Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202226Saturday

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും തീവ്ര വലതുപക്ഷ സർക്കാരിനൊരുങ്ങി ഇറ്റലി; തെരഞ്ഞെടുപ്പിൽ മുൻപിൽ എത്തുക കടുത്ത വംശീയ വാദികൾ എന്ന് വിലയിരുത്തൽ; യൂറോപ്യൻ യൂണിയൻ അടിച്ചു പിരിഞ്ഞേക്കും

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും തീവ്ര വലതുപക്ഷ സർക്കാരിനൊരുങ്ങി ഇറ്റലി; തെരഞ്ഞെടുപ്പിൽ മുൻപിൽ എത്തുക കടുത്ത വംശീയ വാദികൾ എന്ന് വിലയിരുത്തൽ; യൂറോപ്യൻ യൂണിയൻ അടിച്ചു പിരിഞ്ഞേക്കും

മറുനാടൻ മലയാളി ബ്യൂറോ

യൂറോപ്പ് മുഴുവൻ ആകാംകഷയോടെ നിരീക്ഷിക്കുന്ന ഇറ്റലിയിലെ തെരഞ്ഞെടുപ്പിൽ വിജയ സാധ്യത ഏറ്റവും കൂടുതൽ കാണുന്നത് ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടിക്കെന്ന് രാഷ്ട്രീയ നിരീക്ഷകർ. തീവ്ര വലതുപക്ഷക്കാരിയായ ജിയോർജിയ മെലോനിയുടെ നേതൃത്വത്തിലുള്ള ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടി മറ്റ് രണ്ട് വലതുപക്ഷ കക്ഷികളുമായി ചേർന്ന് അധികാരത്തിലെത്തും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അത് സംഭവിക്കുകയാണെങ്കിൽ ഇറ്റലിയിലെ ആദ്യത്തെ വനിത പ്രധാനമന്ത്രിയാകും ജിയോർജിയ മെലോണി.

തീവ്ര വലതുപക്ഷക്കാരിയാണെങ്കിലും, ഇറ്റലിയുടെ ഫാസിസ്റ്റ് ഭൂതകാലത്തിന്റെ നിഴൽ അടിക്കാതിരിക്കാൻ അവർ തന്റെ പ്രതിച്ഛായയിൽ ചില മൃദുത്വം ഒക്കെ കൊണ്ടു വന്നിരുന്നു. റഷ്യയ്ക്കെതിരെ പാശ്ചാത്യ ശക്തികൾ ഏർപ്പെടുത്തിയ ഉപരോധത്തെ ശക്തമായി പിന്തുണയ്ക്കുന്ന ജിയോർജിയ യൂറോപ്പിനെ വാഴ്‌ത്തുന്നതിലും ഒട്ടും പിശുക്കു കാണിക്കുന്നില്ല.

എന്നാൽ പഴയ ഫാസിസ്റ്റ് മുദ്രാവാക്യം, ''ദൈവം, മാതൃഭൂമി, കുടുംബം'' എന്നത് ഇന്നും അവർ ഉയർത്തിപ്പിടിക്കുന്നു എന്നതാണ് ഏറേ ആശങ്കയുയർത്തുന്നത്. എൽ ജി ബി ടി സമൂഹത്തിനെതിരെ ശക്തമായ ഭാഷയിൽ ആഞ്ഞടിക്കുന്ന അവർ, ലിബിയയിൽ നിന്നുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കുവാൻ നാവിക പ്രതിരോധം തീർക്കണം എന്ന അഭിപ്രായക്കാരി കൂടിയാണ്.

റോമിൽ നിന്നും തെക്ക് മാറിയുള്ള ലാറ്റിന പട്ടണത്തിലെ നിരീക്ഷകർ വിശ്വസിക്കുന്നത്, പട്ടണത്തിലെ ആധിപത്യം ഇടതുപക്ഷത്തു നിന്നും വലതു പക്ഷം പിടിച്ചെടുക്കുമെന്നാണ്. 1932-ൽ ഏകാധിപതിയായിരുന്നു ബെനിജ്ഞോ മുസ്സോളനി സ്ഥാപിച്ച ലാറ്റിന ഇന്നും ആ ഏകാധിപതിയുടെ അവശിഷ്ടങ്ങൾ പേറുന്ന ഒരു പട്ടണമാണ്.

ദീർഘകാലമായി ഇവിടം ഭരിക്കുന്നത് ഇടതുപക്ഷമാണ്. എന്നാൽ, പട്ടണത്തിന്റെ വലതു മനോഭാവത്തെ ഇത്തവണ ജോർജിയ തട്ടിയുണർത്തും എന്ന് പട്ടണത്തിലെ വലതുവിഭാഗക്കാർ വിശ്വസിക്കുന്നു. അതോടൊപ്പം മൃദു വലതുപക്ഷ നേതാവായ സെലിവിയോ ബെർലുസ്‌കോണിയുടെ പിന്തുണയും ജോർജിയയ്ക്കുണ്ട്. ഇത് അവരുടെ വിജയ സാധ്യത വർദ്ധിപ്പിക്കുകയാണ്.

കോവിഡിന് ശേഷം ഇറ്റലിയുടെ സമ്പദ്ഘടന ക്രമമായി വികസിച്ചു വരുന്ന സമയത്താണ് ഊർജ്ജ പ്രതിസന്ധി ഉടലെടുത്തത്. റഷ്യൻ-യുക്രെയിൻ യുദ്ധം ഇറ്റലിയിലും ഊർജ്ജ നിരക്കിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടാക്കി. രാഷ്ട്രീയ നേതാക്കൾ യൂറോപ്പിനെ കുറിച്ചും റഷ്യയെ കുറിച്ചുമുള്ള ചർച്ചകൾ ഉയർത്തിക്കൊണ്ടു വരുമ്പോഴും, തങ്ങളുടെ ഊർജ്ജ ബിൽ എങ്ങനെ അടച്ചു തീർക്കും എന്നാണ് ഇറ്റാലിയൻ പൗരന്മാർ നോക്കുന്നത്.

കോവിഡ് കാല പ്രതിസന്ധികൾ പരിഹരിക്കുന്നതിനും, തകർന്ന സമ്പദ്ഘടനയെ ഉയർത്തിക്കൊണ്ടു വരുന്നതിനുമായി 200 ബില്യൺ യൂറോയുടെ സഹായം യൂറോപ്യൻ യൂണിയൻ കോവിഡാനന്തര കാലത്ത് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, ഇതിനുള്ള നിബന്ധന, മാരിയോ ദർഗിയുടെ സർക്കാർ കൊണ്ടു വന്ന പരിഷ്‌കാരങ്ങൾ തുടരണം എന്നതാണ്. എന്നാൽ, ഈ പരിഷരണങ്ങളെ നിർത്തിവെച്ച്, യൂറോപ്യൻ യൂണിയനിൽ ഇറ്റലിയുടെ ദേശീയ താത്പര്യങ്ങൾ സംരക്ഷൈക്കുന്നതിനുള്ള മറ്റു ചില നടപടികളുമായി മുൻപോട്ട് പോകാനാണ് ജോർജിയ ആഗ്രഹിക്കുന്നത്.

ഇതു തന്നെയാണ് യൂറോപ്യൻ രാഷ്ട്രത്തലവന്മാർ ഇത്തവണ ഇറ്റലിയുടെ തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കുവാനുള്ള കാരണവും. ഓഗസ്റ്റ് ആദ്യം വരെ ഇടതുപക്ഷവും മദ്ധ്യപക്ഷവും ചേർന്ന് ജോർജിയ മെലോനിക്ക് കടുത്ത ഭീഷണി ഉയർത്തും എന്നതായിരുന്നു സ്ഥിതി. എന്നാൽ അവർ തമ്മിൽ യോജിപ്പിലെത്തിയില്ല. ഇതോടെ അവർ കൂടുതൽ ശക്തിയാർജ്ജിച്ച് മത്സരത്തിലേക്ക് വരികയായിരുന്നു.

ഇന്ന് ഇറ്റലിയിൽ പൊതുവെ വിമർശിക്കപ്പെടുന്നത് ഇറ്റലിയിലെ സ്‌കൂൾ വിദ്യാഭ്യാസ രംഗത്തെ കുറിച്ചാണ് . ഇടതുപക്ഷവും, വലതുപക്ഷവും, മധ്യപക്ഷവും ഒരുപോലെ പറയുന്നു, ഇറ്റലിയുടെ സ്‌കൂൾ വിദ്യാഭ്യാസ രംഗം അതീവ ദാരുണമായ അവസ്ഥയിലാണെന്ന്. എന്നാൽ ഈ തെരഞ്ഞെടുപ്പുകൊണ്ടും അത് മാറാൻ പോകുന്നില്ല എന്നാണ് അദ്ധ്യാപകർ കരുതുന്നത്.

ദ്വിതല പാർലമെന്റാണ് ഇറ്റലിയിൽ ഉള്ളത്, ചേംബറും സെനറ്റും. ചേംബറിൽ 400 സീറ്റുകളും സെനെറ്റിൽ 200 സീറ്റുകളുമാണ്. രണ്ടു സഭകളിലേക്കും ജനങ്ങൾ തന്നെ പ്രതിനിധികളെ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയാണിവിടെ. അതിൽ ഏകദേശം 30 ശതമാനത്തോളം സീറ്റുകളിൽ കേവല ഭൂരിപക്ഷം അനുസരിച്ചുള്ള തെരഞ്ഞെടുപ്പു രീതിയാണെങ്കിൽ ബാക്കിയുള്ളതിൽ ഇറ്റലിയാകമാനമുള്ള വോട്ടുകളുടെ എണ്ണത്തെ ആസ്പദമാക്കിയുള്ള ആനുപാതിക പ്രാതിനിധ്യ രീതിയാണ്.

അതായത്, ചുരുങ്ങിയത് 40 ശതമാനം വോട്ടുകളെങ്കിലും നേടാനായാൽ ആ മുന്നണിക്ക് 60 ശതമാനം സീറ്റുകൾവരെ നേടാനാകും. ഏതെങ്കിലും ഒരു കക്ഷിക്കോ, മുന്നണിക്കോ ഭൂരിപക്ഷം ലഭിച്ചാലും പ്രധാന മന്ത്രി ആരെന്ന് തീരുമാനിക്കാൻ അവർക്കാകില്ല. ഇറ്റാലിയൽ ജനാധിപത്യ മാതൃകയിൽ ഏറെ നിർണ്ണായകമായ അധികാരങ്ങളുള്ള പ്രസിഡണ്ടിനാണ് അത് തീരുമാനിക്കാനുള്ള അവകാശം.

പ്രസിഡണ്ടിനുള്ള അമിതാധികാരം എടുത്തു കളയും എന്നതും മെലോനിയുടെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. ഏതായാലും ജോർജിയ അധികാരത്തിൽ എത്തുന്നത് പഴയ മുസ്സോളനി കാലത്തെ ഓർമ്മിപ്പിക്കും വിധമാണെന്ന് ലാറ്റിനയിലെ ജനങ്ങൾ പറയുന്നു. അതേ നയങ്ങൾ തുടർന്നാൽ, യൂറോപ്യൻ യൂണിയനിൽ ഇറ്റലി തുടരുമോ എന്ന സംശയം വരെ ഉന്നയിക്കുന്നവരുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP