Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202203Monday

ബ്രിട്ടനിലെ ആദ്യത്തെ ബഹു സംസ്‌കാര നഗരമായി വളർന്നു; ഇന്ത്യാക്കാരും പാക്കിസ്ഥാനികളും കൈകോർത്ത് ജീവിച്ചു; ഒടുവിൽ പൊട്ടിത്തെറിക്കാൻ ഒരുങ്ങി ലെസ്റ്റർ; യു കെയിലെ 11-ാം മത്തെ വലിയ നഗരത്തിൽ ഹിന്ദുവും മുസ്ലീമും പോരടിക്കുമ്പോൾ സംഭവിക്കുന്നത്

ബ്രിട്ടനിലെ ആദ്യത്തെ ബഹു സംസ്‌കാര നഗരമായി വളർന്നു; ഇന്ത്യാക്കാരും പാക്കിസ്ഥാനികളും കൈകോർത്ത് ജീവിച്ചു; ഒടുവിൽ പൊട്ടിത്തെറിക്കാൻ ഒരുങ്ങി ലെസ്റ്റർ; യു കെയിലെ 11-ാം മത്തെ വലിയ നഗരത്തിൽ ഹിന്ദുവും മുസ്ലീമും പോരടിക്കുമ്പോൾ സംഭവിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ബ്രിട്ടന്റെ ബഹുസ്വരതയുടെ ഉത്തമ ഉദാഹരണമായിരുന്നു ലെസ്റ്റർ എന്ന നഗരം. ബ്രിട്ടനിലെ 11-ാം മത്തെ ഏറ്റവും വലിയ നഗരമായ ഇവിടെ വിവിധ ജാതി-മത-വംശങ്ങളിൽ പെട്ടവർ താമസിക്കുന്നുണ്ട്. ഏകദേശം 70 ഓളം ഭാഷകൾ ഇവിടെ സംസാരിക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ഹിന്ദുവും, കൃസ്ത്യാനിയും, മുസ്ലീമും, സിക്കും, പാഴ്സിയുമെല്ലാം സ്നേഹത്തോടെ പാർത്തിരുന്ന ഒരു നഗരം. 1960 കൾ മുതൽ ഇത് കുടിയേറ്റക്കാർക്ക് ഏറെ പ്രിയപ്പെട്ട നഗരമാണ്. ഇന്ത്യാക്കാരും പാക്കിസ്ഥാനികളുമായിരുന്നു ആദ്യം ഇവിടെ എത്തിച്ചേർന്നവർ.

എന്നാൽ, ആ സൗഹാർദ്ദത്തിന്റെ ഭൂതകാലമെല്ലാം വെറും ഓർമ്മകളായി മാറുകയാണ്. മുഖംമൂടിയണിഞ്ഞ യുവാക്കൾ തെരുവിൽ മതത്തിന്റെ പേരിൽ പരസ്പരം പോരടിക്കുമ്പോൾ ഇന്ന് നഗരത്തിന്റെ മുഖം വർഗ്ഗീയ കലാപങ്ങൾ കൊടുമ്പിരികൊള്ളുന്ന ഏതോ മൂന്നാം ലോക രാഷ്ട്രത്തിലെ നഗരത്തിനെ ഓർമ്മിപ്പിക്കുകയാണ്. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന സംഘർഷത്തിൽ മാത്രം 25 പൊലീസുകാർക്ക് പരിക്കേൽക്കുകയും 47 പേർ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഇന്ത്യാ പാക്കിസ്ഥാൻ ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളായിരുന്നു സംഘർഷത്തിലേക്ക് നയിച്ചത്.

പുറമെ, ക്രിക്കറ്റാണ് കാരണമെങ്കിലും, ഈ സംഘർഷത്തിന്റെ യഥാർത്ഥ വേരുകൾ ഊന്നിയിരിക്കുന്നത് മതവിശ്വാസങ്ങളിലാണ്. ഉയർന്ന തൊഴിലില്ലായ്മ നിരക്കും, കുറഞ്ഞ വേതനവും, പഴയ വിക്ടോറിയൻ കാല വീടുകളിൽ തിങ്ങിപ്പാർക്കുന്ന വലിയ കുടുംബങ്ങളും ഒക്കെയായി ഏതു നിമിഷവും പൊട്ടിത്തെറിയിലേക്കെത്തിയേക്കാവുന്ന ഒരു സാഹചര്യമാണ് ഇവിടെയുള്ളത്. ഇവിടെ ഒരു ലഹളയുണ്ടായാൽ അത് ബ്രിട്ടനിലെ മറ്റിടങ്ങളിലേക്കും വ്യാപിക്കും എന്ന ആശങ്കയും നിലനിൽക്കുന്നു.

അതിന്റെ സൂചനയായിരുന്നു രണ്ടു ദിവസങ്ങൾക്ക് മുൻപായി ഇരുന്നോറോളം വരുന്ന മുസ്ലിം യുവാക്കൾ ബിർമ്മിങ്ഹാമിലെ ഒരു ക്ഷേത്രത്തിനു മുൻപിൽ പ്രതിഷേധിക്കാൻ എത്തിയത്. തീവ്ര ഹിന്ദുത്വത്തിന്റെ വക്താവായ സാധ്വി ഋതംബരയുടെ ഒരു പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു. ഇത്. ഋതംബരയുടെ സന്ദർശനം പിന്നീട് റദ്ദാക്കിയിരുന്നു. കഴിഞ്ഞ കാലങ്ങളിലൊന്നും കാണാത്ത ഒരു വിടവ് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വന്നതായി 16 വർഷമായി ലെസ്റ്ററിൽ വ്യാപാരം നടത്തുന്ന ഇന്ത്യൻ വംശജനായ ഒരു ഇസ്ലാം മത വിശ്വാസി പറയുന്നു. കേവലം ക്രിക്കറ്റല്ല ഇതിനു പിന്നിലെന്നും അയാൾ ഉറപ്പിച്ചു പറയുന്നു.

വിവിധ സംസ്‌കാരങ്ങൾ ഒന്നിച്ച് സൗഹാർദ്ദത്തോടെ ജീവിച്ചിരുന്ന നാളുകൾ കഴിഞ്ഞുപോയി എന്ന് ഒരു ഇന്ത്യൻ വനിതാ വ്യാപാരിയും വിലപിക്കുന്നു. സ്‌കൂളിൽ പോകുന്ന തന്റെ മക്കൾ വരെ ഇപ്പോൾ ഭീതിയുടെ നിഴലിലാണെന്നും അവർ പറയുന്നു. നഗരത്തിന്റെ കിഴക്കൻ മേഖലയിൽ ഇരു വിഭാഗവും തമ്മിൽ സംഘർഷമുണ്ടായപ്പോൾ തനിക്ക് വീടിനകത്ത് ഒളിച്ചിരിക്കേണ്ടി വന്നെന്നും അവർ പറയുന്നു.

ഏഷ്യൻ കപ്പിലെ ഇന്ത്യാ-പാക് മത്സരത്തിനു ശേഷം ഉടലെടുത്ത കലാപം പക്ഷെ അതിർത്തികൾ ലംഘിക്കുകയായിരുന്നു. ഒരു കൗമാരക്കാരിയെ തട്ടിക്കൊണ്ടു പോയതായും, ഒരു പള്ളി ആക്രമിക്കപ്പെട്ടതായുമൊക്കെ അടിസ്ഥാന രഹിതമായ റിപ്പോർട്ടുകൾ പുറത്തുവരാൻ തുടങ്ങിയതോടെ സംഘർഷം മൂർച്ഛിച്ചു. ബിർമ്മിങ്ഹാം, ല്യുട്ടൺ തുടങ്ങിയ നഗരങ്ങളീൽ നിന്നുള്ള ചെറുപ്പക്കാരും ലെസ്റ്ററിൽ കേന്ദ്രീകരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇത് രാജ്യത്താകമാനം ഒരു വർഗ്ഗീയ ലഹളയായി മാറുമോ എന്ന ആശങ്കയും ഇതോടെ ഉയർന്നിരിക്കുകയാണ്.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഹൈക്കമ്മീഷനുകൾ രംഗത്തെത്തി അക്രമങ്ങളെ അപലപിക്കുകയും, അക്രമികൾക്കെതിരെ കർശന നടപടികൾ എടുക്കാൻ ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ അതൊന്നും സംഘർഷം അയവുവരുത്താൻ സഹായിക്കുന്നില്ല എന്നതാണ് വാസ്തവം. അതിനിടയിൽ, മുസ്ലിം വ്യാപാരികൾ ഏറെയുള്ള ഗ്രീൻ ലെയ്ൻ റോഡിലൂടെ കഴിഞ്ഞ ശനിയാഴ്‌ച്ച ഒരു കൂട്ടം ഹിന്ദു യുവാക്കൾ ജയ് ശ്രീറാം എന്ന മുദ്രാവാക്യം മുഴക്കി ജാഥ നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

ഇതിനെതിരെ മുസ്ലിം യുവാക്കൾ രംഗത്തിറങ്ങിയതോടെ അത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ലെസ്റ്റർ നഗരത്തിൽ പൊതുവേ എല്ലാ വംശീയരും മതക്കാരും ഇടകലർന്നാണ് ജീവിക്കുന്നതെങ്കിലും, അങ്ങനെയല്ലാത്ത ചിലയിടങ്ങളുണ്ട്. ചില പ്രത്യേക മതക്കാരോ, വംശീയരോ മാത്രം താമസിക്കുന്ന ഇത്തരം പോക്കറ്റുകളിലാണ് കലാപത്തിന്റെ ബീജവാപം നടക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കുക പോലും ചെയ്യാത്ത ധാരാളം പേർ ഇത്തരം ഇടങ്ങളിലുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP