Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുക്രെയിനിന്റെ രണ്ടു പ്രവിശ്യകൾ റെഫറണ്ടം വഴി സ്വതന്ത്രമാക്കിയെന്ന് പ്രഖ്യാപിച്ച് പുടിൻ; ഖേർസണും സപോറിഷിയയും സ്വതന്ത്രമായെന്ന രേഖയിൽ ഒപ്പിട്ട് റഷ്യൻ പ്രസിഡണ്ട്; റഷ്യയുടെ ഭാഗമായി പ്രഖ്യാപിക്കാനുള്ള ആദ്യപടിയെന്ന് ആശങ്ക; ലോകം അണുയുദ്ധത്തിന് തൊട്ടരുകിൽ

യുക്രെയിനിന്റെ രണ്ടു പ്രവിശ്യകൾ റെഫറണ്ടം വഴി സ്വതന്ത്രമാക്കിയെന്ന് പ്രഖ്യാപിച്ച് പുടിൻ; ഖേർസണും സപോറിഷിയയും സ്വതന്ത്രമായെന്ന രേഖയിൽ ഒപ്പിട്ട് റഷ്യൻ പ്രസിഡണ്ട്; റഷ്യയുടെ ഭാഗമായി പ്രഖ്യാപിക്കാനുള്ള ആദ്യപടിയെന്ന് ആശങ്ക; ലോകം അണുയുദ്ധത്തിന് തൊട്ടരുകിൽ

മറുനാടൻ മലയാളി ബ്യൂറോ

ഷ്യൻ - യുക്രെയിൻ സംഘർഷത്തിന്റെ ആഴം വർദ്ധിപ്പിച്ചുകൊണ്ട് യുക്രെയിനിലെ രണ്ട് മേഖലകൾ സ്വാതന്ത്ര്യം നേടിയതായി റഷ്യ പ്രഖ്യാപിച്ചു. ഒരു കൂട്ടം വ്യാജ റെഫറണ്ടങ്ങൾക്കൊടുവിൽ അവയുടെ ഫലം ഉദ്ധരിച്ചുകൊണ്ടാണ്, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള, യൂറോപ്പിലെ ഏറ്റവും വലിയ കൈയേറ്റം നടന്നിരിക്കുന്നത്. തോക്കിൻ മുനയിലായിരുന്നു റെഫറണ്ടത്തിൽ വോട്ടു ചെയ്യാൻ ആളുകളെ റഷ്യൻ സൈന്യം കൊണ്ടു പോയിരുന്നത് എന്ന് നേരത്തേ വാർത്തകൾ ഉണ്ടായിരുന്നു.

യുക്രെയിനിന്റെ തെക്കും കിഴക്കും മേഖലകളിൽ ഉള്ള ഖേർസണും സപോറിഷിയയും യുക്രെയിനിൽ നിന്നും വേർപ്പെട്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി എന്ന പ്രഖ്യാപനത്തിൽ ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഒപ്പുവച്ചു. യുക്രെയിനിന്റെ പ്രദേശങ്ങളുടെ 15 ശതമാനത്തോളം ഭാഗം റഷ്യയിലേക്ക് കൂട്ടിച്ചേർക്കാനുള്ള പുടിന്റെ നടപടികളുടെ ആദ്യപടിയായാണ് ഇതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

റഷ്യൻ ഭരണഘടനയിൽ 2020-ൽ വരുത്തിയ ഒരു ഭേദഗതി അനുസരിച്ച്, ഒരിക്കൽ റഷ്യയോട് കൂട്ടിച്ചേർത്ത പ്രദേശങ്ങൾ തിരികെ നൽകാൻ ആകില്ല. അതായത്, ഈ പ്രദേശങ്ങൾ റഷ്യയോട് ചേർത്താൽ പിന്നെ യുക്രെയിന് ബലപ്രയോഗത്തിലൂടെ ഈ പ്രദേശം മോചിപ്പിക്കേണ്ടതായി വരും. അതായത്, ഭാവിയിൽ ഒരു സമാധാന കരാർ ഉണ്ടായാൽ പോലും ഈ പ്രദേശങ്ങൾ യുക്രെയിന് തിരികെ ലഭിക്കുകയില്ല. ഈ രണ്ട് പ്രവിശ്യകൾക്കൊപ്പം നേരത്തേ സ്വതന്ത്ര രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ചിട്ടുള്ള ലുഹൻസ്‌ക്, ഡോണ്ട്സ്‌ക് മേഖലകളും റഷ്യയിൽ കൂട്ടിച്ചേർക്കുന്ന കരാർ പുടിൻ ഉടനെ ഒപ്പിടും എന്നാണ് ക്രെംലിൻ വൃത്തങ്ങൾ പറയുന്നത്.

പുടിന്റെ കൈയിൽ കളിപ്പാവ മാത്രമായ പാർലമെന്റ്, ഡുമ ഈ നിർദ്ദേശം അംഗീകരിക്കും എന്നതിൽ സംശയമൊന്നുമില്ല. നേരത്തേ 2014- ൽ ഇതുപോലെ ഒരു വ്യാജ റഫറണ്ടം നടത്തിയതിനു ശേഷമായിരുന്നു റഷ്യ ക്രീമിയ സ്വന്തമാക്കിയത്. അതിന്റെ തനിയാവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. ഇതോടെ ഏഴുമാസമായി നീളുന്ന റഷ്യൻ-യുക്രെയിൻ യുദ്ധം പുതിയ തലത്തിലേക്ക് കടക്കുകയാണ്.

നീണ്ട ചെറുത്തു നിൽപിനൊടുവിൽ കഴിഞ്ഞ മാസം യുക്രെയിൻ് സൈന്യം റഷ്യൻ സൈന്യത്തെ ഖാർകീവ് മേഖലയിൽ നിന്നും തുരത്തിയിരുന്നു. അതിനു ശേഷമായിരുന്നു പുടിൻ നിർബന്ധിത സൈനിക സേവനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. റഷ്യയിൽ കനത്ത വിമർശനങ്ങൾക്ക് വഴിയൊരുക്കിയ ഈ തീരുമാനം പലയിടങ്ങളിലും കടുത്ത പ്രക്ഷോഭങ്ങൾക്കും വഴി തെളിച്ചിരിക്കുകയാണ്. പല യുവാക്കളും നാടു വിടുന്ന സാഹചര്യം വരെ ഇതുണ്ടാക്കി.

അതേസമയം, റഫറണ്ടമോ റഷ്യൻ തീരുമാനമോ, പിടിച്ചെടുത്ത മേഖലകൾ തിരികെ പിടിക്കുന്നതിൽ നിന്നും യുക്രെയിനിനെ പിന്തിരിപ്പിക്കില്ല എന്ന് കീവ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം, റഷ്യയാകട്ടെ തങ്ങൾ പിടിച്ചെടുത്ത് റഷ്യയോട് കൂട്ടിച്ചേർത്ത ഭാഗങ്ങളുടെ സംരക്ഷണം കടമയായി കരുതുന്നു. അതായത്, ഈ സംഘർഷം ഇതുപോലെ തുടർന്നാൽ യുദ്ധം കൂടുതൽ ശക്തമാകും എന്ന് ചുരുക്കം. തങ്ങളുടെ പ്രദേശങ്ങളുടെ രക്ഷക്ക് എന്ന വ്യാജേന റഷ്യ ആണവായുധങ്ങൾ ഉപയോഗിച്ചേക്കും എന്നും ആശങ്കയുയരുന്നുണ്ട്.

ലുഹാൻസ്‌ക്, ഖേർസൻ മേഖലകളിലെ ഒട്ടു മിക്ക ഭാഗങ്ങളും തങ്ങളുടെ അധീനതയിൽ കൊണ്ടു വരാൻ റഷ്യക്ക് ആയെങ്കിലും ഡോണ്ട്സ്‌കിന്റെ 60 ശതമാനം ഭാഗങ്ങളും സപോറിഷ്യയുടെ 70 ശതമാനം ഭാഗങ്ങളും മാത്രമെ അധീനതയിൽ കൊണ്ടു വരാൻ റഷ്യക്ക് ആയിട്ടുള്ളു. ഈ പ്രദേശങ്ങൾ റഷ്യയുടെ ഭാഗമാക്കുക വഴി റഷ്യക്ക് അവിടെ ആണവയായുധ വിന്യാസം നടത്താൻ കഴിയും. അത്തരമൊരു നടപടി പ്രതീക്ഷിക്കാമെന്ന് പുടിൻ നേരത്തേ സൂചനകളും നൽകിയിരുന്നതാണ്.

അതേസമയം റഷ്യയുടെ നടപടിക്ക് നിയമ സാധുത ഉണ്ടാകില്ലെന്ന് ഐക്യരാഷ്ട്ര സഭ വെളിപ്പെടുത്തിയിട്ടുണ്ട്. ആണവായുധ വിന്യാസത്തിനെതിരെ റഷ്യക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. ഖെർസണിൽ റഷ്യ പ്രതിഷ്ഠിച്ച ഭരണാധികാരി കിരിൽ സ്റ്റെമൊസോവ് പ്രദേശം സ്വതന്ത്രമായെന്നും റഷ്യയിൽ ചേരുകയാണെന്നും പ്രഖ്യാപിക്കുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്. അതേസമയം, ഇതെല്ലാം വിലകുറഞ്ഞ ജല്പനങ്ങൾ മാത്രമെന്ന് പറഞ്ഞു തള്ളുകയാണ് യുക്രെയിൻ പ്രസിഡണ്ട് സെലെൻസ്‌കി.

യുക്രെയിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന റഷ്യയുടെ നടപടി അമേരിക്ക ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്ന് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമവിരുദ്ധമായ വ്യാജ റഫറണ്ടങ്ങളെയും അത് ഉദ്ധരിച്ച് നടത്തുന്ന അധിനിവേശങ്ങളേയും അംഗീകരിക്കില്ലെന്ന് ഇറ്റലിയും വ്യക്തമാക്കി. അതേസമയം, റഷ്യൻ ജനങ്ങൾക്കിടയിൽ ഒരു യുദ്ധ പരാജയത്തിന്റെ കരിനിഴലിൽ നിന്നും തന്റെ പ്രതിച്ഛായ വെളുപ്പിക്കാൻ പുടിന് ഇത്തരമൊരു നടപടി അത്യാവശ്യമായി വന്നിരിക്കുകയാണ്.

പതിവില്ലാത്ത വിധം കടുത്ത ഭാഷയിൽ ആയിരുന്നു യു എൻ സെക്രട്ടറി ജനറലിന്റെ വിമർശനം. സെക്യുരിറ്റി കൗൺസിലിൽ വീറ്റോ അധികാരമുള്ള സ്ഥിരാംഗമായ റഷ്യ, യു എൻ ചാർട്ടർ അംഗീകരിക്കാനും ബഹുമാനിക്കാനും ബാദ്ധ്യസ്ഥമാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുന്ന ഒന്നാണ് റഷ്യയുടെ നടപടി എന്നും അദ്ദേഹം തുടർന്നു പറഞ്ഞു. യു എന്നിലെ റഷ്യൻ അമ്പാസിഡറോട് സെക്രട്ടറി ജനറലിന്റെ സന്ദേശം വ്യക്തമാക്കിയതായും യു എൻ വക്താവ് അറിയിച്ചു.

യൂറോപ്യൻ യൂണിയനും വിവിധ യൂറോപ്യൻ രാജ്യങ്ങളും റഷ്യയുടെ നടപടിക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. റഷ്യൻ പൗരന്മാർക്ക് സന്ദർശന വിസ കൊടുക്കുന്നത് ഫിൻലാൻഡ് നിർത്തിവെച്ചു. ഇതോടെ റഷ്യൻ പൗരന്മാർക്ക് റഷ്യ വിട്ട് പുറത്തുപോകുന്നതിനുള്ള എല്ലാ റോഡ് മാർഗ്ഗങ്ങളും അടഞ്ഞിരിക്കുകയാണ്.

അതേസമയം യൂറോപ്പിലേക്ക് പ്രകൃതി വാതകം വിതരണം ചെയ്യുന്ന പൈപ്പുകൾക്ക് ഉണ്ടായ കേടുപാടുകൾ അട്ടിമറിയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. സമുദ്രാന്തർഭാഗത്തുകൂടി പോകുന്ന മാരിടൈം കമ്മ്യുണിക്കേഷൻ കേബിളുകൾ ലക്ഷ്യമാക്കി റഷ്യ ആക്രമണം നടത്തിയേക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. തങ്ങളുടെ അംഗ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കും എന്ന് നാറ്റോയും വ്യക്തമാക്കി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP