Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദി കപ്പലുകളെ ആക്രമിച്ചത് ഇറാനോ ഇറാന്റെ പിന്തുണയുള്ള ഹൂതികളോ എന്ന് തറപ്പിച്ച് പറഞ്ഞ് അമേരിക്ക; ആക്രമിക്കപ്പെട്ട കപ്പലുകളുടെ ദൃശ്യങ്ങൾ പുറത്ത്; യുദ്ധത്തിനിറങ്ങിയാൽ മടങ്ങിപ്പോക്ക് എളുപ്പമല്ലെന്ന് ഓർമിപ്പിച്ച് ഇറാൻ; ഇറാന്റെ മേൽ അനാവശ്യമായി കുതിര കയറരുതെന്ന് മുന്നറിയിപ്പ് നൽകി റഷ്യ; പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരാവസ്ഥയിലേക്ക്

സൗദി കപ്പലുകളെ ആക്രമിച്ചത് ഇറാനോ ഇറാന്റെ പിന്തുണയുള്ള ഹൂതികളോ എന്ന് തറപ്പിച്ച് പറഞ്ഞ് അമേരിക്ക; ആക്രമിക്കപ്പെട്ട കപ്പലുകളുടെ ദൃശ്യങ്ങൾ പുറത്ത്; യുദ്ധത്തിനിറങ്ങിയാൽ മടങ്ങിപ്പോക്ക് എളുപ്പമല്ലെന്ന് ഓർമിപ്പിച്ച് ഇറാൻ; ഇറാന്റെ മേൽ അനാവശ്യമായി കുതിര കയറരുതെന്ന് മുന്നറിയിപ്പ് നൽകി റഷ്യ; പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരാവസ്ഥയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: ഗൾഫ് ഓഫ് യെമനിൽ വച്ച് സൗദിയുടെ ഓയിൽ ടാങ്കറുകളെ ലിംപെറ്റ് മൈനുകൾ ഉപയോഗിച്ച് ആക്രമിച്ചുവെന്ന് റിപ്പോർട്ട്. ഈ കൃത്യം നിർവഹിച്ചിരിക്കുന്നത് ഇറാനോ ഇറാന്റെ പിന്തുണയുള്ള ഹൂതികളോ ആണെന്ന് തറപ്പിച്ച് പറഞ്ഞ് അമേരിക്ക രംഗത്തെത്തിയിട്ടുമുണ്ട്. ആക്രമിക്കപ്പെട്ട കപ്പലുകളുടെ ദൃശ്യങ്ങൾ അതിനിടെ പുറത്ത് വന്നിട്ടുമുണ്ട്. തങ്ങളോട് യുദ്ധത്തിനിറങ്ങിയാൽ മടങ്ങിപ്പോക്ക് എളുപ്പമല്ലെന്നാണ് ഇറാൻ അമേരിക്കയടക്കമുള്ളവർക്ക് താക്കീതേകിയിരിക്കുന്നത്. ഇറാന്റെ മേൽ അനാവശ്യമായി കുതിര കയറരുതെന്ന് മുന്നറിയിപ്പ് നൽകി റഷ്യയും മുന്നോട്ട് വന്നിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരാവസ്ഥയിലേക്കാണ് എത്തിപ്പെട്ടിരിക്കുന്നത്.

പ്രധാനപ്പെട്ട സൗദി ഓയിൽ പൈപ്പ്ലൈനുകൾക്ക് നേരെയും ഇന്നലെ എക്സ്പ്ലൊസീവ്-ലേഡൻ ഡ്രോണുകളുപയോഗിച്ച് ഇന്നലെ ആക്രമണം നടന്നിരുന്നു. ഇതിന് മുമ്പ് സൗദിയുടെ തന്ത്രപ്രധാനമായ നിരവധി കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് പുറകിൽ തങ്ങളാണെന്ന അവകാശവാദം ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ മുഴക്കിയിരുന്നു. രണ്ട് സൗദി ടാങ്കറുകളടക്കമുള്ള നാല് കപ്പലുകൾക്ക് നേരെയാണ് ഇപ്പോൾ ആക്രമണമുണ്ടായിരിക്കുന്നത്.ആക്രമിക്കപ്പെട്ടിരിക്കുന്ന കമേഴ്സ്യൽ ഷിപ്പുകളിൽ ഒന്ന് സൗദിയിൽ നിന്നും അമേരിക്കയിലേക്ക് എണ്ണയുമായി പോകുന്നതായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഇറാനോ അല്ലെങ്കിൽ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരോ ആണ് ഈ ആക്രമണത്തിന് പുറകിലെന്നാണ് അമേരിക്കൻ മിലിട്ടറിയുടെ ആദ്യം നിഗമനം. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാവുകയും അന്യോന്യം വാദപ്രതിവാദങ്ങൾ മൂർച്ഛിക്കുകയും ചെയ്യുന്ന വേളയിലാണ് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നതെന്നത് കടുത്ത ആശങ്കയാണ് ജനിപ്പിച്ചിരിക്കുന്നത്. ഇറാൻ അമേരിക്കൻ സേനകളെ ആക്രമിക്കുകയാണെങ്കിൽ 1,20,000 ട്രൂപ്പുകളെ വിന്യസിക്കാൻ പദ്ധതിയിടുന്നുവെന്ന വാർത്ത വൈറ്റ്ഹൗസ് നിഷേധിച്ചിട്ടുമുണ്ട്.

സൗദി കപ്പലുകൾക്ക് നേരെ അട്ടിമറി രൂപത്തിലുള്ള നിഗൂഢമായ ആക്രമണത്തിന്റെ ചുരുളഴിയാത്തതിനെ തുടർന്ന് മിഡിൽ ഈസ്റ്റിൽ കടുത്ത സംഘർഷ സാധ്യതയുടെ മേഘങ്ങളാണ് ഉരുണ്ട് കൂടിയിരിക്കുന്നത്. ഇന്നലെ പ്രധാനപ്പെട്ട സൗദി പൈപ്പ് ലൈനുകൾക്ക് നേരെ ്ഡ്രോൺ ആക്രമണങ്ങളുണ്ടായിരിക്കുന്നത് സംഘർഷ സാധ്യത വർധിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഈ പൈപ്പുകളിലൂടെ ക്രൂഡ് ഓയിൽ ഒഴുകുന്നതിന് തടസമുണ്ടായിട്ടുമുണ്ട്.ഇത് തീവ്രവാദപ്രവർത്തനമാണെന്നാണ് പൈപ്പ് ലൈനുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്നലെ സൗദി എനർജി മിനിസ്റ്റർ ഖാലിദ് അൽ- ഫാലിഹ് പ്രതികരിച്ചിരിക്കുന്നത്.

സംഘർഷാവസ്ഥ മുമ്പിലാത്ത വിധത്തിൽ ശക്തമാകുമ്പോഴും ഇരു പക്ഷവും രംഗം ശാന്തമാക്കുന്നതിന് ശ്രമം നടത്തുന്നുണ്ട്. തങ്ങൾ യാതൊരു തരത്തിലുമുള്ള യുദ്ധത്തിനും ആഗ്രഹിക്കുന്നില്ലെന്നാണ് ഇറാനിയൻ സുപ്രീം ലീഡറായ ആയത്തൊള്ള അലി ഖമെയ്നി പ്രതികരിച്ചിരിക്കുന്നത്. യുഎസ് അടിസ്ഥാനപരമായി യുദ്ധത്തിനായി മുന്നിട്ടിറങ്ങില്ലെന്നാണ് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ മൈക്ക് പോംപിയോ പറഞ്ഞിരിക്കുന്നത്. മിഡിൽ ഈസ്റ്റിൽ സംജാതമായിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് ഇവിടെ 1,20,000 ട്രൂപ്പുകളെ വിന്യസിക്കാൻ യുഎസ് പദ്ധതിയിടുന്നുവെന്ന വാർത്ത വ്യാജമാണെന്ന് യുഎസ് പ്രസിഡന്റ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനെതിരെ അമേരിക്ക നടത്തുന്ന അനാവശ്യ പ്രചാരണങ്ങൾക്കെതിരെ റഷ്യ രംഗത്തെത്തിയിട്ടുണ്ട്. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ മൈക്ക് പോംപിയോ നിർണായക ചർച്ചകൾക്കായി റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിനെ കാണാനെത്തുന്നുവെന്ന് വാർത്ത വന്ന് അധികം വൈകുന്നതിന് മുമ്പാണ് ഇറാനെതിരെയുള്ള യുഎസ് നീക്കത്തെ റഷ്യ അപലപിച്ചിരിക്കുന്നത്. സോച്ചിയിലെ ബ്ലാക്ക് സീ റിസോർട്ടിൽ വച്ചായിരിക്കും പോംപിയോയും പുട്ടിനും തമ്മിലുള്ള നിർണായകമായ ചർച്ചകൾ നടക്കുന്നത്. ഇറാൻ മറ്റ് ലോകശക്തികളുമായുണ്ടാക്കിയിരിക്കുന്ന ആണവകരാറിനെ ചൊല്ലി ഇറാനും യുഎസും തമ്മിൽ വാക്ക് പോര് രൂക്ഷമാകുന്നതിനിടെയാണ് പോംപിയോ പുട്ടിനെ സന്ദർശിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

കടുത്ത നിലപാടുകളും അനാവശ്യമായ പിടിവാശികളുമുള്ള നാഷണൽ സെക്യൂരിറ്റി അഡൈ്വസറായ ജോൺ ബോൽട്ടന്റെ തെറ്റായ ഉപദേശങ്ങൾക്കനുസരിച്ച് ട്രംപ് തുള്ളുകയാണെന്നാണ് ഇറാൻ പ്രസിഡന്റ് ഹസൻ റൗഹാനിയുടെ ഉപദേശകനായ ഹെസമോദിൻ അഷെന പരിഹസിച്ചിരിക്കുന്നത്. അമേരിക്ക ഇറാഖിന് നേരെ നടത്തിയ യുദ്ധത്തിന്റെ പ്രധാന ഉപദേശകനായിരുന്ന ബോൽട്ടൻ നിലവിൽ ഇറാനെതിരെയുള്ള അമേരിക്കൻ നിലപാടിന്റെയും നീക്കങ്ങളുടെയും സൂത്രധാരനുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP