Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

എല്ലാം റഷ്യയുടെ നാടകമോ? യുക്രെയിനെ നിലംപരിശാക്കാനുള്ള പുതിയ തന്ത്രമോ? പുടിനെ വധിക്കാൻ ഇരട്ട ഡ്രോൺ ആക്രമണം നടത്തിയെന്ന റഷ്യയുടെ ആരോപണം തള്ളി യുക്രെയിൻ; പുടിനെ ആക്രമിച്ചിട്ടില്ലെന്നും സ്വയം പ്രതിരോധമാണ് നടത്തുന്നതെന്നും സെലൻസ്‌കി; ആരോപണം സ്ഥിരീകരിക്കാതെ അമേരിക്ക

എല്ലാം റഷ്യയുടെ നാടകമോ? യുക്രെയിനെ നിലംപരിശാക്കാനുള്ള പുതിയ തന്ത്രമോ? പുടിനെ വധിക്കാൻ ഇരട്ട ഡ്രോൺ ആക്രമണം നടത്തിയെന്ന റഷ്യയുടെ ആരോപണം തള്ളി യുക്രെയിൻ; പുടിനെ ആക്രമിച്ചിട്ടില്ലെന്നും സ്വയം പ്രതിരോധമാണ് നടത്തുന്നതെന്നും സെലൻസ്‌കി; ആരോപണം സ്ഥിരീകരിക്കാതെ അമേരിക്ക

മറുനാടൻ ഡെസ്‌ക്‌

കീവ്: വ്‌ളാഡിമിർ പുടിനെ വധിക്കാൻ യുക്രെയിൻ ഡ്രോൺ ആക്രമണം നടത്തിയെന്ന റഷ്യയുടെ ആരോപണം നാടകമോ? യുക്രെയിന്റെ മേൽ ആക്രമണം കടുപ്പിക്കാനുള്ള തന്ത്രമാണോ ഇതെന്ന് സംശയമുണ്ട്. എന്തായാലും, തങ്ങൾക്ക് ആക്രമണത്തിൽ പങ്കൊന്നുമില്ലെന്ന് പറഞ്ഞ് യുക്രെയിൻ ആരോപണം നിഷേധിച്ചു.

' ഞങ്ങൾ പുടിനെ ആക്രമിച്ചിട്ടില്ല. ഇത് ഞങ്ങൾ ട്രിബ്യൂണലിന് വിടുന്നു. ഞങ്ങൾ ഞങ്ങളുടെ മേഖലയിലാണ് പോരാടുന്നത്. ഞങ്ങളുടെ ഗ്രാമങ്ങളെയും നഗരങ്ങളെയുമാണ് പ്രതിരോധിക്കുന്നത്.' യുക്രെയിൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നേരത്തെ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖൈലോ പോഡോൾയാക്കും ഈ ആരോപണം നിഷേധിച്ചിരുന്നു. റഷ്യ യുക്രെയിന് എതിരെ വിപുലമായ ഒരുഭീകരാക്രമണത്തിന് തയ്യാറെടുക്കുകയാണ് എന്നതിന്റെ സൂചനയാണ് ആരോപണമെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയിൻ ക്രെംലിനെ ആക്രമിക്കില്ല, കാരണം അത് സൈനിക ലക്ഷ്യങ്ങൾക്ക് പരിഹാരം തരുന്നില്ല,  മിഖൈലോ പോഡോൾയാക്ക് പറഞ്ഞു.

റഷ്യയുടെ ആരോപണം തനിക്ക് സ്ഥിരീകരിക്കാനില്ലെന്നും, അതിനെ കുറിച്ച് ഒന്നും അറിയില്ലെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൺ പ്രതികരിച്ചു.

അതേസമയം, ക്രെംലിനിൽ ഇരട്ട ഡ്രോൺ ആക്രമണത്തിലൂടെ തങ്ങളുടെ പ്രസിഡന്റിനെ വകവരുത്താൻ ശ്രമം നടത്തിയെന്നാണ് റഷ്യയുടെ ആരോപണം. ഇത് ആസൂത്രിത ഭീകരാക്രമണമെന്നാണ് റഷ്യൻ സർക്കാർ കേന്ദ്രങ്ങൾ വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഡ്രോൺ ആക്രമണം. പുടിന് ആക്രമണത്തിൽ അപകടം ഒന്നും സംഭവിച്ചില്ല. അദ്ദേഹം സുരക്ഷിതനാണെന്നും, സാധാരണ പോലെ ജോലി തുടരുന്നു എന്നുമാണ് അറിയിപ്പ്.

രണ്ടു ഡ്രോണുകളെ ആക്രമണത്തിനായി അയച്ചെങ്കിലും റഷ്യൻ പ്രതിരോധ സേന അവ തകർത്തു. ക്രെംലിൻ ലക്ഷ്യമാക്കി വന്ന ഡ്രോണുകൾ തകർന്നതിനെ തുടർന്നുണ്ടായ തീയും പുകയും റഷ്യ പുറത്തുവിട്ട വീഡിയോയിൽ കാണാം. രണ്ടു ആളില്ലാ ഡ്രോണുകളാണ് തൊടുത്തുവിട്ടത്. അവ ലക്ഷ്യ സ്ഥാനത്ത് എത്തും മുമ്പ് തകർത്തു, ക്രെംലിനിലെ കെട്ടിടങ്ങൾക്കും തകരാറില്ല, റഷ്യൻ സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഡ്രോൺ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. മെയ് 9 ലെ വിജയദിന പരേഡിന് മുന്നോടിയായി പ്രസിഡന്റിനെ വധിക്കാനുള്ള ആസൂത്രിത തീവ്രവാദി ആക്രമണമാണ് ഉണ്ടായതെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

ഡ്രോണുകളുടെ അവശിഷ്ടങ്ങൾ അവിടവിടായി ചിതറി കിടപ്പുണ്ട്. സംഭവത്തെ തുടർന്ന് നഗരത്തിന് മുകളിൽ അനധികൃതമായി ഡ്രോണുകൾ പറപ്പിക്കുന്നത്് മോസ്‌കോ മേയർ നിരോധിച്ചു. വിമാനവേധ തോക്കുകൾ വെടിയുതിർക്കുന്നതിന്റെ വീഡിയോകൾ ടെലിഗ്രാം ചാനലുകളിൽ പ്രചരിക്കുന്നുണ്ട്.

പുടിന്റെ കൊട്ടാരത്തിലും, വസതികളിലും, റഷ്യൻ സേന വ്യോമപ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. ആക്രമണം നടക്കുന്ന സമയത്ത് പുടിൻ ക്രെംലിനിൽ ഇല്ലായിരുന്നു എന്നാണ് സൂചന. ബുധനാഴ്ച അദ്ദേഹം മോസ്‌കോയ്ക്ക് പുറത്തുള്ള നോവോ ഒഗാർയോവ ഒദ്യോഗിക വസതിയിൽ ജോലിയിലായിരുന്നു.

റഷ്യയിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന കോട്ടയായ ക്രെംലിനിലെ പ്രതിരോധം ഭേദിക്കാൻ ഡ്രോണുകൾക്ക് കഴിഞ്ഞുവെന്നത് പ്രതിരോധ വിദഗ്ധരെ ഞെട്ടിച്ചിട്ടുണ്ട്. ക്രെംലിനിൽ തനിക്ക് ഒരു അപ്പാർട്ട്‌മെന്റ് ഉണ്ടെന്നും, അവിടെയിരുന്ന് ജോലി ചെയ്യാറുണ്ടെന്നും രാത്രികൾ ചെലവഴിക്കാറുണ്ടെന്നും, കഴിഞ്ഞ മാർച്ചിൽ പുടിൻ പറഞ്ഞിരുന്നു. ഇവിടെ വച്ചാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി പുട്ടിൻ കൂടിക്കാഴ്ച നടത്തിയത്.

മോസ്‌കോയ്ക്ക് പുറത്ത് പുതുതായി നിർമ്മിച്ച വ്യവസായ കേന്ദ്രം പുടിൻ സന്ദർശിക്കാനിരിക്കെ, സ്‌ഫോടക വസ്തുക്കൾ നിറച്ച കാമികേസ് ഡ്രോൺ തൊടുത്തുവിട്ട് പുടിനെ കൊല്ലാൻ യുക്രെയിൻ രഹസ്യ ഏജന്റുമാർ കഴിഞ്ഞാഴ്ച ശ്രമിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അന്ന് ലക്ഷ്യത്തിൽ എത്തും മുമ്പ് ഡ്രോൺ തകർന്നുവീഴുകയായിരുന്നു. ഏപ്രിൽ 23 ന് ഞായറാഴ്ച 17 കിലോ പ്ലാസ്റ്റിക് സ്‌ഫോടകവസ്തുക്കളുമായി യുജെ-22 ഡ്രോൺ യുക്രയിൻ സേന അയച്ചെങ്കിലും, റുഡ്‌നെവോ വാണിജ്യ പാർക്ക് എത്തും മുമ്പേ തകർന്നുവീണു. പുടിന്റെ യാത്രയെ കുറിച്ച കീവിലെ ഇന്റലിജൻസ് ഏജൻസികൾക്ക് വിവരം കിട്ടുന്നുണ്ട് എന്നുവേണം കരുതാൻ.

റഷ്യക്കെതിരെ വീണ്ടും ശക്തമായ ആക്രമണം അഴിച്ചുവിടാൻ യുക്രെയിൻ തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ ഡ്രോൺ ആക്രമണം. യുക്രെയിൻ സേന നവംബറിൽ തിരിച്ചുപിടിച്ച ഖേർഴ്‌സണിൽ വെള്ളിയാഴ്ച മുതൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP