Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രവാചകനിന്ദയുണ്ടെന്ന് പറഞ്ഞ് വിക്കിപീഡിയ ബ്ളോക്ക് ചെയ്ത് പാക്കിസ്ഥാൻ; ജനം പട്ടിണിയിൽ നട്ടം തിരിയുമ്പോഴും അവിടെ പ്രശ്നം മതനിന്ദ; ഒന്നും തിരുത്താൻ കഴിയില്ലെന്ന് വിക്കിപീഡിയയും; ഒരു കൈയിൽ ഖുർആനും മറുകൈയിൽ അണുബോംബുമായി പ്രതിസന്ധി നേരിടാനുള്ള നിർദ്ദേശം പാലിക്കപ്പെടുന്നുവോ?

പ്രവാചകനിന്ദയുണ്ടെന്ന് പറഞ്ഞ് വിക്കിപീഡിയ ബ്ളോക്ക് ചെയ്ത് പാക്കിസ്ഥാൻ; ജനം പട്ടിണിയിൽ നട്ടം തിരിയുമ്പോഴും അവിടെ പ്രശ്നം മതനിന്ദ; ഒന്നും തിരുത്താൻ കഴിയില്ലെന്ന് വിക്കിപീഡിയയും; ഒരു കൈയിൽ ഖുർആനും മറുകൈയിൽ അണുബോംബുമായി പ്രതിസന്ധി നേരിടാനുള്ള നിർദ്ദേശം പാലിക്കപ്പെടുന്നുവോ?

എം റിജു

ഇസ്ലാമബാദ്: രാജ്യം എപ്പോഴൊക്കെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവോ അപ്പോഴോക്കെ തീവ്ര മതവികാരവും, ഇന്ത്യാവിരുദ്ധതയും ജ്വലിപ്പിച്ച് നിർത്തുക എന്നത്, മുജീബുർ റഹ്‌മാനും, സിയാവൂൾഹഖും അടക്കമുള്ള പാക് ഭരണാധികാരികൾ ചെയ്തുവരുന്ന കാര്യമാണ്.

ഇപ്പോഴിതാ ഒരു കിലോ ധാന്യമാവിന് ആയിരം രൂപയിലേക്ക് വരെ വില ഉയരുന്ന, സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധയിലുടെയാണ്, ആ രാജ്യം കടന്നുപോകുന്നത്. ഇപ്പോൾ പഴയതുപോലെ ഇന്ത്യാവിരുന്ധ വികാരം കുത്തിവച്ചാൽ അത് ഏശില്ല. പിന്നെയുള്ളത് കിട്ടാവുന്നിടത്തൊക്കെ മതം കുത്തിക്കയറ്റി ജനങ്ങളുടെ ശ്രദ്ധമാറ്റുകയാണ്. ഇപ്പോൾ ഷഹബാസ് ഷെരീഫ് സർക്കാറും അതാണ് ചെയ്തുവരുന്നത് എന്നാണ് പൊതുവെയുള്ള വിമർശനം.

വിക്കിപീഡിയ ബ്ലോക്ക് ചെയ്യുന്നു

അതിനായി സർക്കാർ തിരിഞ്ഞിരിക്കുന്നത്, സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ നേർക്കാണ്. ഇതിൽ ഇസ്ലാമിനെയും പ്രവാചകനെയും വിമർശിക്കുന്ന നിരവധി കണ്ടെന്റുകൾ ഉണ്ടെന്നാണ് പാക് സർക്കാറിന്റെ കണ്ടെത്തൽ. വിക്കിപീഡിയയിൽ അപകീർത്തികരമായ ഉള്ളടക്കമുണ്ടെന്ന് പാക്കിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അഥോറിറ്റി (പിടിഎ) നേരത്തെ വിക്കിപീഡിയയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനെ തുടർന്ന് താക്കീതെന്ന നിലയിൽ വിക്കിപീഡിയയുടെ സേവനം 48 മണിക്കൂർ തടസ്സപ്പെടുത്തിയിരുന്നു. പിന്നീടാണ് പ്രവാചകനിന്ദ അടങ്ങിയ ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കിൽ നിരോധിക്കുമെന്ന മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഇതിന് ശേഷവും ഉള്ളടക്കം പിൻവലിക്കാത്ത സാഹചര്യത്തിലാണ് വിക്കിപീഡിയയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നിരോധിച്ചത്. പാക്കിസ്ഥാനിലെ പിടിഎ വക്താവ് നിരോധിച്ചകാര്യം സ്ഥിരീകരിച്ചു. വിക്കിപീഡിയയുടെ വാദങ്ങൾ അവതരിപ്പിക്കാനും അവസരം നൽകിയിരുന്നു. എന്നാൽ, വിവാദ ഉള്ളടക്കം നീക്കം ചെയ്യാനോ സ്വന്തം നിലപാട് അറിയിക്കാൻ അധികൃതർക്കു മുന്നിൽ ഹാജരാകാനോ വിക്കിപീഡിയ പ്രതിനിധികൾ തയാറാകാത്ത സാഹചര്യത്തിലാണ് നിരോധനമെന്ന് പിടിഎ വക്താവ് വ്യക്തമാക്കി.

എന്നാൽ വിക്കിപീഡിയ ഇതിന് വഴങ്ങിയിട്ടില്ല. വിക്കിപീഡിയയുടെ ഉടമകളായ വിക്കിമീഡിയ ഫൗണ്ടേഷൻ, പറയുന്നത്, ഈ നിരോധനമൂലം പാക്കിസ്ഥാനികൾക്ക് 'ഏറ്റവും വലിയ സ്വതന്ത്ര വിജ്ഞാന ശേഖരത്തിലേക്ക്' പ്രവേശനം നിഷേധിക്കപ്പെടുമെന്നാണ്.നിരോധനം തുടർന്നാൽ അത് പാക്കിസ്ഥാന്റെ അറിവിലേക്കും ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും ഉള്ള പ്രവേശനം എല്ലാവർക്കും നഷ്ടമാകുമെന്ന് വിക്കിമീഡിയ ഫൗണ്ടേഷൻ ഓർമ്മിപ്പലച്ചു. അതേസമയം പാക്കിസ്ഥാനിൽ തന്നെയുള്ള വിദ്യാർത്ഥികളും, സ്വതന്ത്ര സംഭാഷണ പ്രചാരകരും ഈ നീക്കത്തെ ശക്തമായി എതിർക്കയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. 'ഇന്റർനെറ്റിലെ ഉള്ളടക്കത്തിന്മേൽ കൂടുതൽ നിയന്ത്രണം ചെലുത്താനുള്ള ഒരു സംഘടിത ശ്രമം' നടക്കുന്നുണ്ട്. 'ഏത് വിയോജിപ്പിനെയും നിശ്ശബ്ദമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം,' ഡിജിറ്റൽ അവകാശ പ്രവർത്തകൻ ഉസാമ ഖിൽജി പറഞ്ഞു. 'പലപ്പോഴും മതനിന്ദ അതിനായി ആയുധമാക്കപ്പെടുന്നു,' അദ്ദേഹം ബിബിസി ന്യൂസിയോട് പ്രതികരിച്ചു.

പാക്കിസ്ഥാനിൽ ടിക്ക്ടോക്ക്, ഫേസ്‌ബുക്ക്, യൂട്യൂബ് എന്നിവ ഉൾപ്പെടെയുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾ മുമ്പ് തടഞ്ഞിരുന്നു. 2010-ൽ പാക്കിസ്ഥാൻ യുട്യൂബ് നിരോധിച്ചിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ചിത്രങ്ങൾ വരയ്ക്കാൻ ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള ഇന്റർനെറ്റ് കാമ്പെയ്‌നുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 2010-ൽ ഫേസ്‌ബുക്ക് ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു.

പരിഹാരം മതവികാരമോ?

അതിനിടെ പാക്കിസ്ഥാന്റെ നീക്കം സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ശ്രദ്ധമാറ്റാനാണെന്നും ആരോപണമുണ്ട്. വിക്കിപീഡിയ വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച ആർട്ടിക്കിളുകളാണ് ഇപ്പോൾ കുത്തിപ്പൊക്കുന്നത്. ഒരു കൈയിൽ ഖുർആനും മറുകൈയിൽ അണുബോംബുമായി സാമ്പത്തിക പ്രതിസന്ധി നേരിടണമെന്ന് ഒരു പാക്ക് നേതാവിന്റെ വാദം സർക്കാർ പിന്തുടരുകയാണോ എന്നാണ് ചോദ്യം. യാചിക്കുന്നതിനു പകരം, ആണവ ബോംബുമായി മറ്റ് രാജ്യങ്ങളുടെ അടുത്ത് ചെന്ന് പണം ആവശ്യപ്പെടാനാണ് തെഹ്രീകെ ലബ്ബെയ്ക് പാക്കിസ്ഥാൻ പാർട്ടി നേതാവ് സഅദ് റിസ്വി ആഹ്വാനം ചെയ്തത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

''അവർ പ്രധാനമന്ത്രിയെയും മുഴുവൻ മന്ത്രിമാരെയും സൈനിക മേധാവിയെയും മറ്റ് രാജ്യങ്ങളിലേക്ക് സാമ്പത്തിക സഹായം യാചിക്കാനായി പറഞ്ഞുവിടുകയാണ്. എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് എന്റെ ചോദ്യം. അവർ പറയുന്നത് പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ അപകടത്തിലാണ് എന്നാണ്. പകരം, ഒരു കൈയിൽ ഖുർആനും മറുകൈയിൽ സ്യൂട്കേസിൽ അണുബോംബുമായി സ്വീഡനിലേക്ക് പോകാൻ ഞാൻ ഉപദേശിക്കുകയാണ്. ലോകം മുഴുവൻ നിങ്ങളുടെ കാൽക്കീഴിൽ വീഴുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്റെ പേര് മാറ്റാം?''-എന്നായിരുന്നു തെഹ്രീകെ ലബ്ബെയ്ക് നേതാവിന്റെ പ്രസംഗം.ലാഹോറിലെ റാലിയിൽ പ?ങ്കെടുക്കവെയായിരുന്നു പാക് നേതാവിന്റെ വിവാദ പ്രസംഗം. ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി പാക്കിസ്ഥാൻ മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തണമെന്നും റിസ്വി ആവശ്യപ്പെട്ടു. ഈ രീതിയിൽ മതം ഇറക്കിയുള്ള കളിയാണ് ഇപ്പോൾ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.

ഭക്ഷ്യ പ്രതിസന്ധി കലാപത്തിന് സമാനമമായ പ്രശ്‌നങ്ങളിലേക്ക് പാക്കിസ്ഥാനെ കൊണ്ട് എത്തിക്കുമെന്നാണ്് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ പറയുന്നത്. ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനങ്ങൾക്ക് പിന്നാലെ പായുകയാണ് ജനം. വടക്കൻ മേഖലയിൽ പലയിടത്തും ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപയാണ് വില. ഗോതമ്പ് കിലോയ്ക്ക് 200 രൂപ. സവാള വില 500 ശതമാനം വർധിച്ച് 220 രൂപയിലെത്തി. ഇന്ധനത്തിന് തീവിലയായി.

ഒരു ലീറ്റർ ഡീസലിന് 262 രൂപ. പെട്രോൾ 249 രൂപ. കെറോസീൻ ഓയിൽ 189 രൂപ. ഒരു ഡോളർ കിട്ടാൻ 260 പാക്കിസ്ഥാനി രൂപ നൽകണം. ചെലവ് നിയന്ത്രിക്കാൻ സർക്കാർ നടപടികളുമായി ഇറങ്ങിയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. ഊർജവും ഇന്ധനവും ലാഭിക്കാൻ ഹോട്ടലുകളും റസ്റ്ററന്റുകളും രാത്രി 8.30 ക്ക് ശേഷം പ്രവർത്തിക്കരുതെന്ന് നിർദ്ദേശിച്ചു. ഇറക്കുമതി മുടങ്ങിയത് വിപണിയെ ആകെ ബാധിച്ചു. പ്രധാന വ്യവസായമായ ടെക്‌സ്‌റ്റൈൽ ഉൾപ്പെടെ അടച്ചുപൂട്ടി. നിർമ്മാണപ്രവർത്തനങ്ങളെല്ലാം നിർത്തിവച്ചു. ഒരു നേരത്തെ അന്നം യാചിച്ചിറങ്ങുന്നവരുടെ എണ്ണമേറി. രണ്ടുനേരം തികത്ത് കഴിക്കുന്നവരുടെ എണ്ണം കുറഞ്ഞു.

ഇതിൽനിന്ന് കരകയറുന്നതിനുള്ള ക്രിയാത്മകമായ നടപടികൾക്ക് പകരം മതിവികാരം ഇളക്കിവിടാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത് എന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP