Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വടക്കും തെക്കുമായി കൺസർവേറ്റീവുകൾക്ക് നഷ്ടമായത് രണ്ട് ഉറച്ച് സീറ്റുകൾ; ലിബറൽ ഡെമോക്രാറ്റുകൾക്ക് വൻ കുതിപ്പ്; ചരിത്രം തിരുത്തിയ തോൽവിയിൽ ബ്രിട്ടണിൽ ബോറിസ് ജോൺസന്റെ പ്രധാനമന്ത്രി പദവി തെറിക്കുമോ ?

വടക്കും തെക്കുമായി കൺസർവേറ്റീവുകൾക്ക് നഷ്ടമായത് രണ്ട് ഉറച്ച് സീറ്റുകൾ; ലിബറൽ ഡെമോക്രാറ്റുകൾക്ക് വൻ കുതിപ്പ്; ചരിത്രം തിരുത്തിയ തോൽവിയിൽ ബ്രിട്ടണിൽ ബോറിസ് ജോൺസന്റെ പ്രധാനമന്ത്രി പദവി തെറിക്കുമോ ?

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇന്നലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില വീണ്ടും പരുങ്ങലിൽ ആയിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സിറ്റിങ് സീറ്റുകളിലും ഭരണകക്ഷി പരാജയപ്പെട്ടതോടെ ടോറി ചെയർമാൻ ഒലിവർ ഡൗഡൻ രാജിവച്ചു. ഭരണകക്ഷിയെ പിടിച്ചുലച്ച ഫലം ടിവെർടണിൽ നിന്നും വേക്ക്ഫീൽഡിൽ നിന്നും വന്നതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമായിരുന്നു രാജി പ്രഖ്യാപനം ഉണ്ടായത്. നിരാശജനകമായ ഫലം തന്നെയാണ് രാജിക്ക് കാരണമായി പറഞ്ഞിരിക്കുന്നത്.

മാത്രമല്ല, ഇപ്പോൾ റുവാണ്ടൻ സന്ദർശനത്തിലുള്ള ബോറിസ് ജോൺസനെതിരെ ഒരു ഒളിയമ്പും രാജിക്കത്തിൽ കരുതിയിട്ടുണ്ട്. സാധാരണപോലെ ഇനിയും മുൻപോട്ട് പോകാനാവില്ല എന്നാണ് അതിൽ എഴുതിയിരിക്കുന്നത്. മാത്രമല്ല, ഇനിയും ബോറിസ് ജോൺസന് പിന്തുണ നൽകും എന്ന് തെളിച്ചു പറയാതെ ഇനിയും താൻ കൺസർവേറ്റീവ് പാർട്ടിക്കായി നിലകൊള്ളും എന്നാണ് രാജിക്കത്തിൽ പറയുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം എതിരായാൽ രാജി വയ്ക്കുമോ എന്ന ചോദ്യം നേരത്തേ ബോറിസ് തള്ളിയിരുന്നു.

ബോറിസ് ജോൺസൺ ഭരണത്തിനു കീഴിൽ ജനത അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രതികരണം എന്നതുപോലെ വലിയ വ്യത്യാസത്തിലാണ് രണ്ടിടത്തും ഭരണകക്ഷി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടിരിക്കുന്നത്. 2019-ൽ മൂന്നാം സ്ഥാനത്തെത്തിയ ടിവെർടൺ ആൻഡ് ഹോണിടോൺ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ 6000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി വിജയിച്ചത്. ഏകദേശം 30 ശതമാനം വോട്ടുകളാണ് ഇവിടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്ക് അനുകൂലമായി തിരിഞ്ഞത്. 2019-ൽ 60 ശതമാനം വോട്ട് നേടി വിജയിച്ച ടോറി എം പി പാർലമെന്റിൽ വെച്ച് തന്റെ ഫോണിൽ അശ്ലീല ചിത്രം കണ്ടു എന്ന ആരോപണത്തെ തുടർന്ന് രാജിവെച്ചതാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു വരാൻ കാരണമായത്.

അതേസമയം ഏകദേശം 270 മൈൽ വടക്ക് കിഴക്ക് മാറിയുള്ള വേക്ക്ഫീൽഡിൽ ലേബർ പാർട്ടിക്ക് മുൻപിലാണ് ഭരണകക്ഷി പരാജയം സമ്മതിച്ചത്. ലേബർ പാർട്ടിയുടെ ഉറച്ച മണ്ഡലമായിരുന്ന ഇവിടം കഴിഞ്ഞ തെരഞ്ഞെടുപ്പിലായിരുന്നു ടോറികൾ പിടിച്ചെടുത്തത്. മൂന്ന് വർഷങ്ങൾക്ക് ശേഷം അത് വീണ്ടും ലേബർ പാർട്ടിയുടെ കൈവശം തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണ ഇവിടെ വിജയിച്ച ഇമ്രാൻ അഹമ്മദ് ഖാൻ, ലൈംഗിക പീഡനകേസിൽ ജയിലിൽ ആയതോടെയാണ് ഇവിടെ തെരഞ്ഞെടുപ്പ് വന്നത്. എങ്കിലും, 1930 മുതൽ 2019 വരെ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഇവിടെ കേവലം 3500 ൽ താഴെ വോട്ടുകൾക്ക് മാത്രമാണ് ലേബർ പാർട്ടിക്ക് വിജയിക്കാൻ കഴിഞ്ഞത്.

പ്രതിപക്ഷ കക്ഷികൾക്കിടയിൽ വ്യക്തമായ തെരഞ്ഞെടുപ്പ് ധാരണ ഉണ്ടായിരുന്നതായി ചില നിരീക്ഷകർ പറയുന്നു. ലിബറൽ ഡെമോക്രാറ്റുകൾ വിജയിച്ച ടിവെർടണിൽ ലേബർ പാർട്ടി കാര്യമായ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയില്ല എന്നു മാത്രമല്ല, കെട്ടിവെച്ച് കാശ് നഷ്ടപ്പെടുത്തുകയും ചെയ്തു എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ഇതേ രീതിയിലാണ് രാജ്യം ചിന്തിക്കുന്നതെങ്കിൽ അടുത്ത പൊതുതെരെഞ്ഞെടുപ്പിനു ശേഷം ഒരു തൂക്കു പാർലമെന്റായിരിക്കും ഉണ്ടാവുക എന്ന് രാഷ്ട്രീയകര്യ വിദഗ്ധൻ കൂടിയായ പ്രൊഫസർ മൈക്കൽ ത്രാഷർ പറയുന്നു.

കഴിഞ്ഞ മാസം അവിശ്വാസ പ്രമേയത്തിൽ നിന്നും രക്ഷപ്പെട്ട ബോറിസ് ജോൺസന് പുതിയ വെല്ലുവിളി ഉയർത്തുകയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ഈ ഫലങ്ങൾ പുറത്ത് വന്നതോടെ, ഏത് പ്രതിസന്ധിയിലും തെരഞ്ഞെടുപ്പു വിജയങ്ങൾ നേടാൻ കഴിവുള്ളയാൾ എന്ന പ്രതിച്ഛായ ബോറിസ് ജോൺസന് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് എതിരാളികൾക്ക് കൂടുതൽ കരുത്തേകും എന്നതിൽ സംശയമൊന്നുമില്ല. ഇപ്പോൾ പാർട്ടി ചെയർമാൻ കൂടി രാജി വെച്ചതോടെ ഓറിസിനു മേൽ രാജിക്കുള്ള സമ്മർദ്ദം ഏറും.

ഏതായാലും കോമൺവെൽത്ത് ഉച്ചകോടി, നാറ്റോ ഉച്ചകോടി എന്നിവയുമായി ബന്ധപ്പെട്ട് വിദേശത്തുള്ള ബോറിസ് ജോൺസൺ എട്ടു ദിവസം കഴിഞ്ഞെ മടങ്ങുകയുള്ളു. അതിനു ശേഷം മാത്രമായിരിക്കും പുതിയ രാഷ്ട്രീയ നീക്കങ്ങൾ. എന്നാൽ, പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിക്ക് പ്രതീക്ഷിച്ചത്ര തെരഞ്ഞെടുപ്പിൽ തിളങ്ങാനായില്ല എന്ന വസ്തുത ഇപ്പോഴും ടോറി ക്യാമ്പുകൾക്ക് ആശ്വാസം പകരുന്നുണ്ട്. ഒരു കൂട്ടം ഉപതെരഞ്ഞെടുപ്പുകളിലെ പരാജയത്തിനൊടുവിൽ പൊതു തെരഞ്ഞെടുപ്പിൽ മാർഗരറ്റ് താച്ചർ ഒരു തിരിച്ചു വരവ് നടത്തിയ ചരിത്രം ഉയർത്തിക്കാട്ടുകയാണ് ബോറിസ് ക്യാമ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP