Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202225Sunday

അമേരിക്കയിൽ ഇനി ഇഷ്ടമില്ലാതെ ഗർഭം ഉണ്ടായാൽ നശിപ്പിക്കാൻ ആവില്ലേ ? അമേരിക്കയുടെ ദുഃഖ ദിനം എന്ന് ജോ ബൈഡൻ പറഞ്ഞത് എന്തിന് ? ഇനി സ്വവർഗ വിവാഹം നിരോധിക്കുമോ ? വിവാദമായ അമേരിക്കൻ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലം വിലയിരുത്തുമ്പോൾ

അമേരിക്കയിൽ ഇനി ഇഷ്ടമില്ലാതെ ഗർഭം ഉണ്ടായാൽ നശിപ്പിക്കാൻ ആവില്ലേ ? അമേരിക്കയുടെ ദുഃഖ ദിനം എന്ന് ജോ ബൈഡൻ പറഞ്ഞത് എന്തിന് ? ഇനി സ്വവർഗ വിവാഹം നിരോധിക്കുമോ ? വിവാദമായ അമേരിക്കൻ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലം വിലയിരുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

1973-ലെ റോ വി വേഡ് വിധി എന്ന പേരിൽ പ്രശസ്തമായ വിധിയിലൂടെ അമേരിക്കൻ സ്ത്രീകൾക്ക് ഗർഭഛിദ്രത്തിന് നിയമപരമായ അധികാരം നൽകിയ അമേരിക്കയിൽ ഏറ്റവും പുതിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പുതിയ വാദങ്ങൾ ഉയരുകയാണ്. 1973-ൽ ഗർഭഛിദ്രം ഭരണഘടനാപരമായ ഒരു അവകാശമാണെന്നായിരുന്നു വിധിച്ചതെങ്കിൽ, പുതിയ വിധി ആ അവകാശം എടുത്തുകളയുകയാണ്. കഴിഞ്ഞ കുറേ മാസക്കാലമായി ഗർഭം അലസിപ്പിക്കുന്നതിനുള്ള അവകാശം ഏറെക്കുറേ വിവാദത്തിലായിരുന്നു.

ഗർഭച്ഛിദ്രം വനിതകളുടെ ഭരണഘടനാപരമായ അവകാശമാക്കി മാറ്റിയ അരനൂറ്റാണ്ടു മുന്പത്തെ 'റോ വേഴ്‌സസ് വേഡ്' കേസിലെ വിധി അമേരിക്കൻ സുപ്രീംകോടതി ഇന്നലെ അസാധുവാക്കിയിരുന്നു. ഇതോടെ, ഗർഭച്ഛിദ്രം അനുവദിച്ചോ വിലക്കിക്കൊണ്ടോ നിയമം പാസാക്കാനുള്ള അനുമതി ഫെഡറൽ സർക്കാരിൽനിന്ന് സംസ്ഥാന സർക്കാരുകൾക്കു ലഭിച്ചു. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ പകുതിയും ഗർഭച്ഛിദ്രം വിലക്കുന്ന നിയമങ്ങൾ നടപ്പാക്കുമെന്നാണ് റിപ്പോർട്ട്.

13 സംസ്ഥാനങ്ങൾ നേരത്തേതന്നെ ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയോടെ ഇവയെല്ലാം പ്രാബല്യത്തിലായി. ഗർഭം ധരിച്ച് 15 ആഴ്ചയ്ക്കുശേഷം അബോർഷൻ വിലക്കിക്കൊണ്ട് മിസിസിപ്പി സംസ്ഥാനം കൊണ്ടുവന്ന നിയമത്തെ ചോദ്യംചെയ്തുള്ള ഹർജിയിലാണ് സുപ്രീംകോടതിയുടെ ചരിത്രവിധി. അമേരിക്കൻ വനിതകൾക്ക് സുരക്ഷിതമായി ഗർഭച്ഛിദ്രം നടത്താൻ ഭരണഘടനാപരമായി അവകാശമുണ്ടെന്നു വ്യക്തമാക്കി 'റോ വേഴ്‌സസ് വേഡ്' കേസിൽ 1973-ൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവാണ് ഇന്നലെ അസാധുവാക്കപ്പെട്ടത്.

റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ അവകാശം എടുത്തു കളയുന്ന നടപടികൾ ഉണ്ടായിരുന്നു. പല സംസ്ഥാനങ്ങളിലും നിയമങ്ങൾ കൂടുതൽ കർശനമാക്കിയപ്പോൾ ചില സംസ്ഥാനങ്ങൾ നിലകൊണ്ടത് അറു മാസത്തിനുശേഷം ഏത് സാഹചര്യത്തിലാണെങ്കിലും ഗർഭം അലസിപ്പിക്കുന്നത് നിയമവിരുദ്ധമാക്കണം എന്ന നിലപാടിനൊപ്പമായിരുന്നു. അരിസോണയിൽ, ഗർഭധാരണം കഴിഞ്ഞ് 15 ആഴ്‌ച്ചകൾക്ക് ശേഷമുള്ള ഗർഭഛിദ്രം നിരോധിച്ചുകൊണ്ടുള്ള ബില്ലിൽ ഗവർണർ ഒപ്പിട്ടപ്പോൾ, ഇദാഹോയിൽ അത് 16 ആഴ്‌ച്ചകളാകി.

ഇന്നലത്തെ വിധി വരുന്നതിനു മുൻപ് ഗർഭധാരണത്തിന്റെ 24-ാം ആഴ്‌ച്ച വരെ അമേരിക്കയിൽഗർഭഛിദ്രം നടത്താമായിരുന്നു. എന്നാൽ, ഈ കാലാവധി വ്യത്യസ്ത സംസ്ഥാനങ്ങളിൽ വ്യത്യസ്തമായിരുന്നു. ഉദാഹരണത്തിന് ടെക്സാസിൽ ആറാഴ്‌ച്ച കാലത്തെ സമയമാണ് നൽകിയിരുന്നതെങ്കിൽ ഫ്ളോറിഡയിൽ അത് 15 ആഴ്‌ച്ച വരെയായിരുന്നു.

ഗർഭഛിദ്രത്തിനുള്ള അവകാശം തേടിയുള്ള പോരാട്ടത്തിന്റെ ചരിത്രം

അമേരിക്കയിൽ ഗർഭഛിദ്രത്തിനുള്ള അവകാശത്തിനായുള്ള പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1973 ജനുവരി 22ന് സുപ്രീം കോടതി വിധിച്ച ഗർഭധാരണത്തിനുള്ള അവകാശം ഭരണഘടനാപരമായ അവകാശം എന്ന വിധി ഇറോ വി വേഡ് വിധി എന്ന പേരിൽ അറിയപ്പെടുന്നു. വിവാഹം കഴിക്കാതെ മൂന്നാമതും ഗർഭിണിയായ നോർമ മെക് കോർവി എന്ന യുവതിയുടെ വിളിപ്പെരായിരുന്നു റോ എന്നത്. അവർ തന്റെ മൂന്നാമത്തെ ഗർഭം അലസിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ഈ സുപ്രധാനമായ വിധിയിലേക്ക് വഴി തെളിച്ചത്.

ബലാത്സംഗം അല്ലെങ്കിൽ അടുത്ത ബന്ധുക്കൾ വഴിയുള്ള ഗർഭധാരണം, അമ്മയുടെ ആരോഗ്യത്തിന് അപകടമുണ്ടാവുക തുടങ്ങിയ സാഹചര്യങ്ങളിൽ അല്ലാതെ ഗർഭഛിദ്രം നിരോധിച്ചുകൊണ്ടുള്ള, ടെക്സാസിലെ ഒരു നിയമവുമായി ബന്ധപ്പെട്ട് അന്ന് ഡള്ളാസ് അറ്റോർണി ജനറലായിരുന്ന ഹെന്റി വേഡിനെതിരെ ഇവർ നൽകിയ ഒരു കേസിൽ വന്ന വിധി ആയതിനാലാണ് ഇത് റോ വി വേഡ് വിധി എന്ന് അറിയപ്പെടുന്നത്.

ഗർഭഛിദ്രം നടത്തുവാനായി മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ തന്റെ കക്ഷിക്ക് കഴിയില്ലെന്നായിരുന്നു റോയുടെ അഭിഭാഷക വാദിച്ചത്. മാത്രമല്ല, നിയമം തീരെ അവ്യക്തമാണെന്നും ഒരു പൗര എന്ന നിലയിൽ അവർക്കുള്ള ഭരണഘടനാപരമായ അവകാശങ്ങൾക്ക് എതിരാണെന്നും അവർ വാദിച്ചു. ഇവർക്കൊപ്പം കോടതിയെ സമീപിച്ച് ടെക്സാസിലെ ഒരു ഡോക്ടർ, ഈ നിയമത്തിലെ വൈദ്യശാസ്ത്ര സംജ്ഞകളുടെ അവ്യക്തമായ നിർവചനം എടുത്തു കാണിച്ചു. മാത്രമല്ല, തന്റെ ഏതൊക്കെ കക്ഷികൾക്കാണ് ഗർഭഛിദ്രം നടത്തേണ്ടത് ആർക്കൊക്കെ നടത്തരുത് എന്ന കാര്യത്തിൽ അവ്യക്തത നിഴലിക്കുന്നു എന്നും ആ ഡോക്ടർ കോടതിയിൽ ചൂണ്ടിക്കാട്ടി.

ഇതിനൊപ്പം കുട്ടികൾ ഇല്ലാത്ത ഒരു ഭാര്യയും ഭർത്താവും കോടതിയെ സമീപിച്ചു. മരിക്കാൻ ഇടയില്ലെങ്കിലും, ആരോഗ്യപരമായ അപകട സാധ്യതകൽ ധാരാളം ഉള്ളതിനാൽ ഗർഭം ധരിക്കാൻ ആവില്ലെന്നു. ധരിച്ചുപോയാൽ അത് അലസിപ്പിക്കുവാനുള്ള അവകാശം നൽകണം എന്നും ആയിരുന്നു അവരുടെ വാദം. അങ്ങനെ ഗർഭിണിയായ ഒരു സ്ത്രീ, ഒരു ഡോക്ടർ, ഗർഭിണിയല്ലാത്ത ഒരു സ്ത്രീ ഭാവിയിലേ അവകാശത്തിനായി, ഇങ്ങനെ മൂന്ന് പരാതികളായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഒരേ കോടതിയിൽ എത്തിയത്.

മൂന്ന് പരാതികളും അന്തിമമായി അമേരിക്കയുടെ പരമോന്നത കോടതിയിലെത്തി. പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ അതിന്റെ ഫലം എത്തുന്നതുവരെ കാത്തിരിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് 1972 നവംബറിൽ കോടതിക്ക് മുൻപാകെ വന്ന കേസിൽ വിധി പറയാൻ 1973 ജനുവരി 22 വരെ വൈകിയത്. ഒമ്പതംഗ ബെഞ്ചിൽ ഏഴ് അംഗങ്ങൾ ഗർഭഛിദ്രം അവകാശമാക്കണം എന്ന അഭിപ്രായം ഉയർത്തിയപ്പോൾ രണ്ടു പേർ മാത്രമായിരുന്നു എതിർത്തത്.

സുപ്രീംകോടതി വിധിക്ക് ശേഷം എന്ത് സംഭവിക്കും ?

ഇപ്പോൾ പുറത്തുവന്ന വിധി പ്രകാരം ഗർഭഛിദ്രത്തിനുള്ള അവകാശം ഭരണഘടനാപരമായ ഒരു അവകാശമല്ല. എന്നിരുന്നാൽ കൂടി, പുരോഗമന ചിന്തയുള്ള ജനങ്ങൾ ഭൂരിപക്ഷമുള്ള ലിബറൽ സംസ്ഥാനങ്ങളിൽ ഈ അവകാശം നിലനിൽക്കുവാനാണ് സാധ്യത. ഒരു ഡസനിലേറെ സംസ്ഥാനങ്ങളിൽ ഇപ്പോൾ തന്നെ ഗർഭഛിദ്രത്തിനുള്ള അവകാശത്തെ സംരക്ഷിക്കുന്ന നിയമങ്ങൾ ഉണ്ട്. അതേസമയം റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങൾ നേരത്തേ തന്നെ റോ വിധിയിലെ അവകാശത്തെ നിയന്ത്രിക്കുന്ന തരത്തിലുള്ള നിയമങ്ങൾ പാസ്സാക്കിയിരുന്നു.

ഇപ്പോൾ റോ വി വേഡ് വിധി അസ്ഥിരപ്പെടുത്തിയതോടെ ഇരുപത്തി ആറു സംസ്ഥാനങ്ങളിൽ ഗർഭഛിദ്രം നിരോധിക്കാൻ ഇടയുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അതിൽ 22 സംസ്ഥാനങ്ങൾ നേരത്തേ തന്നെ ഏതൊരു സാഹചര്യത്തിലുമുള്ള ഗർഭഛിദ്രം നിരോധിച്ചിരുന്ന സംസ്ഥാനങ്ങളായിരുന്നു. പിന്നീട് റോ വി വേഡ് വിധിയുടെ വെളിച്ചത്തിലായിരുന്നു നിരോധന നിയമങ്ങൾ അപ്രസക്തമായത്. അതേസമയം പതിനാറ് സംസ്ഥാനങ്ങളും കൊളംബിയ ഡിസ്ട്രിക്ടും ഗർഭഛിദ്രത്തിനുള്ള അവകാശം സംരക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളും. ഇതിൽ കൊളംബിയ നേരത്തേ തന്നെ ഗർഭഛിദ്രാവകാശം സംരക്ഷിച്ചുകൊണ്ടുള്ള നിയമം പാസ്സാക്കിയിട്ടുണ്ട്.

അതേസമയം, തങ്ങൾ താമസിക്കുന്ന സംസ്ഥാനത്തിൽ ഗർഭഛിദ്രം നിരോധിച്ചിരിക്കുകയാണെങ്കിലും സ്ത്രീകൾക്ക്, അത് നിയമപരമായി അനുവദനീയമായ സംസ്ഥാനത്തേക്ക് യാത്രചെയ്ത അവിടെ വെച്ച് ഗർഭഛിദ്രം നടത്താനുള്ള അവകാശമുണ്ട്. ഉദാഹരണത്തിന് ഗർഭഛിദ്രം ഏറെക്കുറെ നിരോധിച്ചിരിക്കുന്ന ടെക്സാസിൽ 2021 സെപ്റ്റംബറിനും ഡിസംബറിനും ഇടയിൽ ഓരോ മാസവും ശരാശരി 1,400 സ്ത്രീകൾ വീതം സമീപത്തുള്ള കൻസാസിലും ലൂസിയാനയിലും എത്തി ഗർഭഛിദ്രം നടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP