്ങളെ കോൺസൻട്രേഷൻ ക്യാബുകളിൽ എത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. ഉയിഗൂർ അടക്കമുള്ള മുസ്ലിം വിഭാഗങ്ങൾ ചൈനയിൽ അതിക്രൂരമായ പീഡനങ്ങൾക്കു വിധേയമാകുന്നതായും ആരോപണം ഉണ്ട്. മുസ്ലിം പീഡനത്തിന്റെ പേരിൽ ലോകരാജ്യങ്ങളിൽ നിന്നു ചൈന വൻതോതിൽ വിമർശനം ഏറ്റുവാങ്ങി കൊണ്ടിരിക്കേയാണ് ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്ക രംഗത്തു വരുന്നത്. എന്നാൽ രാജ്യത്ത് കോൺസൻട്രേഷൻ ക്യാമ്പുകൾ നിലവിൽ ഇല്ലെന്നും തൊഴിലധിഷ്ഠിത കേന്ദ്രങ്ങളാണ് നിലവിൽ ഉള്ളതെന്നുമാണു ചൈനയുടെ വിശദീകരണം.

ചൈനയിലെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ നരകയാതന അനുഭവിക്കുന്ന മുസ്ലിംകൾ തങ്ങളുടെ യാതനകൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോടു പങ്കുവച്ചതിനെ തുടർന്ന് രാജ്യാന്തര തലത്തിൽ ചൈനയ്ക്കെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. ചിലമേഖലകളിലെ തീവ്ര മതമൗലികവാദങ്ങളെയും കലാപങ്ങളെയും നേരിടാനാണ് രാജ്യത്ത് ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ തുടങ്ങിയതെന്നായിരുന്നു ചൈനയുടെ വിശദീകരണം.ചൈനയിൽ മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടിരുന്നു. ചൈനീസ് സർക്കാരിന്റെ നേതൃത്വത്തിൽ ഉയിഗൂർ മുസ്ലിങ്ങൾക്കെതിരെ കടുത്ത മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. മനുഷ്യത്വത്തിന് നാണക്കേടാണ് ചൈനീസ് സർക്കാരിന്റെ നടപടിയെന്ന് വിമർശിച്ച തുർക്കി കോൺസൻട്രേഷൻ ക്യാംപുകൾ അടച്ചുപൂട്ടാനും ആവശ്യപ്പെട്ടു. ഇതിന് അപ്പുറത്തേക്ക് ഒന്നും തുർക്കിക്കും ചെയ്യാനാകുന്നില്ല. പൊതുവെ ഇസ്ലാമിക രാഷ്ട്രങ്ങളും ഉയിഗൂരികളോട് പുറം തിരഞ്ഞ് നിൽക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP