Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശ്വസിക്കാൻ കൊള്ളാത്തവരെന്ന ചൊല്ല് ശരിവച്ച് ഇന്ത്യയുടെ ഉറക്കം കെടുത്താൻ, അതിർത്തിയിൽ ചൈനയുടെ കോപ്പുകൂട്ടൽ; കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികൾ അപ്രവചനീയമെന്ന് കരസേനാ മേധാവി മനോജ് പാണ്ഡെ; യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു; ഉഭയകക്ഷി ബന്ധം നന്നാവാൻ അതിർത്തിയും ശാന്തമാകണം; പതിനേഴാം റൗണ്ട് ചർച്ചയിൽ പ്രതീക്ഷ അർപ്പിച്ച് ഇന്ത്യ

വിശ്വസിക്കാൻ കൊള്ളാത്തവരെന്ന ചൊല്ല് ശരിവച്ച് ഇന്ത്യയുടെ ഉറക്കം കെടുത്താൻ, അതിർത്തിയിൽ ചൈനയുടെ കോപ്പുകൂട്ടൽ; കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികൾ അപ്രവചനീയമെന്ന് കരസേനാ മേധാവി മനോജ് പാണ്ഡെ; യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു; ഉഭയകക്ഷി ബന്ധം നന്നാവാൻ അതിർത്തിയും ശാന്തമാകണം; പതിനേഴാം റൗണ്ട് ചർച്ചയിൽ പ്രതീക്ഷ അർപ്പിച്ച് ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗാൽവൻ താഴ് വരയിലെ സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം ഇതുവരെയും ഊഷ്മളമായിട്ടില്ല. അവിശ്വാസത്തിന്റെ ഒരുഅന്തരീക്ഷം എപ്പോഴും കനം തൂങ്ങി നിൽക്കുന്നു. ചൈനയുടെ അതിർത്തിയിലെ കോപ്പുകൂട്ടലുകളെ ചെറുക്കാൻ ഇന്ത്യയും അത്യാധുനിക സംവിധാനങ്ങളുമായി സൈനിക വിന്യാസങ്ങൾ നടത്തുന്നു. കിഴക്കൻ ലഡാക്കിൽ ഇപ്പോൾ സ്ഥിതിഗതികൾ സാധാരണ നിലയിലെങ്കിലും, അപ്രവചനീയമാണെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ശനിയാഴ്ച പറഞ്ഞതും ഈ പശ്ചാത്തലത്തിലാണ്.

'നമ്മുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ യഥാർത്ഥ നിയന്ത്രണരേഖയിലെ നീക്കങ്ങൾ വളരെ സൂക്ഷ്മതയോടെ നിർണയിക്കേണ്ടതുണ്ട്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആൾവിന്യാസം കണക്കിലെടുത്താൽ കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ല', കരസേനാ മേധാവി ഡൽഹിയിൽ പറഞ്ഞു.യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങളും തടസ്സമില്ലാതെ തുടരുകയാണ്. ഇനി 17 ാമത് റൗണ്ടിലെ ചർച്ചയ്ക്കായി കാത്തിരിക്കുകയാണ്', ജനറൽ മനോജ് പാണ്ഡെ പറഞ്ഞു.

അതിർത്തിയിൽ വിശേഷിച്ചും കിഴക്കൻ ലഡാക്കിൽ ശൈത്യകാലത്ത് ഇരുപക്ഷവും സൈന്യത്തെ വിന്യസിക്കുന്നത് ഇത് തുടർച്ചയായ മൂന്നാം വട്ടമാണ്. ചൈനയുമായുള്ള സംഘർഷ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തയ്യാറെടുപ്പുകൾ വിലയിരുത്താൻ, ഉന്നത സൈനിക ജനറൽമാർ തിങ്കളാഴ്ച മുതൽ അഞ്ചുദിവസത്തെ യോഗം ചേർന്നിരുന്നു.

സെപ്റ്റംബറിൽ പട്രോളിങ് പോയിന്റ് 15( പിപി-15) നിൽ നിന്ന് ഇരുപക്ഷവും പിന്മാറിയെങ്കിലും, ദെംചോക്, ദെപ്‌സാങ് മേഖലയിലെ പ്രശ്‌നം പരിഹരിക്കുന്നതിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ജൂലൈ 17 ന് പന്ത്രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ഇന്ത്യ-ചൈന സൈനിക തല ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഗോഗ്ര-ഹോട്ട്‌സ്പ്രിങ്‌സിലെ പിപി-15 നിൽ നിന്ന് ഇരുപക്ഷവും പിന്മാറിയത്.

യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനവും ശാന്തതയും ഉഭയകക്ഷി ബന്ധത്തിലെ സമഗ്ര വികസനത്തിന് സുപ്രധാനമാണെന്ന് ഇന്ത്യ തുടർച്ചയായി നിലപാട് സ്വീകരിച്ചുവരികയാണ്. 2020 ൽ പാങ്‌ഗോങ് തടാക മേഖലയിലെ സംഘർഷത്തെ തുടർന്നാണ് കിഴക്കൻ ലഡാക്കിലെ അസുഖകരമായ അന്തരീക്ഷം ഉടലെടുത്തത്. ആയിരക്കണക്കിന് സൈനികരൈ മാത്രമല്ല, യുദ്ധ സമാനമായ രീതിയിൽ സന്നാഹങ്ങളും ഇരുപക്ഷവും ഒരുക്കി നിർത്തി. തുടർച്ചയായ സൈനിക-നയതന്ത്ര ചർച്ചകളുടെ ഫലമായി പാങ്‌ഗോങ്ങിന്റെയും ഗോഗ്രയുടെയും വടക്കൻ-തെക്കൻ തീരങ്ങളിൽ നിന്ന് സൈനിക പിന്മാറ്റം പൂർത്തിയാക്കി. പാങ്‌ഗോങ് തടാകമേഖലയിലെ പിന്മാറ്റം കഴിഞ്ഞ വർഷം ഫെബ്രുവരിയിലും, ഗോഗ്രയിലെ പട്രോളിങ് പോയിന്റ് 17 എയിൽ നിന്നുള്ള സൈനിക പിന്മാറ്റം കഴിഞ്ഞ വർഷം ഓഗസ്റ്റിലുമാണ് നടന്നത്.

ബന്ധം നേരേയാകാൻ അതിർത്തി നന്നാകണം

അതിർത്തിയിൽ സമാധാനം ഉറപ്പാകാത്ത കാലത്തോളം ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം സാധാരണ നിലയിലാകില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു. ചൈനയോടുള്ള ഇന്ത്യയുടെ സമീപനത്തിൽ ഒരുതരത്തിലുള്ള അവ്യക്തതയും ആശയക്കുഴപ്പവുമില്ല. നിലപാട് ഉറച്ചതാണ്, ജയശങ്കർ പറഞ്ഞു. ഗാൽവാൻ താഴ്‌വരയിൽ നടന്നതിന്റെ എല്ലാ ഉത്തരവാദിത്തവും അവർക്കാണ്. അത്തരം ഏകപക്ഷീയമായ അതിക്രമങ്ങൾ കരാറുകളെയും ധാരണകളെയും അപ്രസക്തമാക്കും. കരാറുകളുടെ തുടർച്ചയായ ലംഘനം ചൈനയാണ് നടത്തുന്നത്. ഇന്ത്യയുടെ മറുപടിയിൽ എല്ലാമുണ്ട്, അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച നേതൃതല ഉച്ചകോടിയിലാണ് വിദേശകാര്യമന്ത്രി നിലപാട് ആവർത്തിച്ചത്.

ഗാൽവന് ശേഷം നമ്മൾ അതിർത്തികളിൽ കരുത്ത് വർധിപ്പിക്കുന്നതിൽ കൂടുതൽ മുന്നോട്ടുപോയിട്ടുണ്ട്. ഒന്നിലധികം പോയിന്റുകളിൽ ഇരുസൈന്യങ്ങളും മുഖാമുഖം നില്ക്കുന്ന അവസരമുണ്ട്. സുരക്ഷയുടെ വിഷയത്തിൽ ഒരു ഭാഗത്തിനുമാത്രമല്ല ഉത്തരവാദിത്തം. നിലവിലെ സാഹചര്യങ്ങൾ അവർക്ക് അനുകൂലമല്ലെന്ന തിരിച്ചറിവ് ചൈനയ്ക്കുണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്, ജയശങ്കർ പറഞ്ഞു.

നയങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും ബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ ധാരാളം കാര്യങ്ങൾ ചെയ്യുന്നു, വസ്തുതകളെ ശരിയായി നിരീക്ഷിക്കുന്ന ഒരാൾ ഇപ്പോൾ നയങ്ങളെയും പ്രഖ്യാപനങ്ങളെയും കുറിച്ച് സംസാരിക്കുമെന്ന് കരുതുന്നില്ലെന്ന് ജയശങ്കർ കൂട്ടിച്ചേർത്തു.നമ്മൾ ചൈനയ്ക്ക് നൽകിയ സന്ദേശത്തിൽ ഒരു തരത്തിലുമുള്ള അവ്യക്തതയുമില്ല. പ്രഖ്യാപനത്തിലും പ്രവൃത്തിയിലും അവരെവിടെയാണ് നില്ക്കുന്നതെന്ന് അവർ തന്നെ ആലോചിക്കണം, അദ്ദേഹം പറഞ്ഞു. ഗാൽവനിലെ പ്രശ്നങ്ങൾക്കുശേഷവും കിഴക്കൻ ലഡാക്കിലെ ഡെംചോക്ക്, ഡെപ്‌സാങ് മേഖലകളിൽ അസ്വസ്ഥതകൾ നിലനില്ക്കുകയാണ്. യഥാർത്ഥ നിയന്ത്രണരേഖയിൽ സമ്പൂർണസമാധാനം സാധ്യമാവും വരെ ബന്ധങ്ങളിലെ അടുപ്പം എങ്ങനെയുണ്ടാകുമെന്ന് അദ്ദേഹം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP