Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആദ്യ ഏഷ്യൻ സന്ദർശനത്തിനൊരുങ്ങി ബൈഡൻ; ഇന്ന് പോകുന്നത് ദക്ഷിണ കൊറിയയിലേക്കും ജപ്പാനിലേക്കും; പേടിപ്പിക്കാൻ ഉത്തര കൊറിയ ബോംബിടുമെന്ന് ആശങ്കപ്പെട്ട് അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾ; വൻ കരുതലോടെ ബൈഡന്റെ യാത്ര

ആദ്യ ഏഷ്യൻ സന്ദർശനത്തിനൊരുങ്ങി ബൈഡൻ; ഇന്ന് പോകുന്നത് ദക്ഷിണ കൊറിയയിലേക്കും ജപ്പാനിലേക്കും; പേടിപ്പിക്കാൻ ഉത്തര കൊറിയ ബോംബിടുമെന്ന് ആശങ്കപ്പെട്ട് അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾ; വൻ കരുതലോടെ ബൈഡന്റെ യാത്ര

മറുനാടൻ മലയാളി ബ്യൂറോ

പ്രസിഡണ്ടായി അധികാരമേറ്റതിനു ശേഷമുള്ള ബൈഡന്റെ ആദ്യ ഏഷ്യൻ സന്ദർശനം ഈ ആഴ്‌ച്ച ആരംഭിക്കും. ദക്ഷിണ കൊറിയയും ജപ്പാനുമായിരിക്കും ജോ ബൈഡൻ സന്ദർശിക്കുക. ജോ ബൈഡൻ ഏഷ്യൻ സന്ദർശനം തുടരുന്നതിനിടയിൽ ഉത്തരകൊറിയ പുതിയ മിസൈൽ പരീക്ഷണമോ ആണവ പരീക്ഷണമോ നടത്താൻ ഇടയുണ്ടെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയതായി അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു. അത്തരത്തിലുള്ള എല്ലാ പ്രകോപനങ്ങൾക്കും എതിരെ തങ്ങൾ മുൻകരുതൽ എടുത്തതായും സള്ളിവൻ അറിയിച്ചു.

ദക്ഷിണ കൊറിയൻ സന്ദർശനത്തിനിടെ ദക്ഷിണ -ഉത്തര കൊറിയകൾക്കിടയിലുള്ള സൈനിക വിമുക്ത മേഖല ബൈഡൻ സന്ദർശിക്കുകയില്ലെന്നു പ്രസ്സ് സെക്രട്ടറി കരിൻ ജീൻ പിയറിയും സ്ഥിരീകരിച്ചു. 2013-ൽ വൈസ് പ്രസിഡണ്ട് ആയിരുന്നപ്പോൾ ബൈഡൻ ഈ മേഖല സന്ദർശിച്ചിരുന്നു. ഏറ്റവും അവസാനം 2019-ൽ അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഈ മേഖല സന്ദർശിച്ചിരുന്നു. പിന്നീട് ഉത്തര കൊറിയയിലേക്ക് കടന്ന് ട്രംപ് കിം ജോങ്ങ് ഉന്നുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.

2017 മുതൽ നിർത്തി വച്ചിരിക്കുകയായിരുന്ന ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണങ്ങൾ ഈ വർഷം ആദ്യത്തോടെ പുനരാരംഭിച്ചിട്ടുണ്ട്. അതിന്റെ മുന്നോടിയായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം ഈ വർഷം ആദ്യം നടന്നിരുന്നു. ഈ മാസം ആദ്യം രാജ്യത്തിന്റെ കിഴക്കൻ തീരമേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ സമുദ്രത്തിലേക്ക് തൊടുത്തുവിട്ട് ഉത്തരകൊറിയ മറ്റൊരു പരീക്ഷണം നടത്തുകയും ചെയ്തിരുന്നു.

ഈ സന്ദർശനത്തിനിടയിൽ രണ്ട് സുപ്രധാന സുരക്ഷാ കരാറുകൾ ബൈഡൻ പുതുക്കും. അതോടൊപ്പം ഇരു രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധവും കൂടുതൽ ശക്തിപ്പെടുത്തും എന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ പറയുന്നത്. അതോടൊപ്പം, റഷ്യയുടെ അതിക്രമത്തിനെതിരെയുള്ള അമേരിക്കൻ നടപടികൾക്ക് പിന്തുണ നൽകുന്ന ഇരു രാജ്യങ്ങളോടുമുള്ള കൃതജ്ഞതയും ബൈഡൻ രേഖപ്പെടുത്തുമെന്നറിയുന്നു.

ബൈഡൻ ആദ്യം സന്ദർശിക്കുക ദക്ഷിണ കൊറിയ ആയിരിക്കും. ഈ മാസം ആദ്യം പ്രസിഡണ്ടായി ചുമതലയേറ്റ യൂൻ സുക്ക് യോളുമായി ബൈഡൻ കൂടിക്കാഴ്‌ച്ച നടത്തും. ഉത്തര കൊറിയയ്ക്കെതിരെ കർശന നടപടികൾ കൈക്കൊള്ളും എന്ന വാഗ്ദാനമായിരുന്നു ഭാഗികമായിട്ടെങ്കിലും യോളിന്റെ വിജയത്തിന് കാരണമായതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു. അതേസമയം ഇരു കൊറിയകൾക്കും ഇടയിൽ സമധാനം പുലരണമെന്നായിരുന്നു മുൻ പ്രസിഡണ്ടിന്റെ നയം.

പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്ക് പുറമേ ദക്ഷിണ കൊറിയയിലെ സാങ്കേതിക, ഉദ്പാദന രംഗത്തുള്ള പ്രമുഖരെയും ബൈഡൻ കാണും. ഇവരിൽ പലർക്കും അമേരിക്കയിൽ വൻ നിക്ഷേപങ്ങൾ ഉണ്ട്. അതിനുശേഷം ജപ്പാനിലേക്ക് യാത്രയാകുന്ന ബൈഡൻ അവിടെ കഴിഞ്ഞ ഓക്ടോബറിൽ അധികാരമേറ്റ പ്രധാനമന്ത്രി ഫുമിയോ കിഷിഡയുമായി കൂടിക്കാഴ്‌ച്ച നടത്തും. ഇക്കഴിഞ്ഞ മാർച്ചിൽ ജി 7 ഉച്ചകോടിയിൽ ഇരു നേതാക്കളും തമ്മിൽ കണ്ടിരുന്നു.

അമേരിക്ക, ജപ്പാൻ, ഇന്ത്യ, ആസ്ട്രേലിയ എന്നീ നാല് രാജ്യങ്ങളുടെ സഖ്യമായ ക്വാഡിന്റെ ഒരു യോഗത്തിലും ടോക്കിയോയിൽ ബൈഡൻ പങ്കെടുക്കും. ബൈഡനും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒപ്പം ഇതാദ്യമായാണ് ജപ്പാൻ പ്രധാനമന്ത്രി ക്വാഡ് യോഗത്തിൽ പങ്കെടുക്കുന്നത്. അതേസമയം, ആസ്ട്രേലിയയിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ഈ യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP