Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭരണാധികാരിയായ മുഹമ്മദ് ബിൻ സൽമാൻ ഖത്തറിൽ ഫുട്ബോൾ കണ്ടു ആസ്വദിച്ചപ്പോൾ സൗദി വധശിക്ഷ നടപ്പാക്കിയത് 12 പൗരന്മാർക്ക്; ലോക കപ്പിന്റെ ആരവത്തിനിടയിൽ സൗദി സ്വന്തം പൗരന്മാരെ കൊല്ലുന്നു എന്ന് ആരോപിച്ച് പാശ്ചാത്യ മാധ്യമങ്ങൾ

ഭരണാധികാരിയായ മുഹമ്മദ് ബിൻ സൽമാൻ ഖത്തറിൽ ഫുട്ബോൾ കണ്ടു ആസ്വദിച്ചപ്പോൾ സൗദി വധശിക്ഷ നടപ്പാക്കിയത് 12 പൗരന്മാർക്ക്; ലോക കപ്പിന്റെ ആരവത്തിനിടയിൽ സൗദി സ്വന്തം പൗരന്മാരെ കൊല്ലുന്നു എന്ന് ആരോപിച്ച് പാശ്ചാത്യ മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ലോകമെങ്ങും ഫുട്ബോൾ മാമാങ്കത്തിന്റെ ആരവമുയരുമ്പോഴും സൗദി അറേബ്യ വധശിക്ഷ മുടക്കമില്ലാതെ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 14 ദിവസങ്ങളിലായി 12 പേരെയാണ് സൗദിയിൽ വധശിക്ഷക്ക് വിധേയരാക്കിയതെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ അധികം പേരെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കാണ് വധശിക്ഷക്ക് വിധിച്ചത്. 2021-ൽ അക്രമാസക്തമല്ലാത്ത കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് സൗദി അറേബ്യ താത്ക്കാലികമായി മരവിപ്പിച്ചിരുന്നു.

അതിനേയും മറികടന്ന് സൗദിയിൽ വധശിക്ഷ നടപ്പിലാക്കുമ്പോൾ സൗദി കിരീടാവകാശി മുഹമ്മേദ് ബിൻ സൽമാൻ ഖത്തറിലെ സ്റ്റേഡിയത്തിൽ ലോകകപ്പിന്റെ ആരവങ്ങൾ ആസ്വദിക്കുകയായിരുന്നു എന്നതാണ് ഏറെ കൗതുകകരം. ഫിഫ തലവൻ ഗിയാനി ഇൻഫാന്റിനോയുടെ തൊട്ടടുത്തായിരുന്നു എം ബി എസ് ഇരുന്നത് എന്നതും ശ്രദ്ധേയമാണ്. സൗദി ജയിലിൽ വധശിക്ഷ കാത്തിരിക്കുന്ന ഒരു ടാക്സി ഡ്രൈവറുടെ കേസ് മനുഷ്യാവകാശ സംഘടനയായ റിപ്രൈവ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു കൊണ്ടു വന്നിരുന്നു. ഇയാളെ വധശിക്ഷയിൽ നിന്നും രക്ഷിക്കുന്നതിനായി ഇയാളുടെ സഹോദരി ഇംഗ്ലീഷ് താരം അലൻ ഷിയററുടെ സഹായവും തേടിയിരുന്നു.

തന്റെ ക്ലബ്ബായ ന്യുകാസിൽ യുണൈറ്റഡ് സൗദി ഏറ്റെടുത്തപ്പോൾ അവിടത്തെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അറിയണമെന്ന് അലൻ ഷിയറർ പറഞ്ഞിരുന്നു. ഇതിനു ശേഷമായിരുന്നു വധശിക്ഷക്ക് വിധിക്കപ്പെട്ട ഹുസൈൻ എന്ന ടാക്സി ഡ്രൈവറുടെ സഹോദരി സെയ്നബ് അബോ അൽ ഖീർ അദ്ദേഹത്തിന് കത്തയച്ചത്. അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ പരിശോധനക്കിടയിൽ ഇയാളുടെ കാറിന്റെ പെട്രോൾ ടാങ്കിൽ ആംഫിറ്റാമൈൻ ഗുളികകൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇയാൾ പിടിയിലായത്.

എന്നാൽ, ആ ഗുളികകൾ അയാളുടെ കാറിൽ വയ്ക്കുകയായിരുന്നു എന്നും, ക്രൂരമായി മർദ്ദിച്ച് അയളെകൊണ്ട് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്നുമാണ് അയാളെ രക്ഷിക്കാനായി പ്രചാരണം ഏറ്റെടുത്തവർ പറയുന്നത്. ഇപ്പോൾ, ലോക ശ്രദ്ധ മുഴുവൻ ഫുട്ബോൾ മാമാങ്കത്തിലേക്ക് തിരിഞ്ഞപ്പോൾ, ലോകശ്രദ്ധ ആകർഷിക്കാതെ സൗദി വധശിക്ഷകളുടെ പരമ്പര തന്നെ നടപ്പിലാക്കുകയാണെന്ന് റിപ്രൈവ് ഡയറക്ടർ മായ ഫോവ ആരോപിക്കുന്നു.

ഫിഫ തലവനൊപ്പം ലോകകപ്പ് വേദിയിൽ സുപ്രധാന സ്ഥാനത്തിരുന്ന് എം ബി എസ് ആഘോഷങ്ങൾ ആസ്വദിക്കുമ്പോൾ, ഹുസൈൻ സൗദിയിലെ ജെയിലിൽ തന്റെ ഊഴവും കാത്ത് ഭയന്നു വിറച്ച് ഇരിക്കുകയായിരുന്നു എന്നും അവർ പറഞ്ഞു. ഹുസൈനെ പോലുള്ള നിരപരാധികളെ വധിക്കുകയാണ് സൗദി എന്നും അവർ ആരോപിച്ചു.

ഖത്തർ ലോകകപ്പിന് വേദിയായപ്പോൾ തന്നെ അവിടത്തെ മനുഷ്യാവകാശ ലംഘനങ്ങൾ ആഗോളാടിസ്ഥാനത്തിൽ തന്നെ ചർച്ചയായിരുന്നു. എന്നൽ, കഴിഞ്ഞ ആറുമാസമായി എക്കാലത്തേക്കാൾ കൂടുതൽ ആളുകളെയാണ് സൗദി അറേബ്യ വധശിക്ഷക്ക് വിധേയരാക്കിയത് എന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ അന്താരാഷ്ട്ര പങ്കാളികൾ ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും മാധ്യമങ്ങൾ ആവശ്യപ്പെടുന്നു. ഹുസൈന്റെ വധശിക്ഷ നടപ്പിലാക്കിയിട്ടുണ്ടെങ്കിൽ അത് ലോകകപ്പ് കാലത്ത് നടപ്പിലാക്കിയ പതിമൂന്നാമത്തെ വധശിക്ഷയായി മാറും. ഇതുവരെ മൂന്ന് പാക്കിസ്ഥാനികൾ, നാല് സിറിയൻ വംശജർ, രണ്ട് ജോർഡാനിയൻ പൗരന്മാർ, മൂന്ന് സൗദി പൗരന്മാർ എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്.

ഈ വർഷം ഇതുവരെ സൗദി അറേബ്യയിൽ നടപ്പിലാക്കിയ വധശിക്ഷകളുടെ എണ്ണം 138 ആണെന്ന് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു. 2020 ലും 2021 ലും നടപ്പാക്കിയ ആകെ വധശിക്ഷകളെക്കാൾ കൂടുതലാണിതെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ ഒരൊറ്റ ദിവസം വധശിക്ഷക്ക് വിധേയരാക്കിയ 81 പേരും ഉൾപ്പെടുന്നു. അതിൽ അധികം പേരും രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിൽ നിന്നും രാഷ്ട്രീയ കാരണങ്ങളാൽ അറസ്റ്റ് ചെയ്യപ്പെട്ട ഷിയ ന്യുനപക്ഷ വിഭാഗത്തിൽ ഉള്ളവരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP