Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202203Saturday

കുട്ടിപീഡകൻ ജെഫ്രി എപ്സ്റ്റീന് പെണ്ണു കൂട്ടികൊടുത്ത ജിസ്ലേൻ മാക്സ്വെൽ പിടിയിലായപ്പോൾ പ്രസിഡണ്ടായിരുന്ന ട്രംപ് അടിമുടി വിറച്ചു; അവൾ എന്നെക്കുറിച്ച് വല്ലതും പറഞ്ഞോ എന്ന് ചോദിച്ചുകൊണ്ടിരുന്നു; ട്രംപിനെ വിരട്ടിയ ഒരു പെണ്ണുകേസിന്റെ കഥ

കുട്ടിപീഡകൻ ജെഫ്രി എപ്സ്റ്റീന് പെണ്ണു കൂട്ടികൊടുത്ത ജിസ്ലേൻ മാക്സ്വെൽ പിടിയിലായപ്പോൾ പ്രസിഡണ്ടായിരുന്ന ട്രംപ് അടിമുടി വിറച്ചു; അവൾ എന്നെക്കുറിച്ച് വല്ലതും പറഞ്ഞോ എന്ന് ചോദിച്ചുകൊണ്ടിരുന്നു; ട്രംപിനെ വിരട്ടിയ ഒരു പെണ്ണുകേസിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കോഴിയെ കട്ടവൻ തലയിൽ പൂടയുണ്ടോയെന്ന് തപ്പിയ കഥയാണ് ഇപ്പോൾ അമേരിക്കയിൽ നിന്നും വരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പിടിയിലായ ജെഫ്രീ എപ്സ്റ്റീൻ എന്ന ശതകോടീശ്വരന് പെൺകുട്ടികളെ എത്തിച്ചു നൽകിയ ജിസ്ലെയ്ൻ മാക്സ്വെൽ എന്ന വനിത പിടിയിലായപ്പോൾ അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സ്വന്തം തലയിൽ കോഴിപ്പൂട തപ്പുകയായിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2020-ൽ മാക്സ്വെൽ അറസ്റ്റിലായപ്പോൾ ഡൊണാൾഡ് ട്രംപ് എറെ ഉത്കണ്ഠയോടെ അന്വേഷിച്ചിരുന്നത് അവർ തന്നെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ എന്നായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താൻ ഇടക്കിടക്ക് വിരുന്നുകളിൽ കൂടെ കൂട്ടാറുള്ള ബ്രിട്ടീഷ് വനിതയുടെ അറസ്റ്റ് ട്രംപിനെ അത്രമാത്രം ആശങ്കയിലാഴ്‌ത്തിയത്രെ. 2020-ൽ ന്യു യോർക്ക് പോസ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, മാക്സ്വെൽ കൂടുതൽ പേരുകൾ വെളിപ്പെടുത്തും എന്ന വിവരം വന്നതോടെ ട്രംപിന്റെ ഉത്ക്കണ്ഠ വർദ്ധിച്ചു എന്നും മാധ്യമങ്ങൾ പറയുന്നു.

തന്റെ സഹായികളോട് ട്രംപ് കൂടെക്കൂടെ ഈ വിവരം തിരക്കുമായിരുന്നു എന്നും ന്യുയോർക്ക് ടൈംസ് ലേഖിക ആയ മാഗി ബേബർമാന്റെ ട്രംപിനെ കുറിച്ചുള്ള പുതിയ പുസ്തകത്തിൽ പറയുന്നു. കോൺഫിഡൻസ് മാൻ : ദി മേക്കിങ് ഓഫ് ഡൊണാൾഡ് ട്രംപ് ആൻഡ് ദി ബ്രേക്കിങ് ഓഫ് അമേരിക്ക എന്ന പുസ്തകം ഇന്ന് ഔദ്യോഗികമായി പ്രകാശനം ചെയ്യപ്പെടും. മാക്സ്വെല്ലുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നത് അക്കാലത്ത് ട്രംപിനെ ഏറെ ആശങ്കയിലാഴ്‌ത്തിയിരുന്നു എന്നും പുസ്തകത്തിൽ പറയുന്നു.

കഴിഞ്ഞ വർഷം ഈ കേസുമായി ബന്ധപ്പെട്ട് വിചാരണയെ അഭിമുഖീകരിച്ച മാക്സ്വെൽ 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോൾ ജയിലിൽ ആണ്. കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും അവർ അന്വേഷണവുമായി സഹകരിക്കുകയോ, പ്രതികളാകാൻ സാധ്യതയുള്ളവരുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തുകയോ ചെയ്തിരുന്നില്ല. മാത്രമല്ല, താനുമായി ബന്ധപ്പെട്ട പ്രമുഖരുടെ പേരുകളും അവർ വെളിപ്പെടുത്തിയിരുന്നില്ല.

താനും എപ്സ്റ്റീനും പലവിധത്തിലും സഹായിച്ച വന്മരങ്ങൾ തന്റെ രക്ഷക്ക് എത്തുമെന്ന് മാക്സ്വെൽ പ്രതീക്ഷിച്ചിരുന്നതായി എപ്സ്റ്റീന്റെ മുൻ ബിസിനസ്സ് അസ്സോസിയേറ്റായ സ്റ്റീവൻ ഹോഫെൻബെർഗ് പറഞ്ഞിരുന്നു. പല വിവരങ്ങൾ കൈമാറി സഹായിച്ച ഇസ്രയേലി രഹസ്യാന്വേഷണ സംഘം, ആൻഡ്രൂ രാജകുമാരൻ, മുൻ പ്രസിഡണ്ട് ക്ലിന്റൺ, അന്നത്തെ പ്രസിഡണ്ട് ട്രംപ് എന്നിവർ തന്റെ രക്ഷക്കെത്തുമെന്നായിരുന്നു മാക്സ്വെൽ വിചാരിച്ചിരുന്നത്. അതായിരുന്നു സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്നും അവരെ പിന്തിരിപ്പിച്ചത്.

മാക്സ്വെല്ലിനെ അറസ്റ്റ് ചെയ്ത് ആഴ്‌ച്ചകൾക്ക് ശേഷം ഒരു പത്ര സമ്മേളനത്തിൽ അതുമായി ബന്ധപ്പെട്ടപ്പോൾ ട്രംപ് പറഞ്ഞത് താൻ ആ കേസിൽ വലിയ താത്പര്യം കാണിക്കുന്നില്ല എന്നായ്ഹിരുന്നു. വർഷങ്ങളായി പരിചയമുള്ള സ്ത്രീയായിരുന്നു എന്നും അവർക്ക് ആശംസകൾ നേരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ട്രംപും എപ്സ്റ്റീനും മാക്സ്വെല്ലും തമ്മിലുള്ള ബന്ധം 1990 കൾ മുതൽ ഉള്ളതാണ് ഇവർ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു. അതിലൊന്നിൽ, നൃത്തം ചവിട്ടുന്ന പെൺകുട്ടികളെ ചൊണ്ടി എപ്സ്റ്റീനും ട്രംപും സംസാരിക്കുന്ന രംഗവും ഉണ്ട്. തന്റെ ആദ്യ ഭാര്യ ഇവാനയിൽ നിന്നും ട്രംപ് വിവാഹമോചനം നേടിയ കാലത്താണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുകയും ലൈംഗിക വേലക്ക് പ്രേരിപ്പിക്കുകയും ചെയ്തു എന്ന കുറ്റത്തിനായിരുന്നു 2008-ൽ എപ്സ്റ്റീനെ അറസ്റ്റ് ചെയ്തത്. വിചാരണ കാത്ത് ജയിലിൽ കഴിയവെ 2019-ൽ അയാൾ ജയിലിനകത്ത് തൂങ്ങി മരിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP