Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പീഡനകേസിൽ പെട്ട മകന്റെ മുഴുവൻ രാജപദവികളും പിൻവലിച്ച് എലിസബത്ത് രാജ്ഞി; പട്ടാള ചുമതലയടക്കം ഇല്ലാതായതോടെ പൊലീസിന് അറസ്റ്റ് ചെയ്യാം; കേസ് നടത്താനുള്ള കോടികളും സ്വയം കണ്ടെത്തണം; പിന്നിൽ ചാൾസിന്റെയും വില്യമിന്റെയും ഉറച്ച നിലപാട്; ബ്രിട്ടണിൽ ആൻഡ്രു ഒറ്റപ്പെടുമ്പോൾ

പീഡനകേസിൽ പെട്ട മകന്റെ മുഴുവൻ രാജപദവികളും പിൻവലിച്ച് എലിസബത്ത് രാജ്ഞി; പട്ടാള ചുമതലയടക്കം ഇല്ലാതായതോടെ പൊലീസിന് അറസ്റ്റ് ചെയ്യാം; കേസ് നടത്താനുള്ള കോടികളും സ്വയം കണ്ടെത്തണം; പിന്നിൽ ചാൾസിന്റെയും വില്യമിന്റെയും ഉറച്ച നിലപാട്; ബ്രിട്ടണിൽ ആൻഡ്രു ഒറ്റപ്പെടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൻ ആൻഡ്രൂ രാജകുമാരനെ ഫലത്തിൽ രാജകുടുംബത്തിൽ നിന്നും പുറത്താക്കുന്ന തരത്തിലുള്ള കടുത്ത നടപടികളുമായി ഇന്നലെ എലിസബത്ത് രാജ്ഞി രംഗത്തെത്തി. രാജപദവികളും ഒപ്പം സൈനിക ബഹുമതികളും പല സംഘടനകളിലും ഉണ്ടായിരുന്ന രക്ഷാകർതൃ പദവികളും എടുത്തുകളഞ്ഞുകൊണ്ട് ഇന്നലെ ഉത്തരവിറങ്ങി. വെറും രണ്ടു വരി പ്രസ്താവനയിൽ ഒതുക്കിയ ഉത്തരവിലൂടെ ആൻഡ്രുവിന്റെ എച്ച് ആർ എച്ച് പദവിയും എടുത്തുകളഞ്ഞതോടെ പൊതുചുമതലകളിൽ തിരിച്ചെത്താമെന്ന ആൻഡ്രുവിന്റെ അവസാന മോഹവും പൊലിഞ്ഞു.

ചുരുക്കത്തിൽ തനിക്കെതിരെ അമേരിക്കയിൽ നടക്കുന്ന ലൈംഗിക പീഡന കേസ് ഇനിമുതൽ ഒരു സാധാരണ പൗരൻ എന്ന നിലയിൽ ആൻഡ്രുവിന് നേരിടേണ്ടതായി വരും. പെൺകടത്തിലെ ഇരയുമായി ലൈംഗിക ബന്ധം പുലർത്തി എന്ന് അമേരിക്കയിൽ നിലനിൽക്കുന്ന സിവിൽ കേസ് പിൻവലിക്കണമെന്ന ആന്ദ്രുവിന്റെ ആവശ്യം കോടതി നിരാകരിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്. രാജകുടുംബത്തിനകത്ത് വിശദമായി ചർച്ച ചെയ്തിട്ടാണ് ഇത്തരത്തിലൊരു തീരുമാനമുണ്ടായതെന്നാണ് കൊട്ടാരം വൃത്തങ്ങൾ നൽകുന്ന സൂചന.

അടുത്ത കിരീടാവകാശിയായ ചാൾസ് രാജകുമാരനും വില്യം രാജകുമാരനുമാണ് ഇത്രയും കടുത്ത തീരുമാനത്തിന് പുറകിൽ എന്നാണ് കൊട്ടാരവുമായി അടുത്ത ചില വൃത്തങ്ങൾ നൽകുന്ന സൂചന. രാജകുടുംബത്തിന്റെ അതിജീവനമാണ് എല്ലാത്തിലും പ്രധാനം. ഇതിലും വലിയ പ്രതിസന്ധികളെ അത് അതിജീവിച്ചിട്ടുണ്ട്, ഇനിയും അതിജീവിക്കുക തന്നെ ചെയ്യും എന്നാണ് ഇതിനെ കുറിച്ച് ഒരു കൊട്ടാരം ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. ഇന്നലെ തന്റെ അഭിഭാഷകനായ ഗാരി ബ്ലോക്സമിനൊപ്പം ആൻഡ്രൂ രാജ്ഞിയെ സന്ദർശിച്ചിരുന്നു. ഏകദേശം 90 മിനിറ്റോളം അവരുടെ കൂടിക്കാഴ്‌ച്ച നീണ്ടുനിന്നു.

രാജകുമാരൻ സാധാരണ പൗരനാകുമ്പോൾ

ആൻഡ്രുവിന്റെ രാജപദവികളും സൈനിക പദവികളും എടുത്തുമാറ്റുകയും അതോടൊപ്പം എച്ച് ആർ എച്ച് എന്ന പദവി ഉപയോഗിക്കുന്നതിൽ നിന്നും വിലക്കുകയും ചെയ്തതോടെ ഇനി ആൻഡ്രുവിന് പൊതുപരിപാടികളിലൊന്നും രാജകുടുംബത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ കഴിയില്ല. ആൻഡ്രു വരുത്തിവെച്ച നിയമക്കുരുക്കുകളിൽ നിന്നെല്ലാം കൊട്ടാരം അകലം പാലിക്കുകയാണ് ഇതുവഴി. തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന വെർജീനിയ റോബർട്ട്സിന്റെ കേസ് ഇനി ഒരു സാധാരണ പൗരനായി ആന്ദ്രുവിന് നേരിടേണ്ടി വരും.

താൻ നിരപരാധിയാണെന്ന് ആൻഡ്രു ആവർത്തിച്ച് പറയുമ്പോഴും, കേസ് പിൻവലിക്കാൻ ആൻഡ്രു ചെയ്ത നടപടികൾ ഓരോന്നായി പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ഇക്കാര്യം കഴിഞ്ഞ കുറേ ആഴ്‌ച്ചകളായി രാജകുടുംബാംഗങ്ങൾ ഗൗരവകരമായി ചർച്ച ചെയ്യുകയായിരുന്നു എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും അറിയുന്നത്. ന്യുയോർക്ക് കോടതിയിൽ നിന്നും ആൻഡ്രുവിന്റെ അപേക്ഷ തള്ളിക്കൊണ്ടുള്ള വിധി വന്ന ഉടൻ തന്നെ ഇക്കാര്യം ചാൾസ് രാജകുമരൻ സ്‌കോട്ട്ലാൻഡിൽ നിന്നും തന്റെ അമ്മയുമായി സംസാരിച്ചു. ബുധനാഴ്‌ച്ച വിൻഡ്സർ കാസിലിലെത്തിയ വില്യമും ഇക്കാര്യം രാജ്ഞിയുമായി സംസാരിച്ചതായി അനുമാനിക്കപ്പെടുന്നു.

ഹാരിക്കും മേഗനും എതിരെ എടുത്ത നടപടികളുടെ ആവർത്തനം തന്നെ വേണമെന്നായിരുന്നു രാജ്ഞിയുടെ ഉപദേശകരുടെയു അഭിപ്രായം. പദവികളും രക്ഷകർതൃത്വവും എടുത്തുമാറ്റിയതോടെ ഇനിമുതൽ ആൻഡ്രുവിന്റെ ഒരു കാര്യത്തിനും ബ്രിട്ടീഷ് രാജകുടുംബത്തിന് ഒരു ബാദ്ധ്യതയും ഉണ്ടായിരിക്കില്ല. അതേസമയം, മുതിർന്ന രാജകുടുംബാംഗം എന്ന നിലയിലുള്ള പ്രത്യേക പരിഗണനകളോ അവകാശങ്ങളോ ഇനി മുതൽ ആൻഡ്രുവിനും ലഭിക്കുകയില്ല.

തീരുമാനത്തിനു പുറകിൽ ചാൾസും വില്യംസും

രാജ്ഞിക്ക് തന്റെ മക്കളിൽ എറ്റവും ഇഷ്ടം ആൻഡ്രുവിനോടായിരുന്നു എന്നത് പരസ്യമായ കാര്യമാണ്. ആ മകനെ അക്ഷരാർത്ഥത്തിൽ വീട്ടിൽ നിന്നും പുറത്താക്കുന്ന രീതിയിലുള്ള ഒരു നടപടികളിലേക്ക് രാജ്ഞി കടക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല. അതുപോലെ തന്നെയായിരുന്നു കൊച്ചുമക്കളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഹാരിക്കെതിരെ എടുത്ത നടപടിയും. ഇപ്പോഴത്തെ നടപടിക്ക് പിന്നിലെ ചാലകശക്തികൾ ചാൾസ് രാജകുമാരനും വില്യം രാജകുമാരനുമാണ്ന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ റിച്ചാർഡ് കേയ് പറയുന്നു.

തന്റെ 22 -)0 വയസ്സു വരെ രാജപദവിയിലേക്ക് രണ്ടാംസ്ഥാനത്തായിരുന്നു ആൻഡ്രൂ. പിന്നീട് വില്യവും ഹാരിയും ജനിച്ചപ്പോൾ ആ വരിയിൽ ഏറെ പുറകിലായി അദ്ദേഹത്തിന്റെ സ്ഥാനം ചാൾസിന്റെ കുടുംബം വലുതാകുന്നതിനനുസരിച്ച് രാജപദവിയിലേക്കുള്ള ഊഴത്തിൽ ആൻഡ്രുവിന്റെ സ്ഥാനം പുറകോട്ട് വന്നുകൊണ്ടിരുന്നു. അവസാനം ഇപ്പോൾ എല്ലാ പദവികളും നഷ്ടപ്പെട്ട് ഒരുതരത്തിൽ പറഞ്ഞാൽ കുടുംബത്തിൽ നിന്നു തന്നെ പുറത്താക്കപ്പെട്ടിരിക്കുന്നു. ആൻഡ്രു തന്നെ കാണാൻ വരുന്നതിനു മുൻപ് തന്നെ രാജ്ഞി ഈ തീരുമാനം എടുത്തിരുന്നു എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

രാജകുടുംബാംഗങ്ങൾ തമ്മിൽ എന്നും ഊഷ്മളമായ ബന്ധമായിരുന്നു നിലനിർത്തിയിരുന്നത്. ഒരാൾക്ക് വ്യക്തിഗതമായ പ്രശ്നങ്ങൾ ഉണ്ടായാൽ മറ്റുള്ളവരെല്ലാം ആ വ്യക്തിക്ക് പുറകിൽ ഉറച്ചു നിൽക്കുമായിരുന്നു. ചാൾസും ഡയാനയും തമ്മിലുള്ള പ്രശ്നങ്ങളിലൊക്കെ അത് ലോകം കണ്ടറിഞ്ഞതാണ്. എന്നാൽ, ആൻഡ്രുവിന്റെ കാര്യത്തിൽ ആർക്കും സഹതാപം തോന്നാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ആരോപണം ലൈംഗികാരോപണവും സ്ത്രീപീഡനവും ആണെന്നതാണ് പ്രധാന കാരണം. ഇത്തരമൊരു കേസിൽ ഉൾപ്പെട്ട് രാജകുടുംബത്തിന്റെ യശസ്സ് കളയാൻ അവർ ആഗ്രഹിക്കുന്നില്ല.

രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിൽ ആഘോഷങ്ങൾ നടക്കുന്ന വർഷമാണിത്. അത് രാജകുടുംബത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കി. ആഘോഷങ്ങൾ നടക്കുന്ന അവസരത്തിൽ ആൻഡ്രുവിനെതിരെ കോടതി നടപടികൾ ഉണ്ടായാൽ അത് വലിയൊരു നാണക്കേട് തന്നെയാകും. അതാണ് ആൻഡ്രുവിനെ കൊട്ടാരത്തിൽ നിന്നും പദവികളിൽ നിന്നും പൂർണ്ണമായും നീക്കം ചെയ്യുവാനുള്ള കാരണം എന്ന് വിശ്വസിക്കപ്പെടുന്നു.

ഇനിയൊന്ന്, ഫിലിപ്പ് രാജകുമാരന്റെ മരണശേഷം, കുടുംബത്തിലെ മൂത്ത പുരുഷൻ എന്ന നിലയിൽ കുടുംബകാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട ചുമതല ചാൾസിനുണ്ട്. രാജകുടുംബത്തിലെ മുതിർന്ന കുടുംബാംഗങ്ങൾ എന്ന നിലയിൽ ആനുകൂല്യങ്ങൾ കൈപറ്റുന്നവരുടേ എണ്ണം കുറയ്ക്കുവാൻ ചാൾസ് ആഗ്രഹിക്കുന്നു എന്നത് രഹസ്യമായ കാര്യമൊന്നുമല്ല. ഇതനുസരിച്ച്, പൊതുപരിപാടികളിലും മറ്റും രാജ്ഞിയോടൊപ്പം പ്രത്യക്ഷപ്പെടുന്ന രാജകുടുംബാംഗങ്ങളുടേ എണ്ണം പരമാവധി കുറയ്ക്കാനും ചാൾസ് ശ്രമിച്ചിരുന്നു.

ഈ നയത്തിന്റെ ഭാഗമായി ഇപ്പോൾ കിട്ടിയ അവസരം ചാൾസ് ഉപയോഗിക്കുകയായിരുന്നു എന്നും ചിലർ പറയുന്നുണ്ട് നേരത്തേ ആൻഡ്രുവിന്റെ മക്കളായ ബിയാട്രിസിനേയും യൂജിനേയും ഇത്തരം പൊതുപരിപാടികളിൽ നിന്നും മാറ്റിനിർത്തിയിരുന്നു. ഇത് ആൻഡ്രുവും ചാൾസും തമ്മിലുള്ള ബന്ധത്തിന് വിള്ളലേൽപിച്ചതായും ആരോപണമുണ്ട്.

ഇനി ഒരു സാധാരണക്കാരനായി നിയമപോരാട്ടം

രാജപദവികൾ എല്ലാം നീക്കം ചെയ്തതോടെ ന്യുയോർക്ക് കോടതിയിലെ സ്ത്രീപീഡനക്കേസ് ഇനി ആൻഡ്രു സ്വന്തം ചെലവിൽ നടത്തേണ്ടതായി വരും. രാജകുടുംബത്തിലെ മുതിർന്ന അംഗം എന്ന നിലയിൽ പ്രതിവർഷം 2 മില്യൺ പൗണ്ട് പൊതു ഖജനാവിൽ നിന്നും ചെലവാക്കി ആൻഡ്രുവിന് സ്‌കോട്ട്ലാൻഡ് യാർഡ് സംരക്ഷണം ഒരുക്കിയിരുന്നു. അത് ഇനി തുടരണമോ എന്നകാര്യം ആൻഡ്രു അഭിമുഖീകരിക്കുന്ന സുരക്ഷാ ഭീഷണിയുടെ ഗൗരവം കണക്കിലെടുത്ത് തീരുമാനിക്കും.

മാത്രമല്ല, രാജകുടുംബത്തിലെ മുതിർന്ന അംഗം എന്ന നിലയ്ക്കുള്ള പ്രത്യേക പരിഗണനകൾ ഒന്നും തന്നെ ഇനിമുതൽ ആൻഡ്രുവിന് ലഭിക്കുകയില്ല. കേസുമായി ബന്ധപ്പെട്ട നടപടികൾ ഒക്കെത്തന്നെ ഒരു സാധാരണക്കാരൻ നേരിടുന്നതുപോലെ നേരിടേണ്ടതായി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP