Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാവിലെ പതിവ് നടത്തത്തിന് പിന്നാലെ ബോധം കെട്ടുവീണു; പിന്നെ ഉണർന്നില്ല; റഷ്യയിലെ പുടിൻ ഭരണകൂടത്തിന്റെ നിത്യവിമർശകനായ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനി മരിച്ചു; ചുടുചായയിൽ വിഷം കലക്കി നവൽനിയെ വീഴ്‌ത്തിയ പുടിന് ഇത് പതിവ് വിനോദം മാത്രം

രാവിലെ പതിവ് നടത്തത്തിന് പിന്നാലെ ബോധം കെട്ടുവീണു; പിന്നെ ഉണർന്നില്ല; റഷ്യയിലെ പുടിൻ ഭരണകൂടത്തിന്റെ നിത്യവിമർശകനായ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനി മരിച്ചു; ചുടുചായയിൽ വിഷം കലക്കി നവൽനിയെ വീഴ്‌ത്തിയ പുടിന് ഇത് പതിവ് വിനോദം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

 മോസ്‌കോ: റഷ്യയിൽ വർഷങ്ങളായി ജയിലിൽ കഴിയുന്ന പ്രതിപക്ഷ നേതാവ് അലക്‌സി നവൽനി അന്തരിച്ചു. യമാലോ-നെനറ്റ്‌സ് മേഖലയിൽ നവൽനി തടങ്കലിൽ കഴിയുന്ന ജയിലിലെ അധികൃതരാണ് വിവരം തങ്ങളുടെ വെബ്‌സൈറ്റിൽ ഇട്ടത്.

വെള്ളിയാഴ്ച പതിവ് നടത്തത്തിന് ശേഷം നവൽനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. പൊടുന്നനെ അദ്ദേഹം അബോധാവസ്ഥയിലായി. മെഡിക്കൽ ജീവനക്കാർ എത്തി പരിശോധിച്ചെങ്കിലും അവർക്ക് നവൽനിയെ രക്ഷിക്കാനായില്ല. മരണകാരണം എന്തെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് റഷ്യൻ ഭരണകൂടവും അറിയിച്ചു.

പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ നിത്യവിമർശകനും റഷ്യയിലെ ഏറ്റവും പ്രമുഖ പ്രതിപക്ഷ നേതാവുമായ നവൽനിയെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 19 വർഷത്തേക്ക് കൂടി റഷ്യൻ കോടതി ശിക്ഷിച്ചിരുന്നു.

മോസ്‌കോയ്ക്ക് 1900 കിലോമീറ്റർ അകലെ യാമലോ-നെനറ്റ്‌സ് മേഖലയിലെ കുപ്രസിദ്ധമായ ജയിലിലാണ് നവൽനിയെ പാർപ്പിച്ചിരുന്നത്. 2021 ജനുവരി മുതൽ നവൽനി ജയിലിലായിരുന്നു. റഷ്യൻ ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തിയതെന്ന് സംശയിക്കുന്ന വിഷവാതകപ്രയോഗത്തിന് പിന്നാലെ ജർമനിയിലെ ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ ഉടനായിരുന്നു അറസ്റ്റ്. അറസ്റ്റിന് മുമ്പ് അദ്ദേഹം ഔദ്യോഗികതലത്തിലെ അഴിമതിക്ക് എതിരെ പ്രചാരണം നടത്തുകയും, ക്രംമ്ലിൻ വിരുദ്ധ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

അതിന് ശേഷം മൂന്നുവട്ടം അദ്ദേഹത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. കുറച്ചുമാസങ്ങൾ പീനൽ കോളനി നമ്പർ ആറിൽ ഏകാന്ത തടവിലായിരുന്നു. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ എല്ലാം രാഷ്ട്രീയ പ്രേരിതമെന്നാണ് നവൽനി പ്രതികരിച്ചിരുന്നത്.

ചായയിലെ വിഷബാധ

2020 ലാണ് ചായയിലെ വിഷബാധയെ തുടർന്ന് അലക്സി നവൽനിയുടെ നില മോശമായത്. സൈബീരിയൻ പട്ടണമായ ടോംസ്‌കിൽ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രാമധ്യേ ഫ്ളൈറ്റിൽ വച്ചാണ് അദ്ദേഹത്തിന് വിഷബാധയുണ്ടായത്. പൊലീസ് കസ്റ്റഡിയിലിരിക്കുന്ന സമയത്തും വിഷബാധ ഏറ്റിരുന്നു.

നിരവധി തവണ അലക്സിയുടെ നാവിന്റെ ചൂട് അറിഞ്ഞിട്ടുള്ളയാളാണ് പുടിൻ. എതിരാളികളെ നിശബ്ദരാക്കാൻ എന്തും ചെയ്യുമെന്ന ദുഷ്പേരും പുടിനുണ്ട്. അലക്സി പലതവണ അലക്സി ജയിലിലടയ്ക്കപ്പെട്ടു. പക്ഷേ കുടുംബവും പാർട്ടിയും മാധ്യമങ്ങളും ഉയർത്തുന്ന ആരോപണത്തെ പുടിന്റെ വക്താവ് തള്ളിക്കളഞ്ഞിട്ടുണ്ട്. പക്ഷേ അപ്പോഴും മറക്കാൻ കഴിയാത്ത കാര്യം റഷ്യയുടെ വിഷ ചരിത്രമാണ്. സ്റ്റാലിന്റെ കാലം തൊട്ട് തുടങ്ങിയ കോടികൾ ചെലവിട്ടുകൊണ്ടുള്ള ടോക്‌സിക്കോളജി പരീക്ഷണങ്ങളാണ് ഇവിടെ നടന്നത്. എതിരാളികൾക്കുനേരെ പ്ലൂട്ടോണിയം വിഷം കൊടുത്തുകൊല്ലിക്കാൻ കഴിയുന്ന റഷ്യൻ ചാര സുന്ദരിമാർ നിരവധിയാണ്. പുടിന്റെ ഒരു കാമുകിയെപ്പോലും കെജിബി ഈ രീതിയിൽ കൊന്നിട്ടുണ്ട്.

വന്നുവന്ന് പുടിനെ വിമർശിക്കുന്നവർ എല്ലാം വെടിയേറ്റും കെട്ടിടത്തിൽനിന്ന് വീണും, വിഷമേറ്റും കൊല്ലപ്പെടുന്ന അവസ്ഥയാണ് റഷ്യയിൽ. 2015ൽ പുടിന്റെ സ്ഥിരം വിമർശകനായ പ്രതിപക്ഷ നേതാവ് ബോറിസ് നെംറ്റ്സോവ് തെരുവിൽ വെടിയേറ്റ് മരിച്ചിരുന്നു. വിമർശകരിൽ ഭൂരിഭാഗം പേരും കെട്ടിടത്തിൽനിന്ന് വീണാണ് മരിക്കാറുള്ളത്. റഷ്യയിലെ കോവിഡിന്റെ യഥാർഥ കണക്കുകൾ വെളിപ്പെടുത്തിയ മൂന്നുഡോക്ടർമാർ കൊല്ലപ്പെട്ടിരുന്നു. ചായയുടെയും പൂവിന്റെയും തുമ്പിയുടെയും സൂചിയുടെയും രൂപത്തിലൊക്കെ മരണം റഷ്യയിൽ നിങ്ങളെ തേടിയെത്താം. അലക്സി നവൽനിയുടെ അനുഭവം ഒരു മഞ്ഞുമലയുടെ അറ്റം മാത്രം.

അലക്‌സി: പുടിൻ എറ്റവും ഭയപ്പെടുന്ന റഷ്യൻ നേതാവ്

2011ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പുടിന്റെ കക്ഷി, യുനൈറ്റഡ് റഷ്യ ഭൂരിപക്ഷം ഉറപ്പിച്ചതു കള്ളവോട്ടുകളിലൂടെയാണെന്ന് ആരോപിച്ച് നടത്തിയ സമരത്തോടെയായിരുന്നു റഷ്യൻ രാഷ്ട്രീയത്തിന്റെ നടുത്തളത്തിലേക്കുള്ള അലക്‌സി നവൽനിയുടെ ആഗമനം. പുടിൻ മൂന്നാം തവണയും പ്രസിഡന്റാകുന്നതിന് എതിരായ സമരമായി അതു തുടരുകയും ചെയ്തു.അതിനുവേണ്ടി നവൽനിയുടെ സംഘടന മുഖ്യമായി കൂട്ടുപിടിച്ചതു സാമൂഹിക മാധ്യമങ്ങളെയാണ്. ഭരണതലത്തിൽ നടക്കുന്ന അഴിമതിയുടെ ഞെട്ടിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങൾ ചിത്രസഹിതം സാമൂഹികമാധ്യമങ്ങളിലൂടെ ജനമധ്യത്തിൽ എത്തിക്കാൻ അവർക്കു കഴിഞ്ഞു. പുടിന്റെ യുനൈറ്റഡ് റഷ്യ പാർട്ടിയെ അവർ കള്ളന്മാരുടെയും തട്ടിപ്പുകാരുടെയും കക്ഷിയെന്നു വിളിക്കുന്നു. പല തവണ നവൽനി അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലാവുകയും ചെയ്തു. ക്രിമിനൽ കേസിൽ കുടുങ്ങിയതു കാരണം പാർലമെന്റിലേക്കോ പ്രസിഡന്റ് സ്ഥാനത്തേക്കോ മൽസരിക്കാനായില്ല.

പുടിൻ ഏറ്റവും ഭയപ്പെടുന്ന റഷ്യൻ നേതാവ് എന്നുപോലും ചില അമേരിക്കൻ പത്രങ്ങൾ വിശേഷിപ്പിച്ച അലക്‌സി നവൽനി കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുടിന്റെ മുഖ്യ എതിരാളിയായിരിക്കുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഒരു പണമിടപാടു കേസിൽ കോടതിയിൽ നിന്നുണ്ടായ ജയിൽശിക്ഷ അതിനു തടസ്സമായി. ഈ കേസ് പുടിന്റെ ഗവൺമെന്റ് നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.

2015ലും പ്രതിപക്ഷ നേതാവ് കൊല്ലപ്പെട്ടു

തന്റെ അധികാരം നിലനിർത്താൻ ഹിറ്റ്ലർക്ക് സമാനമായ ചെയ്തികളാണ് പുടിൻ കാട്ടിക്കൂട്ടുന്നത്. 2015ൽ പുടിന്റെ സ്ഥിരം വിമർശകനായ പ്രതിപക്ഷ നേതാവ് ബോറിസ് നെംറ്റ്സോവ് തെരുവിൽ വെടിയേറ്റ് മരിച്ചിരുന്നു. വൈകുന്നേരം ഒരു സ്ത്രീക്കൊപ്പം ഒരു പാലത്തിലൂടെ നടന്ന് പോകുന്നതിനിടെയാണ് മോസ്‌കോയിലെ തെരുവിൽ വച്ച് നെംറ്റ്സോവ് വെടിയേറ്റ് മരിച്ചിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് തിരിച്ചറിയപ്പെടാത്തയാണ് ഇദ്ദേഹത്തിനെതിരെ നാല് വട്ടം വെടിവച്ചത്. തുടർന്ന് മുൻ ഉപപ്രധാനമന്ത്രി കൂടിയായിരുന്ന നെംറ്റ്സോവ് മരണമടയുകായിരുന്നു. ക്രെംലിന് തൊട്ടടുത്ത് നിന്നാണ് ഈ വെടിവയ്പ് നടന്നത്. എന്നാൽ കൂടെയുള്ള സ്ത്രീ ആക്രമിക്കപ്പെട്ടിട്ടില്ല. ഇവർ ഉക്രയിൻ കാരിയാണെന്നാണ് സൂചന.

സംഭവത്തെ പ്രസിഡന്റ് പുടിൻ അപലപിച്ചിരീന്നു. ഇതിന് പുറകിൽ കോൺട്രാക്ട് കില്ലർമാരാണെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷം മോസ്‌കോയിൽ സംഘടിപ്പിക്കാനിരുന്ന വലിയ പ്രതിഷേധത്തിനെതിരെയുള്ള പ്രതികരണമാണ് ഈ വെടിവയ്പെന്നാണ് പുട്ടിന്റെ വക്താവായ ദിമിത്രി പെസ്‌കോവ് പറഞ്ഞത്.1990കളിലാണ് നെംറ്റ്സോവ് റഷ്യയിലെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. ഒരു വേള ഇദ്ദേഹം ബോറിസ് യെൽറ്റ്സിന്റെ പിന്തുടർച്ചാവകാശിയായി ഉയർന്ന് വരാനുള്ള സാധ്യതയും തെളിഞ്ഞിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടന്ന ആശങ്ക അദ്ദേഹം ഈ മാസമാദ്യം പ്രകടിപ്പിച്ചിരുന്നു. പുട്ടിൻ സർക്കാരിന്റെ കഴിവ് കേടിനെ നെംറ്റ്സോവ് കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പുറമെ അഴിമതി, ഉക്രയിനിന്റെ കാര്യത്തിലുള്ള റഷ്യയുടെ നിലപാട് തുടങ്ങിയവയെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. അഴിമതിക്കെതിരെ തെരുവുകളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച നെറ്റ്സോവ് അഴിമതിയെ വിമർശിച്ച് ശക്തമായ ഭാഷയിൽ എഴുതുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം ഏററവും വലിയ പ്രതിഷേധം മോസ്‌കോയിൽ സംഘടിപ്പിക്കാനിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കുന്നത്. ഫിനാൻഷ്യൽ ടൈംസിൽ പുടിനെ വിമർശിച്ച് കൊണ്ട് എഴുതിയതിന് തൊട്ടുപിറകയൊണ് നെറ്റ്സോവിന്റെ മരണവും സംഭവിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP