Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആക്രമണത്തിൽ പൊലിഞ്ഞുപോയത് ഈ ലോകത്തിന്റെ സൗന്ദര്യമായിരുന്ന 19 കുരുന്നുകൾ; കൊല്ലപ്പെട്ടവരെല്ലാം നാലാം ക്ലാസ്സ് വിദ്യാർത്ഥികൾ; ഒരു കരുണയുമില്ലാതെ ചിരിച്ചുകൊണ്ട് നിറയൊഴിച്ചു; 18 തികഞ്ഞാൽ തോക്ക് വാങ്ങാൻ കഴിയുന്ന അമേരിക്കൻ നിയമം ഈ കൂട്ടുക്കുരുതിയുടെ ഉത്തരവാദിയാകുമ്പോൾ

ആക്രമണത്തിൽ പൊലിഞ്ഞുപോയത് ഈ ലോകത്തിന്റെ സൗന്ദര്യമായിരുന്ന 19 കുരുന്നുകൾ; കൊല്ലപ്പെട്ടവരെല്ലാം നാലാം ക്ലാസ്സ് വിദ്യാർത്ഥികൾ; ഒരു കരുണയുമില്ലാതെ ചിരിച്ചുകൊണ്ട് നിറയൊഴിച്ചു; 18 തികഞ്ഞാൽ തോക്ക് വാങ്ങാൻ കഴിയുന്ന അമേരിക്കൻ നിയമം ഈ കൂട്ടുക്കുരുതിയുടെ ഉത്തരവാദിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ജീവിതത്തിലേക്ക് പിച്ചവെച്ച് കയറിവന്നിരുന്ന 19 കുരുന്നുകളുടെ ജീവനാണ് ഒരു കരുണയുമില്ലാത്ത ഒരു നരാധമന്റെ തോക്കിൻ മുന്നിൽ പൊലിഞ്ഞു തീർന്നത്. യുവാൽഡി നഗരത്തിലെ റോബ് എലെമെന്ററി സ്‌കൂളിൽ വെടിയേറ്റ് മരിച്ചവരെല്ലാവരും തന്നെ നാലാം ക്ലാസ്സിലെ വിദ്യാർത്ഥികളായിരുന്നു എന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. തനിക്ക് 18 വയസ്സ് തികഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നിയമപരമായി വാങ്ങിയ എ ആർ 15 റൈഫിൾ ഉപയോഗിച്ചായിരുന്നു ഈ ആക്രമണം നടത്തിയത്. രണ്ട് അദ്ധ്യാപകരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഒരു ക്ലാസ്സ് മുറിക്കകത്ത് കയറി അത് അടച്ചുപൂട്ടി അവിടെയിരുന്ന കുട്ടികൾക്ക് നേരെ അയാൾ വെടിയുതിർക്കുകയായിരുന്നു. ഈ മുറിക്കകത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത് എന്ന് ടെക്സാസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അറിയിച്ചു. ആക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് അയാൾ താൻ വാങ്ങിയ രണ്ട് എ ആർ റൈഫിളുകളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 2012 ലെ സാൻഡി ഹുക്ക് ആക്രമണത്തിനു ശേഷം അമേരിക്കയിലെ ഒരു എലെമെന്ററി സ്‌കൂളിൽ നടക്കുന്ന ഏറ്റവും ഭീകരമായ ഒരു ആക്രമണമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

എട്ടുവയസ്സുള്ള ഒരു ആൺകുട്ടിയും പത്തു വയസ്സുള്ള ഒരു പെൺക്കുട്ടിയും ഉൾപ്പടെ മരണമടഞ്ഞ 19 പേരിൽ 17 പേരുടെ വിവരങ്ങൾ അറിവായിട്ടുണ്ട്. ക്ലാസ്സിലെ ഭീകരദൃശ്യം കണ്ട് എമർജൻസി നമ്പറായ 911 ലേക്ക് ഫോൺ ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് ഈ പെൺകുട്ടി ദാരുണമായി കൊല്ലപ്പെടുന്നത്. സ്ഥലത്തിന്റെ ഷെറീഫിന്റെ മകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്‌കൂളിലേക്ക് തിരിക്കുന്നതിനു മുൻപായി ആക്രമി വെടിവെച്ചു വീഴ്‌ത്തിയ സ്വന്തം അമ്മൂമ്മയുടെ നിലയും ഗുരുതരമായി തുടരുകയാണ്.

തന്റെ രൂപത്തിന്റെയും വസ്ത്രധാരണത്തിന്റെയും പേരിൽ കുട്ടിക്കാലത്ത് നിരവധി കളിയാക്കലുകൾക്ക് വിധേയനായ ആക്രമി, സാൽവഡോർ റാമോസ്, വളർന്നു വന്നപ്പോൾ തികച്ചും അക്രമാസക്തനായി മാറുകയായിരുന്നുവത്രെ. പാതിവഴിയിൽ കോളേജ് വിദ്യാഭ്യാസം അവസാനിപ്പിച്ച അയാൾ അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്തു വരികയായിരുന്നു. അങ്ങനെ സമ്പാദിച്ച തുകയിൽ നിന്നും 5000 ഡോളർ ചെലവാക്കിയാണ് ഇയാൾ രണ്ട് റൈഫിളുകളും മുന്നൂറ് റൗണ്ട് വെടിയുണ്ടകളും വാങ്ങിയത്. മയക്കുമരുന്നിന് അടിമയായ അമ്മയുമായി ഉണ്ടാക്കുന്ന കലഹങ്ങളുടെ പേരിൽ പലപ്പോഴും ഇയാളുടെ പേര് പൊലീസിന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും അറിയുന്നു.

പത്തു വയസ്സുകാരിയായ അമേരീ ജോ ഗാർസ എന്ന പെൺകുട്ടിയാണ് എമർജൻസി നമ്പറിലേക്ക് ഫോൺ ചെയ്യാൻ ശ്രമിക്കുന്നതിനിടെ അതിദാരുണമായി കൊല്ലപ്പെട്ടത്. വെടിവയ്ക്കുന്നതിനു മുൻപായി റാമോസ് ക്ലാസ്സിലെ കുട്ടികളോട്, നിങ്ങൾ കൊല്ലപ്പെടാൻ പോകുന്നതായി പറഞ്ഞിരുന്നു എന്ന് രക്ഷപ്പെട്ട ചില കുട്ടികൾ പറയുന്നു. മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ 8 വയസ്സുകാരനായ യുസിയ ഗാർഷ്യ ആണ്. മകേന എൽറോഡ്, സേവ്യർ ലോപസ്, എലിയാന ടോറസ്, എല്ലീ ല്യുഗോ, നെവേയ ബ്രേവോ, ടെസ്സ് മേരി മാത, റൊജേലിയോ ടോറസ്, ജെയ്സി കാർമെലൊ, ജൈലാ നിക്കോലെ, അലിതിയ റമിരെസ് എന്നിവരാണ് മരിച്ചവരിൽ മറ്റു ചിലർ.

അനബെൽ റൊഡ്രിഗസ്, മിറൻഡ മാത്തിസ്, അലക്സാൻഡ്രിയ റുബിയോ, മൈറ്റീ യുലേന, ജോസ് ഫ്ലോറെസ് എന്നീ കുട്ടികളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. 46 കാരിയായ ഇർമ ഗ്രേസിയ, 44 കാരിയായ ഈവ മിറെലെസ്സ് എന്നിവരാണ് കൊല്ലപ്പെട്ട അദ്ധ്യാപകർ. ഇരുവരും നാലാം ക്ലാസ്സിലെ അദ്ധ്യാപകരാണ്. അപകർഷതാ ബോധം ഏറെയുണ്ടായിരുന്ന റാമോസ് കുട്ടിക്കാലത്തേ ഒറ്റപ്പെട്ട ജീവിതമായിരുന്നു നയിച്ചത്. അയാളുടെ ശരീര പ്രകൃതവും വസ്ത്രധാരണ രീതികളുമൊക്കെ പലപ്പോഴും സഹപാഠികളുടെ കളിയാക്കലുകൾക്ക് വിധേയമാകാറുണ്ടായിരുന്നു.

മയക്കുമരുന്നിന് അടിമയായ അമ്മയുമായി ഇടക്കിടെ കലഹിച്ചിരുന്ന ഇയാൾ അതിനെ തുടർന്നായിരുന്നു വീട് ഉപേക്ഷിച്ച് തന്റെ അമ്മൂമ്മയ്ക്കൊപ്പം താമസം ആരംഭിച്ചത്. വളർന്ന സാഹചര്യങ്ങൾക്കൊപ്പം 18 വയസ്സു കഴിഞ്ഞ ആർക്കും തോക്ക് സ്വന്തമാക്കാവുന്ന അമേരിക്കൻ നിയമങ്ങളാണ് ഇയാളെ കൊലപാതകിയാക്കിയത് എന്ന് പല വിദഗ്ദരും പറയുന്നു. ഇന്നലെ സെനറ്റിൽ തന്നെ തോക്ക് സംബന്ധിച്ച നിയമങ്ങളിൽ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യം ഉയർന്നിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP