Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡ്രോൺ പിടിച്ചെടുത്തതിന് പകരമായി രണ്ട് ബ്രിട്ടീഷ് കപ്പലുകൾ പിടിച്ചെടുത്ത് ഇറാന്റെ ഉഗ്രൻ മറുപടി; ഭീഷണിക്ക് അപ്പുറത്തേക്ക് നീങ്ങേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ് അടിയന്തര ചർച്ചകളുമായി അമേരിക്ക; ഭയം ലേശമില്ലാതെ ഉരുളയ്ക്കുപ്പേരി നടപടികളുമായി ഇറാൻ രണ്ടും കൽപ്പിച്ച് മുന്നോട്ട്; സംഘർഷം അതിരൂക്ഷം; യുദ്ധമല്ലാതെ മറ്റൊരു വഴിയുമില്ലാതെ ഹോർമുസ് കടലിടുക്ക്

ഡ്രോൺ പിടിച്ചെടുത്തതിന് പകരമായി രണ്ട് ബ്രിട്ടീഷ് കപ്പലുകൾ പിടിച്ചെടുത്ത് ഇറാന്റെ ഉഗ്രൻ മറുപടി; ഭീഷണിക്ക് അപ്പുറത്തേക്ക് നീങ്ങേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ് അടിയന്തര ചർച്ചകളുമായി അമേരിക്ക; ഭയം ലേശമില്ലാതെ ഉരുളയ്ക്കുപ്പേരി നടപടികളുമായി ഇറാൻ രണ്ടും കൽപ്പിച്ച് മുന്നോട്ട്; സംഘർഷം അതിരൂക്ഷം; യുദ്ധമല്ലാതെ മറ്റൊരു വഴിയുമില്ലാതെ ഹോർമുസ് കടലിടുക്ക്

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: അമേരിക്കൻ കപ്പലിന് ആയിരം വാര അടുത്തേക്ക് പറന്നെത്തിയ നിരീക്ഷണ ഡ്രോൺ തകർത്തതിന് ഇറാന്റെ മധുരപ്രതികാരം. ഹോർമുസ് കടലിടുക്കിലൂടെ പോവുകയായിരുന്ന രണ്ട് ബ്രിട്ടീഷ് എണ്ണ ടാങ്കറുകൾ ഇറാൻ പിടിച്ചെടുത്തു. സ്റ്റെന ഇംപെറോ, ദ മെസ്ഡർ എന്നീ ടാങ്കറുകളാണ് ഇന്നലെ ഇറാൻ പിടിച്ചെടുത്തത്. ഇന്നലെ വൈകിട്ട് നാലുമണിക്കാണ് ആദ്യത്തെ ടാങ്കർ പിടിച്ചെടുത്തത്. മുക്കാൽ മണിക്കൂറിനുശേഷം രണ്ടാമത്തെ ടാങ്കറും തങ്ങളുടെ തീരത്തേക്ക് ഇറാൻ അടുപ്പിച്ചു.

ബ്രിട്ടീഷ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള ടാങ്കറുകൾ പിടിച്ചെടുത്ത ഇറാന്റെ നടപടി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. ഇന്നലെ വൈകിട്ട് നാല് മണിയോടെ സായുധ യാനങ്ങളുടെയും ഹെലിക്കോപ്ടറുകളുടെയും സഹായത്തോടെ സ്‌റ്റെന ഇംപെറോ വളഞ്ഞ ഇറാൻ സേന ടാങ്കറിനെ വടക്കൻ തീരത്തേക്ക് നയിക്കുകയായിരുന്നു. മുക്കാൽ മണിക്കൂറിനുശേഷം ലൈബീരിയൻ പതാകേന്തിയ മെസ്ഡറിനെയും വളഞ്ഞു. ബ്രിട്ടീഷ് കമ്പനി നോർബൾക്ക് ഷിപ്പിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഈ ടാങ്കറും വടക്കൻ തീരത്തേക്ക് അടുപ്പിച്ചു. ഈ ടാങ്കർ, സൈന്യത്തിന്റെ പരിശോധനയ്ക്കുശേഷം വിട്ടയച്ചതായും റിപ്പോർട്ടുണ്ട്.

സ്‌റ്റെന ഇംപെറോ അന്താരാഷ്ട്ര അതിർത്തികളിലൂടെയാണ് സഞ്ചരിച്ചിരുന്നതെന്നും എല്ലാ തരത്തിലുമുള്ള രേഖകളും ഉണ്ടായിരുന്നുവെന്നും അതിന്റെ വക്താവ് അറിയിച്ചു. ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. റഷ്യ, ലാത്വിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ളവരും കപ്പലിലുണ്ടായിരുന്നു. ആർക്കും പരിക്കേറ്റതായോ അപകടമുണ്ടായതായോ ഇതുവരെ റിപ്പോർട്ടില്ല. 2018-ൽ നിർമ്മിച്ച ടാങ്കർ ഇപ്പോൾ ജീവനക്കാരുടെ നിയന്ത്രണത്തിലല്ലെന്നും ടാങ്കറുമായി ബന്ധപ്പെടാനാകുന്നില്ലെന്നും വ്ക്താവ് പറഞ്ഞു.

രണ്ട് ബ്രിട്ടീഷ് ടാങ്കറുകൾ ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്തതിന് പിന്നാലെ, പ്രധാനമന്ത്രി തെരേസ മെയ്‌ ദേശീയ സുരക്ഷാ സമിതിയയായ കോബ്രയുടെ യോഗം അടിയന്തരമായി വിളിച്ചുചേർത്തു. യോഗത്തിൽ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും ട്രാൻസ്‌പോർട്ട് സെക്രട്ടറി ക്രിസ് ഗ്രേലിങ്ങും പങ്കെടുത്തു. ഇറാന്റെ നടപടികളെ അപലപിച്ച യോഗം, നടപടികൾ അന്താരാഷ്ട്ര കപ്പൽസഞ്ചാര നയങ്ങൾക്ക് വലിയ ഭീഷണിയാണെന്നും വിലയിരുത്തി. തൽക്കാലത്തേക്ക് ഹോർമുസ് കടലിടുക്കുവഴിയുള്ള യാത്ര ഒഴിവാക്കാൻ ബ്രിട്ടനിലെ ഷിപ്പിങ് വിഭാഗത്തോട് യോഗം ആവശ്യപ്പെടുകയും ചെയ്തു.

പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന ശക്തമായ മുന്നറിയിപ്പും യോഗം ഇറാന് നൽകി. സഖ്യകക്ഷികളുമായി ഇക്കാര്യം ആശയവിനിമയം നടത്തിയതായും ജെറമി ഹണ്ട് പറഞ്ഞു. രണ്ട് കപ്പലുകളിലും ബ്രിട്ടീഷുകാരായ നാവികരില്ലെങ്കിലും ബ്രിട്ടീഷ് കപ്പലുകളെന്ന നിലയിൽ ഗൗരവത്തോടെയാണ് സർക്കാർ ഇതിനെ കാണുന്നത്. മേഖലയിലൂടെ എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്ക് സമാധാനപരമായി യാത്ര ചെയ്യാവുന്ന സ്ഥിതിയുണ്ടാവണമെന്നും ജെറമി ഹണ്ട് പറഞ്ഞു.

പ്രശ്‌നം ബ്രിട്ടനുമായി ചർച്ച ചെയ്യുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കി. ബ്രിട്ടൻ അടുത്ത സഖ്യകക്ഷിയാണെന്നും അവർ നേരിടുന്ന പ്രശ്‌നം സ്വന്തം പ്രശ്‌നം പോലെ അമേരിക്ക കൈകാര്യം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ അവരുടെ സ്വഭാവം തെളിയിച്ചുകൊണ്ടിരിക്കുയാണെന്നും സാമ്പത്തിക ഉപരോധ മേർപ്പെടുത്തിയതോടെയാണ് തനിനിറം പുറത്തുവരുന്നതെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് ചൂണ്ടിക്കാട്ടി.

ഹോർമുസ് കടലിടുക്കിലെ സംഭവവികാസങ്ങൾ മേഖലയിലെ സംഘർഷത്തെ യുദ്ധസമാനമാക്കി മാറ്റിയിട്ടുണ്ട്. ബ്രിട്ടീഷ് ടാങ്കറുകൾ ഇറാൻ പിടിച്ചെടുത്തതിന് പിന്നാലെ കഴിഞ്ഞ 15 വർഷമായി ഉപേക്ഷിച്ചിട്ടിരുന്ന സൗദി അറേബ്യയിലെ സൈനിക താവളത്തിൽ കൂടുതൽ സേനയെ നിയോഗിക്കാൻ അമേരിക്ക തീരുമാനിച്ചു. യുദ്ധമല്ലാതെ മറ്റൊരു വഴിയില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് അമേരിക്കയുടെ ഈ നടപടി വ്യക്തമാക്കുന്നതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.

റിയാദിന് 85 മൈൽ തെക്കുമാറിയുള്ള പ്രിൻസ് സുൽത്താൻ എയർ ബേസിലാണ് വീണ്ടും അമേരിക്കൻ സൈന്യം എത്തിയത്. യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും അഞ്ഞൂറിലേറെ സൈനികരും ഇവിടെയെത്തിക്കാനാണ് തീരുമാനം. കുറച്ച് സൈനികരും പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനവും ഇതിനകം പ്രിൻസ് സുൽത്താൻ എയർ ബേസിലെത്തിയതായി അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കി. ഇറാഖിൽ സദ്ദാം ഹുസൈനെ കീഴ്‌പ്പെടുത്തിയശേഷം 2003-ൽ അമേരിക്ക ഉപേക്ഷിച്ച വ്യോമതാവളമാണിത്.

ഇറാന്റെ ഭാഗത്തുനിന്ന് തുടർച്ചയായ പ്രകോപനങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നടത്തേണ്ടിവന്നതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് വ്യകക്തമാക്കി. സൗദി അറേബ്യയുമായുള്ള ചർച്ചകൾക്കുശേഷം അവരുടെ ക്ഷണമനുസരിച്ചാണ് പഴയ വ്യോമതാവളം വീണ്ടും സജീവമാക്കാൻ പ്രതിരോധ സെക്രട്ടറി ഉത്തരവിട്ടത്. മേഖലയിൽ അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് കൂടുതൽ കതുത്തുപകരുന്ന നടപടിയാകുമിതെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ബ്രിട്ടീഷ് ടാങ്കറുകൾ പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയല്ല പൊടുന്നനെ കൈക്കൊണ്ട തീരുമാനമല്ല ഇതെന്ന അമേരിക്ക വിശദീകരിക്കുന്നുണ്ടെങ്കിലും, അതിലേക്ക് നയിച്ചത് ബ്രിട്ടീഷ് ടാങ്കറുകൾ പിടിച്ചെടുത്ത സംഭവം തന്നെയാണെന്നാണ് സൂചന. ഇറാൻ സ്വയം പിഴവുകൾ വരുത്തി അപകടം ക്ഷണിച്ചുവരുത്തുകയാണെന്ന് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP