Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്രാൻസും ജർമ്മനിയും തുർക്കിയും പാതി മനസ്സിൽ; പുടിന്റെ പ്രതികാരം ഭയന്ന് അകലം പാലിച്ച് പല യൂറോപ്യൻ രാജ്യങ്ങളും; റഷ്യയ്ക്ക് പിന്തുണയുമായി ചൈന; റഷ്യയ്ക്ക് തിരിച്ചടി നൽകുന്ന കാര്യത്തിൽ നാറ്റോ സഖ്യത്തിലും വിള്ളൽ; ഉക്രെയിൻ ആക്രമിക്കപ്പെട്ടാലും ലോകം കൈയും കെട്ടി നിൽക്കുമോ ?

ഫ്രാൻസും ജർമ്മനിയും തുർക്കിയും പാതി മനസ്സിൽ; പുടിന്റെ പ്രതികാരം ഭയന്ന് അകലം പാലിച്ച് പല യൂറോപ്യൻ രാജ്യങ്ങളും; റഷ്യയ്ക്ക് പിന്തുണയുമായി ചൈന; റഷ്യയ്ക്ക് തിരിച്ചടി നൽകുന്ന കാര്യത്തിൽ നാറ്റോ സഖ്യത്തിലും വിള്ളൽ; ഉക്രെയിൻ ആക്രമിക്കപ്പെട്ടാലും ലോകം കൈയും കെട്ടി നിൽക്കുമോ ?

മറുനാടൻ മലയാളി ബ്യൂറോ

ക്രെയിനെ സഹായിക്കുവാൻ നാറ്റോ സഖ്യത്തിനൊപ്പം 8500 സൈനികരെ കിഴക്കൻ യൂറോപ്പിൽ വിന്യസിക്കുവാനൊരുങ്ങുകയാണ് അമേരിക്ക. എന്നാൽ ഇതിന് നാറ്റോ സഖ്യത്തിൽ നിന്നുതന്നെ എതിർപ്പ് നേരിടേണ്ടി വരുമോ എന്ന ആശങ്കയാണ് ഇപ്പോൾ അമേരിക്കയ്ക്കുള്ളത്. പുടിന്റെ കടന്നു കയറ്റത്തെ ചെറുക്കുവാനായി ഉക്രെയിനിന്റെ അയൽരാജ്യങ്ങളിൽ സൈന്യത്തെ വിന്യസിക്കുവാനാണ് അമേരിക്ക ഒരുങ്ങുന്നത്. എന്നാൽ, അത്തരത്തിൽ അമേരിക്കൻ സൈന്യത്തിന് ഇടം കൊടുക്കുന്നത് പുടിനെ പ്രകോപിപ്പിക്കും എന്ന് ഭയക്കുന്ന നാറ്റോ സഖ്യരാജ്യങ്ങൾ അതിനെ എതിർക്കാൻ ഇടയുണ്ട്.

നാറ്റോ സഖ്യത്തിൽ വിള്ളൽ

നാറ്റോ സഖ്യത്തിന്റെ നിയമാവലി അനുസരിച്ച് ഏതെങ്കിലും ഒരു രാജ്യം എതിർപ്പ് ഉന്നയിച്ചാൽ അത് അംഗീകരിക്കപ്പെടും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇതിലെ എല്ലാ അംഗങ്ങൾക്കും വീറ്റോ പവർ ഉണ്ട് എന്നർത്ഥം. നിലവിൽ തങ്ങളുടെ 50 ശതമാനം ഊർജ്ജാവശ്യങ്ങൾക്കായി ജർമ്മനി റഷ്യയെയാണ് ആശ്രയിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ജർമ്മനി റഷ്യയുടെ അനിഷ്ടം സമ്പാദിക്കുന്നതൊന്നും ചെയ്യാൻ ഇടയില്ല. ഇതുപോലെ മറ്റു പല യൂറോപ്യൻ രാജ്യങ്ങളും റഷ്യയെ എതിർക്കുന്ന കാര്യത്തിൽ അർദ്ധമനസ്സോടെയാണെന്നതും അമേരിക്കയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഉക്രെയിൻ ആക്രമിക്കപ്പെട്ടാൽ നാറ്റോ അതിൽ ഇടപെടുമെന്നും അത്തരമൊരു സാഹചര്യത്തിൽ നാറ്റോ സഖ്യത്തിനു കീഴിൽ സൈനിക സേവനമനുഷ്ഠിക്കാമെന്നുമുള്ള കണക്കുകൂട്ടലിലാണ് അമേരിക്ക സൈന്യത്തെ അയയ്ക്കുന്നത്. നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) യും അവരുടെ പ്രതിരോധ സേന (എൻ ആർ എഫ്) യുമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. അമേരിക്കൻ സൈനികരെ നാറ്റോ അംഗരാജ്യങ്ങളിൽ വിന്യസിക്കുവാൻ യൂറോപ്പിലെ സുപ്രീം അലൈഡ് കമാൻഡർ ലെഫ്റ്റന്റ് ജനറൽ ടോഡ് വോൾട്ടേഴ് നാറ്റോയിൽ എൻ ആർ എഫിനെ വിന്യസിക്കുന്ന കാര്യം അറിയിച്ച് അനുവാദം വാങ്ങേണ്ടതുണ്ട്.

അത്തരത്തിലൊരു അപേക്ഷ വന്നാൽ നാറ്റോ അത് നിരാകരിക്കില്ലെന്നാണ് അമേരിക്ക കരുതുന്നത്. എന്നാൽ കിഴക്കൻ യൂറോപ്പിൽ അമേരിക്ക സൈന്യത്തെ വിന്യസിക്കുന്നതിനെ ചില യൂറോപ്യൻ രാജ്യങ്ങൾ എതിർക്കുന്നുണ്ട്. ഫ്രാൻസ്, ജർമ്മനി, ഹംഗറി, ടർക്കി എന്നിവയാണ് അതിൽ പ്രധാനപ്പെട്ട രാജ്യങ്ങൾ. റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളാണിവ.

കഴിഞ്ഞയാഴ്‌ച്ച പുറത്തുവന്ന ചില റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത് റഷ്യ ഉക്രെയിൻ ആക്രമിക്കുന്ന സാഹചര്യമുണ്ടായാൽ 50,000 അമേരിക്കൻ സൈനികരെ അയയ്ക്കുവാനാണ് ബൈഡൻ ഉദ്ദേശിക്കുന്നത് എന്നാണ്. നാറ്റോ സഖ്യത്തിലെ 30 അംഗ രാജ്യങ്ങളുമായി സംസാരിച്ചെന്നും അവർ അക്കാര്യത്തിൽ അനുകൂലമായാണ് പ്രതികരിച്ചത് എന്നും ബൈഡൻ പറഞ്ഞിരുന്നു. ഫെബ്രുവരി 7 ന് ജർമ്മൻ ചാൻസലർ ഷൂൾസ് അമേരിക്ക സന്ദർശിക്കുമ്പോൾ ബൈഡൻ വീണ്ടും ഇക്കാര്യം ഉന്നയിക്കും എന്നാണ് കരുതപ്പെടുന്നത്.

റഷ്യ ഉക്രെയിൻ ആക്രമിക്കുന്ന സാഹചര്യത്തിൽ കടുത്ത സൈനിക നടപടികൾക്ക് പുറമെ ജർമ്മൻ-റഷ്യ വാതക പൈപ്പ് പദ്ധതിയായ നോർഡ് സ്ട്രീം 2 അടച്ചുപൂട്ടുന്ന കാര്യവും ബൈഡൻ ഉന്നയിച്ചേക്കും. ഉക്രെയിനുമായും റഷ്യയുമായും അതിർത്തി പങ്കിടുന്ന നാറ്റോ അംഗരാജ്യങ്ങൾക്ക് അമേരിക്ക സൈനിക വിന്യാസം നടത്തുന്നതിന്റെ പ്രാധാന്യം മറ്റ് നാറ്റോ അംഗരാജ്യങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ ഏറെ കഷ്ടപ്പെടേണ്ടി വരും. ഫ്രാൻസ്, ജർമ്മനി, ഹംഗറി, തുർക്കി തുടങ്ങിയ രാജ്യങ്ങൾ നിലവിലെ സാഹചര്യത്തിൽ പുടിനുമായി ഒരു ഏറ്റുമുട്ടലിന് ഒരുക്കമല്ല.

വർദ്ധിക്കുന്ന യുദ്ധ സാധ്യതകൾ

അതിനിടയിൽ, പുടിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്ന ഉക്രെയിനെ നാറ്റോ സഖ്യത്തിൽ ചേർക്കരുത് എന്നത് നാറ്റോ നിരാകരിച്ചു. ഇത് അറിയിച്ചുകൊണ്ട് അവർ പുടിന് ഔദ്യോഗികമായി കത്തു നൽകുകയും ചെയ്തിട്ടുണ്ട്. ഉക്രെയിൻ നാറ്റോ സഖ്യത്തിന്റെ ഭാഗമായാൽ, റഷ്യ അതിർത്തിവരെ പാശ്ചാത്യ ശക്തികളുടെ കരങ്ങൾ നീളും. പുടിൻ ഒരിക്കലും ആഗ്രഹിക്കാത്തതാണിത്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകനും നാറ്റോ മേധാവി ജെൻസ് സ്റ്റോളൻബർഗും അയച്ച കത്തുകൾ ഇതുവരെ പുടിൻ കണ്ടിട്ടില്ല എന്നാണ് അറിയുവാൻ കഴിയുന്നത്.

ഇപ്പോൾ ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്നത് ഈ കത്തുകളോടുള്ള പുടിന്റെ പ്രതികരണം അറിയുവാനായിട്ടാണ്. ഇതിൽ ബ്ലിൻകന്റെ കത്ത് അമേരിക്കൻ അമ്പാസിഡർ ജോൺ സള്ളിവൻ നേരിട്ട് വിദേശമന്ത്രാലയത്തിന് കൈമാറുകയായിരുന്നു. പുടിന്റെ പ്രധാന ആവശ്യം നിരാകരിച്ചിട്ടുണ്ടെങ്കിലും ആണവായുധ നിയന്ത്രണം ഉൾപ്പടെ മറ്റു നിബന്ധനകൾ ഒന്നുംതന്നെ ആ കത്തിലില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, കത്ത് വായിച്ചതിൽ നിന്നും മനസ്സിലാക്കുന്നത് ശുഭാപ്തി വിശ്വസത്തിന് ഇടമില്ലെന്നാണെന്നായിരുന്നു പുടിന്റെ വക്താവ് പെസ്‌കോവിന്റെ പ്രതികരണം. എന്നിരുന്നാലും ഇനിയും ചർച്ചകൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ, തങ്ങളുടെ പ്രധാന ആവശ്യം നിരാകരിക്കപ്പെട്ടിരിക്കുകയണെന്ന് ചൂണ്ടിക്കാട്ടിയ പെസ്‌കോവ് തങ്ങൾ ഏതായാലും ധൃതിപിടിച്ചുള്ള നടപടികൾക്കൊന്നും മുതിരുന്നില്ലെന്നും വ്യക്തമാക്കി.

അതിർത്തിക്ക് ഇരുവശത്തും യുദ്ധ സന്നാഹമൊരുങ്ങുന്നു

യുദ്ധം ആസന്നമാണെന്ന ആശങ്കയ്ക്ക് ശക്തി വർദ്ധിച്ചതോടെ റഷ്യയും ഉക്രെയിനും യുദ്ധസന്നാഹങ്ങൾ ഒരുക്കുവാൻ തുടങ്ങി. ഉക്രെയിൻ അതിർത്തികളിലേക്ക് കൂടുതൽ സൈനികരെ കൊണ്ടുവരാൻ ഒരുങ്ങുകയാണ് റഷ്യ അതേസമയം അതിർത്തിയുടെ മറുഭാഗത്ത്, ബ്രിട്ടീഷ് എൻ എൽ എ ഡബ്ല്യൂ ടാങ്ക് വേധ മിസൈലുകളിൽ പരിശീലനം നേടുകയാണ് ഉക്രെയിൻ സൈനികർ. ഉക്രെയിനുള്ള ബ്രിട്ടന്റെ സൈനിക സഹായത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്‌ച്ചയായിരുന്നു ടാങ്ക് വേധ മിസൈലുകൾ ഉക്രെയിന് നൽകിയത്. അതിനോടൊപ്പം ഉക്രെയിൻ സൈനികരെ ഇതിൽ പരിശീലിപ്പിക്കുവാനായി പരിശീലകരേയും ബ്രിട്ടൻ നൽകിയിട്ടുണ്ട്. ഇവരുടെ കീഴിലാണ് പരിശീലനം നടക്കുന്നത്.

അതിനിടയിൽ ഉക്രെയിൻ അതിർത്തിയിൽ ഇതുവരെ 1,12,000 മുതൽ 1,20,000 വരെ റഷ്യൻ സൈനികർ അണിനിരന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതിനോടൊപ്പം തൊട്ടടുത്തുള്ള റഷ്യൻ അനുഭാവ രാഷ്ട്രമായ ബെലാറസിലേക്കും റഷ്യൻ സൈന്യത്തെ അയച്ചിട്ടുണ്ട്. ഇന്നത്തെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ ഫെബ്രുവരി പകുതിക്ക് മുൻപായി യുദ്ധം ആരംഭിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നത്.

ഈ സന്നാഹങ്ങൾ ഒരുങ്ങുന്നതിനിടയിൽ ഒരു ഉക്രെയിൻ നാഷണൽ ഗാർഡ്, ഒരു സൈനിക ഫാക്ടറിക്ക് നേരെ വെടിയുതിർത്ത സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. അഞ്ച് പേർ ഇതിൽ മരണമടഞ്ഞു. തന്റെ സൈനിക റൈഫിൾ ഉപയോഗിച്ചു തന്നെയാണ് ഇയാൾ വെടിയുതിർത്തത്. വെളുപ്പിന് 1. 40 ന് വെടിയുതിർത്ത ഇയാൾ ഇപ്പോൾ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഉക്രെയിനെ ആക്രമിക്കുവാനുള്ള ഒരു കാരണം ഉണ്ടാക്കാനായോ അല്ലെങ്കിൽ, രാജ്യത്തെ അസ്ഥിരപ്പെടുത്തി ഭരണാധികാരികളിൽ ഉള്ള ജനവിശ്വാസം കളയാനോ റഷ്യ ഉക്രെയിന്റെ അകത്ത് ഒരു ആക്രമണത്തിന് മുതിർന്നേക്കുമെന്ന് സുരക്ഷാ വിദഗ്ദർ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

റഷ്യയ്ക്ക് പിന്തുണയുമായി ചൈന

യൂറോപ്യൻ രാജ്യങ്ങൾക്കിടെ റഷ്യയുടെ കാര്യത്തിൽ അവ്യക്തതയും ഭിന്നാഭിപ്രായവും നിൽക്കുമ്പോൾ ചൈന റഷ്യയ്ക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുകയാണ്. പുടിൻ ഉയർത്തുന്ന സുരക്ഷാ ആശങ്കകൾ ഗൗരവകരമായി പരിഗണിക്കണം എന്നാണ് ചൈന അമേരിക്കയോട് ആവശ്യപ്പെടുന്നത്. ശീതയുദ്ധകാലത്തെ മാനസിക നില കൈവെടിഞ്ഞ് സന്ധി സംഭാഷണങ്ങൾക്ക് അമേരിക്ക തയ്യാറാകണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിആന്റണി ബ്ലിൻകനോട് ആവശ്യപ്പെട്ടു.പുടിൻ ഉന്നയിച്ച ആവശ്യങ്ങളേറെയും നിരാകരിച്ചുകൊണ്ട് അമേരിക്ക കത്ത് നൽകിയതിനു പിന്നാലെയായിരുന്നു ചൈനയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP