Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

യുഎഇയിൽ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ; അതിശക്തമായ കാറ്റും മിന്നലും, റെഡ് അലർട്ട്; കനത്ത വെള്ളക്കെട്ട്; കൊച്ചിയിൽനിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി; ഒമാനിൽ നിരവധിപേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി

യുഎഇയിൽ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ; അതിശക്തമായ കാറ്റും മിന്നലും, റെഡ് അലർട്ട്; കനത്ത വെള്ളക്കെട്ട്; കൊച്ചിയിൽനിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി; ഒമാനിൽ നിരവധിപേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: യു.എ.ഇയിൽ ഇതുവരെ കണ്ടിട്ടില്ലാത്തവിധം അതിശക്തമായ മഴയും വെള്ളക്കെട്ടും. അറബ് മേഖലയിൽ അത്യപൂർവ്വമായ കാലാവസ്ഥയാണ് ചൊവ്വാഴ്ച അനുഭവപ്പെട്ടത്. നിർത്താതെപെയ്ത ശക്തമായ മഴക്കൊപ്പം അതിശക്തമായ കാറ്റും മിന്നലും എത്തിയത് ജനങ്ങളെ കൂടുതൽ ഭയപ്പെടുത്തി. ഒട്ടേറെ പേരാണ് രാജ്യത്തിന്റെ പല ഭാഗത്തും കുടുങ്ങിക്കിടന്നത്. ചൊവ്വാഴ്ച മാത്രമായി 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് പെയ്തത്. ഏഴ് എമിറേറ്റുകളിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.

ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അൽ ഐനിലെ ഖതം അൽ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളിൽ 254.8 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. 2016 മാർച്ച് ഒമ്പതിന് ഷുവൈബ് സ്റ്റേഷനിൽ 287.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായും സെന്റർ അറിയിച്ചു. അതിശക്തമായ മഴയാണ് യുഎഇയിൽ കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചത്. തിങ്കൾ മുതൽ ഏപ്രിൽ 16 ചൊവ്വാഴ്ച രാത്രി 9 മണി വരെ 24 മണിക്കൂറിൽ ലഭിച്ചത് ഏറ്റവും ഉയർന്ന മഴയാണ്.

രാജ്യത്ത് മഴക്കെടുതിയിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 40 വയസ്സുള്ള സ്വദേശി പൗരനാണ് റാസൽഖൈമയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. നൂറുകണക്കിന് വാഹനങ്ങൾ വെള്ളത്തിൽ മുങ്ങുകയും നിരവധി ഷോപ്പിങ് മാളുകളിലും മെട്രോ സ്റ്റേഷനുകളിലും വെള്ളം കയറുകയും ചെയ്തു. കോടികണക്കിന് ദിർഹത്തിന്റെ നാശനഷ്ടമാണ് മഴയിൽ ഉണ്ടായത്.

ഇന്ന് (ബുധൻ) രാവിലെ മുതൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അതേസമയം, ദുബായ്, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെല്ലാം ശക്തമായ വെള്ളക്കെട്ട് തുടരുകയാണ്. റോഡ്, വ്യോമ ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിക്കാനായിട്ടില്ല. പലയിടത്തെയും വെള്ളക്കെട്ട് നീക്കം ചെയ്യാനും പൊതുഗതാഗതം സാധാരണ നിലയിലാക്കാനുമുള്ള ശ്രമത്തിലാണ് അധികൃതർ.

കൂറ്റൻ പമ്പുകൾ എത്തിച്ചാണ് പലയിടത്തെയും വെള്ളക്കെട്ട് നീക്കംചെയ്യുന്നത്. ജനജീവിതം സാധാരണമാക്കാൻ ഇനിയും സമയമെടുത്തേക്കും. ഉപരിതല മർദം കുറഞ്ഞ് മോശം കാലാവസ്ഥക്ക് കാരണമായ രണ്ട് തരംഗങ്ങൾ ഉണ്ടായതാണ് അത്യപൂർവ്വ കാലാവസ്ഥയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്ട്ട്.

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇതുവരെ പ്രവർത്തനക്ഷമമാക്കിയ 18 ദുരിതാശ്വാസ, അഭയകേന്ദ്രങ്ങളിൽ 1,333 പേരെ പ്രവേശിപ്പിച്ചതായി നാഷണൽ സെന്റർ ഫോർ എമർജൻസി മാനേജ്മെന്റ് അറിയിച്ചു. അൽ-ബുറൈമിയിൽ നിന്ന് സോഹാറിലേക്കുള്ള വാദി അൽ ജിസി റോഡും, അൽ ജബൽ അൽ അഖ്ദർ റോഡും സുരക്ഷാ കണക്കിലെടുത്ത് അടച്ചിട്ടതായി അറിയിപ്പിൽ പറയുന്നു.

കാലാവസ്ഥാ വ്യതിയാനം ബാധിച്ച ഗവർണറേറ്റുകളിൽ വൈദ്യുതി മുടക്കം നേരിടുന്നതായും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭിച്ചിട്ടുണ്ട് . എന്നാൽ വൈദ്യുതി വേഗത്തിൽ പുനഃസ്ഥാപിക്കാനുള്ള നടപടിക്രമണങ്ങൾ പുരോഗമിച്ചു വരുന്നതായും നാഷണൽ സെന്റർ ഫോർ എമർജൻസിയുടെ പ്രസ്താവനയിൽ പറയുന്നു.

വടക്കൻ ബാത്തിനായിൽ സ്ഥിചെയ്യുന്നതും യുഎഇ അതിർത്തിയോടു ചേർന്നുള്ളതുമായ ഷിനാസിലെ നിരവധി വീടുകളിൽ കുടുങ്ങിയ 46 പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അഥോറിറ്റി (സിഡിഎഎ) രക്ഷപ്പെടുത്തിയാതായി സിവിൽ ഡിഫൻസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഗവർണറേറ്റിലെ ദേശീയ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റിന്റെ(എൻസി.ഇ.എം) ഏകോപനത്തിൽ രക്ഷപ്പെടുത്തിയവരെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് അസ്ഥിര കാലാവസ്ഥ അവസാനിക്കുന്നത് വരെ കടലിൽ പോകുന്നതും സമുദ്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കണമെന്ന് ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം എല്ലാ കപ്പൽ ഉടമകളോടും മറൈൻ യൂണിറ്റുകളോടും സമുദ്ര ഗതാഗത കമ്പനികളോടും ആവശ്യപ്പെട്ടു.

വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചിയിൽ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സർവീസുകൾ റദ്ദാക്കി. യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. കനത്ത മഴ വിമാനത്താവള ടെർമിനലുകളിൽ പ്രതിസന്ധിയുണ്ടാക്കിയതിനു പിന്നാലെയാണ് നടപടി. ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. കൊച്ചിയിൽ നിന്നും ദോഹയിലേക്കുള്ള വിമാനവും റദ്ദാക്കിയവയുടെ പട്ടികയിലുണ്ട്.

ഫ്‌ളൈ ദുബായുടെയും എമിറേറ്റ്‌സ് എയർലൈൻസിന്റെയും കൊച്ചി - ദുബായ് സർവീസ്, ഇൻഡിഗോയുടെ കൊച്ചി - ദോഹ സർവീസ്, എയർ അറേബ്യയുടെ കൊച്ചി - ഷാർജ സർവീസ് എന്നിവയാണ് റദ്ദാക്കിയത്. മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയത്. യാത്രക്കാരുടെ പ്രതിഷേധത്തിനു വഴിയൊരുക്കിയിട്ടുണ്ട്.

ഇന്നലെ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകിട്ടു വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. 3 വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു.

യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണം. എയർലൈനുകളുടെ വെബ്‌സൈറ്റിലും ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും. യാത്രക്കാർ നാലു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്താനും നിർദ്ദേശിച്ചു. സ്വന്തമായി ചെക്ക് ഇൻ ചെയ്യാവുന്ന സെൽഫ് സർവീസ് ഉപയോഗിച്ചാൽ സമയം ലാഭിക്കാം.

റെഡ് അലർട്ട്
കനത്ത മഴയെ തുടർന്ന് യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് അവധിയാണ്. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അതേസമയം, ഒമാനിൽ മഴയിൽ മരണം 18 ആയി.

75 വർഷത്തിനിടയിലെ വമ്പൻ മഴ
കഴിഞ്ഞ 75 വർഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് യുഎഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽഐനിലെ ഖതം അശ്ശക് ലയിൽ മാത്രം 24 മണിക്കൂറിനിടെ 254.8 മില്ലിമീറ്റർ മഴ ലഭിച്ചു. ഇവിടെയാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്. 1949 മുതലാണ് രാജ്യത്ത് കാലാവസ്ഥ വിശദാംശങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയത്. ഇതിനുശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന മഴ ലഭിക്കുന്നത്. യുഎഇയുടെ കാലാവസ്ഥ ചരിത്രത്തിലെ അസാധാരണ സംഭവമാണ് ചൊവാഴ്ച മുതലുള്ള തോരാ മഴ. അപൂതപൂർവമായ മഴ രാജ്യത്തിന്റെ ഭൂഗർഭജലശേഖര തോത് വർധിപ്പിക്കുന്നതിനു വലിയതോതിൽ സഹായകരമാകുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP