Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലിസ് ട്രസ്സിനെ അട്ടിമറിക്കാൻ നീക്കങ്ങൾ ആരംഭിച്ച് ഋഷി സുനാക്; വിപണി വീണതും പൗണ്ട് തകർന്നതും മുതലാക്കി മറ്റൊരു അട്ടിമറിക്ക് കളമൊരുങ്ങുന്നു; അതേ, ഞാൻ കറുത്തവർഗ്ഗക്കാരനാണ്, അതാണ് നിങ്ങളുടെ പ്രശ്നം... എന്ന് പറഞ്ഞ് സഹതാപം പിടിച്ചുപറ്റാൻ ചാൻസലർ ക്വാസി ക്വാർട്ടെംഗ്; ബ്രിട്ടണിൽ സംഭവിക്കുന്നത്

ലിസ് ട്രസ്സിനെ അട്ടിമറിക്കാൻ നീക്കങ്ങൾ ആരംഭിച്ച് ഋഷി സുനാക്; വിപണി വീണതും പൗണ്ട് തകർന്നതും മുതലാക്കി മറ്റൊരു അട്ടിമറിക്ക് കളമൊരുങ്ങുന്നു; അതേ, ഞാൻ കറുത്തവർഗ്ഗക്കാരനാണ്, അതാണ് നിങ്ങളുടെ പ്രശ്നം... എന്ന് പറഞ്ഞ് സഹതാപം പിടിച്ചുപറ്റാൻ ചാൻസലർ ക്വാസി ക്വാർട്ടെംഗ്; ബ്രിട്ടണിൽ സംഭവിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

മിനി ബജറ്റ് ഉണ്ടാക്കിയ പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിൽ ലിസ് ട്രസ്സിനെ അട്ടിമറിക്കാൻ ഒരു വിപ്ലവത്തിന് അരങ്ങൊരുങ്ങുന്നതായി മെയിൽ ഓൺ സൺഡേ റിപ്പോർട്ട് ചെയ്യുന്നു. മുൻ ചാൻസലറും, പ്രധാനമന്ത്രി പദത്തിലേക്ക് ലിസ് ട്രസ്സിനോട് മത്സരിച്ച് പരാജയപ്പെട്ടയാളുമായ ഋഷി സുനാകാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും അവർ പറയുന്നു. ബോറിസ് ജോൺസന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ നടത്തിയ ദീർഘമായ പ്രക്രിയകളെല്ലാം ഒഴിവാക്കി, പ്രധാനമന്ത്രിയെതിരഞ്ഞെടുക്കാനുള്ള പൂർണ്ണമായ അവകാശം എം പിമാർക്ക് നൽകണമെന്ന് ഋഷി സുനാകിനെ പിന്താങ്ങുന്ന എം പിമാർ ആവശ്യപ്പെടുന്നു.

ആഴ്‌ച്ചകളോളം നീണ്ടുനിന്ന പ്രചാരണവും ഡിബേറ്റുകളും ഒഴിവാക്കി എം പി മാർക്ക് വോട്ട് ചെയ്ത് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള സാഹചര്യം ഒരുക്കണം എന്നാണ് അവർ ആവശ്യപ്പെടുന്നത്. നേരത്തേ നടന്ന മത്സരത്തിൽ എം പിമാരുടെ വോട്ടുകൾ ഏറ്റവും അധികം നേടിയത് ഋഷി സുനാക് ആയിരുന്നു. ബിർമ്മിങ്ഹാമിൽ കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിനെത്തിയ ലിസ് ട്രസ്സിന് പാർട്ടിക്കാരുടെ പ്രതിഷേധം അഭിമുഖീകരിക്കേണ്ടതായി വന്നു.

ഋഷി സുനാകിനു പുറമെ ബോറിസ് ജോൺസന്റെ അനുയായികളും പുതിയ ബജറ്റ് നിർദ്ദേശങ്ങൾ വോട്ടിംഗിനെത്തുമ്പോൾ പരാജയപ്പെടുത്തണം എന്ന അഭിപ്രായമാണ് പറയുന്നത്. അതുവഴി സർക്കാരിനെ നിലത്തിറക്കി, ബോറിസ് ജോൺസനെ കാവൽ പ്രധാനമന്ത്രിയാക്കാൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ, ബോറിസ് ജോൺസൺ ഉടനടിയൊന്നും ഒരു തിരിച്ചു വരവിന് ആഗ്രഹിക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ ഉറ്റ അനുയായികൾ പറയുന്നത്.

സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ മൈക്കൽ ഗോവ് ആണ് ഒരു ഗൂഢാലോചനയുടെ സൂചനകൾ ലഭിക്കുന്നു എന്ന് സംശയം പ്രകടിപ്പിച്ചത്.എന്നാൽ, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പോലും അത് നിഷേധിക്കുകയായിരുന്നു. അതേസമയം, ലിസ് ട്രസ്സിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു എന്നായിരുന്നു ഋഷി സുനാകിന്റെ അനുയായികൾ പറയുന്നത്. മൈക്കൽ ഹോവാർഡിനെ 2003-ൽ പ്രതിപക്ഷ നേതാവാക്കിയതു പോലെ എം പിമാർ തന്നെ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും അവർ പറയുന്നു.

ഇനിയൊരു അധികാരമാറ്റം ഉണ്ടാവുകയാണെങ്കിൽ, ഋഷി സുനാക് മാത്രമാണ് ഒരു ഉത്തരം എന്നാണ് ഒരു മുതിർന്ന ടോറി എം പി പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലേബർ ശക്തികേന്ദ്രങ്ങളിൽ നിന്നും ജയിച്ചു വന്ന എം പിമാരാണ് ക്വാസി ക്വാർട്ടെംഗിന്റെ ബജറ്റിനെതിരെ ശക്തമായി നിലകൊള്ളുന്നത്. അടുത്തിടെ നടന്ന അഭിപ്രായ സർവ്വേയിൽ 33 പൊയിന്റുകളുമായി ലേബർ പാർട്ടി മുൻപിലെത്തിയതോടെ അവരിൽ പലർക്കും അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങളുടെ സീറ്റുകൾ നഷ്ടപ്പെടുമെന്ന ഭയം ഏറി വരികയാണ്.

താഴ്ന്ന വരുമാനക്കാരായ വോട്ടർമാരെ ഉദ്ദേശിച്ച് തങ്ങൾ ഒരുപാട് നല്ലകാര്യങ്ങൽ ചെയ്തു എന്നും എന്നാൽ ഈ നികുതിയിളവുകൾ പ്രത്യക്ഷത്തിൽ ഉയർന്ന വരുമാനക്കാർക്ക് മാത്രം നെട്ടമുണ്ടാക്കുന്നതായി മാറിയിരിക്കുകയാണെന്നും അവർ പറയുന്നു. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ ലിസ് ട്രസ്സിന് വോട്ടു ചെയ്തവർ പോലും ഇപ്പോൾ അവരെ എങ്ങനെ നീക്കാം എന്ന ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു.

കൺസർവേറ്റീവ് പാർട്ടിയുടെ നിയമാവലി പ്രകാരം അടുത്ത 12 മാസത്തേക്ക് ലിസ് ട്രസ്സിന്റെ നീക്കം ചെയ്യാൻ സാധിക്കില്ല. മാത്രമല്ല, ഒരു പിൻഗാമിയെ കണ്ടെത്തുന്നതിന് എം പി മാരുടെ മാത്രമല്ല, പാർട്ടി അംഗങ്ങളുടെ വോട്ടുകളും നേടിയിരിക്കണം. എന്നാൽ, ലിസ് ട്രസ്സിനെ നീക്കം ചെയ്യണമെങ്കിൽ, പാർട്ടി നിയമങ്ങൾ എളുപ്പത്തിൽ മാറ്റിയെഴുതാൻ കഴിയും എന്നായിരുന്നു ഒരു പാർട്ടി എം പി പറഞ്ഞത്. ആത്യന്തികമായി പാർലമെന്ററി പാർട്ടിക്കും പാർട്ടി ബോർഡിനും അങ്ങനെ നിയമം മാറ്റുവാൻ സാധിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉടനടി ഒരു നേതൃമാറ്റം എന്നത് പാർട്ടിയുടെ പ്രതിച്ഛായക്ക് ഗുണകരമല്ല എന്നു തന്നെയാണ് ഋഷി സുനാകിനെ പിന്തുണക്കുന്നവരും കരുതുന്നത്. എന്നാൽ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഒലിച്ചു പോകാതെ പാർട്ടിയെ സംരക്ഷിക്കാൻ അത് അത്യാവശ്യമാണെന്ന് അവർ കരുതുന്നു. അടുത്ത 18 മാസങ്ങളിൽ അധികാരം ഋഷിയുടെ കൈവശമിരുന്നാൽ നില ഏറെ മെച്ചപ്പെടുമെന്നും അവർ വിശ്വാസം പ്രകടിപ്പിക്കുന്നു. അതേസമയം, നികുതിയിളവ് നിർദ്ദേശം പാർലമെന്റിൽ വോട്ടിനിട്ട് പരാജയപ്പെടുത്താൻ ലേബർ പാർട്ടി നീക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട്, നികുതിയിളവിൽ പ്രതിഷേധമുള്ള ചില ഭരണകക്ഷി എം പിമാരുമായി ചർച്ചകൾ നടത്തിയതായും ഒരു ലേബർ പാർട്ടി അംഗം പറേഞ്ഞു.

അതേസമയം, പൗണ്ടിന്റെ മൂല്യം ഒറ്റയടിക്ക് തകർക്കുകയും സമ്പദ്വ്യവസ്ഥയെ പിടിച്ചു കുലുക്കുകയും ചെയ്ത ബജറ്റിനെ ചാൻസലർ ക്വാസി ക്വാർട്ടെംഗ് ഇപ്പോഴും ന്യായീകരിക്കുകയാണ് . തന്നെ പുറം ചട്ടയിൽ മാത്രം കറുത്തവർഗ്ഗകാരൻ എന്ന് പരാമർശിച്ച ലേബർ എം പിയുടെ വാക്കുകൾ ഉദ്ദരിച്ച് സഹതാപം ഉയർത്താൻ ശ്രമിക്കുകയാണ് ചാൻസലർ ഇപ്പോൾ. എം പി പിന്നീട് തന്റെ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞെങ്കിലും, ലേബർ പാർട്ടിയുടെ മനോഭാവമാണ് അത് എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ക്വാസി ക്വാർട്ടെംഗ്.

ശരിയായ കറുത്ത വർഗ്ഗക്കാരൻ എന്നതുകൊണ്ട് ലേബർ പാർട്ടി ഉദ്ദേശിക്കുന്നത്, ഇടതുപക്ഷ ചിന്തയുള്ള, ഇടയ്ക്കൊക്കെ ബ്രിട്ടനെ തരം താഴ്‌ത്തി കാണിക്കുന്ന ഒരു ന്യുനപക്ഷ വംശജനെയാണെന്നാണ് ക്വാർട്ടെംഗ് പ്രതികരിച്ചത്. ന്യുനപക്ഷ വംശങ്ങളിൽ നിന്നുള്ള വിജയികളായ രാഷ്ട്രീയ നേതാക്കളെ കൺസർവേറ്റീവ് പാർട്ടിയിൽ കാണുന്നത് അവർ ഇഷ്ടപ്പെടുന്നില്ല. കഴിഞ്ഞ പത്തു വർഷക്കാലത്തെ ചരിത്രം പരിശോധിച്ചാൽ, കൺസർവേറ്റീവ് പാർട്ടിയാണ് ഏറ്റവും അധികം ബഹുസ്വരതയുള്ളത് എന്നു കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP