Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202227Sunday

നാറ്റോ നോക്കി നിന്നിട്ടും റഷ്യൻ സേനയോട് പൊരുതി നിന്നു യുക്രെയിൻ ജനത; രണ്ടു വിമാനങ്ങൾ വീഴ്‌ത്തിയതടക്കം ഞെട്ടിക്കുന്ന നേട്ടങ്ങളുമായി യുക്രെയിൻ; ജർമ്മനി അടക്കമുള്ള രാജ്യങ്ങൾ ആയുധങ്ങൾ നൽകി തുടങ്ങി; ഒന്നോ രണ്ടോ ദിവസം കൊണ്ട് എല്ലാം ശരിയാക്കാമെന്നു കരുതിയ റഷ്യയ്ക്ക് യുദ്ധം നീണ്ടാൽ വിയർക്കേണ്ടി വരും; അമിത ആത്മവിശ്വാസം പുടിന് വിനയാകും

നാറ്റോ നോക്കി നിന്നിട്ടും റഷ്യൻ സേനയോട് പൊരുതി നിന്നു യുക്രെയിൻ ജനത; രണ്ടു വിമാനങ്ങൾ വീഴ്‌ത്തിയതടക്കം ഞെട്ടിക്കുന്ന നേട്ടങ്ങളുമായി യുക്രെയിൻ; ജർമ്മനി അടക്കമുള്ള രാജ്യങ്ങൾ ആയുധങ്ങൾ നൽകി തുടങ്ങി; ഒന്നോ രണ്ടോ ദിവസം കൊണ്ട് എല്ലാം ശരിയാക്കാമെന്നു കരുതിയ റഷ്യയ്ക്ക് യുദ്ധം നീണ്ടാൽ വിയർക്കേണ്ടി വരും; അമിത ആത്മവിശ്വാസം പുടിന് വിനയാകും

മറുനാടൻ മലയാളി ബ്യൂറോ

തിരാളിയുടെ ശക്തി മനസ്സിലാക്കാതെ, അമിത ആത്മവിശ്വാസത്തിൽ എടുത്തു ചാടി യൂദ്ധത്തിനൊരുങ്ങിപ്പുറപ്പെട്ട പുടിൻ പുലിവാലു പിടിക്കുമെന്നാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എം 16 തലവൻ റിച്ചാർഡ് മുറേ പറയുന്നത്. ആയുധശക്തികൊണ്ട് മണ്ണുകീഴടക്കിയാലും, യുക്രെയിനികളുടെ മനസ്സ് കീഴടക്കാത്തിടത്തോളം കാലം യുദ്ധം ജയിച്ചു എന്ന് പുടിന് പറയാനാകില്ല എന്നു പറയുന്ന പ്രൊഫസർ ഫ്രീഡ്മാൻ എഴുതിയ ഒരു ലേഖനം പങ്കുവെച്ചുകൊണ്ട് ട്വീറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്. റഷ്യ പ്രതീക്ഷിച്ചത്ര വേഗം വിജയം നേടാൻ ആകില്ല എന്നു തന്നെയാണ് മറ്റ് രഹസ്യാന്വേഷണ ഏജൻസികളും പറയുന്നത്.

വികലമായ ആസൂത്രണമായിരുന്നു റഷ്യൻ സൈന്യം നടത്തിയതെന്ന് വിലയിരുത്തുന്ന മൂർ പറയുന്നത് പ്രതീക്ഷിക്കാത്ത ചെറുത്തു നിൽപ് ഉണ്ടായപ്പോൾ റഷ്യ സൈന്യം പകച്ചുപോയി എന്നാണ്. യുക്രെയിൻ സൈന്യത്തേക്കാൾ ഏറെ യുക്രെയിൻ ജനതയുടെ പ്രതിരോധമാണ് റഷ്യയുടെ പദ്ധതികളെ തകിടം മറിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തലസ്ഥാന നഗരമായ കീവ് കീഴടക്കാൻ എത്തിയ റഷ്യൻ സൈന്യത്തെ തുരത്തിയോടിക്കുന്നതിൽ, അല്ലെങ്കിൽ തടഞ്ഞു നിർത്തുന്നതിൽ വലിയൊരു പരിധി വരെ യുക്രെയിൻ വിജയിച്ചു നിൽക്കുകയാണ്.

നശിപ്പിക്കപ്പെട്ട റഷ്യൻ ടാങ്കുകൾക്കൊപ്പം 20 ഓളം വാഹനങ്ങൾ അടങ്ങിയ റഷ്യയുടെ ഒരു സൈനിക വ്യുഹത്തെ ഖാർകിവിൽ നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ആ സൈനിക വ്യുഹത്തിന്റെ നിലവിലെ സ്ഥിതി കണ്ടാൽ അതിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടിരിക്കാൻ സാധ്യതയില്ല എന്നാണ് കരുതാനാകുക. അങ്ങനെയെങ്കിൽ, റഷ്യൻ പ്രസിഡണ്ടിന്റെ യുദ്ധക്കൊതിക്ക് കണക്കുകൂട്ടിയതിലുമധികം വില കൊടുക്കേണ്ടി വരുമെന്നത് ഉറപ്പാണ്.

സൈനിക ശക്തി താരതമ്യം ചെയ്യുമ്പോൾ റഷ്യയ്ക്ക് മുന്നിൽ യുക്രെയിൻ ഒന്നുമല്ല. എന്നിട്ടും അതിന് ആനുപാതികമായ മുന്നേറ്റം യുദ്ധമുന്നണിയിൽ ഉണ്ടാക്കാൻ റഷ്യയ്ക്ക് കഴിയുന്നില്ല എന്നത് തന്നെ യുക്രെയിൻ സൈന്യത്തിന്റെയും ജനതയുടെയും നിശ്ചയദാർഢ്യത്തിന് ഉത്തമോദാഹരണമാണ്. അതേസമയം, ഈ യുദ്ധം പത്ത് ദിവസത്തിൽ കൂടുതൽ നീണ്ടു നിന്നാൽ റഷ്യ കൂടുതൽ സാമ്പത്തിക കുഴപ്പത്തിലേക്ക് നീങ്ങുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. യുക്രെയിൽ പിടിച്ചു നിൽക്കുകയാണെങ്കിൽ അധികം വൈകാതെ പുടിൻ വൊളോഡിമിർ സെലെൻസ്‌കിയുമായി സന്ധി സംഭാഷണത്തിനെത്തുമെന്ന് എസ്റ്റോണിയയുടെ മുൻ പ്രതിരോധ മന്ത്രി പറയുന്നു.

അതിനിടയിൽ, റഷ്യയിലെ പ്രമാണിമാരുമായി നടത്തിയ രഹസ്യ യോഗത്തിൽ പുടിൻ കോപാകുലനായിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. രണ്ടു മൂന്ന് ദിവസം കൊണ്ട് എല്ലാം തീർക്കാം എന്ന ധാരണയിലാണ് താൻ ഇതിന് ഇറങ്ങിപ്പുറപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞതായ വാർത്തകളുംപുറത്തു വരുന്നുണ്ട്. നിലവിൽ ഈ യുദ്ധൽ പ്രതിദിനം 20 ബില്യൺ ഡോളറാണ് റഷ്യക്ക് മേൽ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നത്. മാത്രമല്ല, ഇനി പരമാവധി രണ്ടു ദിവസത്തേക് ഉപയോഗിക്കവുന്ന റോക്കറ്റുകൾ മാത്രമാണ് റഷ്യൻ സൈന്യത്തിന്റെ കൈയിൽ ഉള്ളതെന്നും യുക്രെയിൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചുകൊണ്ട് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

എന്നാൽ, യുക്രെയിന് ഭീതി വിതയ്ക്കുന്ന നീക്കം തന്നെയാണ് റഷ്യ നടത്തുന്നത്. ഇന്നലെ റഷ്യയുടേ പടിഞ്ഞാറൻ അതിർത്തിയിൽ നിന്നും ടി ഒ എസ്-1 ടാങ്കുകൾ യുക്രെയിൻ ലക്ഷ്യമാക്കി നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉഗ്രശേഷിയുള്ള തെർമോബറിക് ബോംബുകൾ വർഷിക്കാൻ കഴിവുള്ളതാണ്ഈ കൂറ്റൻ ടാങ്കുകൾ. മാത്രമല്ല, കൂടുതൽ ഭയാനകമായ ഫ്യൂവൽ-എയർ -എക്സ്പ്ലോസീവ്സ് ഉപയോഗിക്കാൻ ഇതിനാകും. ബോംബ് പൊട്ടിത്തെറിക്കുമ്പോൾ അതിനകത്തെ കണികകൾ അന്തരീക്ഷത്തിൽ പടരും. ഓക്സിജനുമായി സമ്പർക്കത്തിൽ എത്തിയാൽ അവ ആളിക്കത്തും. അതായത്, സ്ഫോടനമുണ്ടായാൽ പരിസരത്തെ അന്തരീക്ഷമാകെ നിന്നു കത്തും.

യുക്രെയിന് സഹായഹസ്തവുമായി ജർമ്മനിയും

റഷ്യയ്ക്കെതിരെ ഉപരോധമേർപ്പെടുത്ത കാര്യം പൊതുസമൂഹത്തിൽ ചർച്ചയ്ക്ക് എത്തിയപ്പോൾ എല്ലാവരും സംശയിച്ചിരുന്നത് ജർമ്മനി പിന്തുണയ്ക്കുമോ എന്നതായിരുന്നു. പ്രധാനമായും റഷ്യയിൽ നിന്നുള്ള വാതകവിതരണത്തെ അടിസ്ഥാനമാക്കിയുള്ള ഊർജ്ജം ഉപയോഗിക്കുന്ന രാജ്യമാണ് ജർമ്മനി. അതുകൊണ്ടു തന്നെ സ്വന്തം താത്പര്യം സംരക്ഷിക്കാൻ ജർമ്മനി റഷ്യയോട് മൃദുസമീപനം പാലിക്കും എന്നായിരുന്നു പൊതുവേ കരുതപ്പെട്ടത്. എന്നാൽ, ജർമ്മൻ ശക്തിയും ആത്മാഭിമാനവും സടകുടഞ്ഞെഴുന്നേൽക്കുന്ന കാഴ്‌ച്ചയാണ് റഷ്യയുടെ യുക്രെയിൻ ആക്രമണത്തിനുശേഷം നാം കാണുന്നത്.

ജർമ്മനിയിലേക്ക് നേരിട്ട് വാതകമെത്തുന്ന, പുടിന്റെ സ്വപ്ന പദ്ധതിയായ നൊർഡ് 2 സ്ട്രീം യാതൊരു ദയാ ദാക്ഷിണ്യവുമില്ലാതെയാണ് ജർമ്മനി പൂട്ടിക്കളഞ്ഞത്. പണിപൂർത്തിയായി പ്രവർത്തനസജ്ജമാക്കാൻ കാത്തിരുന്ന ഈ കോടിക്കണക്കിന് ഡോളർ ചെലവ് വരുന്ന ഈ പദ്ധതി റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിക്കുകയായിരുന്നു ജർമ്മനി. ഇതോടെ അതെല്ലാം ഒരു കൂട്ടം ഇരുമ്പു പൈപ്പുകളുടെ കൂട്ടം മാത്രമായി മാറി. ഒരുപക്ഷെ, ഉപരോധത്തിന്റെ ഭാഗമായി എടുത്ത തീരുമാനങ്ങളിൽ പുടിനെ ഏറെ ബാധിക്കുന്നത് ഈ തീരുമാനമാകാം.

അതേ ജർമ്മനി തന്നെ ഇപ്പോൾ, രണ്ടാം ലോകമഹായുദ്ധ കാലം മുതൽക്കുള്ള തങ്ങളുടെ നയം തിരുത്തിയെഴുതി യുക്രെയിന് ആയുധങ്ങൾ എത്തിക്കുകയാണ്. മാരകായുധങ്ങൾ കൈമാറ്റംചെയ്യുന്നത് സംബന്ധിച്ച നയമാണ് ജർമ്മനി യുക്രെയിന് വേണ്ടി മാറ്റിയത്. ആയിരത്തോളം ടാങ്ക് വേധ മിസൈലുകളും 500 സ്റ്റിഞ്ചർ സർഫസ് ടു എയർ മിസൈലുകളും യുക്രെയിന് നൽകുമെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷൂൾസ് പറഞ്ഞു.

അതിനുപുറമെ 400 ജർമ്മൻ നിർമ്മിത ടാങ്ക് വേധ മിസൈലുകൾ യുക്രെയിന് നൽകാൻ നെതർലാൻഡ്സിന് അനുമതിയും നൽകിയിട്ടുണ്ട്. അതോടൊപ്പം 14 സായുധ വാഹനങ്ങളും 10,000 ടൺ ഇന്ധനവും ജർമ്മനി യുക്രെയിന് നൽകുന്നുണ്ട്. ജർമ്മനിയിൽ നിന്നാണ് നെതർലാൻഡ്സ് ടാങ്ക് വേധ മിസൈലുകൾ വാങ്ങിയത്. അതുകൊണ്ടു തന്നെ അവ മറ്റൊരു രാഷ്ട്രത്തിന് കൈമാറണമെങ്കിൽ, ഹേഗ് ഉടമ്പടി അനുസരിച്ച്, യഥാർത്ഥ നിർമ്മാതാവായ രാജ്യത്തിന്റെ അനുമതി ആവശ്യമാണ്. അതിനാലാണ് നെതർലൻഡ്സ് ജർമ്മനിയുടെ അനുവാദത്തിനായി കാത്തുനിന്നത്.

അതുപോലെ, പഴയ് കമ്മ്യുണിസ്റ്റ് കിഴക്കൻ ജർമ്മനിയിൽ നിന്നും വാങ്ങിയ ഒമ്പത് പഴയ ഹൊവൈസ്റ്റർ ഹെലികോപ്റ്ററുകൾ യുക്രെയിന് നൽകൻ എസ്റ്റോണിയയ്ക്കും ജർമ്മനി അനുവാദം നൽകിയിട്ടുണ്ട്. നേരത്തേ, മറ്റു പല പശ്ചാത്യ രാജ്യങ്ങളും യുക്രെയിനിലേക്ക് ആയുധങ്ങൾ അയച്ചപ്പോൾ വിട്ടുനിന്ന ജർമ്മനിയുടെ നടപടി ഏറെ വിമർശനം ഉയർത്തിയിരുന്നു. അതിന് പ്രതികരണമായിട്ടാണ് ഇപ്പോൾ ജർമ്മനി തങ്ങളുടെ നയം തന്നെ മാറ്റിയെഴുതിയിരിക്കുന്നത്. യുദ്ധമുഖത്തേക്ക് ആയുധങ്ങൾ നൽകില്ല എന്നത് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജർമ്മനി പിന്തുടരുന്ന നയമായിരുന്നു.

റഷ്യയെ ഒറ്റപ്പെടുത്തണമെന്ന് ബോറിസ് ജോൺസൺ

യുക്രെയിൻ ജനതയുടെയും പട്ടാളത്തിന്റെയും ധീരമായ ചെറുത്തു നിൽപ് ഇപ്പോൾ ലോകശ്രദ്ധ ആകർഷിക്കുകയാണ്. 350 മില്യൺ ഡോളറിന്റെ ആയുധങ്ങൾ വീണ്ടും യുക്രെയിന് നൽകാൻ ഇന്നലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. അതേസമയം, യുക്രെയിന്റെ ധീരമായ ചെറുത്തു നിൽപിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അന്താരാഷ്ട്ര സമൂഹം റഷ്യയെ കൂടുതൽ ഒറ്റപ്പെടുത്തണം എന്ന് ആഹ്വാനം ചെയ്തു.

പുടിൻ പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങൾ മുന്നോട്ട് പോകുന്നത് എന്നുപറഞ്ഞ ബോറിസ് ജോൺസൺ, യുക്രെയിനികളുടെ ധീരത പുടിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു എന്നും പറഞ്ഞു. എന്നാൽ, ഇതിനോടകം തന്നെ വലിയ ക്രൂരതകൾ യുക്രെയിനോട് ചെയ്യാൻ റഷ്യൻ സൈന്യത്തിനു കഴിഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ അദ്ദേഹം, ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിരോധത്തിൽ മാനസിക നിലതെറ്റിയ പുടിൻ കൂടുതൽ മാരകമായ ആയുധങ്ങൾ ഉപയോഗിക്കാൻ ഇടയുണ്ടെന്നും ഓർമ്മിപ്പിച്ചു.

ശീതയുദ്ധാനന്തര കാലത്തെ ലോക ക്രമം നശിപ്പിക്കാനാണ് പുടിൻ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പഴയ സോവിയറ്റ് യൂണിയൻ കാലത്തിലേക്ക് ഘടികാര സൂചികൾ പുറകോട്ട് തിരിക്കുകയാണ് പുടിനെന്നും ബോറിസ് ജോൺസൺ കുറ്റപ്പെടുത്തി. യൂറോപ്യൻ യൂണീയൻ ഏർപ്പെടുത്തിയ ഉപരോധത്തിൽ ബ്രിട്ടനും പങ്കാളികളാകും എന്നും ബോറിസ് ജോൺസൺ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP