Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202422Saturday

മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഷീ ജിൻ പിങ് മോസ്‌കോയിൽ എത്തിയത് സമാധാന ദൗത്യവുമായി; ചൈനീസ്-റഷ്യൻ പ്രസിഡണ്ടുമാർ തമ്മിൽ കൂടിക്കാഴ്‌ച്ച തുടരുന്നു; യുദ്ധത്തിൽ ലാഭം കൊയ്ത് ചൈന; എങ്ങനെ സമാധാനം കൊണ്ടുവരുമെന്ന് യുക്രെയിൻ; ലോകത്തിന് പ്രതീക്ഷയും ആശങ്കയും ഒരുപോലെ

മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഷീ ജിൻ പിങ് മോസ്‌കോയിൽ എത്തിയത് സമാധാന ദൗത്യവുമായി; ചൈനീസ്-റഷ്യൻ പ്രസിഡണ്ടുമാർ തമ്മിൽ കൂടിക്കാഴ്‌ച്ച തുടരുന്നു; യുദ്ധത്തിൽ ലാഭം കൊയ്ത് ചൈന; എങ്ങനെ സമാധാനം കൊണ്ടുവരുമെന്ന് യുക്രെയിൻ; ലോകത്തിന് പ്രതീക്ഷയും ആശങ്കയും ഒരുപോലെ

മറുനാടൻ മലയാളി ബ്യൂറോ

ന്താരാഷ്ട്ര ക്രിമിനൽ കോടതി യുദ്ധ കുറ്റത്തിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് റഷ്യൻ പ്രസിഡന്റ് പുടിന് വലിയൊരു തിരിച്ചടിയായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിൽ ഏതാണ്ട് ഒറ്റപ്പെട്ടുപോകുന്ന റഷ്യയ്ക്ക് ലഭിച്ച ഏറ്റവും വലിയ ധാർമ്മിക പിന്തുണയാണ് ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിംഗിന്റെ റഷ്യൻ സന്ദർശനം. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി ലോക ക്രമം സംരക്ഷിക്കാൻ റഷ്യയും ചൈനയും ഒരുമിച്ച് നിൽക്കുമെന്ന് ഷീ ജിൻപിങ് പറഞ്ഞു. പുടിനെ സന്ദർശിക്കുന്ന വേളയിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

അതേസമയം, റഷ്യൻ സൈന്യത്തിന് യുക്രെയിൻ മണ്ണിൽ കാലുറപ്പിക്കുന്നതിനുള്ള ഇടവേള നൽകാൻ മാത്രമെ ഈ സന്ദർശനം ഉപകരിക്കൂ എന്ന ആരോപണവും ഉയരുന്നുണ്ട്. ചൈനയുടെ സമാധാന ശ്രമങ്ങളെ സംശയത്തോടെ മാത്രമെ വീക്ഷിക്കാൻ കഴിയൂ എന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൻ പറഞ്ഞു. റഷ്യയുടെ തന്ത്രപരമായ നീക്കങ്ങളാൽ ലോക വിഡികളാക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയുമായോ മറ്റേതെങ്കിലും രാജ്യങ്ങളുമായി ചേർന്നോ, സ്വന്തം താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികളാണ് റഷ്യ കൈക്കൊള്ളുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നീതിയും ശാശ്വത സമാധാനവും കൊണ്ടുവരാൻ ഉതകുന്ന ഏതൊരു സമാധാന ശ്രമത്തെയും അമേരിക്ക സ്വാഗതം ചെയ്യും എന്ന് പറഞ്ഞ ബ്ലിൻകൻ, പക്ഷെ യുക്രെയിന്റെ പരമാധികാരം സംരക്ഷിക്കാൻ ചൈന ശ്രമിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നുംഅറിയിച്ചു. ഈ സുപ്രധാനമായ ലക്ഷ്യത്തിന് മുൻഗണന നൽകാത്ത ഏതൊരു ചർച്ചയും, യുദ്ധം തത്ക്കാലത്തേക്ക് നിർത്തി റഷ്യൻ സൈന്യത്തിന് പുനർവിന്യാസത്തിനുള്ള അവസരം നൽകുന്ന തന്ത്രം മാത്രമായിരിക്കുമെന്നും ബ്ലിൻകൻ പറഞ്ഞു.

അതേസമയം, ഷീ ജിൻപിംഗിനെ റഷ്യയ്ക്കും പാശ്ചാത്യ ശക്തികൾക്കും ഇടയിലെ സത്യസന്ധനായ ഒരു ഇടനിലക്കാരനായി കാണാൻ കഴിയില്ല എന്നാണ് പാശ്ചാത്യ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കിയും അതേ അഭിപ്രായക്കാരനാണ്. റഷ്യ പിടിച്ചെടുത്ത യുക്രെയിൻ മേഖലകളുടെ പരമാധികാരം ലഭിക്കാതെ യുദ്ധം എങ്ങനെ അവസാനിപ്പിക്കാൻ കഴിയും എന്നാണ് സെലെൻസ്‌കി ചോദിക്കുന്നത്.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മോസ്‌കോയിൽ എത്തിയ ഷീ ജിപിൻ ആദ്യം പോയത് പുടിനെ സന്ദർശിക്കാനായിരുന്നു. പുടിൻ, ഷീയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. പിന്നീട് ഇരുവരും സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. പുടിനെ തന്റെ ഉറ്റ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച ഷീ, തന്റെ സന്ദർശനം റഷ്യ- ചൈന ബ്വന്ധത്തെ ഊട്ടിയുറപ്പിക്കുമെന്നും പറഞ്ഞു.

ചൈന മുന്നോട്ട് വെച്ച സമാധാന ശ്രമത്തെ റഷ്യ നേരത്തെ സ്വാഗതം ചെയ്തിരുന്നു. ഷീ യുടെ സന്ദർശനവേളയിൽ അക്കാര്യം കൂടുതൽ വിശദമായി ചർച്ച ചെയ്യുമെന്നും റഷ്യ അറിയിച്ചിരുന്നു. അന്താരാഷ്ട്ര കോടതി പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച നടപടിയെ ശക്തമായി അപലപിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയതും ശ്രദ്ധേയമായിട്ടുണ്ട്. അന്താരാഷ്ട്ര കോടതിയെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് പറഞ്ഞ ചൈനീസ് വിദേശകാര്യമന്ത്രി, രാഷ്ട്രത്തലവൻ എന്ന പരിഗണന പുടിന് നൽകണമെന്നും ആവശ്യപ്പെട്ടു.

യുദ്ധത്തിൽ ലാഭം കൊയ്യാൻ ചൈന

റഷ്യ യുക്രെയിൻ ആക്രമിക്കുന്നതിനും ഒരു മാസം മുൻപായിരുന്നു റഷ്യയും ചൈനയുമായുള്ള ബന്ധത്തിന് പരിധികൾ ഇല്ല എന്ന് ചൈന പ്രഖ്യാപിച്ചത്. എന്നാൽ, ഏത് തരത്തിലുള്ള ബന്ധമാണിതെന്ന് വ്യക്തമാക്കിയിരുന്നില്ല. യുദ്ധം തുടങ്ങിയപ്പോഴും ചൈന വ്യക്തമായ ഒരു നിലപാട് എടുത്തിരുന്നില്ല. റഷ്യൻ ആക്രമണത്തെ അപലപിച്ചുകൊണ്ട് ഐക്യ രാഷ്ട്ര സഭയിൽ വന്ന രണ്ട് പ്രമേങ്ങളും വോട്ടിനിട്ടപ്പോൾ ചൈന മാറി നിൽക്കുകയാണ് ചെയ്തത്. എന്നാലും യുദ്ധത്തെ സംബന്ധിച്ച് പരസ്യ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ചൈന നടത്തിയിരുന്നില്ല.

എന്നാൽ, ഇപ്പോൾ, റഷ്യ- ചൈന ബന്ധം കൂടുതൽ ശക്തമാകാൻ എന്നവകാശപ്പെട്ടുകൊണ്ട് ഷീ ജിൻപിങ് റഷ്യ സന്ദർശിക്കുമ്പോൾ സംശയങ്ങൾ ഏറുകയാണ്. ചൈനയ്ക്ക് ഈ യുദ്ധത്തിൽ ലാഭങ്ങൾ ഏറെയുണ്ട് എന്നതാണ് ചൈനയുടെ ഉദ്ദേശശുദ്ധിയിൽ സംശയം ജനിക്കാൻ കാരണമാകുന്നത്. യുദ്ധം തുടങ്ങിയ ഉടൻ തന്നെ നാറ്റോ സഖ്യം റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതികരിച്ചത്. ഇത് റഷ്യൻ സമ്പദ്ഘടനയെ വിപരീതമായി ബാധിച്ചു.

റഷ്യയുടെ പെട്രോളീയം ഉദ്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്ന് ഏതാണ്ട് നിലക്കുകയായിരുന്നു. ആ സമയത്താണ് ലോകത്തിലെ തന്നെ ഏറ്റവും അധികം പെട്രോളിയം ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഒന്നായ ചൈന റഷ്യൻ സഹായത്തിനെത്തുന്നത്. റഷ്യയിൽ നിന്നുള്ള പെട്രോളിയം ഇറക്കുമതി വർദ്ധിപ്പിച്ച ചൈന, ഇറക്കുമതി വിപണിയുടെ 17 ശതമാനമാണ് റഷ്യയ്ക്ക് നൽകിയത്. ഇന്ത്യയ്ക്കും തുർക്കിക്കും ഒപ്പം ചൈനയും റഷ്യ വിലക്കുറച്ച് നൽകുന്ന പെട്രോളിയം നല്ലൊരു അവസരമായി കരുതുന്നു.

മറ്റൊന്ന്, ഈ യുദ്ധം ചൈനീസ് സമ്പദ്ഘടനക്ക് വളരാനുള്ള വളം ഏകുന്നു എന്നതാണ്. റഷ്യൻ- യുക്രെയിൻ യുദ്ധം ലോകത്തെയാകെ ബാധിച്ച ഒന്നാണ് ഊർജ്ജ വിലയുടെ കുതിച്ചു കയറ്റവും പണപ്പെരുപ്പവുമൊക്കെയായി ആഗോള സമ്പദ്ഘടന വളരാൻ ബുദ്ധിമുട്ടുകയാണ്. അന്താരാഷ്ട്ര നാണയ നിധി നേരത്തെ 2023-ലെ ആഗോള സമ്പദ്ഘടനയുടെ വളർച്ച 3.4 ശതമാനം ആയിരിക്കും എന്ന് പ്രഖ്യാപിച്ചത് ഇപ്പോൾ 2.9 ശതമാനം എന്ന് തിരുത്തിയിരിക്കുകയാണ്.

അമേരിക്ക ഈ വർഷം 1.4 ശതമാനം വളർച്ച മാത്രമെ കൈവരിക്കൂ എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. യൂറോപ്പിന്റെ സാമ്പദ്ഘടന 0.7 ശതമാനം വളരുമ്പോൾ ബ്രിട്ടന്റെത് 0.6 ശതമാനം ഇടിയും എന്നും ഇവർ പറയുന്നു. അതേസമയം, റഷ്യൻ പ്രതിസന്ധിയിൽ നിന്നും മുതലെടുത്ത ചൈനയുടെ വളർച്ചാ നിരക്ക് നേരത്തേ പ്രവചിച്ചിരുന്ന 4.4 ശതമാനത്തിൽ നിന്നും 5 ശതമാനമോ ചിലപ്പോൾ 6 ശതമാനമോ വരെയാകാം എന്നും ഇവർ പറയുന്നു. ജനുവരിയിൽ ചൈനയിലെ പണപ്പെരുപ്പം 2.1 ശതമാനം മാത്രമായിരുന്നു. ജി 7 രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പത്തിന്റെ പകുതി മാത്രം.

അതിനു പുറമെ യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കാതെ റഷ്യക്ക് ആയുധങ്ങൾ വിറ്റും ചൈന ലാഭമുണ്ടാക്കിയേക്കും എന്ന് അമേരിക്ക കരുതുന്നു. ചില ചൈനീസ് സ്ഥാപനങ്ങൾ ഇപ്പോൾ തന്നെ അത്ര മാരകമല്ലാത്ത ചില യുദ്ധോപകരണങ്ങൾ റഷ്യക്ക് നൽകുന്നതായി അമേരിക്ക ആരോപിച്ചിരുന്നു. എന്നാൽ, ഈ ആരോപണം ഇതുവരെ തെളിയിക്കാൻ ആയിട്ടില്ല. എന്നിരുന്നാലും, ആയുധ കച്ചവടത്തിന് ചൈന മുതിരും എന്ന് പാശ്ചാത്യ ശക്തികൾ ഉറച്ചു വിശ്വസിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP