Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ നടുക്കിയ ഭൂകമ്പവും അഭയാർത്ഥി പ്രശ്‌നങ്ങളും ഒരുവശത്ത്; ഭരണ വിരുദ്ധ വികാരവും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയും ഉയർത്തിയ കടുത്ത വെല്ലുവിളി; ലോകത്തെ അമ്പരപ്പിച്ച് തുർക്കിയെ നയിക്കാൻ വീണ്ടും ഉർദുഗാൻ

രാജ്യത്തെ നടുക്കിയ ഭൂകമ്പവും അഭയാർത്ഥി പ്രശ്‌നങ്ങളും ഒരുവശത്ത്; ഭരണ വിരുദ്ധ വികാരവും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയും ഉയർത്തിയ കടുത്ത വെല്ലുവിളി; ലോകത്തെ അമ്പരപ്പിച്ച് തുർക്കിയെ നയിക്കാൻ വീണ്ടും ഉർദുഗാൻ

മറുനാടൻ ഡെസ്‌ക്‌

ഇസ്തംബുൾ: ഭൂകമ്പവും അഭയാർത്ഥി പ്രശ്നങ്ങളുമടക്കം രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ആ കറുത്ത ദിനങ്ങളെ മറികടന്ന് പ്രത്യാശയുടെ പൊൻവെളിച്ചം തേടുന്ന തുർക്കിയെ നയിക്കാൻ രാജ്യത്തെ ജനത വീണ്ടും ഉർദുഗാനിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നു. പൊതുതെരഞ്ഞെടുപ്പിൽ 52.14 ശതമാനം വോട്ടുകൾ നേടിയാണ് പീപ്പ്ൾസ് അലയൻസ് സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ റജബ് ത്വയ്യിബ് ഉർദുഗാൻ വീണ്ടും അധികാരത്തിലേറുന്നത്. എതിരാളി നേഷൻ അലയൻസിന്റെ കെമാൽ കിലിക്ദരോഗ്ലു 47.86 ശതമാനം വോട്ടുകൾ നേടി കടുത്ത വെല്ലുവിളിയാണ് ഉർദുഗാൻ മുന്നിൽ ഉയർത്തിയത്.



പ്രധാനമന്ത്രിയായും പ്രസിഡന്റായും 20 വർഷമായി അധികാരത്തിൽ തുടരുന്ന ഉർദുഗാൻ പ്രതിപക്ഷം ഉയർത്തിയ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് വിജയം കൈപ്പിടിയിലൊതുക്കിയത്. അതേസമയം, പ്രധാന നഗരങ്ങളായ അങ്കാറയിലും ഇസ്താംബുളിലും ആറ് പാർട്ടികളുടെ സഖ്യസ്ഥാനാർത്ഥിയായ കിലിക്ദരോഗ്ലുവാണ് മുന്നിലെത്തിയത്. മിക്കയിടങ്ങളിലും പോളിങ് ബൂത്തുകൾ തുറക്കുന്നതിന് മുമ്പ് തന്നെ ജനങ്ങൾ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയെ തോൽപ്പിച്ചതിലൂടെ തുർക്കിയുടെ അധികാരത്തിനപ്പുറം രാജ്യാന്തര പ്രശസ്തി കൂടിയാണ് ഉർദുഗാൻ ഉറപ്പാക്കുന്നത്.

ഭൂരിപക്ഷം ഉറപ്പിച്ച് ഉർദുഗാൻ

ഞായറാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ 85.09 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആകെ 6.42 കോടി വോട്ടർമാരാണുണ്ടായിരുന്നത്. എല്ലാവോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ഉർദുഗാന് 52.14%, എതിർസ്ഥാനാർത്ഥി കെമാൽ കിലിക്ദരോഗ്ലുവിന് 47.86% എന്നിങ്ങനെയായിരുന്നു വോട്ടുനില. മെയ്‌ 14ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ആർക്കും വിജയിക്കാനാവശ്യമായ 50 ശതമാനം വോട്ട് ലഭിക്കാതിരുന്നതിനെ തുടർന്നാണ് റൺ ഓഫ് വേണ്ടി വന്നത്. ഉർദുഗാന് 49.51% വോട്ടും കിലിക്ദരോഗ്ലുവിനു 44.88% വോട്ടുമാണു ലഭിച്ചത്. സ്ഥാനാർത്ഥികൾക്കാർക്കും അന്ന് 50% വോട്ടു കിട്ടാതിരുന്നതിനാലാണ് ആദ്യ രണ്ടു സ്ഥാനക്കാർ മാത്രം മത്സരിക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഇന്നലെ നടന്നത്.

ആദ്യ ഘട്ടത്തിൽ 88.8 ശതമാനമായിരുന്നു പോളിങ്. 25 ലക്ഷം വോട്ടുകൾക്കാണ് ഉർദുഗാൻ അന്ന് ലീഡ് ചെയ്തത്. ആദ്യ റൗണ്ടിൽ വോട്ട് രേഖപ്പെടുത്താതിരുന്ന 80 ലക്ഷം പേരിലായിരുന്നു രണ്ടാം ഘട്ടത്തിൽ ഇരുസ്ഥാനാർത്ഥികളുടെയും പ്രതീക്ഷ. വോട്ടെടുപ്പിന് മുമ്പ് തന്റെ ടെക്സ്റ്റ് മെസേജുകൾ വോട്ടർമാരിൽ എത്തുന്നതിൽനിന്ന് തടഞ്ഞതായി പ്രതിപക്ഷ സ്ഥാനാർത്ഥി ആരോപിച്ചിരുന്നു.

അതേസമയം, പ്രസിഡന്റിന്റെ സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. വോട്ടുചോർച്ച ഇല്ലെന്ന് ഉറപ്പാക്കാൻ പ്രതിപക്ഷം നാല് ലക്ഷത്തോളം സന്നദ്ധ പ്രവർത്തകരെയും രംഗത്തിറക്കിയിരുന്നു. 20 വർഷമായി ഉർദുഗാനാണ് തുർക്കി ഭരിക്കുന്നത്. 2014 തൊട്ട് ഇതു മൂന്നാം തവണയാണ് ഉർദുഗാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം നേടുന്നത്. അതിനു മുൻപ് 11 വർഷം തുർക്കിയുടെ പ്രധാനമന്ത്രിയുമായിരുന്നു.



ഉർദുഗാന് ആംശസകളുമായി ലിബിയൻ പ്രധാനമന്ത്രി അബ്ദുൾ ഹമീദ് ഡിബെയ്‌ബെ, ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യ എന്നിവർ രംഗത്തെത്തി. പ്രസിഡന്റിന്റെ വിജയകരമായ പദ്ധതികളിലും നയങ്ങളിലും തുർക്കി ജനതയുടെ വിശ്വാസമാണ് ഈ വിജയമെന്ന് അബ്ദുൾ ഹമീദ് പറഞ്ഞു.

കിലിക്ദരോഗ്ലു (74) മുൻപു 3 തവണ എർദൊഗാനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അടുത്ത 5 വർഷം തുർക്കി ഭരിക്കാനുള്ള പ്രസിഡന്റിനെയും 600 അംഗ പാർലമെന്റിനെയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ഇപ്പോൾ നടന്നത്. പ്രധാനമന്ത്രി പദവി എടുത്തുകളഞ്ഞ് പ്രസിഡന്റ് സർക്കാർ മേധാവിയായുള്ള ഭരണസംവിധാനത്തിലേക്ക് 2017 ലാണു തുർക്കി മാറിയത്.

നേരിട്ടത് കടുത്ത മത്സരം, തോൽവിയറിയാതെ മുന്നേറ്റം

കടുത്ത മത്സരത്തിനൊടുവിലാണ് ഉർദുഗാൻ വീണ്ടും തുർക്കിയുടെ ഭരണസിരാകേന്ദ്രത്തിലെത്തുന്നത്. 20 വർഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന എർദോഗനെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ ഭൂചലനം, അരലക്ഷം പേർ മരിച്ച ദുരന്തത്തിലെ രക്ഷാപ്രവർത്തന പാളിച്ചകൾ, രണ്ട് പതിറ്റാണ്ട് പിന്നിട്ട ഭരണത്തിനെതിരായ ജന വികാരം, അഭയാർത്ഥി പ്രശ്നങ്ങൾ, സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി, എതിരായ അഭിപ്രായ സർവ്വേകൾ, ഉർദുഗാൻ ഇത്തവണ വീഴുമെന്ന് എല്ലാവരും ഉറപ്പിച്ചതാണ്.



ഇത്തവണ ഇല്ലെങ്കിൽ പിന്നെ എപ്പോൾ എന്ന പ്രതിപക്ഷ ചിന്ത സംയുക്തസ്ഥാനാർത്ഥിയിൽ വരെ എത്തി. കടുത്തതായിരുന്നു മത്സരം. തീവ്ര ഇസ്‌ലാമിസ്റ്റ് പാർട്ടിയായി അറിയപ്പെടുന്ന സആദത് പാർട്ടിയുമുണ്ടായിരുന്നു കെമാലിന്റെ സഖ്യത്തിൽ. ആദ്യ ഘട്ട വോട്ടെടുപ്പിൽ അര ശതമാനം വോട്ടിന്റെ കുറവ്, ജയിക്കാനായില്ല. അന്ന് മൂന്നാം സ്ഥാനത്തെത്തിയ സിനാൻ ഓഗന്റെ പിന്തുണ ഉറപ്പിച്ചാണ് രണ്ടാം ഘട്ട വോട്ടെടുപ്പിനിറങ്ങിയത്. 52 ശതമാനം വോട്ടോടെ ആധികാരിക ജയം.

1994ൽ ഇസ്താംബുൾ മേയറായാണ് ഉർദുഗാന്റെ അധികാര രാഷ്ട്രീയത്തിലെ തുടക്കം. പിന്നീട് ഇങ്ങോട്ട് പരാജയം അറിഞ്ഞിട്ടേ ഇല്ല. 2001ൽ ജസ്റ്റിസ് ആൻഡ് ഡെവലപ്പ്മെന്റ് പാർട്ടി രൂപീകരിച്ചു. 2002ൽ പാർട്ടി ഭൂരിപക്ഷം നേടിയെങ്കിലും കോടതിയുടെ വിലക്കിനെ തുടർന്ന് മത്സരിക്കാനായില്ല. വിലക്ക് നീക്കിയതോടെ 2003ൽ പ്രധാനമന്ത്രി. 2014ൽ ഭരണഘടന തിരുത്തി പ്രസിഡന്റഷ്യൽ ഭരണത്തിലേക്ക് തുർക്കിയെ മാറ്റി.



2017ലാണ് പ്രധാനമന്ത്രി പദം എടുത്തുകളഞ്ഞ് പ്രസിഡന്റ് സർക്കാർ മേധാവിയായ ഭരണ സംവിധാനത്തിലേക്ക് തുർക്കി മാറിയത്. അതേസമയം, അടുത്ത അഞ്ച് വർഷം ഭരിക്കാനുള്ള ഉത്തരവാദിത്തം വോട്ടർമാർ നൽകിയെന്നാണ് ഉർദുഗാൻ പ്രതികരിച്ചത്. ഏക വിജയി തുർക്കിയാണെന്നും പിന്തുണ നൽകിയവരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

കമാൽ കിലിച്ദാറുലു ഇതുവരെ പ്രതികരിച്ചിട്ടില്ല. ജീവിതച്ചെലവ് പ്രതിസന്ധിയിലായതിനെത്തുടർന്ന് ഉർദുഗാന്റെ ജനപ്രീതി ഇടിഞ്ഞിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്നുമാണ് പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നത്. വിജയത്തോടെ അധികാര സ്ഥാനത്ത് കാൽ നൂറ്റാണ്ട് പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് തയിപ് ഉർദുഗാൻ.

പ്രവചനങ്ങളെ മറികടന്ന വിജയം

പടിഞ്ഞാറൻ രാജ്യങ്ങളുടെയും മാധ്യമങ്ങളുടെയും മുൻവിധി കലർന്ന പ്രവചനങ്ങൾക്കുള്ള തിരുത്താണ് ഉർദുഗാന്റെ ജയം. രണ്ടു പതിറ്റാണ്ടിനിപ്പുറവും ഉർദുഗാൻ തരംഗത്തെ അതിജയിക്കാൻ കഴിയാത്ത നിരാശയിലാണ് തുർക്കി പ്രതിപക്ഷം. അറബ് ഉൾപ്പെടെ ലോകരാജ്യങ്ങളുമായി കൂടുതൽ അടുപ്പം രൂപപ്പെടുത്തി ശക്തമായ രാഷ്ട്രീയ, സാമ്പത്തിക നടപടികൾക്കാവും ഉർദുഗാന്റെ ഇനിയുള്ള നീക്കം.

1994ൽ ഇസ്‌ലാമിക് വെൽഫെയർ പാർട്ടി ടിക്കറ്റിൽ മൽസരിച്ച് ഇസ്തംബുൾ മേയർ ആയാണ് രാഷ്ട്രീയത്തിൽ ഉർദുഗാന്റെ തുടക്കം. പിന്നീട് തുർക്കി പ്രധാനമന്ത്രി പദത്തിൽ. അതിനു പിന്നാലെ പ്രസിഡന്റ് പദം. അധികാരത്തിൽ രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ 69കാരന്റെ ജനസമ്മതിക്ക് കുറവില്ലെന്ന് ഫലം തെളിയിക്കുന്നു.

കടുത്ത പരീക്ഷണങ്ങൾ ആയിരുന്നു ഇക്കുറി. അര ലക്ഷം പേരുടെ ജീവൻ കവർന്ന ഭൂകമ്പം, സാമ്പത്തിക പ്രതിസന്ധി, അഭയാർഥി പ്രവാഹം- ഉർദുഗാൻ യുഗം ഇതോടെ തീർന്നെന്ന് പ്രതിപക്ഷവും പടിഞ്ഞാറും ഉറപ്പിച്ചതാണ്. പക്ഷെ രണ്ടാം ഘട്ടത്തിലും മുഖ്യ എതിർ സ്ഥാനാർത്ഥി കെമാലിന് അടിപതറി.



തുർക്കിയിലെ സാമ്പത്തിക പ്രതിസന്ധിയും ഭൂകമ്പത്തിലെ രക്ഷാദൗത്യത്തിൽ വീഴ്ചയുണ്ടായെന്ന പ്രചാരണവും ഏശിയില്ല. ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന് കണക്കുകൂട്ടിയ പ്രതിപക്ഷത്തെ നിരാശരാക്കുന്നതാണ് ഈ വിധി. ഉർദുഗാൻ കൊണ്ടുവന്ന, അധികാരങ്ങൾ പ്രസിഡന്റിൽ കേന്ദ്രീകരിക്കുന്ന സമ്പ്രദായം മാറ്റും എന്നതായിരുന്നു കെമാൽ കിലിക്ദരോഗ്ലുവിന്റെ പ്രധാന വാഗ്ദാനം. പക്ഷെ അതും ജനത്തിന് ആവശ്യമില്ലെന്ന് തുർക്കി വിധിയെഴുതി.

പരിഷ്‌കരണവാദിയായി തുടക്കം, കടുത്ത യാഥാസ്ഥിതികൻ

പരിഷ്‌കരണവാദിയായാണ് ഉർദുഗാന്റെ തുടക്കം. അക്കാലത്ത് യൂറോപ്യൻ യൂനിയൻ അംഗത്വ ചർച്ചക്കായി തുർക്കിയിൽ കൂടുതൽ സ്വാതന്ത്ര്യങ്ങൾ അനുവദിച്ചു. പ്രസിഡൻഷ്യൽ അധികാരത്തിലേക്ക് തുർക്കി വഴിമാറി. പിന്നെ കണ്ടത് കടുത്ത നിലപാടുകാരനായ ഉർദുഗാനെ. 2001ൽ വെൽഫെയർ പാർട്ടി വിട്ട ഉർദുഗാൻ ജസ്റ്റിസ് ആൻഡ് ഡവലപ്‌മെന്റ് പാർട്ടിക്ക് രൂപം നൽകി.

ഒരു വർഷത്തിനുള്ളിൽ നടന്ന തെരഞ്ഞെടുപ്പിൽ എ.കെ.പിക്ക് പാർലമെന്റിൽ ഭൂരിപക്ഷം. 1997ൽ കവിതാലാപനം നടത്തി വിദ്വേഷം പ്രചരിപ്പിച്ച കുറ്റത്തിന് നാലു മാസത്തെ തടവുശിക്ഷ അനുഭവിച്ചിരുന്നു. അതിന്റെ പേരിൽ ഉർദുഗാന് മൽസരിക്കുന്നതിൽ നിന്ന് വിലക്ക്. അതുമാറി 2003ൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഉർദുഗാന്റെ പ്രവേശം. ജനകീയതയും കണിശതയും ദിശാബോധവും നിറഞ്ഞ ഈ രാഷ്ട്രീയ നേതാവ് വീണ്ടും പ്രസിഡന്റ് പദത്തിലെത്തുകയാണ്.

2014 മുതൽ പ്രസിഡന്റ് സ്ഥാനത്തുണ്ട് ഉർദുഗാൻ. പരിഷ്‌കരണവാദിയായെത്തിയ ഉർദുഗാനിൽ പതിയെ അമിതാധികാര പ്രവണത പ്രകടമായി. വിയോജിപ്പുകളെ അടിച്ചമർത്തി, മാധ്യമങ്ങൾക്കെതിരായ നടപടികൾ, ജനാധിപത്യവിരുദ്ധ നിലപാട്, ഹാഗിയ സോഫിയ, കടുത്ത യാഥാസ്ഥികത വിമർശനങ്ങൾ ഏറെയാണ്. അഞ്ചാമതും അധികാരത്തിലെത്തുമ്പോൾ തുർക്കി മാത്രമല്ല ലോകവും ഉർദുഗാനെ ശ്രദ്ധിക്കുന്നു.

തുർക്കിയുടെ വിജയമെന്ന് ഉർദുഗാൻ

ഇത് തന്റെ വിജയമല്ല തുർക്കിയുടെ വിജയമാണെന്ന് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉർദുഗാൻ പറയുന്നത്. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. തുർക്കി ജനതയുടെ കരുത്ത് ലോകത്തിന് ഒരിക്കൽ കൂടി ബോധ്യമായി. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും ഉർദുഗാൻ പറഞ്ഞു.

തുർക്കി ഏറ്റവും ദൈർഘ്യമേറിയ കാലം ഭരിച്ച നേതാവാണ് ഉർദുഗാൻ. 2003 മുതൽ 2014 വരെ പ്രധാനമന്ത്രിയായി. ശേഷം പ്രസിഡന്റ് പദവിയിലെത്തി. ലോകരാഷ്ട്രീയത്തിൽ ഉർദുഗാനെ കൂടുതൽ കരുത്തനാക്കുന്നതാണ് ഈ വിജയം.

നേറ്റോയിലായിരിക്കുമ്പോൾ തന്നെ റഷ്യയുമായും ഇറാനുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട് ഉർദുഗാൻ. യൂറോപ്പിലെ പല പ്രശ്‌നങ്ങളിലും ഉർദുഗാൻ പരിഹാരം നിർദ്ദേശിച്ചു. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിൽ മധ്യസ്ഥ റോളിലുണ്ടായിരുന്നത് ഉർദുഗാനായിരുന്നു. വിഷൻ 2040 എന്ന പേരിൽ ലോകത്ത് തുർക്കി വൻ ശക്തിയാകാനുള്ള പദ്ധതിക്ക് തന്നെയാണ് തുർക്കി ജനത ഉർദുഗാന് അടുത്ത ടേം കൂടി നൽകുന്നത്.

കടുത്ത ഇന്ത്യ വിരുദ്ധത, മതരാജ്യത്തിന്റെ വക്താവ്

കടുത്ത ഇന്ത്യാ വിരുദ്ധൻ കൂടിയാണ് വിജയിച്ചു കയറിയ തുർക്കി പ്രസിഡന്റ് ഉർദുഗാൻ. ഇന്ത്യയിൽ ബിജെപി മുൻ വക്താവ് നുപുർ ശർമ്മ നടത്തിയെന്ന് പറയുന്ന പ്രവാചക നിന്ദാ പ്രശ്നം കത്തിക്കാനും തുർക്കി നോക്കിയിരുന്നു. സംഭവത്തിൽ ഇന്ത്യൻ അംബാസിഡറെ വിളിച്ചു വരുത്തി തുർക്കി പ്രതിഷേധം അറിയിച്ചിരുന്നു. ജമ്മുകശ്മീർ വിഷയം മുൻനിർത്തിയാണ് തുർക്കിയുടെ പ്രചാരണം നടത്തിയത്. യുദ്ധസമാനമായ കുറ്റകൃത്യവും മനുഷ്യാവകാശ ലംഘനവുമാണ് ഇന്ത്യൻ സൈന്യം ജമ്മുകശ്മീരിൽ നടത്തുന്നതെന്നും ആഗോള തലത്തിൽ മുസ്ലിം വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന ക്രൂരതകളുടെ ഉദാഹരണമാണ് കശ്മീരിൽ ഇന്ത്യൻ സൈന്യവും നടത്തുന്നതെന്നാണ് തുർക്കി ആരോപിച്ചത്.

ജമ്മുകശ്മീരിലെ ഇന്ത്യൻ സൈന്യത്തിന്റെ ക്രൂരതകൾ അന്താരാഷ്ട്രതലത്തിൽ അന്വേഷണ വിധേയമാക്കണമെന്നാണ് തുർക്കിയുടെ ആവശ്യം. ബ്രിട്ടന്റെ മെട്രോപോളീറ്റൻ പൊലീസ് വാർ ക്രൈം വിഭാഗത്തിന്, ഇന്ത്യക്കെതിരായ അന്വേഷണം നടത്തണമെന്ന് കാണിച്ച് ഇവർ നേരത്തെ അപേക്ഷ നൽകിയിരുന്നു.

ഇതിന് കുടപിടിക്കാൻ സ്റ്റോക് വൈറ്റ് ഇന്റർനാഷണൽ ലോ ഫേം എന്ന സംഘടനയാണ് ഇസ്താൻബുൾ കേന്ദ്രീകരിച്ച് ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. എന്നാൽ തുർക്കിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് ഇന്ത്യൻ എംബസി രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാൻ സ്ഥിരമായി ഉന്നയിക്കുന്ന വിഷയമാണിതെന്നും എംബസി അധികൃതർ പറഞ്ഞു. യമനിലെ ഇസ്ലാമിക ഭീകരർക്കെതിരെ സൗദിയും യു.എ.ഇയും നടത്തിയ ആക്രമണങ്ങൾ അന്വേഷിക്കണമെന്ന ആവശ്യവുമായി ഇതേ സംഘടന രംഗത്തെത്തിയതും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

ഡൽഹി കലാപ കാലത്ത് മുസ്ലിങ്ങളെ ഡൽഹിയിൽ കൂട്ടക്കൊല ചെയ്യുകയാണെന്ന് ഉർദുഗാൻ പറഞ്ഞത്. ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെയാണ് ലോകസമാധാനം കൊണ്ടു വരുകയെന്നും ഉർദുഗാൻ ചോദിച്ചു. ഇന്ത്യയിൽ മുസ്ലിം കൂട്ടക്കൊല സാധാരണ പോലെയായി. ഡൽഹിയിൽ മുസ്ലിങ്ങളെ അക്രമിച്ച ആൾക്കൂട്ടം സ്വകാര്യ ട്യൂഷൻ സെന്ററിൽ പഠിക്കാൻ പോയ കുട്ടികളെ പോലും ഇരുമ്പുദണ്ഡ് ഉപയോഗിച്ച് തല്ലിച്ചതച്ചെന്നും ഉർദുഗാൻ പറഞ്ഞു. ഇങ്ങനെയുള്ള ഒരു രാജ്യമാണോ ലോകസമാധാനം കൊണ്ടു വരാൻ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.ജനസംഖ്യ കൂടിയതു കൊണ്ടു മാത്രം ഒരു രാജ്യവും ശക്തമാകില്ല. അതല്ല ഒരു രാജ്യത്തിന്റെ ശക്തിയെ നിർണയിക്കുന്നതെന്നും ഉർദുഗാൻ പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ കുറേ വർഷങ്ങളായി ആഭ്യന്തര വിദേശരംഗങ്ങളിൽ ഇസ്ലാമിക നയം തന്നെയാണ് ഉർദുഗാൻ പുറത്തെടുത്തിട്ടുള്ളത്. അത്താ തുർക്കിന്റെ രാജ്യം. ലോകത്തെ ഞെട്ടിച്ച ഖിലാഫത്ത് മൂവ്മെന്റിന് കാരണമായ രാജ്യം. കമാൽപാഷയുടെ കാലത്ത് തീർത്തും മതേതരമായിരുന്ന രാജ്യം. എന്നാൽ 2003ൽ അധികാരത്തിലേറിയ ഉർദുഗാൻ പതുക്കെ പതുക്കെ, ആ മതരാജ്യത്തെ പുർണ്ണമായും ഇസ്ലാമികവത്ക്കരിക്കയാണ് ചെയ്തത്.

ഇസ്ലാമിക രാജ്യമാക്കി തുർക്കിയെ പ്രഖ്യാപിക്കാൻ ഭരണഘടന തന്നെ മാറ്റി എഴുതുകയും ശരി അത്ത് നിയമം പ്രാബല്യത്തിലാക്കിയുമാണ് ഉർദുഗാൻ ഭരണം നടത്തിയതു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ പള്ളി മോസ്‌ക്ക് ആക്കി മാറ്റിയത്. ലോക വ്യാപകമായി പ്രതിഷേധം അലയടിച്ചിട്ടും, മാർപ്പാപ്പവരെ പ്രസ്താവന പുറപ്പെടുവിച്ചിട്ടും, ഉർദുഗാൻ നിലപാട് മാറ്റിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP