Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടെന്നീസ് താരം പീഡന പരാതി ഉന്നയിച്ചത് 75 കാരനായ ചൈനീസ് മുൻ ഉപപ്രധാനമന്ത്രിക്കെതിരെ; ഡിലിറ്റ് ചെയ്ത പോസ്റ്റിനെ കുറിച്ചുള്ള ചർച്ചയും നിരോധിച്ചു; കാണാതായ പെംഗ് ഷുവായിക്കായി ലോകം മുറവിളി കൂട്ടിയപ്പോൾ വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടു; ലോകം ഉണർന്നപ്പോൾ ജീവൻ തിരിച്ചുകിട്ടി

ടെന്നീസ് താരം പീഡന പരാതി ഉന്നയിച്ചത് 75 കാരനായ ചൈനീസ് മുൻ ഉപപ്രധാനമന്ത്രിക്കെതിരെ; ഡിലിറ്റ് ചെയ്ത പോസ്റ്റിനെ കുറിച്ചുള്ള ചർച്ചയും നിരോധിച്ചു; കാണാതായ പെംഗ് ഷുവായിക്കായി ലോകം മുറവിളി കൂട്ടിയപ്പോൾ വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടു; ലോകം ഉണർന്നപ്പോൾ ജീവൻ തിരിച്ചുകിട്ടി

മറുനാടൻ മലയാളി ബ്യൂറോ

ഗോളതലത്തിൽ തന്നെ വിവാദമായ ചൈനീസ് ടെന്നീസ് താരത്തിന്റെ തിരോധാനം പുതിയ വഴിത്തിരുവിലേക്കെത്തുന്നു. അമേരിക്കയും ഐക്യരാഷ്ട്ര സംഘടനയും ഉൾപ്പടെ താരത്തിന്റെ തിരോധാനത്തിൽ സംശയങ്ങൾ ഉന്നയിച്ച് രംഗത്തുവന്നതോടെ സ്വയം ക്ലീൻ ചിറ്റ് നൽകാൻ ശ്രമിക്കുകയാണ് ചൈന ഇപ്പോൾ. അപ്രത്യക്ഷയായ ടെന്നീസ് താരം പെംഗ് ഷുവായ് ഇന്നലെ ഒരു വീഡിയോകോളിൽ പ്രത്യക്ഷപ്പെട്ട് ഒളിംപിക് അധികൃതരോട് തനിക്ക് സുഖമാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നു.

മുൻ ചൈനീസ് ഉപപ്രധാനമന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതോടെയാണ് ഇവരെ കാണാതായത്. ഇവർ കൊല്ലപ്പെട്ടിരിക്കാം എന്നുപോലും അനുമാനം ഉയർന്നിരുന്നു. ഇവരുടെ സുരക്ഷയെക്കുറിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും, ലോകമെമ്പാടുമുള്ള കായികപ്രേമികളും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ടെന്നീസ് താരം സെറീന വില്യംസ് ഉൾപ്പടെയുള്ളവർ ഉയർത്തിക്കൊണ്ടുവന്ന വേർ ഈസ് പെംഗ് എന്ന ഹാഷ്ടാഗ് അതിവേഗം വൈറലാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് 35 കാരിയായ പെംഗ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അധികൃതരുമായി വീഡീയോ കോൾ നടത്തിയത്. ഒളിംപിക് കമ്മിറ്റ് അധികൃതർ ഇക്കാര്യംസ്ഥിരീകരിക്കുകയും ചെയ്തു.

നേരത്തേ മുൻ ചൈനീസ് വൈസ് പ്രസിഡണ്ട് ഷാങ്ങ് ഗവൊലി തന്നെ ബലാത്സംഗം ചെയ്തു എന്ന ആരോപണം ചൈനീസ് സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചതിനു ശേഷമായിരുന്നു ഇവരെ കുറിച്ച് വിവരമൊന്നുമില്ലാതെ പോയത്. ഷാങ്ങോ ചൈനീസ് സർക്കാരോ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതികരിക്കാനും കൂട്ടാക്കിയില്ല. പോസ്റ്റ് ചെയ്ത് അധികം താമസിയാതെ പെംഗ് പോസ്റ്റ് പിൻവലിച്ചു. മാത്രമല്ല ഇതേക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നിരോധിക്കുകയും ചെയ്തിരുന്നു.

വിവാദം ആഗോളതലത്തിലേക്ക് ഉയർന്നതോടെ താൻ സുരക്ഷിതയും സന്തോഷവതിയുമാണെന്ന പെംഗിന്റെ ഒരു ഈമെയിൽ സന്ദേശം ചൈനീസ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇതിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടതോടെ പെംഗിനെ കുറിച്ചുള്ള വിവരങ്ങൾ തെളിവുകൾ സഹിതം പുറത്തുവിടണമെന്ന് അമേരിക്കയും ഐക്യരാഷ്ട്ര സംഘടനയും ആവശ്യപ്പെട്ടിരുന്നു ഇതിനെ തുടർന്ന് ഇന്നലെ ബെയ്ജിംഗിൽ നടന്ന ഒരു ടെന്നീസ് ടൂർണമെന്റിൽ അതിഥിയായി പെംഗ് പങ്കെടുക്കുന്ന ചിത്രങ്ങൾ ചൈനീസ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

ഫില കിഡ്സ് ജൂനിയർ ടെന്നിസ് ചലഞ്ചർ ടൂർണമെന്റിന്റെ ഫൈനൽ മത്സരവേദിയിലായിരുന്നു ഇവർ എത്തിയത്. എന്നാൽ, ഈ ചിത്രത്തിന്റെ ആധികാരികതയും ചോദ്യചെയ്യപ്പെട്ടു. ഇതിനെ തുടർന്നായിരുന്നു ഇവർ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുമായി വീഡിയോ കോൾ നടത്തിയത്. താൻ ഇപ്പോൾ സുരക്ഷിതയും സന്തോഷവതിയുമാണെന്നും, ബെയ്ജിംഗിലെ തന്റെ വസതിയിലാണ് താൻ താമസിക്കുന്നതെന്നും അവർ ഐ ഒ സിയെ അറിയിച്ചു. മാത്രമല്ല, ഇപ്പോൾ താൻ തന്റെ സ്വകാര്യത ഏറെ ഇഷ്ടപ്പെടുന്നു എന്നും അതുകൊണ്ട് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെ കുടുംബവും സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിക്കുകയാണെന്നും അവർ പറഞ്ഞതായി ഐ ഒ സി വക്താവ് അറിയിച്ചു.

അടുത്ത കുറച്ചു വർഷങ്ങളായി ചൈനയിൽ ഇത്തരത്തിലുള്ള പ്രമുഖ വ്യക്തികൾ അപ്രത്യക്ഷമാകുന്നത് സാധാരണമായിരിക്കുകയാണ്. ബിസിനസ്സ്-കലാ-കായിക രംഗത്തെ പല പ്രമുഖരും ഇത്തരത്തിൽ അപ്രത്യക്ഷമായിട്ടുണ്ട്. ഇതിൽ പലരും അപ്രത്യക്ഷമാകുന്നത് കമ്മ്യുണിസ്റ്റ് പാർട്ടി പ്രവർത്തകർക്കെതിരെ എന്തെങ്കിലും ആരോപണം ഉന്നയിച്ചതിനു ശേഷമോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അഴിമതിക്കെതിരെ പ്രതികരിച്ചതിന് ശേഷമോ ആണെന്നുള്ളതും കൗതുകകരമാണ്. ജനാധിപത്യത്തിനു വേണ്ടി വാദിച്ച ചിലരേയും ഇതുപോലെ കാണാതായിട്ടുണ്ട്. അവയിൽ ചിലർ പ്രത്യേക വിശദീകരണങ്ങളൊന്നും കൂടാതെ ഏതാനും ആഴ്‌ച്ചകൾക്കോ മാസങ്ങൾക്കോ ശേഷം തിരിച്ചെത്തിയിട്ടുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP