Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202218Thursday

സവാഹിരിയുടെ ജീവനെടുത്തത് 1000 മൈൽ വേഗത്തിൽ ആകാശത്തു നിന്നും നിശബ്ദ്മായി പറന്നെത്തി തലയറത്തു മടങ്ങിയ നിഞ്ച മിസൈൽ; കൊലയാളി മിസൈൽ പറന്നുയർന്നത് പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന്; 20 കൊല്ലത്തെ അമേരിക്കൻ നീക്കം വിജയിച്ചത് ആറുമാസത്തെ തുടർ പരിശ്രമത്തിനൊടുവിൽ; എല്ലാം നേരിട്ടു കണ്ട് ബൈഡൻ; കൊടും ഭീകരനെ വകവരുത്തിയത് ഇങ്ങനെ

സവാഹിരിയുടെ ജീവനെടുത്തത് 1000 മൈൽ വേഗത്തിൽ ആകാശത്തു നിന്നും നിശബ്ദ്മായി പറന്നെത്തി തലയറത്തു മടങ്ങിയ നിഞ്ച മിസൈൽ; കൊലയാളി മിസൈൽ പറന്നുയർന്നത് പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന്; 20 കൊല്ലത്തെ അമേരിക്കൻ നീക്കം വിജയിച്ചത് ആറുമാസത്തെ തുടർ പരിശ്രമത്തിനൊടുവിൽ; എല്ലാം നേരിട്ടു കണ്ട് ബൈഡൻ; കൊടും ഭീകരനെ വകവരുത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കാബൂൾ: ഞായറാഴ്‌ച്ച് പുലർച്ചെ 6:18, മേഘാവൃതമല്ലാത്ത അഫ്ഗാനിസ്ഥാന്റെ ആകാശത്തേക്ക് സൂര്യൻ ഉദിച്ചുയരുന്നതേയുള്ളു. ആ സമയത്തായിരുന്നു ഭൂനിരപ്പിൽ നിന്നും 50,000 അടി ഉയരത്തിൽ ആകാശത്ത് വട്ടം ചുറ്റിക്കൊണ്ടിരുന്ന അമേരിക്കയുടെ എം ക്യൂ-9 ഇരട്ട ബ്ലേഡുള്ള രണ്ട് ആർ 9 എക്സ് നിഞ്ച ഹെൽഫയർ മിസൈലുകൾ നഗരത്തിലെ സമ്പന്നർ താമസിക്കുന്ന വൻ സുരക്ഷയുള്ള മേഖലയിലേ ഒരു വീട്ടിലേക്ക് തൊടുത്തു വിട്ടത്.

പ്രഭാത പ്രാർത്ഥനകളും കഴിഞ്ഞ് പുതുവെയിൽ കായാനും ഇളംവെയിൽ നുകരാനുമായിരുന്നു അൽ ഖൈ്വദയുടെ പരമോന്നത നേതാവായ കൊടുംഭീകരൻ ആ സമയത്ത് വീടിന്റെ ബാൽക്കണിയിൽ നിന്നിരുന്നത്. നിരപരാധികളെ അറുംകൊല ചെയ്തിട്ടും സ്വന്തം ജീവിതത്തിലെ ചില കൊച്ചു കൊച്ചു സന്തോഷങ്ങൾ ആവോളം ആസ്വദിക്കുവാൻ ഈ കൊടും ഭീകരൻ സമയം കണ്ടെത്തിയിരുന്നു.

സ്വയം അതിബുദ്ധിമാന്മാരാണ് എന്ന് വിശ്വസിക്കുന്നവർക്കൊക്കെ ഒരു അപകടം പറ്റും, അത് ആ വ്യക്തിയുടെ ജീവനെടുക്കുകയും ചെയ്യും എന്ന് പറയാറുള്ളത് അൽ സവാഹിരിയുടെ കാര്യത്തിൽ സത്യമായി ഭവിക്കുകയായിരുന്നു. 9/11 ആക്രമണവും, അമേരിക്കൻ എംബസികളുടെ മുൻപിലെ ബോംബ് സ്ഫോടനങ്ങളുമെല്ലാം സംഘടിപ്പിച്ച ഈ അതിബുദ്ധിശാലിക്ക് അറിയാതെ പോയ ഒരു കാര്യമുണ്ടായിരുന്നു. അമേരിക്കയുടെയും ബ്രിട്ടന്റെയും ശമ്പളം പറ്റുന്ന കുറച്ചു പേർ താലിബാന്റെ കൂട്ടത്തിലുണ്ടെന്ന്. അവർ തന്റെ ഓരോ നീക്കവും മാസങ്ങളായി നിരീക്ഷിച്ചു വരികയാണെന്നത്.

ഭീകരനെ നിരീക്ഷിച്ചത് മാസങ്ങളോളം

ഈ ഭീകരൻ തികച്ചും സുരക്ഷിതമാണെന്ന് കരുതി താമസിച്ച ഒരു വീടിന്റെ മാതൃക കൃത്യമായ സ്‌കെയിലിൽ തീർത്ത് വൈറ്റ്ഹൗസിൽ ബൈഡന്റെ മേശക്ക് മുകളിൽ ഇരിക്കാൻ തുടങ്ങിയിട്ട് ആഴ്‌ച്ചകളായി. അൽ സവാഹിരിയുടെ വീടിനകത്തെ ഓരോ നീക്കവും ഈ മാതൃകയിലും പ്രതിഫലിക്കുമായിരുന്നു. അവിടെ മാത്രമായിരുന്നില്ല ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കപ്പെട്ടിരുന്നത്, ന്യുയോർക്ക്ഷയറിലെ ഹാരോഗേറ്റിലുള്ള ഒരു ലിസനിങ് സ്റ്റേഷനിലും ഇയാൾ നിരീക്ഷിക്കപ്പെടുകയായിരുന്നു.

എല്ലാം തുടങ്ങുന്നത് 2022 ഏപ്രിലിൽ

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നിലെ കറുത്ത ശക്തിയായി എല്ലാവരും വിരൽചൂണ്ടുന്നത് ബിൻ ലാഡന് നേർക്കാണെങ്കിലും, അതിന്റെ പിന്നിലെ യഥാർത്ഥ ബുദ്ധികേന്ദ്രം അൽ സവാഹിരിയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ വലിയ പ്രാധാന്യത്തോടെയായിരുന്നു ഇയാൾക്കായി അമേരിക്ക തിരച്ചിൽ നടത്തിയത്. ഏന്നാൽ, ഏറെക്കാലമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെയും മറ്റും ഒളിജീവിതം നയിച്ച ഇയാളെ കുറിച്ച് കാര്യമായ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.

അതിനിടയിൽ, 2020-ൽ ഇയാൾ രോഗബധിതനായി മരണമടഞ്ഞു എന്നൊരു റിപ്പോർട്ടും വന്നിരുന്നു. അതിനിടയിലായിരുന്നു ഏപ്രിൽ ആദ്യവാരത്തിൽ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പ്രസിഡണ്ട് ബൈഡനോട് ഒരു സുപ്രധാന കാര്യം പറയുന്നത്. നാല് പ്രസിഡണ്ട്മാർക്ക് കീഴിൽ തിരച്ചിൽ നടത്തിയിട്ടും കിട്ടാതിരുന്ന അൽ സവാഹിരിയുടെ വിവരങ്ങൾ ലഭിക്കുന്നതിന്റെ അടുത്തെത്തിയിരിക്കുന്നു അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ എന്നതായിരുന്നു അത്.

കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാൻ വിട്ടൊഴിയുമ്പോൾ അമേരിക്ക തറപ്പിച്ചു പറഞ്ഞ ഒരു കാര്യമായിരുന്നു, അഫ്ഗാന്റെ മണ്ണ് ഭീകര പ്രവർത്തനത്തിന് വളക്കൂറുള്ളതാകാൻ അമേരിക്ക സമ്മതിക്കില്ല എന്ന്. എന്നിരുന്നാലും, 9/11 ആക്രമണത്തിനു ശേഷം അൽ ഖൈ്വദക്ക് അഭയമേകിയ താലിബാൻ വീണ്ടും അവർക്ക് അഭയമേകി. ബിൻ ലാദൻ കൊല്ലപ്പെട്ടതിനു ശേഷം അമേരിക്കയുടെ പ്രധാന നോട്ടപ്പുള്ളിയായ ഇയാൾ വിദൂർമലനിരകളിൽ ഒതുങ്ങി ജീവിക്കുകയായിരുന്നു. ഇടക്ക് ഒന്നു രണ്ടു തവണ പാക്കിസ്ഥാൻ സാന്ദർശിച്ചെങ്കിലും, അത് തീർത്തും രഹസ്യമാക്കി വച്ചിരുന്നു. ഇടക്ക് അൽ ഖൈ്വദയുമായി ഒരു സഖ്യത്തിന് ഐസിസ് ശ്രമിച്ചിരുന്നെങ്കിലും അത് നടന്നതുമില്ല.

കണ്ടെത്തിയത് സന്ദേശവാഹകനിലൂടെ

ബിൻ ലാദന്റെ വാസസ്ഥലം കണ്ടെത്താൻ സ്വീകരിച്ച അതേ തന്ത്രം തന്നെയായിരുന്നു ഇവിടെയും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സ്വീകരിച്ചത്. സന്ദേശങ്ങൾ കൈമാറുന്നവരിലൂടെയായിരുന്നു ഇവിടെയും സ്ഥലം മനസ്സിലാക്കിയത്. സവാഹിരി എന്നും തന്റെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞിരുന്നത്. നാല് തവണ വിവാഹം കഴിച്ച ഇയാൾക്ക് ഏഴ് മക്കളാണ് ഉണ്ടായിരുന്നത്. എന്നാൽ അതിൽ നാലുപേർ ആദ്യഭാര്യ അസക്ക് ഒപ്പം കൊല്ലപ്പെടുകയായിരുന്നു.

ഇപ്പോൾ അയാൾക്കൊപ്പം ഒരു ഭാര്യയും മകളും മാത്രമാണ് താമസം. താലിബാൻ അധികാരത്തിലെത്തിയതോടെ, താലിബാന്റെ പ്രത്യേക സേനാവിഭാഗമായ ഹഖാനി നെറ്റ്‌വർക്കിന്റെ സുരക്ഷയും ഇയാൾക്കായി ഒരുക്കിയിരുന്നു. അതീവ സുരക്ഷയുള്ള കാബൂളിലെ ഷെർപൂർ മേഖലയിലുള്ള ഈ വീട് ഹഖാനി നെറ്റ്‌വർക്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റേതുമാണ്. ഈ നെറ്റ്‌വർക്കിനകത്ത് വിള്ളൽ ഉണ്ടാക്കാൻ കഴിഞ്ഞത് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികൾക്കായിരുന്നു. അങ്ങനെ അൽ സവാഹിരിയുടെ ദൈനദിന പ്രവർത്തനങ്ങൾ പാശ്ചാത്യ സഖ്യത്തിന് പ്രാപ്യമായി.

ഊർജ്ജിതമായ പ്രവർത്തനങ്ങൾ നടന്നത് മേയിലും ജൂണിലും

കാബൂളിൽ സവാഹിരി ഉണ്ടെന്ന് കണ്ടെത്തിയതുമുതൽ അമേരിക്കൻ-ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികൾഉണർന്നു പ്രവർത്തിച്ചു. ഈ വീടു മാത്രമായിരുന്നില്ല ഹഖാനി നെറ്റ്‌വർക്ക് തലവൻ ഹഖാനിയുടെ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളും നിരീക്ഷണത്തിലാക്കി. പിന്നീട് നടത്തിയ അന്വേഷണത്തിൽ അവർ സവാഹിരി ഈ വീടിൽ തന്നെ ഉണ്ടെന്നത് ഉറപ്പാക്കി. മാത്രമല്ല, സുരക്ഷാ സൈനികർക്കിടയിൽ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികൾ സൃഷ്ടിച്ച ചാരവലയം വഴി ഇയാളുടെ എല്ലാ പ്രവർത്തനങ്ങളുടെയും വിവരം ലഭിക്കാനും തുടങ്ങി.

ഇതിലെ താമസക്കാരുടെ പെരുമാറ്റ രീതികൾ കൂലമ്കുഷമായി വിശകലനം ചെയ്തായിരുന്നു ഇവിടെ താമസിക്കുന്നത് ഒരു കൊടുംഭീകരനാണെന്ന് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ ഉറപ്പാക്കിയത്. അതിൽ ശ്രദ്ധേയമായത് സവാഹിരിയുടെ ഭാര്യയുടെ പെരുമാറ്റമായിരുന്നു. സാധാരണ ഭീകരസംഘടനകളിൽ ഉപയോഗിക്കുന്ന രീതികളുപയോഗിച്ച് ആരെങ്കിലും തന്റെ ഭർത്താവിന്റെ അടുത്ത് വരുന്നത് തടയാൻ അവർ ശ്രമിക്കുന്നത് അന്വേഷകർ ശ്രദ്ധിച്ചു. മാത്രമല്ല്, ഈ വിട്ടിലെ ഗൃഹനാഥൻ വീടിന് പുറത്തേക്ക് ഇറങ്ങുന്നതേയില്ല എന്നതും അവർ ശ്രദ്ധിച്ചു.

തീർത്തുകളയാൻ ജൂലായ്

ആളെ സ്ഥിരീകരിച്ചു, സ്ഥലവും സ്ഥിരീകരിച്ചു കഴിഞ്ഞതോടെ സവാഹിരിയുടെ എല്ലാ നീക്കങ്ങളും അമേരിക്കൻ- ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികൾക്ക് യഥാ സമയം ലഭ്യമാകാൻ തുടങ്ങി. അഞ്ചു ദിവസത്തെ വിദേശയാത്രകഴിഞ്ഞ് ജൂലായ് 1 ന് ബൈഡൻ തിരിച്ചെത്തിയതോടെയാണ് ആക്ഷൻ പ്ലാനിന് തുടക്കമാകുന്നത്. ഇവിടെ ഒരു പ്രധാന പ്രശ്നമായി നിന്നത് കാബൂൾ വിടുന്ന സമയത്ത് സംഭവിച്ച ഒരു ദുരന്തത്തെ കുറിച്ചുള്ള ഓർമ്മകളായിരുന്നു. അന്ന് താലിബാൻ കേന്ദ്രത്തിനു നേരെ എന്ന വിധത്തിൽ നടത്തിയ ഒരു ഡ്രോൺ ആക്രമണത്തിൽ സന്നദ്ധപ്രവർത്തകരും ഒരുകുടുംബവുമായിരുന്നു കൊല്ലപ്പെട്ടത്. അത് ആവർത്തിക്കരുത് എന്ന് അമേരിക്കയ്ക്ക് നിർബന്ധമുണ്ടായിരുന്നു.

മറ്റൊരു പ്രതിബന്ധം താലിബാന്റെ പിടിയിലായ മാർക്ക് ഫ്രെരിക്ക് എന്ന അമേരിക്കകാരനെ കുറിച്ചുള്ളതായിരുന്നു. അതുപോലെ സഖ്യകക്ഷികളെ സഹായിച്ചിരുന്ന, ഇപ്പോഴും അഫ്ഗാനിൽ തുടരുന്നവരുടെ ജീവിതവും ഈ ഓപ്പറേഷൻ കൊണ്ട് ദുരിതമാകുമോ എന്ന ആശങ്കയും പ്രസിഡണ്ട് ഉയർത്തി. എന്നാൽ, സവാഹിരി കൊല്ലപ്പെടേണ്ടവൻ തന്നെയാണെന്നായിരുന്നു ലഭിച്ച നിയമോപദേശം. ഭീകര പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സ്വസ്ഥജീവിതം നയിക്കുന്ന വ്യക്തിയല്ല അതെന്നും, ഒരു ഭീകര സംഘടനയെ സുരക്ഷിതമായ ഒരിടത്തു നിന്നും നിയന്ത്രിക്കുന്ന കൊടും ഭീകരനാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചതോടെ ബൈഡൻ പച്ചക്കൊടി കാട്ടി.

പിന്നീട് ജൂലായ് 25 ന്, കോവിഡ് ബാധിതനായി ഐസൊലേഷനിൽ ആയിരിക്കുമ്പോൾ ബൈഡനുമായി ഉദ്യോഗസ്ഥ മേധാവികൾ വീണ്ടും സംസാരിച്ചു. ബൈഡൻ വൈസ് പ്രസിഡണ്ടായിരുന്ന ഒബാമ ഭരണകൂടത്തിന് സാധാരണക്കാർക്ക് നേരെയും ഡ്രോണുകൾ ഉപയോഗിച്ചു എന്ന പഴി കേൾക്കേണ്ടതായി വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ലക്ഷ്യം വച്ച വീടിലുള്ളവരല്ലാതെ പുറത്തുള്ളവർ മരണപ്പെടുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് ബൈഡൻ നിർബന്ധം പിടിച്ചു.

തുടർന്നായിരുന്നു 2019-ൽ പുറത്തിറക്കിയ ഹെൽഫയർ മിസൈലിന്റെ ആർ 9 എക്സ് ഇനം ഉപയോഗിക്കുവാൻ തീരുമാനമായത്. ഇത്തരത്തിലുള്ള രണ്ട് മിസൈലുകൾ തൊടുത്തുവിട്ടാൽ, ആ ബാൽക്കണിയും വീടിന്റെ ചില ഭാഗങ്ങളും ഒഴികെ മറ്റൊന്നും നശിക്കുകയുമില്ല. മാത്രമല്ല, ബാൽക്കണീയിൽ ഉള്ളവരെയല്ലാതെ, ആ വീടിന്റെ മറ്റുഭാഗങ്ങളിൽ ഉള്ളവർക്ക് ഒരു അപകടവും സംഭവിക്കുകയുമില്ല.

ഓപ്പറേഷൻ അന്തിമഘട്ടത്തിലേക്ക്

ഡ്രോണുകളും മറ്റു സ്രോതസ്സുകളും ഉപയോഗിച്ച് സ്ഥലത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നിരന്തരം ലഭിച്ചിരുന്നെങ്കിലും രഹസ്യാന്വേഷണ വിദഗ്ദ്ധർ എപ്പോഴും പറയുന്ന ഒരു കാര്യം, മറ്റൊന്നിനും ഒരു മനുഷ്യന്റെ കണ്ണിന് പകരമാകാൻ കഴിയില്ല എന്നാണ്. പാശ്ചാത്യരുടെ പണം കൈപ്പറ്റിയ ഒരു താലിബാൻ സുരക്ഷ ഉദ്യോഗസ്ഥൻ തന്നെയായിരുന്നു ജൂലായ് 31 ന് സവാഹിരി ബാൽക്കണിയിൽ എത്തിയപ്പോൾ അത് ഉദ്ദേശിച്ച ആൾ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
ഈ ഓപ്പറേഷന്റെ അന്തിമ ഘട്ടം നിരീക്ഷിച്ചതും നിയന്ത്രിച്ചതും അമേരിക്കയും ബ്രിട്ടനും ചേർന്നായിരുന്നു. നോർത്ത് യോർക്ക്ഷയറിലെ ഹാരോഗേറ്റിന് സമീപമുള്ള ആർ എ ഫ് ആസ്ഥാനത്ത് ബ്രിട്ടീഷ് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഈ ഓപ്പറേഷന്റെ ഓരോ നിമിഷവും വിലയിരുത്തി നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. അമേരിക്കയുടെ നാഷണൽ സെക്യുരിറ്റി ഏജൻസിയും അതുപോലെ യു കെയുടെ പ്രതിരോധ വകുപ്പും സംയുക്തമായിട്ടാണ് ഈ ആസ്ഥാനം നടത്തുന്നത്. സവാഹിരിയുടെ വീടിന്റെ തത്സമയ ദൃശ്യങ്ങൾ ചാര ഉപഗ്രഹങ്ങളിലെ കാമറകൾ വഴി ഇവിടെയിരുന്ന് ഇവർ നിരീക്ഷിച്ചു.

പ്രഭാത പ്രാർത്ഥനകൾക്ക് ശേഷം, ഇളംവെയിൽ കായാൻ ബാൽക്കണിയിലേക്ക് അൽ സവാഹിരി കടന്നു വരുന്നു. ഉപഗ്രഹ ക്യാമറകൾക്കൊപ്പം വീടിനു മുൻപിൽ നിലയുറപ്പിച്ചിരുന്ന താലിബാൻ സേനയിലെ ബ്രിട്ടീഷ് ചാരനും ആൾ അതുതന്നെയെന്ന് സ്ഥിരീകരിക്കുന്നു. പിന്നെ ഏതാനും നിമിഷങ്ങൾ മാത്രം. 50,000 അടി ഉയരത്തിൽ പറക്കുന്ന ഡ്രോണിൽ നിന്നും ശരവേഗത്തിൽ പാഞ്ഞെത്തിയനിഞ്ച ഒരു നിമിഷംകൊണ്ട് ഈ കൊടുംഭീകരനെ ഇല്ലാതെയാക്കി.അമേരിക്ക പ്രതീക്ഷിച്ചതുപോലെ ആ വീട്ടിലെ മറ്റാർക്കും ഒരു അപായവും ഉണ്ടായില്ല. ബാൽക്കണിക്ക് മുകളിലെ ജനലകൾ തകര്ന്നു എന്നതല്ലാതെ വീടിനും കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല.

മിസൈൽ പൊട്ടിത്തെറിച്ചില്ല എന്നതാണ് ഏറെ അത്ഭുതകരമായ കാര്യം. അതിന്റെ രണ്ട് ബ്ലേഡുകൾ, അവയ്ക്ക് നേടാനായ ഗതികോർജ്ജം, ഇവ രണ്ടും ചേർന്ന് ലക്ഷ്യം ഭേദിക്കുകയായിരുന്നു.

സ്ഥിരീകരിക്കാൻ എടുത്തത് 36 മണിക്കൂർ

അൽ സവാഹിരി എന്ന കൊടും ഭീകരനെ കൊന്നു തള്ളിയതിനു ശേഷം അക്കാര്യം പുറത്തു പറയാൻ അമേരിക്ക 36 മണിക്കൂർ എടുത്തു. ഈ സമയമത്രയും ഹഖാനി നെറ്റ്‌വർക്കിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയായിരുന്നു അമേരിക്കയുടെ ഉപഗ്രഹ കണ്ണുകൾ. വീടിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതും ഒക്കെ അമേരിക്ക കാണുന്നുണ്ടായിരുന്നു. അൽ സവാഹിരിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച കാര്യം മറച്ചുവയ്ക്കാൻ താലിബാൻ തത്രപ്പെടുകയാണെന്ന് അമേരിക്ക മനസ്സിലാക്കി.

താലിബാൻ ഭീകരർക്ക് താവളമൊരുക്കി എന്നത് പുറത്തറിഞ്ഞാൽ അഫ്ഗാന് എതിരെ കൂടുതൽ ഉപരോധങ്ങൾ വരാൻ ഇടയുണ്ട്. അതുകൊണ്ടു തന്നെ ഈ സംഭവം പരമാവധി രഹസ്യമാക്കി വയ്ക്കാനായിരുന്നു ആദ്യ നീക്കം. മാത്രമല്ല, തങ്ങൾക്കിടയിൽ നിന്നുള്ള സഹായമില്ലാതെ ഇത് നടത്താനാവില്ലെന്ന് താലിബാന് അറിയാം. ഒറ്റുകൊടുത്തവരെ കണ്ടെത്താനുള്ള അന്വേഷണത്തേയും വിവരം പരസ്യമായാൽ ബാധിക്കും എന്ന് അവർ ചിന്തിച്ചു. അതായിരുന്നു ധൃതി പിടിച്ച് അവിടെയുള്ളവരെ മാറ്റാൻ കാരണം.

നീണ്ട 36 മണിക്കൂർ സമയം അമേരിക്കയും വെറുതെ ഇരിക്കുകയായിരുന്നില്ല മരിച്ചത് സവാഹിരി തന്നെയാണെന്ന് ഉറപ്പിക്കാൻ ആവശ്യമായ തെളിവുകൾ തേടുകയായിരുന്നു അവർ. ഡി. എൻ. സാമ്പിൾ പരിശോധിച്ചല്ല സ്ഥിരീകരിച്ചതെന്ന് വൈറ്റ്ഹൗസ് പറഞ്ഞിട്ടുണ്ട്. മറിച്ച് ഒന്നിലധികം മറ്റ് ആധികാരികമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു സവാഹിരി തന്നെയാണെന്ന് തെളിയിച്ചത്.

ആഘോഷിക്കപ്പെടുന്ന മരണം

മരണം എന്നത് ജീവനുള്ള ആരും ഇഷ്ടപ്പെടാത്ത ഒന്നാണ്. ഏതൊരു മരണവുംനന്മയുള്ള മനസ്സുകളെ വേദനിപ്പിക്കാറേ ഉള്ളു. എന്നാൽ , ചില മരണങ്ങൾ ആഘോഷിക്കപ്പെടേണ്ടത തന്നെയാണെന്ന് ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ പറയുന്നു. 9/11 ആക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് ചെറിയൊരു ആശ്വാസം നൽകാൻ അയെന്ന് ജോ ബൈഡനും പ്രതികരിച്ചു. ഭീകരതക്കെതിരെ സന്ധിയില്ലാ യുദ്ധം തുടരുമെന്നും, ഏത് ഗുഹയിലൊളിച്ചാലും മനുഷ്യരാശിക്കെതിരെ പ്രവർത്തിക്കുന്ന ഭീകരരെ മുച്ചൂടും മുടിക്കുമെന്നും ബൈഡൻ പറഞ്ഞു.

21 വർഷങ്ങൾക്ക് മുൻപായിരുന്നു അത് നടന്നത്, തീർച്ചയായും ഇപ്പോൾ കേട്ടത് ഒരു സന്തോഷ വാർത്തതന്നെ എന്നായിരുന്നു അമേരിക്കൻ പ്രസിഡണ്ടിന്റെ മുൻ ഉപദേഷ്ടാവായ ബ്രാഡ് ബ്ലേക്ക്മാൻ പ്രതികരിച്ചത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ അദ്ദേഹത്തിന്റെ അനന്തിരവനും മരണമടഞ്ഞിരുന്നു. ഏറെ വൈകിയെങ്കിലും, ഇപ്പോൾ സംഭവിച്ചത് നന്നായി എന്ന് അദ്ദെഹം തുടർന്നു, ഇതിനു മുൻപ് ഒരു അവസരം കിട്ടിയിരുന്നെങ്കിൽ അന്നേ ഇത് തീർക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP