Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു പെൺകുട്ടിയും അഞ്ചു സ്ത്രീകളും അടക്കം 31 മൃതദേഹങ്ങൾ കടലിൽ ഒഴുകി നടന്നു; ദുരന്തം ഫ്രഞ്ച് തീരത്തു നിന്നും ബ്രിട്ടനിലേക്കുള്ള യാത്രയിൽ; അനധികൃത കുടിയേറ്റക്കാരെ തടയാൻ ഫ്രാൻസിൽ ബ്രിട്ടീഷ് ട്രൂപ്പിനെ അനുവദിക്കാൻ യാചിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ഒരു പെൺകുട്ടിയും അഞ്ചു സ്ത്രീകളും അടക്കം 31 മൃതദേഹങ്ങൾ കടലിൽ ഒഴുകി നടന്നു; ദുരന്തം ഫ്രഞ്ച് തീരത്തു നിന്നും ബ്രിട്ടനിലേക്കുള്ള യാത്രയിൽ; അനധികൃത കുടിയേറ്റക്കാരെ തടയാൻ ഫ്രാൻസിൽ ബ്രിട്ടീഷ് ട്രൂപ്പിനെ അനുവദിക്കാൻ യാചിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: നിരവധി അനധികൃത കുടിയേറ്റക്കാരെയുംകയറ്റി ഫ്രഞ്ച് തീരത്തുനിന്നും പുറപ്പെട്ട ചെറിയ ബോട്ട് കടലിൽ തകർന്നു. വളരെ ചെറുതും ദുർബലവുമായ ബോട്ടിൽ നിരവധിപേരെയായിരുന്നു കുത്തി നിറച്ചിരുന്നത്. ബോട്ടിലുണ്ടായിരുന്നവർ എല്ലാവരും കൊല്ലപ്പെട്ടു. ഫ്രഞ്ച് തീരത്തു നിന്നും അധികം അകലെയല്ലാതെ ഫ്രഞ്ച് മത്സ്യത്തൊഴിലാളികളാണ് കടലിൽ ഒഴുകിനടക്കുന്ന മൃതദേഹങ്ങൾ കണ്ട് അധികൃതരെ വിവരമറിയിച്ചത്.

കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി അലയൊലികളില്ലാതെ ശാന്തമായിരിക്കുകയാണ് ഇംഗ്ലീഷ് ചാനൽ. അതിനാൽ പതിവിലധികം അഭയാർത്ഥികളായിരുന്നു ഈ ദിവസങ്ങളിൽ അനധികൃതമായി ബ്രിട്ടനിലേക്ക് കടക്കുവാൻ എത്തിയത്. അടുത്ത രണ്ടു മൂന്നു ദിവസത്തിനകം മോശം കാലാവസ്ഥ വന്നുചേർന്നാൽ ചാനൽ കടക്കുക എന്നത് അസാദ്ധ്യമാണെന്നതും തിരക്ക് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. വളരെ ദുർബലമായ ഒരു ബോട്ടായിരുന്നു അതെന്നാണ് ഫ്രഞ്ച് ഇന്റീരിയർ മിനിസ്റ്റർ ജെരാൾഡ് ഡാർമിൻ പറഞ്ഞത്. മാത്രമല്ല, പൂന്തോട്ടങ്ങളിൽ കുട്ടികൾക്ക് കളിക്കാൻ നിർമ്മിക്കുന്ന പൂളിനേക്കാൾ ഒരല്പം കൂടി വലിപ്പം മാത്രമേ അതിനുണ്ടായിരുന്നുള്ളു. അതിലായിരുന്നു ഉൾക്കൊള്ളാവുന്നതിലുമധികം ആളുകളെ കുത്തിനിറച്ചത്.

ചുരുങ്ങിയത് അഞ്ചു സ്ത്രീകളും ഒരു പെൺകുട്ടിയും സംഘത്തിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇവരുടെ മൃതദേഹങ്ങൾ കടലിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കനത്ത തണുപ്പ് നിലനിൽക്കുന്നതിനാൽ,സുരക്ഷാ വസ്ത്രങ്ങളൊന്നുമില്ലാതെ ബോട്ടിൽ കയറിയവർ കടലിൽ വീണ ഉടനെ മരണമടഞ്ഞിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. ഈ രംഗം നേരിട്ട് കണ്ട ഫ്രഞ്ച് മത്സ്യത്തൊഴിലാളികൾക്ക് ഇത് ജീവിതകാലം മുഴുവൻ മറക്കാനാകാത്ത ദുരന്തസ്മരണയായിരിക്കും എന്നാണ് ഒരു ബ്രിട്ടീഷ് സ്‌കിപ്പർ പറഞ്ഞത്.

ദുരന്തം നടക്കുന്ന സമയത്ത് 15 മുതൽ 20 വരെ വലിയ മത്സ്യബന്ധന ബോട്ടുകൾ ആ പരിസരത്ത് ഉണ്ടായിരുന്നതായി ബ്രിട്ടീഷ് സ്‌കിപ്പർ മാറ്റ് കോക്കർ പറയുന്നു. എന്നാൽ, അവർ പ്രതികരിച്ചില്ല. രക്ഷാപ്രവർത്തനങ്ങൾ നടത്തുവാൻ ഒരു വഴിയും ഇല്ലായിരുന്നു എന്നതാണ് സത്യം എന്നും അയാൾ പറഞ്ഞു. പിന്നീടാണ് അവർ തീരദേശ സേനയെ വിവരമറിയിക്കുന്നത്. അവർ എത്തുവാൻ 45 മിനിട്ടോളം സമയമെടുത്തു. ഫ്രാൻസ്, ബ്രിട്ടൻ, ബെൽജിയം എന്നിവിടങ്ങളിൽ നിന്നും ഓരോ ഹെലികോപ്റ്റർ വീതവും രക്ഷാപ്രവർത്തനങ്ങൾക്കായി എത്തി.

തകർന്ന ബോട്ടിൽ 34 പേരോളം ഉണ്ടായിരുന്നതായിട്ടാണ് ഇന്റീരിയർ മിനിസ്റ്റർ പറഞ്ഞത് എന്നാൽ ഡൺക്രിക്ക് മേയർ പറയുന്നത് 50 പേരോളം ആ ബോട്ടിൽ ഉണ്ടായിരുന്നു എന്നാണ്. യാത്രക്കാരിൽ രണ്ടുപേരെ രക്ഷിക്കാനായിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഒരാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മറ്റ് 31 പേരും ദാരുണമായി മരണമടഞ്ഞു. ചുരുങ്ങിയത് 31 പേരെങ്കിലും മരണമടഞ്ഞ ഈ ദാരുണ സംഭവത്തിനുശേഷം ഫ്രാൻസിൽ ബ്രിട്ടീഷ് സൈനികരെ വിന്യസിക്കാൻ അനുവദിക്കണമെന്ന് ബോറിസ് ജോൺസൺ ഫ്രഞ്ച് പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടു.

അനധികൃത കുടിയേറ്റം തടയുവാനും ഇത് സംഘടിപ്പിക്കുന്ന മാഫിയകളെ ഒതുക്കുവാനും ഇരു രാജ്യങ്ങളും ഒത്തുചേർന്ന് പ്രവർത്തിക്കണം എന്നാണ് ബോറിസ് ജോൺസൻ പറഞ്ഞത്. ഇപ്പോൾ നടന്ന ദുരന്തവുമായി ബന്ധപ്പെട്ട് ഡൺക്രിക്കിന് സമീപത്തുനിന്ന് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനധികൃതമായി മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ എന്നാണ് അറിയാൻ കഴിയുന്നത്.

ഇംഗ്ലീഷ് ചാനൽ മറികടക്കുന്നതിനിടയിൽ ഒരൊറ്റ ദുരന്തത്തിൽ ഇത്രയധികം ജീവനുകൾ പൊലിയുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒരു കുർദ്ദിഷ്-ഇറാനിയൻ കുടുംബത്തിലെ അഞ്ചംഗങ്ങൾ മരിച്ചതാണ് ഇതിനുമുൻപ് ഏറ്റവുമധികം മരണങ്ങൾ നടന്ന സംഭവം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP