Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒപ്പെക്കിനെ മര്യാദ പഠിപ്പിക്കാൻ ജോ ബൈഡനൊപ്പം മോദിയും; അമേരിക്ക അഞ്ച് കോടി ബാരൽ അസംസ്‌കൃത എണ്ണ കരുതൽ ശേഖരം തുറക്കുമ്പോൾ ഇന്ത്യ 50 ലക്ഷം ബാരലും; മറ്റ് നാല് ഏഷ്യൻ രാജ്യങ്ങളെ കൂടി കൂട്ടുപിടിച്ചുള്ള യുഎസ് നീക്കത്തിൽ ഒപെക് വിറയ്ക്കുമോ? പണി പാളുമോ?

ഒപ്പെക്കിനെ മര്യാദ പഠിപ്പിക്കാൻ ജോ ബൈഡനൊപ്പം മോദിയും; അമേരിക്ക അഞ്ച് കോടി ബാരൽ അസംസ്‌കൃത എണ്ണ കരുതൽ ശേഖരം തുറക്കുമ്പോൾ ഇന്ത്യ 50 ലക്ഷം ബാരലും; മറ്റ് നാല് ഏഷ്യൻ രാജ്യങ്ങളെ കൂടി കൂട്ടുപിടിച്ചുള്ള യുഎസ് നീക്കത്തിൽ ഒപെക് വിറയ്ക്കുമോ? പണി പാളുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒപെക്കിനെ മര്യാദ പഠിപ്പിക്കാൻ അമേരിക്കയ്‌ക്കൊപ്പം ചേർന്ന് ഇന്ത്യയും എണ്ണയുടെ കരുതൽ ശേഖരം തുറക്കുകയാണ്. ചൈനയും, ജപ്പാനും, ദക്ഷിണ കൊറിയയും ഒക്കെ ഇക്കാര്യത്തിൽ കൂട്ടുകൂടും എന്നാണ് കേൾക്കുന്നത്. കരുതൽ ശേഖരത്തിൽ നിന്ന് അമേരിക്ക അഞ്ചുകോടി ബാരൽ അസംസ്‌കൃത എണ്ണയും, ഇന്ത്യ 50 ലക്ഷം ബാരലും എടുത്ത് ഉപയോഗിക്കുമെന്നാണ് പ്രഖ്യാപനം. എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് ഉത്പാദനം വർദ്ധിപ്പിക്കണമെന്ന ആവശ്യം തള്ളിയതോടെയാണ് യുഎസ് തന്ത്രം ഒന്നുമാറ്റി പിടിച്ചത്.

ഈ മാസം ആദ്യം എണ്ണ വിതരണം വർധിപ്പിക്കാനുള്ള ജോ ബൈഡന്റെ ആഹ്വാനത്തെ ഒപെക് പ്ലസ് രാജ്യങ്ങൾ അവഗണിച്ചിരുന്നു. ഇതോടെയാണ് മറ്റുരാജ്യങ്ങളെ ഏകോപിപ്പിച്ച് യു.എസ് നിർണായക നീക്കത്തിന് ആഹ്വാനം ചെയ്തത്. ഇതാദ്യമായാണ് യുഎസ് ഏഷ്യൻ രാജ്യങ്ങളെ കൂട്ടുപിടിച്ച് ഇത്തരമൊരു നീക്കം നടത്തുന്നത്.എന്തായാലും കരുതൽ ശേഖരം പുറത്തെടുക്കാൻ തീരുമാനിച്ചതിന് പിന്നാലെ എണ്ണ വില കൂടിയിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 79 ഡോളറിൽ നിന്ന് 82 ഡോളറിലേക്ക് ഉയർന്നു.

എന്തുകൊണ്ട് ഇന്ത്യ?

രാഷ്ട്രീയ കാരണങ്ങൾ തൽകാലം മാറ്റി വച്ചാൽ ഉയർന്ന എണ്ണ വില അനാവശ്യമായ പണപ്പെരുപ്പം സൃഷ്ടിക്കുകയും, കോവിഡിൽ നിന്ന് കരകയറുന്ന രാജ്യത്തെ തളർത്തുകയുമാണ്. ഇന്ധന നികുതി വെട്ടി കുറയ്ക്കും മുമ്പ് റെക്കോഡ് വിലക്കയറ്റമായിരുന്നു പെട്രോളിനും ഡീസലിനും. ഒക്ടോബർ 26 ന് ബ്രന്റ് ക്രൂഡ് വില ബാരലിന് 86.40 ഡോളറായി ഉയർന്നിരുന്നു. പിന്നീട് 80 ന് താഴേക്ക് കുറയുകയും ചെയ്തു.

ഇന്ത്യ ചരിത്രത്തിലാദ്യമായാണ് കരുതൽ ശേഖരം എടുക്കുന്നത്. ഇന്ത്യയ്ക്ക് ഏകദേശം 53 ലക്ഷം ടണ്ണിന്റെ കരുതൽ ശേഖരമുണ്ടെന്നാണു കണക്ക്. വിശാഖപട്ടണം (13.3 ലക്ഷം ടൺ), മംഗളൂരു (15 ലക്ഷം ടൺ), പദൂർ (25 ലക്ഷം ടൺ) എന്നിവിടങ്ങളിലാണ് ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ ശേഖരമുള്ളത്. ഏകദേശം 9 ദിവസത്തെ ഇന്ത്യയുടെ ഇന്ധന ആവശ്യം നിറവേറ്റാനുള്ള ഇന്ധനമാണ് ഇവിടങ്ങളിലുള്ളത്. ഇന്ത്യൻ ഓയിൽ ഇൻഡസ്ട്രി ഡവലപ്‌മെന്റ് ബോർഡിന്റെ കീഴിൽ 2005ൽ സ്ഥാപിതമായ ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്‌സാണ് ഇന്ത്യയിൽ ക്രൂഡ് ഓയിൽ ശേഖരത്തിന്റെ ചുമതല വഹിക്കുന്നത്.

അമേരിക്ക ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് ഒപ്പം കരുതൽ ശേഖരം പുറത്തെടുക്കുന്നതിന്റെ സമയം നിശ്ചയിക്കുമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ഇന്ത്യ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്തൃ രാജ്യമാണ്. അതുകൊണ്ട് തന്നെ ഉയർന്നുനിൽക്കുന്ന അന്താരാഷ്ട്ര എണ്ണ വില ഇന്ത്യയെ സാരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

രാഷ്ട്രീയം തീർച്ചയായും

ഇന്ധന വില കുറഞ്ഞിരിക്കുന്നത് തീർച്ചയായും ഒരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഭരണ കക്ഷിക്ക് ആത്മവിശ്വാസം നൽകും. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ചെറുതല്ലാത്ത പങ്ക് ഈ തീരുമാനത്തിന് പിന്നിലുണ്ട്. ഇന്ത്യയിൽ ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് ഉൾപ്പെടെയുള്ള നിർണായക സംസ്ഥാനങ്ങളിൽ അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. യുഎസിൽ അടുത്ത വർഷത്തെ ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ജോ ബൈഡൻ.

പ്രതീകാത്മക നടപടി മാത്രം

50 ലക്ഷം ബാരൽ എണ്ണ റിലീസ് ചെയ്യാനുള്ള തീരുമാനം യഥാർത്ഥത്തിൽ ഇന്ത്യയുടെ പ്രതീകാത്മക നടപടി ആണ്. രാജ്യത്തിന്റെ അസംസ്‌കൃത എണ്ണ ഇറക്കുമതി പ്ലാനുകളെ ഈ തീരുമാനം ബാധിക്കില്ല.

പണി പാളുമോ?

ഇക്കാര്യത്തിൽ യുഎസ് ചേരിയും ഒപെകും തമ്മിൽ ഒരു ഈഗോ വാർ ഉണ്ടായാൽ കാര്യങ്ങൾ തകിടം മറിയും. അമേരിക്കയോടുള്ള പ്രതികരണത്തിന്റെ ഭാഗമായി എണ്ണ ഉത്പാദനം കൂട്ടേണ്ടെന്ന് ഡിസംബർ 1-2 വരെ ചേരുന്ന ഒപെക് പ്ലസ് യോഗത്തിൽ തീരുമാനിച്ചാൽ കാര്യങ്ങൾ കുഴയും. കരുതൽ ശേഖരം പുറത്തുവിടുന്നതുകൊണ്ടുള്ള ഫലം ഇല്ലാതാവും. ആഗോള ഊർജ്ജ വിപണയിലെ കിടമത്സരമായി മാറും. ചുരുക്കി പറഞ്ഞാൽ പമ്പുകളിൽ എണ്ണയടിക്കാൻ തുടർന്നും കൂടുതൽ പണം പോക്കറ്റിൽ നിന്ന് പോവും.

അമേരിക്കയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങൾ കരുതൽ ശേഖരം പുറത്തുവിടുന്നതിന്റെ ആഘാതം കുറയ്ക്കാൻ കൂടുതൽ ഉത്പാദനത്തിനുള്ള തീരുമാനം രണ്ട് മാസത്തേക്ക് ഒപെക് നീട്ടി വയ്ക്കാനും സാധ്യതയുണ്ട്. ഇത്തരത്തിൽ കരുതൽ ശേഖരം പുറത്തുവിടുന്നത് അന്യായമാണെന്ന് ഒപെക് കരുതുന്നതായും റിപ്പോർട്ടുണ്ട്. വളരെ കരുതലോടെ ഉള്ള തീരുമാനമായിരിക്കും ഒപെക് എടുക്കുക.


.
യൂറോപ്പിലും മറ്റും കോവിഡ് മൂന്നാം തരംഗം റിപ്പോർട്ട് ചെയ്തതും ഉൽപാദനം കൂട്ടാനുള്ള തീരുമാനത്തിൽനിന്ന് ഒപെക് രാജ്യങ്ങളെ പുറകോട്ട് വലിക്കുന്നു. ഓരോ മാസവും പ്രതിദിനം 4 ലക്ഷം ബാരൽ അധികമായി ഉൽപാദിപ്പിക്കാനുള്ള തീരുമാനം നേരത്തേ എടുത്തിരുന്നു. എന്നാൽ, വേഗം പോരെന്നാണ് വിമർശനം.

ഇതുവരെയുള്ള പ്രഖ്യാപനങ്ങൾ

കരുതൽ ശേഖരം പുറത്തുവിടുമെന്ന് ഇതുവരെയുള്ള പ്രഖ്യാപനങ്ങൾ

അമേരിക്ക-5 കോടി ബാരൽ

ഇന്ത്യ-50 ലക്ഷം ബാരൽ

ജപ്പാൻ-നിരവധി ദിവസങ്ങളിലെ ആകെ അളവ്-ക്യത്യം പ്രഖ്യാപനമില്ല

ചൈന- 74 ലക്ഷം ബാരൽ

ദക്ഷിണ കൊറിയ-ക്യത്യം പ്രഖ്യാപനം ഇല്ല

യുകെ-15 ലക്ഷം ബാരൽ

കരുതൽ ശേഖരം പുറത്തുവിട്ടാൽ എണ്ണ വില കുറയുമോ?

ഗോൾഡ് മാൻ സാക്‌സിന്റെ വിലയിരുത്തൽ പ്രകാരം, ആഗോള വിപണിയിൽ ഇപ്പോൾ പ്രഖ്യാപിച്ച കരുതൽ ശേഖരത്തിന്റെ പുറത്തുവിടൽ വളരെ ചെറിയ അളവ് മാത്രമാണ്. ഏകോപനത്തോടെ പുറത്തുവിട്ടാൽ 7 കോടി മുതൽ 8 കോടി ബാരൽ വരെ മാത്രമേ അധികമായി വിപണിയിൽ എത്തുകയുള്ളു. ഇത് കടലിലെ ഒരു തുള്ളി മാത്രം എന്നാണ് വിലയിരുത്തൽ.

കോവിഡ് റിസ്‌ക് കണക്കിലെടുത്ത് ഒപെക് ഉത്പാദനം കൂട്ടുന്നത് നീട്ടിവച്ചാൽ വിചാരിച്ച ഫലം ഇല്ലാതാകുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP